ചീര ക്യഷി
ചീരക്കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. മഴ മാറി നല്ല വെയിലു ലഭിക്കുന്നതിനാല്‍ നനയ്ക്കാന്‍ സൗകര്യമുള്ളവര്‍ ചീര നടണം. നമ്മുടെ ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലക്കറിയാണിത്. വീട്ടില്‍ കുറച്ചു ചീരവളര്‍ത്തിയാല്‍ കുട്ടികളുടെ ആരോഗ്യത്തിനുമേറെ നല്ലതാണ്. ഒരു മാസം കൊണ്ട് വിളവെടുക്കാവുന്ന ഇലക്കറിയാണ് ചീര. അതിനാല്‍ ദ്രാവക രൂപത്തിലുള്ള വളങ്ങള്‍ നല്‍കുന്നതാണ് നല്ലത്.
1. കഞ്ഞിവെള്ളം ചീരയ്ക്ക് നല്ലൊരു വളമാണ്. കീടനാശിനിയുടെ ഗുണവുമിതു ചെയ്യും. രണ്ടോ മൂന്നോ ദിവസം വച്ചു പുളിപ്പിച്ച ശേഷം മൂന്നിരട്ടി വെളളം ചേര്‍ത്ത് നേര്‍പ്പിച്ച് ഒഴിച്ചു കൊടുക്കുന്നതു കൂടുതല്‍ ഫലം ചെയ്യും.
2. പച്ചില ലായനിയാണ് ചീര വേഗത്തില്‍ വളരാന്‍ സഹായിക്കുന്ന മറ്റൊരു വളം. പച്ചിലകള്‍ ചെറുതായി മുറിച്ചു വെള്ളത്തിലിട്ടു വയ്ക്കുക. ചീമക്കൊന്നയുടെ ഇലകളായാല്‍ ഏറെ നല്ലത്. വെള്ളത്തിന് പകരം കഞ്ഞിവെള്ളവും ഉപയോഗിക്കാം. ഇലകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന രീതിയില്‍ ഇലകളിട്ട് മൂന്നു ദിവസം അടച്ചു വയ്ക്കുക. മൂന്നാം ദിവസം തുറന്ന് മൂന്നിരട്ടി വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം. യാതൊരു ചെലവുമില്ലാതെ തയാറാക്കാവുന്ന വളമാണിത്. ഇലകളിലും ചുവട്ടിലുമൊക്കെ നന്നായി ഒഴിച്ചു കൊടുക്കാം.
3. വെര്‍മി കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ ചീരയ്ക്ക് നല്ല വളമാണ്. എന്നാലിവ ഖരരൂപത്തിലിട്ടു നല്‍കിയാല്‍ വേണ്ടത്ര ഫലം ലഭിക്കുകയില്ല. ഇവ ലായനി രൂപത്തില്‍ തയാറാക്കിയ ശേഷം ഒഴിച്ചു കൊടുക്കാം. ഇവ ഒരു പിടി ഒരു ലിറ്റര്‍ വെള്ളമെന്ന കണക്കില്‍ രണ്ടോ മൂന്നോ ദിവസം സൂക്ഷിച്ചു വയ്ക്കുക. എല്ലാ ദിവസവും നന്നായി ഇളക്കി കൊടുക്കുക. നാലാം ദിവസം ഇരട്ടി വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം.
4. കോഴിവളമാണ് മറ്റൊന്ന്. ഇതും ദ്രാവക രൂപത്തിലേക്ക് മാറ്റിയ ശേഷം വേണം ചീരയ്ക്ക് തളിക്കാന്‍. രണ്ടോ മൂന്നോ ദിവസം വെളളത്തിലിട്ട് വച്ച് രണ്ടിരട്ടി വെള്ളം ചേര്‍ത്ത് ഒഴിച്ചു കൊടുക്കാം.

