പച്ചക്കക്കാപ്പൊടി vs കുമ്മായം... ആരാണ് ബൽത്? - പ്രമോദ് മാധവൻ



എല്ലാ മണ്ണും കൃഷിയ്ക്ക് യോജിച്ചതല്ല എന്ന പാഠം കർഷകൻ പഠിക്കണം. ലക്ഷണമൊത്ത മണ്ണ് എല്ലാവർക്കും കിട്ടുകയുമില്ല. 

പിന്നെ എന്താ വഴി? 

കിട്ടിയ മണ്ണിനെ അറിഞ്ഞ് അതിന്റെ കൂടുതൽ കുറവുകൾ മനസ്സിലാക്കി അതിനെ സമ്പുഷ്ടമാക്കാൻ കർഷകൻ പഠിക്കണം.

ഒരാളുടെ വളർച്ചയ്ക്ക് ഏറ്റവും കൂടുതൽ തടസ്സമായി നിൽക്കുന്ന ഒന്നാണ് ഈഗോ അല്ലെങ്കിൽ താനെന്ന ഭാവം. അങ്ങനെയുള്ളവരിൽ മറ്റെന്തു സദ്ഗുണങ്ങൾഉണ്ടായാലും അതെല്ലാം ഈഗോ എന്ന ഒറ്റ ദുർഗുണത്തിന്റെ നിഴലിൽ ആയിപ്പോകും. 

എന്നത് പോലെ മണ്ണിൽ ഒരുപാട് നല്ല ഘടകങ്ങൾ ഉണ്ടെങ്കിലും അമ്ലത അഥവാ അസിഡിറ്റി കൂടി നിന്നാൽ അത് മണ്ണിന്റെ ഉത്പാദനക്ഷമതയ്ക്ക് തടസ്സമായി നിൽക്കും. മണ്ണിന്റെ pH എത്രയാണ് എന്നതാണ് അതിന്റെ അമ്ലതയുടെ സൂചകം. pH ആറിനും ഏഴിനും ഇടയിൽ നിൽക്കുന്ന ഒരു Near Neutral pH മണ്ണിൽ നില നിർത്തുകയെന്നതാണ് മൂലക ലഭ്യത ഉറപ്പ് വരുത്താൻ നല്ലത്.

മണ്ണിനെ ഈ comfort zone (pH 6-7) ലേക്ക് കൊണ്ട് വരാൻ വേണ്ടിയാണ് മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ കുമ്മായവസ്തുക്കൾ നിലം /മണ്ണ് ഒരുക്കുന്ന സമയ (Land preparation )ത്ത് തന്നെ ചേർത്ത് പാകപ്പെടുത്തണം എന്ന് പറയുന്നത്. 

മണ്ണിന്റെ ഈ ജനിതകദോഷം പരിഹരിക്കാൻ പ്രകൃതി തന്നെ വഴി കണ്ടെത്തിയിട്ടുണ്ട്. താക്കോൽ ഇല്ലാത്ത പൂട്ടൊന്നും പ്രകൃതിയിൽ ഇല്ലല്ലോ?

മണ്ണിന്റെ pH അനുസരിച്ച് കുമ്മായ വസ്തുക്കൾ (Liming Materials ) ചേർത്ത് കൊടുക്കുക എന്നതാണ് അതിനുള്ള ശാസ്ത്രീയ പ്രതിവിധി.

പച്ചക്കക്കാപ്പൊടി, ചുണ്ണാമ്പ് കല്ലിന്റെ പൊടി, നീറ്റിയ കക്ക അഥവാ നീറ്റുകക്ക, കുമ്മായം, ചുണ്ണാമ്പ്, dolomite, Magnesite, നീറ്റിയ Magnesite എന്നിവയൊക്കെയാണ് ലോകത്ത് പല രാജ്യങ്ങളിലും ഉപയോഗിക്കുന്ന കുമ്മായ വസ്തുക്കൾ. 

ഇതിൽ ഏതാണ് നല്ലത് എന്നതിനെ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്.

കർഷകൻ പല കാലദൈർഘ്യമുള്ള വിളകൾ കൃഷി ചെയ്യുന്നുണ്ട്. ആറുമാസത്തിൽ താഴെ മൂപ്പുള്ള പച്ചക്കറി വിളകൾ, ആറിനും ഒരു കൊല്ലത്തിനുമിടയിൽ മൂപ്പുള്ള കിഴങ്ങ് വർഗ്ഗങ്ങൾ, വാഴ പോലുള്ള വിളകൾ, മൂന്ന് സീസൺ വരെ നിർത്തുന്ന കരിമ്പ്, പൈനാപ്പിൾ പോലെയുള്ള വിളകൾ, പിന്നെ ദീർഘകാലം നിൽക്കുന്ന വൃക്ഷവിളകൾ അഥവാ perennials.

 ഇവയിൽ ദീർഘകാലവിളകൾ ഒഴികെയുള്ള വിളകളിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന പാട്ടക്കൃഷിക്കാരുടെ എണ്ണം ലക്ഷക്കണക്കിനാണ്.അവരെയുംപ്രത്യേകം പരിഗണിക്കണം.

