പെരുവണ്ണാമൂഴിയിൽ പ്രവർത്തിക്കുന്ന എംടെക്ക് എൻജിനീയേഴ്സിന്റെ സ്ഥാപകനായ ഡോ. ജോൺസൺ സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന അനവധി കണ്ടെത്തലുകളിലൂടെ ഇതിനകം മലയാളികൾക്ക് സുപരിചിതനാണ്. രാത്രികാലങ്ങളിൽ കൃഷിയിടത്തിലേക്ക് കടന്നുവരുന്ന മൃഗങ്ങളെ തുരത്താനുള്ള ഉപകരണമാണ് ജോൺസൺ പുതുതായി വികസിപ്പിച്ചിരിക്കുന്നത്. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം അനുദിനം വർധിക്കുന്ന സാഹചര്യത്തിലാണ് ഇതിന്റെ പ്രാധാന്യം വർധിക്കുന്നത്. കാടും നാടും തമ്മിലുള്ള അന്തരം പതുക്കെ ഇല്ലാതാവുകയാണ്. ഈ സാഹചര്യത്തിൽ കാടിറങ്ങി നാട്ടിലേക്ക് വരുന്ന മൃഗങ്ങളും വനത്തിന്റെ വൈവിധ്യത്തിലേക്ക് കടന്നുകയറുന്ന മനുഷ്യരും തമ്മിലുള്ള പോരാട്ടം വലിയ തലവേദന സൃഷ്‌ടിക്കുന്നു. കാലങ്ങളായി കൃഷിയെ ജീവിതത്തിൻ്റെ ഭാഗമാക്കി സ്നേഹിക്കുന്ന കർഷകർ ഇതിനിടയിൽപ്പെട്ട് പകച്ചുനിൽക്കുകയാണ്. അവർക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണ് ജോൺസന്റെ കണ്ടെത്തൽ.
ചലനശേഷി നഷ്ടപ്പെട്ടെങ്കിലും ജോൺസൺ തോറ്റില്ല, പുരസ്‌കാരങ്ങൾ തേടിയെത്തി
ആറുമാസം പ്രായമുള്ളപ്പോൾ പോളിയോ ബാധിച്ച് ശരീരം തളർന്നുപോയതിനാൽ ജോൺസന് ചലനശേഷിയില്ല. എന്നാൽ, ഒരിക്കലും അദ്ദേഹം തൻ്റെ സാഹചര്യത്തെ കുറ്റപ്പെടുത്തുകയോ അതിൽ വിഷമിക്കുകയോ ചെയ്‌തില്ല. സ്‌കൂളിൽ നിന്ന് ഔപചാരികമായി വിദ്യാഭ്യാസം നേടിയില്ലെങ്കിലും നാടിന് ഉപകാരപ്പെടുന്ന കാര്യങ്ങൾ ചെയ്യണമെന്ന ചിന്ത ജോൺസണെ മുന്നോട്ട് നയിച്ചു. 2004-ൽ അദ്ദേഹത്തിന്റെ്റെ യൂണിറ്റിൽ നിർമ്മാണം ആരംഭിച്ച എൽഇഡി ബൾബുകൾ ഇതിന് ഉദാഹരണമാണ്. എംടെക്കിൻ്റെ യൂണിറ്റിൽ വെച്ച് നിന്ന് തന്നെയാണ് ജോൺസൺ തന്റെ ജീവിതസഖിയെ കണ്ടെത്തിയും. വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് വിവാഹം കഴിച്ചു. ഇരുവർക്കും രണ്ട് ആൺകുട്ടികളുണ്ട്. പ്രാദേശികതലത്തിലും ദേശീയതലത്തിലും നിരവധി അവാർഡുകൾ ഇതുവരെ ജോൺസണെ തേടിയെത്തി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് എംപവർമെന്റ് ഓഫ് പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റിക്കുള്ള ദേശീയ അവാർഡ് അദ്ദേഹം സ്വന്തമാക്കി. കൃഷിസ്ഥലത്ത് വരുന്ന വന്യമൃഗങ്ങളെ തുരത്താനുള്ള പുതിയ ഉപകരണമായ സ്കേർഡ്‌ജ് വികസിപ്പിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും മിയ നേട്ടം.
