മനസ്സിൽ കുളിര് കോരുന്ന മാസമാണ് വൃശ്ചികം. തുലാവർഷം പതിയെ വിട ചൊല്ലി, മണ്ഡലകാലം ആരംഭിക്കുന്ന സമയം.
സുഖകരമായ തണുപ്പുള്ള രാത്രികൾ... അല്പം കുളിര് കൂടുതൽ തോന്നുന്ന പുലർകാലങ്ങൾ.. വ്രത ശുദ്ധിയുടെ നാളുകൾ...
കേരളത്തിൽ കിഴങ്ങ് വർഗ്ഗങ്ങളുടെ വിളവെടുപ്പ് കാലം ഇവിടെ തുടങ്ങുന്നു. ചേനയും കാച്ചിലും നനകിഴങ്ങും ചെറുകിഴങ്ങും ചേമ്പുമൊക്കെ വിളവെടുത്ത് തുടങ്ങാം. വിത്തിന് വേണ്ടി സൂക്ഷിച്ചു വയ്ക്കാനാണ് പരിപാടിയെങ്കിൽ മഴയെല്ലാം കഴിയുന്നത് വരെ കാക്കാം. കാരണം മണ്ണിലെ ഈർപ്പം മാറി മണ്ണ് ഏതാണ്ട് പൊടി പോലെയാകുമ്പോൾ വിത്തിന്റെ സൂക്ഷിപ്പ് കാലാവധിയും മുളശേഷിയും കൂടും.
മണ്ഡലകാലത്താണ് അമ്പലങ്ങളിലും വീടുകളിലും കഞ്ഞിയും എരിശ്ശേരിയും കിട്ടുക. ചിലടങ്ങളിൽ 'കഞ്ഞിവീഴ്ത്ത്' എന്നും മറ്റ് ചിലടങ്ങളിൽ 'സ്വാമിക്കഞ്ഞി' എന്നും പറയും. അതിന്റെ രുചി പറയാവതല്ല.
എന്റെ നാടായ കുടവട്ടൂരിൽ പണ്ട് നിരവധി വീടുകളിൽ ഒരു നേർച്ചയായി എല്ലാ വർഷവും കഞ്ഞി വീഴ്ത്ത് നടത്തിയിരുന്നു. അതിൽ ചെമ്പകശ്ശേരി എന്ന തറവാടിൽ നടത്തുന്ന പരിപാടി വളരെ കേമമായിരുന്നു.
പൊതുവിൽ പുരുഷന്മാർ ആയിരിക്കും ഈ ഭക്ഷണം തയ്യാറാക്കുന്നതിന്റെ പിന്നിൽ. സ്ത്രീകൾ ഇല്ലായെന്നല്ല. നാട്ടിൽ നിന്നും തന്നെ വിളവെടുക്കുന്ന കിഴങ്ങ് വർഗ്ഗങ്ങളും ഏത്തയ്ക്കയുമൊക്കെ ചേർത്ത് സമൃദ്ധമായി തേങ്ങയൊക്കെ ചേർത്ത് തയ്യാറാക്കുന്ന കഞ്ഞിയും എരിശ്ശേരിയും എനിയ്ക്ക് ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളാണ്.
ഇതിനിടയിൽ തൃക്കാർത്തിക വരും. ദീപങ്ങളുടെ ദിവസമാണ് അന്ന്. വാഴത്തട പകുതി മുറിച്ച്, അതിൽ ഈർക്കിൽ വളച്ച് കുത്തി അതിൽ പഴനിലയ്ക്കൽ കാവിൽ നിന്നും പറിച്ചെടുത്ത മരോട്ടിക്കായകൾ രണ്ടായി മുറിച്ച് അതിന്റെ വിത്തെല്ലാം കളഞ്ഞ് അതിൽ വിളക്കെണ്ണ നിറച്ച് തിരിയിട്ട് കത്തിയ്ക്കുമ്പോൾ അന്തരീക്ഷത്തിൽ പരക്കുന്ന ഒരു മണമുണ്ട്. ഗ്രാമീണതയുടെയും പഴമയുടെയും ആത്മീയ ഉണർവ്വിന്റെയും ഒരു മണം. അതൊന്നും ഇന്നത്തെ കുട്ടികൾക്ക് അറിയില്ല. കാക്കണം കമ്പ് മുറിച്ച്, അതിന്റെ തുമ്പിൽ ചൂട്ടുകറ്റ കെട്ടി'അരിയൊരരിയോര'വിളിച്ച് പറമ്പിന്റെ എല്ലാ മൂലയിലും കുത്തി വയ്ക്കും. വീടുകളിൽ ദീപം തെളിയിക്കും. അമ്പലങ്ങളിൽ ലക്ഷദീപങ്ങൾ മിഴി തുറക്കും. പിന്നെ വീടുകളിൽ എല്ലാവരും കൂടി പുഴുക്കും ചമ്മന്തിയും കഴിക്കും. ഇതിനെയൊക്കെയല്ലേ രമണാ മലയാണ്മ എന്നൊക്കെ വിശേഷിപ്പിക്കുന്നത്?