 മണ്ണ് ഒരുക്കുന്നതിനുള്ള ശുപാർശ നൽകുമ്പോൾ വിളയുടെ കാലാവധി, ഉത്പാദന സാമഗ്രികളുടെ വില, അവയുടെ ക്ഷമത എന്നിവയൊക്കെ പരമപ്രധാനമാണ്.

കയ്യിൽ സമൃദ്ധമായി മൂലധനം ഇല്ലാത്ത ഒരു കർഷകൻ ചിന്തിക്കേണ്ടത് എത്ര കുറഞ്ഞ ചെലവിൽ എന്നാൽ ഫലപ്രാപ്തി കുറയാത്ത രീതിയിൽ ഒരു വിഭവം (resource ) എങ്ങനെ ഉപയോഗിക്കാം എന്നത് ആയിരിക്കണം.

കുമ്മായ വസ്തുക്കൾ ഉപയോഗിക്കുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾ തീർച്ചപ്പെടുത്തി വേണം ചെയ്യാൻ.

  1. ഉപയോഗിക്കുന്ന കുമ്മായവസ്തുവിന്റെ അമ്ലത്വ നിർവീര്യശേഷി അഥവാ Neutralizing Value (NV). അത് കൂടി നിന്നാൽ ആ വസ്തു കുറഞ്ഞ അളവിൽ മണ്ണിൽ ഉപയോഗിച്ചാൽ മതിയാകും.
  2. മണ്ണുമായി പ്രതിപ്രവർത്തിക്കാനുള്ള ശേഷി (Reaction time ). എത്ര വേഗത്തിൽ അത് മണ്ണിന്റെ pH നെ ഉയർത്തും എന്നതാണ് ഇവിടെ നോക്കുന്നത്.അത് NV, Finness എന്നിവയെ ആശ്രയിച്ച് ഇരിക്കും.
  3. തരി വലിപ്പം അഥവാ Fineness. എത്രത്തോളം ചെറിയ തരിയായി ഇരിക്കുന്നുവോ അത്രത്തോളം അതിന് മണ്ണിലെ ഏറ്റവും ചെറിയ കളിമണ്ണുമായി പ്രതിപ്രവർത്തിക്കാൻ കഴിയും. കളിമണ്ണ് തരികളിലാണ് പ്രധാനപ്പെട്ട ധാതുക്കൾ ചെടികൾക്ക് ലഭ്യമായ (Available form )രൂപത്തിൽ അടങ്ങിയിട്ടുള്ളത്.
  4. വില. മേൽപ്പറഞ്ഞ ഗുണങ്ങൾക്കൊപ്പം അതിന്റെ വിപണി വിലയും കർഷകനെ സംബന്ധിച്ച് സുപ്രധാനമാണ്.
  5. അതിലുള്ള കാൽസ്യം, മഗ്‌നീഷ്യം എന്നീ മൂലകങ്ങളുടെ അളവ്. ഇത് ഏറെക്കുറെ മണ്ണിൽ 5:1 എന്ന അനുപാതത്തിൽ ആയിരിക്കണം. മഗ്‌നീഷ്യം വല്ലാതെ കൂടിയാൽ അത് പൊട്ടാസ്യത്തിന്റെ ലഭ്യതയെ ബാധിക്കും. "തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകും" എന്ന് പറയുന്ന പോലെ.

അപ്പോൾ Neutralizing Value കൂടിയ, മണ്ണുമായി ഏറ്റവും വേഗത്തിൽ പ്രവർത്തിച്ച് ഏറ്റവും ചെറിയ തരികളായി മണ്ണിന്റെ ഏറ്റവും ചെറിയ അംശത്തെപ്പോലും സ്വാധീനിച്ച് ഗുണഫലം കൊണ്ട് വരാൻ കഴിയുന്ന, താങ്ങാൻ പറ്റുന്ന വിലയിൽ കിട്ടുന്ന (cost effective) കുമ്മായവസ്തു വേണം കർഷകൻ ഉപയോഗിക്കാൻ.

ഇത് കർഷകന് വേഗം മനസ്സിലാക്കാൻ വേണ്ടി കുമ്മായവസ്തുക്കളുടെ ലേബലിൽ അതിന്റെ Neutralizing Value,Particle Size, വില, അതിലുള്ള കാൽസ്യം, മഗ്‌നീഷ്യം എന്നീ മുലകങ്ങളുടെ അളവ് എന്നിവ നിർബന്ധമായും ഉണ്ടാകണം. 

ഇത്‌ ഉണ്ടാകണം എന്നുള്ള നിയമ നിർമ്മാണം വരണം. വിദേശ രാജ്യങ്ങളിൽ ഇങ്ങനെയാണ് കുമ്മായ വസ്തുക്കളുടെ ലേബലുകളിൽ ഉണ്ടാകുക.

ഇത്രയും കേട്ട സ്ഥിതിക്ക് ആ ചോദ്യത്തിന് (പച്ചക്കക്കപ്പൊടി Vs കുമ്മായം, ആരാണ് ബൽത് എന്ന ചോദ്യം) ഇജ്ജ് തന്നെ കമന്റ് ബോക്സിൽ ഉത്തരം രേഖപ്പെടുത്തുക.

ഏറ്റവും നല്ല കുമ്മായ വസ്തു ഏതാണ്?

കുരു പൊട്ടട്ടെ.....

പ്രമോദ് മാധവൻ 




Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section