വന്യമൃഗങ്ങളെ കൊല്ലാൻ നിയമമുണ്ട്; പക്ഷേ, എപ്പോഴും പ്രായോഗികമല്ല
കൃഷിസ്ഥലത്ത് വരുന്ന വന്യജീവികളെയെല്ലാം കൊന്നൊടുക്കുക എന്നത് എപ്പോഴും സാധ്യമായ കാര്യമല്ല. പന്നികളേയും മറ്റും അനുമതിയോടെ കൊല്ലാൻ നിയമം ഉണ്ടെങ്കിലും ഇത് എത്രത്തോളം പ്രായോഗികമാണ് എന്ന കാര്യം മിക്കവർക്കും അറിയാം. പണ്ടും കൃഷി നശിപ്പിക്കാൻ മൃഗങ്ങൾ വന്നിരുന്നു. ശബ്ദമുണ്ടാക്കിയും പന്തം കൊളുത്തിയും പടക്കം പൊട്ടിച്ചുമാണ് അന്ന് അവയെ തുരത്തിയിരുന്നത്. അച്ഛനും മുത്തശ്ശനും കൃഷിക്കാരായതിനാൽ ജോൺസൺ ഇതെല്ലാം ചെറുപ്പത്തിലേ കണ്ടിട്ടുണ്ട്.
അതുകൊണ്ട് മൃഗങ്ങളുടെ വികാരങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ സാധിച്ചു. ഇതു കാരണമാണ് കൃഷിയിടത്തിൽ വരുന്ന മൃഗങ്ങളെ കൊല്ലുന്നതല്ല അവയെ തുരത്തുന്നതാണ് നമുക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും എളുപ്പമുള്ള കാര്യം എന്ന് അദ്ദേഹം പറയുന്നത്. സ്കേർഡ്‌ജ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ഉപകരണം അതിനുള്ളതാണ്.
കൃഷിവിജ്ഞാനകേന്ദ്രം അധികൃതർ ആവശ്യപ്പെട്ടു, ജോൺസൺ രംഗത്തിറങ്ങി
വന്യമൃഗം ഭയന്ന് ഓടുന്നതുവരെ പേടിപ്പിക്കുക എന്നതാണ് സ്കേർഡ്‌ജ് (Scare- Edge) കൊണ്ട് ഉദ്ദേശിക്കുന്നത്. കൃഷിസ്ഥലത്ത് എത്തുന്ന വന്യജീവികളുടെ നാശമല്ല, മറിച്ച് അവയെ ഭയപ്പെടുത്തി തുരത്തുക എന്നതാണ് ഇവിടെ ലക്ഷ്യംവെക്കുന്നത്. വർഷങ്ങൾക്ക് മുൻപ് അന്ന് ലഭ്യമായ സാങ്കേതികവശങ്ങൾ ഉൾപ്പെടുത്തി സ്കേർഡ്‌ജിൻ്റെ പ്രാഥമിക രൂപം വികസിപ്പിച്ചിരുന്നു. എന്നാൽ, പിന്നീട് അതുമായി ബന്ധപ്പെട്ട് കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തിയില്ല. ഈ അടുത്ത് പെരുവണ്ണാമൂഴി കൃഷിവിജ്ഞാന കേന്ദ്രത്തിലെ അധികൃതർ കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ തുരത്താൻ സഹായിക്കുന്ന ഒരു ഉപകരണം വികസിപ്പിക്കാൻ ആവശ്യപ്പെട്ടതാണ് വീണ്ടും ഇതിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചത്.
ബെംഗളൂരുവിൽ നടത്തിയ ചില ഗവേഷണങ്ങളുടെ ഭാഗമായി നീല വെളിച്ചത്തിലുള്ള ലൈറ്റ് ബ്ലിങ്ക് ചെയ്യുന്നത് മൃഗങ്ങൾക്ക് അലോസരമാകുമെന്ന് കണ്ടെത്തിയിരുന്നു. അത് കർഷകർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ഒരു ഉപകരണമാക്കി മാറ്റുക എന്നതായിരുന്നു അവരുടെ ആവശ്യം. അപ്പോഴാണ് വർഷങ്ങൾക്കു മുൻപ് ഡെവലപ്പ് ചെയ്ത സ്കേർഡ്‌ജിൽ നീല ബ്ലിങ്കിങ് ലൈറ്റുകൾ കൂടി ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് കൃഷി വിജ്ഞാന കേന്ദ്രത്തിലെ അധികൃതരോട് പറഞ്ഞത്. ഇത് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കും എന്ന് മനസിലാക്കിയതോടെ അവർ അംഗീകരിക്കുകയും സ്കേർഡ്ജ് വികസിപ്പിക്കുകയും ചെയ്തു.