നമ്മുടെ ഇന്നത്തെ ചർച്ചാ വിഷയം നനകിഴങ്ങാണ്.
വീട്ടുവളപ്പുകളിൽ കുറഞ്ഞ പരിചരണത്തിൽ മികച്ച വിളവ് നൽകാൻ കഴിവുള്ള, രുചികരമായ കിഴങ്ങ് വിളയാണ് നനകിഴങ്ങ്.കൂട്ടിന് സൊന്തം അനിയൻ ചെറുകിഴങ്ങുമുണ്ട്.
ചെറു കിഴങ്ങ് /ചെറുവള്ളിക്കിഴങ്ങ് എന്ന ഇനവും വലിപ്പം കൂടിയ നനകിഴങ്ങ് എന്ന ഇനവും Dioscorea esculenta എന്ന പൊതു ശാസ്ത്രീയനാമത്തിൽ തന്നെയാണ് അറിയപ്പെടുന്നത്.
ഇംഗ്ലീഷിൽ ഇവ Lesser Yams എന്നറിയപ്പെടുന്നു.
വേവിച്ചു കഴിഞ്ഞാൽ സവിശേഷമായ ഒരു ഗന്ധം കിഴങ്ങിനുണ്ട്. കിഴങ്ങിന്റെ പുറം ഭാഗത്ത് മുള്ളു പോലെയുള്ള നാരുകൾ ഉണ്ട്. നന്നായി വേകുമ്പോൾ തൊലി എളുപ്പത്തിൽ ഇളക്കി കളയാൻ കഴിയും. സാധാരണ, മറ്റുള്ള കിഴങ്ങ് വർഗങ്ങളോടൊപ്പം പുഴുങ്ങിയാണ് ഇതും കഴിക്കുക.
കിഴങ്ങുകളിൽ 23-35% അന്നജവും 1-1.3% പഞ്ചസാരയും അടങ്ങിയിരിക്കുന്നു.
വള്ളികൾ മുള്ളോട് കൂടിയതും വലത്തുനിന്നും ഇടത്തേയ്ക്ക് ചുറ്റി വളരുന്നവയും ആണ്. (സാധാരണ വള്ളികൾ തിരിച്ചാണത്രേ വളരുന്നത്. അപ്പോ ലവൻ വള്ളികളിലെ ഇടം കയ്യൻ.. South Paw 🤣🤣).
ഓരോ മൂട്ടിൽ നിന്നും ധാരാളം കിഴങ്ങുകൾ ഉണ്ടാകും. നന്നായി പരിപാലിച്ചാൽ അഞ്ച് കിലോ മുതൽ പത്തു കിലോ വരെ ഒരു മൂട്ടിൽ നിന്നും ലഭിക്കാം.
വലിയ അളവിൽ കൃഷി ചെയ്‌താൽ വിപണനത്തിന് ബുദ്ധിമുട്ട് നേരിട്ടേക്കും. വീട്ടാവശ്യത്തിനും കുറച്ച് വിൽക്കാനും വിത്തിനും വേണ്ടി കൃഷി ചെയ്യാം. വിളവെടുക്കുമ്പോൾ ക്ഷതം പറ്റാതെ എടുക്കാൻ ശ്രമിക്കണം. ഇല്ലെങ്കിൽ പെട്ടെന്ന് കേട് വന്ന് പോകും. അകത്ത് പഞ്ചസാരയല്ലേ പുള്ളേ... പെട്ടെന്ന് ഫംഗസ് പിടിപെടും.
