ഉറുമ്പിൻ്റെ കഥ:
പണിയെടുക്കും, പണിയും തരും!
***********************************
ഉറുമ്പുകൾ കൃഷിക്ക് ദോഷകരവും ഗുണകരവുമായ രീതിയിൽ സ്വാധീനം ചെലുത്താറുണ്ട്. അവയുടെ സാന്നിധ്യം ചിലപ്പോൾ വിളകൾക്ക് ഭീഷണിയാകുമ്പോൾ, മറ്റു ചിലപ്പോൾ പരിസ്ഥിതിക്ക് ഗുണകരമായ സേവനങ്ങളും നൽകുന്നു. അവയുടെ ഇനം, കൃഷിരീതി, കൃഷിയിടത്തിലെ സാഹചര്യം എന്നിവ അനുസരിച്ച് ഈ സ്വാധീനം വ്യത്യാസപ്പെടാം.
ഉറുമ്പുകളെ കൊണ്ടുള്ള പ്രയോജനങ്ങൾ:
*****************************************
കര്‍ഷകന് ഉപകാരികളായ ചില ഉറുമ്പുകളും ഉണ്ട്.
പുളിയുറുമ്പ് എന്ന് പറയുന്ന മിശിറ് അല്ലെങ്കിൽ നീറ് (ഇവയെ നെയ്ത്തുറുമ്പുകൾ - Weaver Ants എന്നും പറയും), പോലുള്ളവ കർഷകന് വളരെയധികം ഉപകാരികളാണ്. മിശിറുകള്‍ പച്ചക്കറികളിലെ കീടങ്ങളെയും അവയുടെ മുട്ടകളെയും കൊന്നൊടുക്കുമെന്നതിനാല്‍ ഈ ഉറുമ്പുകളെ നശിപ്പിക്കരുത്. പലതരം ശല്യക്കാരായ കീടങ്ങളെ പ്രത്യേകിച്ച് ഇല തിന്നുന്ന പുഴുക്കൾ, വണ്ടുകൾ, ഗ്രാസ് ഹോപ്പറുകൾ തുടങ്ങിയവ ഇവ വേട്ടയാടിപ്പിടിച്ച് ഭക്ഷിക്കുന്നു. മാവ്, തെങ്ങ്, കവുങ്ങ്, ഓറഞ്ച്, നാരകം, പേരക്ക, പ്ലാവ് തുടങ്ങിയ വൃക്ഷവിളകളിൽ കണ്ടുവരുന്ന പല കീടങ്ങളെയും നിയന്ത്രിക്കുന്നതിൽ ഇവ വളരെ ഫലപ്രദമാണ്.
പുളിയുറുമ്പുകളെ പച്ചക്കറിത്തോട്ടത്തിലേക്ക് ആകർഷിക്കുന്നത് അൽപ്പം ശ്രമം ഉള്ള പണിയാണ് , കാരണം അവ സാധാരണയായി മരങ്ങളിലും വലിയ കുറ്റിച്ചെടികളിലുമാണ് കൂടുണ്ടാക്കുന്നത്. നിങ്ങളുടെ സമീപത്ത് എവിടെയെങ്കിലും പുളിയുറുമ്പുകളുടെ കോളനികൾ ഉണ്ടെങ്കിൽ, അവയെ ശ്രദ്ധാപൂർവ്വം ശേഖരിച്ച് പച്ചക്കറിത്തോട്ടത്തിലെ അനുയോജ്യമായ ഒരു ചെടിയിലേക്ക് മാറ്റിവെക്കാൻ ശ്രമിക്കാം. ഉറുമ്പുകൾക്ക് പുതിയ കൂടുകൾ നിർമ്മിക്കാൻ ആവശ്യമായ ഇലകളുള്ള മരങ്ങൾ വേണം ഇതിനായി തിരഞ്ഞെടുക്കാൻ. പുളിയുറുമ്പിനെ (മിശിറ് (നീറ്) വരുത്താൻ മറ്റൊരു മാർഗം കൂടിയുണ്ട്, ചിക്കൻ കടയിൽ നിന്നോ മറ്റു മാംസം വിൽക്കുന്ന കടകളിൽ നിന്നോ ഒരു കഷ്ണം ഫ്രഷ് എല്ല് അല്ലെങ്കിൽ ഒരു മീനിന്റെ തല കൊണ്ടു വന്നു കീടങ്ങളുടെ, മുഞ്ഞ, മിലി ബഗ്ഗ് എന്നിവയുടെ ശല്യം ഉള്ള ചെടികളിൽ കെട്ടി തൂക്കുക, നീറ് താനേ വരും.