സ്കേർഡ്‌ജിൻ്റെ പ്രവർത്തനം ഇങ്ങനെ:
പകൽ സമയങ്ങളിൽ സോളാർ പാനൽ വഴി ഊർജം ശേഖരിക്കുകയും രാത്രിയായാൽ സ്വയം പ്രവർത്തനക്ഷമമാകുകയും ചെയ്യുന്ന രീതിയിലാണ് സ്കേർഡ്‌ജ് വികസിപ്പിച്ചിരിക്കുന്നത്. 10 മിനിറ്റ് ഇടവേളയിൽ ഇരുപത് സെക്കൻഡ് നേരത്തേക്ക് സൈറൺ മുഴങ്ങുന്നത് പോലെ ശബ്ദമുണ്ടാക്കുന്നു. അതിനോടൊപ്പം തന്നെ ശക്തിയായ പ്രകാശവും ചുവന്ന ലേസർ ലൈറ്റും പുറത്തുവിടുന്നതാണ് ഇതിന്റെ പ്രധാന ഭാഗം. ആദ്യം ഉണ്ടാക്കിയ മോഡലിൽ വെളിച്ചത്തിനും ശബ്ദത്തിനും ചലനമുണ്ടായിരുന്നില്ല. എന്നാൽ പുതിയ സ്കേർഡ്‌ജിൽ നാല് ദിക്കിലേക്കും വരുന്ന രീതിയിൽ ഇവ രണ്ടും വട്ടത്തിൽ കറങ്ങുന്നു. 20 സെക്കൻഡ് നേരം ഇത്തരത്തിൽ വട്ടത്തിൽ ചലിച്ചതിനുശേഷം ശബ്ദവും വെളിച്ചവും ഓഫാകും. അതിനുശേഷം അടുത്ത 10 മിനിറ്റ് ഇടവേളയിൽ പ്രവർത്തിക്കുന്നത് നീല നിറത്തിലുള്ള ബ്ലിങ്കിങ് ലൈറ്റാണ്. നീലനിറത്തിൽ വെളിച്ചം ബ്ലിങ്ക് ചെയ്യുന്നത് മൃഗങ്ങൾക്ക് അരോചകമാണെന്ന് ബെംഗളൂരുവിലെ ഗവേഷകർ ഇതിനോടകം കണ്ടെത്തിക്കഴിഞ്ഞിരുന്നു.
അഞ്ചേക്കറിൽ ഒരു സ്കേർഡ്ജ് മതി; മൃഗങ്ങൾ അടുക്കില്ല
അഞ്ചേക്കർ വരുന്ന ഒരു കൃഷിസ്ഥലത്തേക്ക് ഇത്തരത്തിലുള്ള ഒരു സ്കേർഡ്ജ് മതി. കൃഷിസ്ഥലത്തിൻ്റെ നടുക്കായി സ്കേർഡ്‌ജ് സ്ഥാപിച്ചു കഴിഞ്ഞാൽ ഇതിന്റെ ശബ്ദവും വെളിച്ചവും കാരണം മൃഗങ്ങൾ അടുക്കില്ല.
മാത്രമല്ല സ്കേർഡ്ജിൽ ഉൾപ്പെടുത്തിയിരിക്കുന്ന ലേസർ സംവിധാനവുമായി ബന്ധിപ്പിച്ച് ഇതിന്റെ അനുബന്ധ ഉപകരണം കൃഷിസ്ഥലത്തിന്റെ മറ്റ് ഭാഗങ്ങളിൽ വെക്കാം. സ്കേർഡ്‌ജ് പ്രവർത്തിക്കുന്ന അതേസമയം തന്നെ ലേസർ സംവിധാനത്തിന്റെ സഹായത്തോടുകൂടി അനുബന്ധ ഉപകരണവും ശബ്‌ദമുണ്ടാക്കും. ഇതിൽ വ്യത്യസ്തമായ ശബ്ദം ഉൾപ്പെടുത്തുവാനും സാധിക്കും.