കാച്ചിലിന് യോജിച്ച അതേ കാലാവസ്ഥയാണ് കിഴങ്ങിനും.
നല്ല ഇളക്കമുള്ള, നീർ വാർച്ചയുള്ള, ജൈവാംശമുള്ള, ആഴമുള്ള മണ്ണാണ് അനുയോജ്യം. വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കണം.
തെങ്ങ്, കവുങ്ങ് എന്നിവയുടെ ഇടവിളയായും ശോഭിക്കും.കയർ കെട്ടി നാല് വശത്തുനിന്നും തെങ്ങിലേക്ക് പടർത്തി കയറ്റുകയുമാകാം.തെങ്ങിന്റെ തടത്തിന്റെ പുറം ബണ്ടിൽ നട്ട് തെങ്ങിലേക്ക് കയർ കെട്ടിപ്പടർത്താം.
നവംബർ -ഡിസംബർ (വൃശ്ചികം ) മാസത്തിലാണ് നനകിഴങ്ങ് നടേണ്ടത്.
മണ്ണ് നന്നായി കിളച്ച് ഏതാണ്ട് 75cm അകലത്തിൽ കൂനകൾ എടുക്കണം. കൂനയൊന്നിന് ഒരു കിലോ അഴുകി പൊടിഞ്ഞ ചാണകപ്പൊടി ചേർക്കണം. കൂനകളിൽ 100-150ഗ്രാം തൂക്കമുള്ള കിഴങ്ങുകൾ നടാം. ഒരു സെന്റിൽ ഏതാണ്ട് 70 കൂനകൾ എടുക്കാം. മുള വന്ന് ഒരാഴ്ചക്കയ്ക്കം അല്പം NPK വളം ചേർത്ത് കൊടുക്കാം. അതിന് ശേഷം ഒരു മാസം കഴിഞ്ഞ് അല്പം നൈട്രജൻ വളവും പൊട്ടാഷ് വളവും ചേർത്ത് കൊടുത്താൽ കൂടുതൽ നന്ന്.ചാമ്പലും ചാണകപ്പൊടിയും കൊടുത്താലും പോതും.
വള്ളി നന്നായി പടർത്തി കയറ്റണം. ഇലകളിൽ കൂടുതൽ വെയിൽ വീണാൽ വിളവ് കൂടും. ചെടികൾ കൊള്ളുന്ന വെയിലാണല്ലോ വിളവായി മാറുന്നത്.
വൃശ്ചികം -ധനു മാസങ്ങളിൽ നടുന്നതിനാൽ ആദ്യം അല്പമൊക്കെ നനച്ചു കൊടുക്കേണ്ടി വരും.അത് കൊണ്ടാകും 'നന കിഴങ്ങ് 'എന്ന പേര് വന്നത്. തടത്തിൽ നന്നായി കരിയിലകൾ കൊണ്ട് പുതയും നൽകാം.പുത മുഖ്യം രമണാ...
വൃശ്ചികത്തിൽ നട്ട് ഇടയ്ക്കിടെ പുട്ടുപൊടി നനവ് മണ്ണിൽ ഉറപ്പ് വരുത്തിയാൽ മകരത്തിൽ മരം കയറും, കയറണം. ഇങ്ങനെ ചെയ്‌താൽ കർക്കിടകത്തിൽ വിളവെടുക്കാം.
ഓണത്തിന് നല്ല വിലയും കിട്ടും.
നന്നായി പരിപാലിച്ചാൽ ഒരു സെന്റിൽ നിന്നും 100-150 കിലോ വിളവ് ഉറപ്പായും ലഭിക്കും. വലിയ കീടരോഗ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല.
അപ്പോൾ എല്ലാവരും അടുത്തുള്ള VFPCK സ്വാശ്രയ കർഷക വിപണിയുമായി ബന്ധപ്പെട്ട്, പത്ത് മൂട് നന കിഴങ്ങ് നടാൻ ശ്രമിക്കുമല്ലോ?
✍️ പ്രമോദ് മാധവൻ
പടം കടം :ഗൂഗിൾ


