കുമ്മായം തന്നെ ബൽത്... - പ്രമോദ് മാധവൻ



കഴിഞ്ഞ ദിവസം, കുമ്മായമാണോ പച്ചക്കക്കപ്പൊടിയാണോ കേമൻ എന്ന ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. 

ഇക്കാര്യത്തിലുള്ള എന്റെ അഭിപ്രായം സുവ്യക്തമാക്കി മുൻപ് തന്നെ ഞാൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാലും ചിലരൊക്കെ കരുതിയത് ഞാൻ അഭിപ്രായം പറയാതെ ഒഴിഞ്ഞുമാറിയോ എന്ന തരത്തിലാണ്. അവർക്ക് വേണ്ടിയാണ് ഈ പോസ്റ്റ്‌.

കേരളത്തിലെ മണ്ണുകളുടെ ജനിതകവൈകല്യവും നടപ്പ് ദോഷവും ആയ 'കൂടിയ അമ്ലത/അസിഡിറ്റി (അഥവാ Low pH) ക്രമപ്പെടുത്തി നിർവീര്യസമാനമായ (Near neutral pH) അവസ്ഥയിലേക്ക് കൊണ്ട് വരാനാണ് മണ്ണ് ഒരുക്കുമ്പോൾ ആദ്യം കുമ്മായവസ്തുക്കൾ ചേർക്കണം എന്ന് പറയുന്നത്.

അമ്ലസ്വഭാവമുള്ള (Acid Igneous rocks ) പിതൃ/മാതൃ ശിലകളിൽ(Parent Rock Material) നിന്ന് പിറക്കയാലും വർഷത്തിൽ നൂറ്റിമുപ്പത്തിയഞ്ച് ദിവസങ്ങൾ കൊണ്ട് പെയ്ത് വീഴുന്ന 3000mm മഴയിൽ , ചെടികൾക്ക് വേണ്ടപ്പെട്ടവരായ പൊട്ടാസ്യം, കാൽസ്യം, മഗ്‌നീഷ്യം എന്നീ ധനവാന്മാർ (പോസിറ്റീവ് ചാർജുള്ള അയോണുകൾ/Cations) മണ്ണിന്റെ ആഴങ്ങളിലേക്ക് ഒലിച്ചു പോകുന്നതി(Leaching)നാലും തറവാട് മുടിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഇരുമ്പ്, അലൂമിനിയം എന്നീ മൂലകങ്ങൾ മണ്ണിൽ അള്ളിപ്പിടിച്ചിരിക്കുന്നതിനാലും കേരളമണ്ണ് ജന്മനാലും കർമ്മണാലും അമ്ലനാണ്.

 കൂടിയ പുളിരസത്തിൽ തട്ടി നിന്നാൽ ചെടികളുടെ വേരുകൾ ദ്രവിക്കും. വളങ്ങളുടെ ശരിയായ ആഗിരണം നടക്കാതെ ആകും.

"ഗുണികളൂഴിയിൽ നീണ്ട് വാഴാ" എന്ന് മഹാകവി കുമാരനാശാൻ പാടിയത് മണ്ണിലെ 'സ്യ ' ത്രയങ്ങളെ (Pottasium, Calcium, Magnesium )ക്കൂടി ഉദ്ദേശിച്ചാകാം.നല്ലവരെ ദൈവം നേരത്തേ അങ്ങ് വിളിക്കും എന്ന് പറയാറുണ്ടല്ലോ.. അത് പോലെ മണ്ണിലെ നല്ലവരായ പൊട്ടാസ്യം, കാൽസ്യം, മഗ്‌നീഷ്യം എന്നിവർ ശക്തമായ മഴ മൂലം മണ്ണിൽ നിന്നും വേഗം നഷ്ടപ്പെട്ടു പോകും.