സ്കേർഡ്ജിൽ നിന്നും സൈറൺ രീതിയിലാണ് ശബ്ദം ഉണ്ടാകുന്നതെങ്കിൽ, മറ്റ് ഭാഗങ്ങളിൽ സ്ഥാപിക്കുന്ന അനുബന്ധ ഉപകരണത്തിൽ നിന്നും ആളുകൾ കൂവി വിളിക്കുന്നതിന്റെയും ചെണ്ട മുട്ടുന്നതിന്റെയും പടക്കം പൊട്ടിക്കുന്നതിൻറയും ശബ്ദങ്ങൾ ഉൾപ്പെടുത്താം. ഇത്തരത്തിൽ ഒരേസമയം പല ദിക്കുകളിൽ നിന്നായി ശബ്ദവും വെളിച്ചവും ഉണ്ടാകുന്നത് മൃഗങ്ങളെ ഭയപ്പെടുത്തുകയും അവയെ തുരത്തുകയും ചെയ്യും. ഒരു സ്കേർഡ്‌ജിൽ തന്നെ അഞ്ച് മുതൽ 10 ലേസർ സംവിധാനം ഉപയോഗിച്ച് അത്രയും ഭാഗത്തേക്ക് അനുബന്ധ ഉപകരണം ഉപയോഗിച്ച് പ്രവർത്തനം വ്യാപിക്കാൻ സാധിക്കും. പൂർണമായും സൗരോർജത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്ന സ്കേർഡ്‌ജ് ഒരു പ്രാവശ്യം സ്ഥാപിച്ചു കഴിഞ്ഞാൽ മറ്റു ചെലവുകൾ വരുന്നില്ല. കൃഷിസ്ഥലത്ത് സ്ഥാപിക്കാനായി ഒരു പൈപ്പ് മാത്രമാണ് ഇതിന് ആവശ്യമായി വരുന്നത്. ഭാരം വളരെ കുറവായതിനാൽ കൈകാര്യം ചെയ്യാനും എളുപ്പമാണ്. കൃഷിയുള്ളപ്പോൾ ഉപയോഗിക്കുകയും അല്ലാത്ത സമയത്ത് വീട്ടിനുള്ളിൽ എടുത്തുവെക്കുകയും ചെയ്യാം.
മൃഗങ്ങൾക്ക് സ്വാഭാവികമായതിനെ ഒഴിച്ച് ബാക്കി എല്ലാത്തിനെയും പേടിയാണ്. ഈ ഭയമാണ് സ്കേർഡ്‌ജിൻ്റെ വിജയം. രാത്രി കൃഷിസ്ഥലത്തെ പലയിടങ്ങളിൽ നിന്നും ശബ്ദം കേൾക്കുകയും വെളിച്ചം അടിക്കുകയും ചെയ്യുമ്പോൾ മൃഗങ്ങളുടെ ഉള്ളിൽ സ്വാഭാവികമായും ഭയം ഉണ്ടാകും. ശബ്ദവും വെളിച്ചവും ഇടവേളകളിൽ ഓണാവുകയും ഓഫാവുകയും ചെയ്യുന്നതിനാൽ അവയ്ക്ക് ഇതുമായി പൊരുത്തപ്പെടാൻ കഴിയാതെ വരികയും സ്വാഭാവികമായും കൃഷിസ്ഥലത്തേക്ക് വരുന്നത് നിർത്തുകയും ചെയ്യും. സ്കേർഡ്‌ജിൽ മനുഷ്യ ശബ്‌ദത്തിന് പകരം മൃഗങ്ങളുടെ ശബ്ദം തന്നെയാണ് ഉപയോഗിക്കുന്നത്. എല്ലാ സമയവും ശബ്ദം ഉണ്ടാവുകയാണെങ്കിൽ സ്വാഭാവികമായും മൃഗങ്ങൾ അതിനോട് പൊരുത്തപ്പെടുകയും കൃഷിസ്ഥലത്തേക്ക് വരുന്നത് തുടരുകയും ചെയ്യും. ഇതുണ്ടാവാതിരിക്കാനാണ് 10 മിനിറ്റ് ഇടവേളകളിൽ ശബ്‌ദവും വെളിച്ചവും പുറപ്പെടുവിക്കുന്നതും ബാക്കിയുള്ള സമയങ്ങളിൽ നീല ലൈറ്റ് ബ്ലിങ്ക് ചെയ്യുന്നതും.
