കേരളത്തില്‍ ജൈവ കൃഷി വ്യാപകമായതോടെ ഡിമാന്റ് വര്‍ധിച്ച സാധനമാണ് വേപ്പിന്‍പ്പിണ്ണാക്ക്. ഒരു സസ്യം വളര്‍ന്നു വലിയതായി പൂത്തു കായ്ച്ചു ഫലം തരണമെങ്കില്‍ 16 മൂലകങ്ങള്‍ അത്യാവശ്യമാണ്. അതില്‍ മിക്കതും വേപ്പിന്‍പിണ്ണാക്കിലുണ്ട്. വീട്ടില്‍ അടുക്കളത്തോട്ടമൊരുക്കുന്നവര്‍ക്ക് പ്രത്യേകിച്ച് ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഏറെ അത്യാവശ്യമുള്ള വസ്തുവാണ് വേപ്പിന്‍പ്പിണ്ണാക്ക്. ഇതു മനസിലാക്കി ഗുണനിലവാരമില്ലാത്ത പിണ്ണാക്ക് വിപണിയിലെത്തിക്കുന്ന ഗൂഡസംഘം കേരളത്തിലുണ്ട്. ഇതു വാങ്ങി കൃഷിക്ക് ഉപയോഗിച്ച് അക്കിടി പറ്റിയ നിരവധി പേരുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.
മികച്ച കീടനാശിനിയും വളവും
കീടനാശിനിയും മികച്ച ജൈവവളവും മാത്രമല്ല, ജൈവവിഘടന മാധ്യമവുമാണ് വേപ്പിന്‍പ്പിണ്ണാക്ക്. വേപ്പിന്‍ കുരുവില്‍ എണ്ണ വേര്‍തിരിച്ചതിനു ശേഷം ബാക്കിവരുന്നതാണ് വേപ്പിന്‍ പിണ്ണാക്ക്. എന്ത് ആധുനിക സംവിധാനമുപയോഗിച്ച് നീക്കം ചെയ്താലും പിണ്ണാക്കില്‍ 10- 15 ശതമാനം എണ്ണ ബാക്കിനില്‍ക്കും. ഇതില്‍ പ്രകൃതിജന്യ കീടനാശിനിയായ അസിഡിറാക്ടിന്‍, നിംബിന്‍ ,നിംബാസിന്‍ തുടങ്ങിയവ അടങ്ങിയിരിക്കും. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം, ബോറോണ്‍ എന്നിവയും വേപ്പിന്‍പ്പിണ്ണാക്കിലുണ്ട്. ഇത്രയും ഘടകങ്ങള്‍ അടങ്ങിയതിനാല്‍ ഒരേ സമയം ജൈവവളവും കീടനാശിനിയുമായി വേപ്പിന്‍പ്പിണ്ണാക്ക് ഉപയോഗിക്കുന്നു.
തട്ടിപ്പ് ഇത്തരത്തില്‍
വേപ്പിന്‍ കുരുവിന്റെ തോട് പൊടിച്ചതു ചേര്‍ത്താണ് പ്രധാനമായും തട്ടിപ്പ് നടത്തുന്നത്. വേപ്പിന്‍കുരു ഉണക്കിപ്പൊടിച്ചതില്‍ നിന്ന് എണ്ണയെടുത്തതിന്റെ അവശിഷ്ടമാണ് പിണ്ണാക്ക്. വേപ്പിന്‍ കുരുവിന്റെ തോട് പൊടിച്ചതു ചേര്‍ത്ത് വരുന്ന പിണ്ണാക്കിന് വിലയും ഗുണനിലവാരം വളരെ കുറവായിരിക്കും. വെറും സാധാരണ വളത്തിന്റെ പ്രയോജനം മാത്രമേ ഇതു ചെയ്യൂ. വേപ്പിന്‍പിണ്ണാക്ക് വാങ്ങുമ്പോള്‍ ശരിക്കും ശ്രദ്ധിക്കണം. തോടുള്ള കുരുവില്‍ 100 കിലോയ്ക്ക് 60 കിലോയും തോടായിരിക്കും. 40 കിലോയാണ് പരിപ്പായിക്കിട്ടുക. 40 കിലോ പരിപ്പ് ആട്ടിക്കഴിഞ്ഞാല്‍ 15 കിലോ എണ്ണയും 25 കിലോ ശുദ്ധമായ വേപ്പിന്‍ പിണ്ണാക്കും കിട്ടും. ഇതില്‍ മുമ്പ് സൂചിപ്പിച്ച 60 കിലോ തോടും ചേര്‍ത്താണ് കൃത്രിമമായ പിണ്ണാക്കുണ്ടാക്കുന്നത്.