മണ്ണിൽ നിന്നും ഉചിതമായ അളവിൽ വളങ്ങൾ വലിച്ചെടുക്കാൻ ചെടികൾക്ക് കഴിയണമെങ്കിൽ, അതിനെ തടസ്സപ്പെടുത്തുന്ന 'അമ്ലത'യെ മെരുക്കേണ്ടത് ഒരു അനിവാര്യത ആണ്.

മണ്ണ് പരിശോധനാ ഫലം കാണുമ്പോൾ മണ്ണിന്റെ pH 4 എന്ന് വന്നാൽ കർഷകൻ കരുതുന്നത് 'ഹാവൂ, മണ്ണിൽ വേണ്ട pH (6.5) ൽ നിന്നും രണ്ട്-രണ്ടര പോയിന്റ് അല്ലേ കുറവുള്ളൂ.. അതൊരു കുറവാണോ 'എന്നായിരിക്കും. ഇത് "കാൽക്കോൽ പെട്ടിയിൽ മുക്കാൽ കോൽ വിടവൊരു വിടവാണോ"എന്ന് പണ്ടാരണ്ടു പറഞ്ഞ പോലെയാകും. നമ്മൾ മനസ്സിലാക്കേണ്ടത് 4 ൽ നിന്നും pH 5 ലേക്ക് പോകുമ്പോൾ അമ്ലത പത്തിലൊന്നായും അത് 6 ലേക്ക് പോകുമ്പോൾ നൂറിലൊന്നായും കുറയുന്നു എന്നാണ്.ഇനി മറ്റൊരു തരത്തിൽ പറഞ്ഞാൽ pH 7 ഉള്ള മണ്ണിനേക്കാൾ പത്തിരട്ടി പുളിപ്പ് pH 6 ഉള്ള മണ്ണിന് ഉണ്ടാകും. pH 7 ഉള്ള മണ്ണിനേക്കാൾ നൂറിരട്ടി പുളിപ്പുണ്ടാകും pH 5 ഉള്ള മണ്ണിന്.ഇപ്പോൾ കാര്യങ്ങൾ ഏകദേശം പിടി കിട്ടിയിട്ടുണ്ടാകും എന്ന് കരുതട്ടെ...ട്ടോ..

എന്തൊക്കെയാണ് വിപണിയിൽ ലഭ്യമായ കുമ്മായ വസ്തുക്കൾ (Liming Materials).

1. Calcitic Limestone
2. Dolomitic Limestone
3. പച്ചക്കക്കാപ്പൊടി
4. നീറ്റുകക്ക
5. കുമ്മായപ്പൊടി
6. Liquid Lime
7. Magnesite

ഇതിൽ ആദ്യത്തെ രണ്ടെണ്ണവും പ്രകൃതിയിൽ നിന്നും ഉള്ള പ്രത്യേകതരം പാറകൾ ഖനനം ചെയ്ത്, പൊടിച്ചു എടുക്കുന്നവയാണ്. Calcitic limestone കാൽസ്യം കാർബണേറ്റും Dolomitic Limestone, കാൽസ്യം മഗ്നീഷ്യം കാർബണേറ്റും ആണ്. അവയിൽ അടങ്ങിയിരിക്കുന്ന Calcium, Magnesium എന്നിവയുടെ ഉള്ളടക്കം (content ) അനുസരിച്ച് അവയുടെ വില നിശ്ചയിക്കുന്നു. 

മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇവയുടെ 'നിർവീര്യമൂല്യം'(Neutralizng Value ) അടിസ്ഥാനമാക്കിയാണ് വില നിർണയിക്കുന്നത്.നിശ്ചിത അളവ് അമ്ലതയെ മെരുക്കാൻ ഓരോ liming material ഉം എത്രകണ്ട് മണ്ണിൽ ഉപയോഗിക്കണം എന്നതാണ് അതിന്റെ ആധാരം. ഇതിനായി ഏറ്റവും ശുദ്ധമായ Calcium carbonate ന്റെ നിർവീര്യ മൂല്യം 100 ആയി നിജപ്പെടുത്തിയിരിക്കുന്നു.