കൃഷിക്ക് ഉറുമ്പുകളെ കൊണ്ടുള്ള പ്രധാന ദോഷങ്ങൾ:
****************************************
ചുവന്ന ഉറുമ്പുകൾ / തീയുറുമ്പുകൾ/ കറുത്ത ഉറുമ്പുകൾ എന്നിവ കൃഷിയിടത്തിലെയും വീടുകളിലെയും പ്രധാന ശത്രുക്കളാണ് . പച്ചക്കറി വിളകള്‍ നശിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഇത്തരം ഉറുമ്പുകളാണ്. ഉറ ഇവ മുഞ്ഞയെ (Aphids), മീലി ബഗ്ഗുകളെ (Mealybugs), ചെതുമ്പൽ കീടങ്ങളെ (Scale insects) എന്നിവയെ സംരക്ഷിക്കുകയും അവയെ ഒരു ചെടിയിൽ നിന്ന് മറ്റൊരു ചെടിയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. മുഞ്ഞ പുറത്തുവിടുന്ന മധുരമുള്ള ദ്രാവകമായ 'തേൻതുളളി' (honeydew) ഉറുമ്പുകൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണമാണ്. ഇതിനു പകരമായി ഉറുമ്പുകൾ ഈ കീടങ്ങളെ പക്ഷികളിൽ നിന്നും മറ്റ് ശത്രുക്കളിൽ നിന്നും സംരക്ഷിക്കുന്നു. ഈ തേൻതുളളി പിന്നീട് കറുത്ത പൂപ്പലായി (sooty mold) മാറുകയും അത് ചെടികളുടെ പ്രകാശസംശ്ലേഷണത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.
ചില ഉറുമ്പ് വർഗ്ഗങ്ങൾ തോട്ടത്തിൽ നമ്മൾ നടുന്ന വിത്തുകൾ ശേഖരിച്ച് അവയുടെ കോളനികളിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് നശിപ്പിക്കുകയും ചെയ്യും. ഇത് വിത്ത് മുളയ്ക്കുന്നത് തടയുകയും വിളവ് കുറയ്ക്കുകയും ചെയ്യും. മണ്ണിൽ കൂട് കൂട്ടുന്ന ഉറുമ്പുകൾ ചെടികളുടെ വേരുകൾക്ക് ചുറ്റും ശല്യം ചെയ്യുകയും അതുവഴി ചെടികൾക്ക് സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യും. ഇത് ചെടിയുടെ വളർച്ചയെയും വിളവിനെയും ബാധിക്കാം.