മായം തിരിച്ചറിയാം
കുരുവിന്റെ തോടുചേര്‍ത്ത പിണ്ണാക്കിന് കാഴ്ച്ചയില്‍ത്തന്നെ കുറച്ചു ചുവന്ന നിറമായിരിക്കും, ഉറപ്പും കുറവായിരിക്കും.ചാക്കില്‍ നിന്ന് വാരിനോക്കിയാല്‍ കേടായ മുന്തിരിത്തോടുപോലുള്ള പുറം ഭാഗം ചതച്ചത് പിണ്ണാക്കില്‍ കാണാം. നല്ല കറുത്ത നിറവും ഉറപ്പുമുണ്ടാകും ശുദ്ധമായ പിണ്ണാക്കിന്. തോട് നന്നായി അരച്ചു ചേര്‍ത്തും തട്ടിപ്പ് നടത്തുന്നവരുണ്ട്. ഇതു കണ്ടെത്താനും മാര്‍ഗമുണ്ട്. രണ്ടു ചില്ലു ഗ്ലാസില്‍ തുല്യം അളവില്‍ വെള്ളമെടുത്തതിന് ശേഷം അതില്‍ 50 ഗ്രാം വീതം രണ്ടു പിണ്ണാക്കും നന്നായി കലക്കി യോജിപ്പിക്കുക. ശുദ്ധമായ വേപ്പിന്‍പ്പിണ്ണാക്ക് കലക്കിയതിന്റെ അടിയില്‍ മഞ്ഞനിറത്തില്‍ ഊറിവരികയും മുകളില്‍ നല്ല കറുത്ത നിറത്തില്‍ ലായനി തെളിയുകയും ചെയ്യും. എന്നാല്‍ ശുദ്ധമല്ലാത്ത പിണ്ണാക്ക് ചേര്‍ത്ത ഗ്ലാസിലെ ലായനി നന്നായി ഊറില്ല. മാത്രമല്ല അതിന് ചുവന്ന നിറമായിരിക്കും.
കര്‍ഷകരും വ്യാപാരികളും ശ്രദ്ധിക്കുക
കൃഷിയില്‍ വലിയ കുതിച്ചു ചാട്ടമാണ് കേരളമിപ്പോള്‍ നടത്തുന്നത്, പ്രത്യേകിച്ചും പച്ചക്കറിക്കൃഷിയില്‍. മായം ചേര്‍ത്ത വളങ്ങള്‍ ഇതിനു തടയിടും. ഉത്പാദനം കുറഞ്ഞു ചെടികള്‍ നശിക്കുന്നതോടെ മനസ് മടുത്ത് കൃഷി ഉപേക്ഷിക്കും. ഇതിനു തടയിടേണ്ടത് സര്‍ക്കാര്‍ സംവിധാനങ്ങളും വ്യാപാരികളുമാണ്. മായം ചേര്‍ത്ത വളങ്ങള്‍ വില്‍ക്കുന്നത് തടയാന്‍ നിയമം കര്‍ശനമാക്കണം. വ്യാപാരികളും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ ഇത്തരം തട്ടിപ്പിന് തടയിടാന്‍ കഴിയും