 Dolomite ന്റേത് 109ഉം കുമ്മായത്തിന്റേത് 179 മാണ്.അതായത് ഒരു നിശ്ചിത അളവ് അമ്ലതയെ ക്രമപ്പെടുത്താൻ പച്ചകക്കാപ്പൊടിയേക്കാൾ കുറച്ച് മാത്രം dolomite ഉം അതിനേക്കാൾ കുറച്ച് മാത്രം കുമ്മായപ്പൊടിയും മതിയാകും എന്ന് മനസ്സിലാക്കണം.

ഇനി ഉപയോഗിക്കുന്ന വസ്തുവിന്റെ തരി വലിപ്പവും (particle size/Fineness )വളരെ പ്രധാനമാണ്. ഏറ്റവും വലിപ്പം കുറഞ്ഞ തരികൾ (Fine Powder) ആയാൽ മാത്രമേ അവ കൂടുതൽ മൺതരികളുമായി ഇഴുകിചേർന്ന് കാര്യക്ഷമമായി പ്രവർത്തിക്കൂ എന്ന് ചുരുക്കം.

പൊതുവിൽ പറഞ്ഞാൽ അഞ്ച് കാര്യങ്ങൾ ആണ് പ്രധാനം

1. ഏത് കുമ്മായ വസ്തു? (അതിൽ ഉള്ള Calcium, Magnesium എന്നിവയുടെ ശതമാനം )
2. അതിന്റെ Neutralizing Value
3. അതിന്റെ തരിവലിപ്പം.
4. അത് മണ്ണുമായി പ്രവർത്തിക്കാൻ എടുക്കുന്ന സമയം (Reaction Time)
5. വില

ഈ അഞ്ച് കാര്യങ്ങളും വിലയിരുത്തി മാത്രമേ കൃഷിക്കാരൻ എത് വേണം എന്ന തീരുമാനം എടുക്കാവൂ.

 കക്കത്തോട് (പച്ചക്കക്ക) കരി ചേർത്ത് ചൂളകളിൽ ചൂടാക്കുമ്പോൾ അവയിൽ നിന്നും Carbon di oxide പുറത്ത് പോവുകയും അത് Calcium oxide(CaO) ആയി മാറുകയും ചെയ്യുന്നു. അതാണ് നീറ്റുകക്ക/ കുമ്മായം. അതിൽ വെള്ളം ചേരുമ്പോൾ അത് Calcium Hydroxide അഥവാ Ca(OH)2 (ചുണ്ണാമ്പ് )ആയി മാറുന്നു.അവ Slaked lime എന്നും അറിയപ്പെടുന്നു.

പച്ചക്കക്കപ്രേമികളുടെ പ്രധാന വാദം കുമ്മായപ്പൊടി മണ്ണിൽ ചേരുമ്പോൾ മണ്ണിലെ ജീവികൾ നശിക്കുന്നു എന്നതാണ്. ഒരു സെന്റ് സ്ഥലത്ത് (40Sq m) ഒരടി ആഴത്തിൽ(0.3m) കിളച്ച മണ്ണ് ഏകദേശം 12 ക്യൂബിക് മീറ്റർ (12000 കിലോഗ്രാമിലധികം )ഉണ്ടാകും. അത്രയും മണ്ണിലേക്കാണ് 2000ഗ്രാം അല്ലെങ്കിൽ 3000ഗ്രാം കുമ്മായപ്പൊടി ചേർക്കാൻ പറയുന്നത്. 12000 കിലോ മണ്ണിൽ അതിന്റെ ഒരു ശതമാനം ചേർക്കണം എങ്കിൽ പോലും 120 കിലോ കുമ്മായം വേണം. അപ്പോൾ 2 അല്ലെങ്കിൽ 3 കിലോ എന്നത് എത്ര ചെറിയ അളവാണ്.അപ്പോൾ ആ വാദത്തിന്റെ നിരർത്ഥകത മനസ്സിലാകും.