മൂന്ന് മാസമായി മൃഗങ്ങളുടെ ശല്യമില്ല
സ്കേർഡ്‌ജിന്റെ നിർമ്മാണം ഒരു ടീം വർക്ക് ആണ്. പണ്ട് ജോൺസൺതന്നെ വികസിപ്പിച്ചെടുത്ത ഒരു സംവിധാനത്തിൽ ആധുനിക സാങ്കേതികവിദ്യ ഉൾപ്പെടുത്തുകയും അതിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയുമാണ് ചെയ്‌തത്. ബിടെക് ഇലക്ട്രോണിക്സസ് കഴിഞ്ഞ മകന്റെ സഹായവും ഇതിന് ഉപകാരപ്പെട്ടു. ഇനിയും മാറ്റങ്ങൾ ഉൾപ്പെടുത്താൻ സാധിക്കുന്ന രീതിയിലാണ് സ്കേർഡ്‌ജ് നിർമിച്ചിരിക്കുന്നത്. പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്തിയ സ്കേർഡ്‌ജ് വീട്ടിൽ വെച്ചിട്ട് മൂന്നുമാസത്തോളമായി ഇതുവരെ മൃഗങ്ങളുടെ ശല്യം ഉണ്ടായിട്ടില്ല. ഇത് വെക്കുന്നതിനു മുൻപ് മാനിൻ്റെയും കുരങ്ങിന്റെയും പന്നിയുടെയും ശല്യം രൂക്ഷമായിരുന്നു. പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിൽ സ്കേർഡ്‌ജ് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ട് ഇപ്പോൾ 10 ദിവസത്തിലധികം ആകുന്നു. അവിടെയും ഇത് വെച്ചതിനുശേഷം മൃഗങ്ങളുടെ ശല്യം ഉണ്ടായിട്ടില്ല എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
കർഷകനിലേക്ക് എത്തിക്കാനുള്ള മാർഗങ്ങൾ
നിലവിൽ ആയുള്ള ഓർഡറുകൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. മലപ്പുറം, വയനാട്, കോഴിക്കോട്ടെ തിരുവമ്പാടി എന്നിവിടങ്ങളിൽ നിന്നും ഓർഡറുകൾ വൻ തുടങ്ങിയിട്ടുണ്ട്. ഉദ്ഘാടനവേളയിൽ ചക്കിട്ടപ്പാറ പഞ്ചായത്തിലെ കർഷകർക്ക് വേണ്ടി 50 ശതമാനം സബ്‌സിഡിയോടുകൂടി ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരുന്നതിനാൽ അത് കഴിഞ്ഞതിനും ശേഷം മാത്രമേ കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കും.
കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച സ്കേർഡ്‌ജിന്റെ പ്രവർത്തനം കൂടി നിരീക്ഷിച്ച് കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന് ഇതുമായി ബന്ധപ്പെട്ട് കത്തയക്കാൻ തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ ഒരു നിലപാട് ലഭിക്കുകയാണെങ്കിൽ കർഷകർക്ക് സാമ്പത്തികമായി ബുദ്ധിമുട്ടില്ലാത്ത രീതിയിൽ സ്കേർഡ്‌ജ് നൽകാൻ സാധിക്കും. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഉപകരണമായതിനാൽ സത്വ എന്ന സൊസൈറ്റിയുമായി സഹകരിച്ച് അതിലൂടെ ഒരു സബ്‌സിഡി ലഭ്യമാക്കാൻ ആലോചിക്കുന്നുണ്ട്. ഗവൺമെന്റിന്റെ ഭാഗത്തുനിന്നും അൻപത് ശതമാനം സബ്‌സിഡി ലഭിക്കുകയാണെങ്കിൽ 7000 രൂപ വരുന്ന സ്കേർഡ്‌ജ് 3500 രൂപയ്ക്ക് കർഷകർക്ക് ലഭ്യമാകും. ഇതിൽ സോളാർ സൊസൈറ്റിയുടെ സബ്സിഡി കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ 2500 രൂപയ്ക്ക് കർഷകരുടെ കൈകളിലേക്ക് സ്കേർഡ്‌ജ് എത്തിക്കാൻ സാധിക്കും. അഞ്ചേക്കർ സ്ഥലത്തേക്ക് വെക്കാനുള്ള സ്കേർഡ്‌ജിന്റെ വിലയാണിത്. ലേസർ സംവിധാനം ഉപയോഗിച്ച് പല ദിക്കുകളിലേക്ക് വ്യാപിപ്പിക്കാനുള്ള ഇതിന്റെ ഉപഉപകരണത്തിന് അധികമായ ഒരു തുക കൂടി നൽകേണ്ടിവരും. ഇതിൽ ഉപയോഗിക്കുന്ന ശബ്ദത്തിനനുസരിച്ച് തുകയിൽ ചെറിയ മാറ്റം ഉണ്ടാകും.