വീട്ടില്‍ത്തന്നെ എളുപ്പം ഉണ്ടാക്കാവുന്ന ചില മിശ്രിതങ്ങള്‍ ഉപയോഗിച്ച് ഇവയെ തുരത്താം:
********************************************
കാല്‍ കിലോഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ഒരു കിലോഗ്രാം ചാരത്തില്‍ ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകളെ ഓടിക്കും. അപ്പക്കാരം അല്ലെങ്കില്‍ ബോറിക് ആസിഡ് പഞ്ചസാര പൊടിച്ചതുമായി കലര്‍ത്തി നനയാതെ ചെടികളുടെ താഴെ വെക്കുക. പഞ്ചസാരക്കൊപ്പം ഈ രാസവസ്തുക്കളും ഉറുമ്പ് തിന്നും. ഉറുമ്പിന്റെ കോളനിയില്‍ എല്ലാവര്ക്കും എത്തിച്ചുകൊടുക്കുകയും ചെയ്യും. ഉറുമ്പുകള്‍ കോളനിയോടെ നശിച്ചോളും. കടിക്കുന്ന ഉറുമ്പുകളാണെങ്കില്‍ ഉണക്കചെമ്മീന്‍ പൊടിച്ചതിന്റെ കൂടെ ബോറിക് പൗഡര്‍ ചേര്‍ത്ത് ഉറുമ്പുള്ള സ്ഥലങ്ങളില്‍ കൊണ്ടുവെക്കുക. വെള്ള വിനാഗിരി ഉറുമ്പിനെ കൊല്ലാന്‍ പറ്റിയ സാധനമാണ്. ഉറുമ്പുകള്‍ ഉള്ളിടത്ത് ഇത് സ്പ്രേ ചെയ്യുക. എല്ലുപൊടി, കടലപിണ്ണാക്ക് എന്നിവ വളമായി നൽകുമ്പോൾ ഉറുമ്പ് വരാൻ സാധ്യത കൂടുതലാണ് ,അതിന് പരിഹാരമായി വേപ്പിൻപിണ്ണാക്ക് പൊടിച്ച് അല്പം ചാരവും ചേർത്ത് മണ്ണിന് മുകളിൽ ചെടിക്ക് ചുറ്റും വിതറുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
***************************
ഉറുമ്പിന്റെ ശല്യം ഒഴിവാക്കാന്‍ ഏറ്റവും ആദ്യം വേണ്ടത് വൃത്തിയാണ്. വീടും പരിസരവും വൃത്തിയാക്കി സൂക്ഷിച്ചാല്‍ അവിടെ ഉറുമ്പിനു അധികം തമ്പടിക്കാന്‍ സാധിക്കില്ല എന്നതാണ് വാസ്തവം. ഉറുമ്പുകൾക്കെതിരെ പലരും ശുപാർശ ചെയ്യുന്നതാണ് 'ബെയർ ജമ്പ്' (Bayer Jump) എന്നാൽ ഇതിൽ ഫിപ്രോനിൽ പോലുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ഒരു ശക്തമായ കീടനാശിനിയാണ്. വളരെ ഉയർന്ന വിഷാംശമുള്ളതുമാണ്. ഇത് പോലെ തന്നെ മറ്റ് ഉറുമ്പുപൊടികളും കൃഷിക്ക് ആവശ്യമായ ഉറുമ്പുകളെ നശിപ്പിക്കുക മാത്രമല്ല, മണ്ണ്, പ്രകൃതി, സസ്യങ്ങൾ, മനുഷ്യൻ എന്നിവയ്ക്ക് ഗുരുതരമായ ദോഷങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഉറുമ്പുകളെ ലക്ഷ്യമിടുമ്പോൾ, മണ്ണിലെ മണ്ണിര, ഉപകാരികളായ സൂക്ഷ്മാണുക്കൾ (ബാക്ടീരിയ, ഫംഗസ്) എന്നിവയും നശിക്കുന്നു. ഈ രാസവസ്തുക്കൾ ഉറുമ്പുകളെ വേഗത്തിൽ തുരത്താൻ സഹായിക്കുമെങ്കിലും, പ്രകൃതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഉണ്ടാക്കുന്ന ദീർഘകാല ദോഷഫലങ്ങൾ വളരെ വലുതാണ്. അതിനാൽ, ജൈവപരമായ പ്രതിവിധികൾ ഉപയോഗിച്ച് ഉറുമ്പുകളെ നിയന്ത്രിക്കുന്നതാണ് കൂടുതൽ സുരക്ഷിതമായ മാർഗ്ഗം..........


 
 
 
 