ഹ്രസ്വകാല വിളകൾക്ക് പെട്ടെന്നു ഫലപ്രാപ്തി കിട്ടുന്ന കുമ്മായ വസ്തുക്കൾ ചേർത്താലേ അതിന്റെ ഗുണം ചുരുങ്ങിയ സമയം കൊണ്ട് കർഷകന് കിട്ടൂ.. കക്കാത്തോട് പന്തീരാണ്ട് കാലം മണ്ണിൽ കിടന്നാലും പൊടിയണമെന്നില്ല. കാരണം കാൽസ്യം കാർബണേറ്റ് എന്ന വളരെ stable ആയ, ശാന്തമായ അവസ്ഥയിൽ ആണ് കാൽസ്യം സ്ഥിതി ചെയ്യുന്നത്. ആയതിനാൽ അത് മണ്ണിനെ ശല്യപ്പെടുത്തില്ല.

ആയതിനാൽ പ്രിയപ്പെട്ട കർഷകരേ, പെട്ടെന്ന് മണ്ണിന്റെ pH ഉയർത്തണമെങ്കിൽ(അസിഡിറ്റി കുറയ്ക്കണമെങ്കിൽ ) ഏറ്റവും നല്ലത് കുമ്മായപ്പൊടി തന്നെ ആണ്. 

ഇനി പച്ചക്കക്കപ്പൊടിയുടെ വില കുമ്മായത്തിന്റെ വിലയുടെ 65-70% മാത്രമേ വരുന്നുള്ളൂ എങ്കിൽ അത് ഉപയോഗിക്കുന്നതും നല്ലത് തന്നെ. പക്ഷേ നല്ല പൊടി രൂപത്തിൽ ആയിരിക്കണം. ഇല്ലെങ്കിൽ അത് മണ്ണിൽ പ്രവർത്തന രഹിതമായി കിടക്കും.

പിന്നെ മണ്ണിര ചത്തു പോകും, സൂക്ഷ്മാണുക്കൾ ചത്തുപോകും എന്നുള്ള വരട്ടുവാദം ഒന്നും വിലപ്പോവില്ല. അതൊക്കെ നഖവും മുടിയും പോലെയാണ്. പോയാലും വരാൻ വലിയ താമസമൊന്നും വേണ്ട.

വാൽക്കഷ്ണം: കപ്പലുകളെ ക്കുറിച്ച് ഒരു ചൊല്ലുണ്ട്.

 "A ship in port is safe, but that's not what ships are built for" എന്ന്. 

തുറമുഖത്ത് നങ്കൂരമിട്ട് കിടക്കുന്ന ഒരു കപ്പൽ സുരക്ഷിതമാണ്. പക്ഷേ വെറുതെ തുറമുഖത്ത് ഇട്ടേക്കാൻ വേണ്ടിയല്ലല്ലോ കപ്പൽ പണിയുന്നത്.

മണ്ണിൽ വെറുതെ കിടക്കാൻ വേണ്ടിയല്ല കുമ്മായ വസ്തുക്കൾ ചേർക്കുന്നത്. അത് മണ്ണുമായി പ്രതിപ്രവർത്തിക്കാൻ വേണ്ടി തന്നെയാണ്. അപ്പോൾ ചില പൊട്ടലും ചീറ്റലും കൊലയും ഒക്കെ നടന്നെന്നിരിക്കും. പക്ഷേ അത് കൊണ്ട് എന്താണോ ലക്ഷ്യം വച്ചത് അത് നടന്നിരിക്കും രമണാ...

ആയതിനാൽ നോം നിലപാട് പറഞ്ഞില്ല്യ പറഞ്ഞില്ല്യ എന്നാരും പറേരുത്.. ബ്ലീസ്...

 കുമ്മായം തന്നെയാണ് ബൽത്.

എന്നാൽ അങ്ങട്..

പ്രമോദ് മാധവൻ



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section