സത്വ സോളാർ സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഇപ്പോഴും ലളിതമായ നിരക്കിൽ സോളാർ റാന്തലുകൾ നൽകുന്നുണ്ട്. 3200 രൂപ വിലയുള്ള ഒരു റാന്തൽ സൊസൈറ്റിയുടെ സബ്‌സിഡിയും കഴിച്ച് 1210 രൂപയ്ക്കാണ് ആളുകൾക്ക് ലഭ്യമാക്കുന്നത്. മാലിന്യം ഉണ്ടാകുന്നത് പരമാവധി കുറച്ച് വരും തലമുറയ്ക്കും താമസിക്കാൻ സാധിക്കുന്ന രീതിയിൽ ഭൂമിയെ സംരക്ഷിക്കുക എന്നതാണ് സത്വയിലൂടെ ഉദ്ദേശിക്കുന്നത്.
എപ്പോഴും പ്രവർത്തനത്തിൽ വ്യത്യസ്ത കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ജോൺസൺ. "മറ്റൊരാൾ ചെയ്തതിന് പുറകെ പോയാൽ ലോകം വളരില്ല. തുടക്കം മുതലേ എൻറെ ശ്രമവും അതായിരുന്നു. അത്തരത്തിലൊരു ചിന്തയാണ് എൽഇഡി ബൾബിലേക്കും എത്തിച്ചത്. അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങിയ അവസരത്തിൽ ഇത് വെറും ഭ്രാന്താണ്, ആരും വാങ്ങില്ല എന്നായിരുന്നു ആളുകൾ പറഞ്ഞിരുന്നത്. അത് മാറിയില്ലേ.. അതുകൊണ്ട് സംസാരത്തിന് പകരം പ്രവർത്തിച്ച് കാണിക്കാനാണ് എൻ്റെ തീരുമാനം. സ്കേർഡ്ജിന്റെ്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. സ്കേർഡ്ജ് പോലെ കൃഷി, മെഡിക്കൽ, ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകൾക്ക് ഉപകരിക്കുന്ന സംവിധാനങ്ങൾ ഡെവലപ്പ് ചെയ്തിട്ടുണ്ട്. പലതിനും പേറ്റന്റ് ലഭിക്കാനുള്ള കാത്തിരിപ്പിലാണ്. അത് ലഭിക്കുന്നതോടുകൂടി ലോകത്തിന് തന്നെ സഹായകരമാകുന്ന പല ഉപകരണങ്ങളും സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കും" -അദ്ദേഹം പറയുന്നു.
കൃഷിയില്ലാത്ത ഒരു ലോകത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ സാധിക്കില്ല. അപ്പോൾ കൃഷിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. സമൂഹത്തിൽ കൃഷിയുടെ അത്ര മനോഹരമായ ഒരു പ്രവൃത്തി വേറെയില്ല. സ്വന്തമായി അധ്വാനിക്കുന്നതിനോടൊപ്പം മറ്റൊരാളുടെ ജീവൻ നിലനിർത്തുകയും ചെയ്യുന്ന മഹത്തായ പ്രവൃത്തിയാണിത്. അതിനാൽ കർഷകർക്ക് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുവാൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. സ്കേർഡ്ജിന്റെ കാര്യത്തിൽ പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രവുമായി സഹകരിച്ചുകൊണ്ടായിരിക്കും മുന്നോട്ടുള്ള പ്രവർത്തനങ്ങൾ. പുതുതലമുറയ്ക്കും കൃഷിയോടുള്ള താല്പര്യം വർധിപ്പിക്കുന്ന രീതിയിൽ കാർഷിക മേഖല വളരണം എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.





 
 
 
 
