***********************************
തണുപ്പുള്ള കാലാവസ്ഥയിൽ നന്നായി വളരുന്ന ഒരു പ്രധാന ശീതകാല പച്ചക്കറിയാണ് കാരറ്റ്. സാധാരണയായി നവംബർ-ഡിസംബർ മാസങ്ങളിലാണ് കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം. കേരളത്തിലെ കാലാവസ്ഥയിൽ തറയിൽ നേരിട്ടുള്ള കൃഷിയേക്കാൾ മെച്ചപ്പെട്ട രീതിയായി കർഷകർ കാണുന്നത് ടെറസ്സിലെ ഗ്രോബാഗുകളിലോ, സിമന്റ് ചാക്കുകളിലോ, അല്ലെങ്കിൽ ലംബമായ (Vertical) കൃഷിക്ക് വേണ്ടി തയ്യാറാക്കിയ പി.വി.സി പൈപ്പുകളിലോ കൃഷി ചെയ്യുന്നതാണ്. കുറഞ്ഞ സ്ഥലത്തും പ്രതികൂല കാലാവസ്ഥയിലും പോലും മികച്ച വിളവ് നേടുന്നതിനായി, കേരളത്തിലെ അടുക്കളത്തോട്ടങ്ങളിലും മട്ടുപ്പാവുകളിലും ഈ രീതികൾ വളരെ പ്രചാരത്തിലുണ്ട്. ശരീരത്തിന് അത്യന്താപേക്ഷിതമായ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, സി, കെ, പൊട്ടാസ്യം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ പോഷകങ്ങളുടെ കലവറ കൂടിയാണിത്.
കാരറ്റിന്റെ ആരോഗ്യ ഗുണങ്ങൾ:
************************************
ബീറ്റാ കരോട്ടിൻ, ആൽഫ കരോട്ടിൻ, ല്യൂട്ടിൻ പോലുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ കാരറ്റ്, ഫ്രീ റാഡിക്കലുകളിൽ നിന്നുള്ള കോശ നാശത്തെ തടയുകയും ഹൃദ്രോഗം, ചില കാൻസറുകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ എ, ല്യൂട്ടിൻ എന്നിവയും കാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ, ഉയർന്ന അളവിലുള്ള നാരുകൾ ദഹനത്തെ മികച്ചതാക്കാനും വയറിലെ വീർപ്പ്, ഗ്യാസ് എന്നിവ ഒഴിവാക്കാനും രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാനും സഹായിക്കുന്നു. ഈ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെ ഗുണകരമാണ്.
കേരളത്തിൽ കൃഷി ചെയ്യുന്ന പ്രധാന കാരറ്റ് ഇനങ്ങൾ:
********************************************
പൂസ കേസർ (Pusa Kesar):
*****************************
ഇന്ത്യയിലെ പ്രശസ്തമായതും വ്യാപകമായി കൃഷിചെയ്യപ്പെടുന്നതുമായ ഒരു കാരറ്റ് ഇനമാണ്. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IARI), ന്യൂഡൽഹി വികസിപ്പിച്ചെടുത്ത ഈ ഇനം ഉഷ്ണമേഖലാ സമതലങ്ങളിൽ കൃഷി ചെയ്യാൻ അനുയോജ്യമാണ്. വേരുകൾക്ക് കടും ചുവപ്പ് നിറമാണ്, ഉൾക്കാമ്പിനും അതേ ചുവപ്പ് നിറം തന്നെയായിരിക്കും. ഇതിന് താരതമ്യേന ഉയർന്ന താപനിലയെ (higher temperature) അതിജീവിക്കാനുള്ള ശേഷിയുണ്ട്. അതിനാൽ, മറ്റ് ശീതകാല ഇനങ്ങളേക്കാൾ നേരത്തെ ഓഗസ്റ്റ് മുതൽ ഒക്ടോബർ ആദ്യവാരം വരെ ഇത് വിതയ്ക്കാൻ അനുയോജ്യമാണ്.സാധാരണയായി 90-110 ദിവസങ്ങൾക്കുള്ളിൽ വിളവെടുപ്പിന് തയ്യാറാകും.
പൂസ മേഘാലി (Pusa Meghali):
*********************************
ഇതും ഒരു പ്രധാനപ്പെട്ട കാരറ്റ് ഇനമാണ്, ഇത് ഇന്ത്യയിലെ കാർഷിക ഗവേഷണ സ്ഥാപനങ്ങളിലൊന്ന് വികസിപ്പിച്ചെടുത്ത ഉഷ്ണമേഖലാ ഇനത്തിൽ പെടുന്നു. ഇതിന് ഓറഞ്ച് നിറത്തിലുള്ള വേരുകളും, ഉൾക്കാമ്പിനും അതേ ഓറഞ്ച് നിറവും ആണുള്ളത്. ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയാണ് വിതയ്ക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
പൂസ നയൻജ്യോതി F1 (Pusa Nayanjyothi F1):
********************************************
കേരളത്തിലെ ഉഷ്ണമേഖലാ സമതലങ്ങളിലെ വാണിജ്യ കൃഷിക്ക് ഏറ്റവും അനുയോജ്യമായ സങ്കരയിനങ്ങളിൽ (Hybrid) ഒന്നായി ഇത് ശുപാർശ ചെയ്യപ്പെടുന്നു. ഈ ഇനത്തിന് കേരളത്തിലെ കാലാവസ്ഥയിൽ മികച്ച വിളവ് നൽകാനുള്ള കഴിവുണ്ട്. താരതമ്യേന കൂടുതൽ നീളമുള്ള വേരുകൾ ഈ ഇനത്തിനുണ്ട്, ഇത് ഉത്പാദനത്തിന് ഗുണകരമാണ്. സാധാരണയായി വിത്ത് പാകി ഏകദേശം 90 മുതൽ 140 ദിവസങ്ങൾ വരെയാണ് വിളവെടുപ്പിന് എടുക്കുന്നത്.
ഊട്ടി-1 (Ooty-1):
*****************
തമിഴ്‌നാട്ടിലെ ഹോർട്ടികൾച്ചറൽ റിസർച്ച് സ്റ്റേഷൻ, വികസിപ്പിച്ചെടുത്ത ഒരു പ്രധാനപ്പെട്ട കാരറ്റ് ഇനമാണ് ഇത്. കേരളത്തിലെ ഉയർന്ന മലനിരകളിലെ തണുത്ത കാലാവസ്ഥയിൽ മൂന്നാർ, വയനാട്, ഇടുക്കിയുടെ ചില ഭാഗങ്ങൾ തുടങ്ങിയ ഹൈറേഞ്ച് പ്രദേശങ്ങൾക്ക് ഏറ്റവും അനുയോജ്യം. നല്ല പരിചരണം നൽകിയാൽ മികച്ച വിളവ് ലഭിക്കും. വിത്ത് പാകി ഏകദേശം 100 മുതൽ 110 ദിവസങ്ങൾക്കുള്ളിൽ വിളവെടുപ്പിന് തയ്യാറാകും.
കാരറ്റ് കൃഷിരീതി:
*******************
കേരളത്തിലെ കടുപ്പമുള്ള മണ്ണിൽ കാരറ്റ് വളരാൻ ബുദ്ധിമുട്ടാണ്. അതിനാൽ ഏറ്റവും നല്ലത്, ഗ്രോബാഗുകൾ, സിമന്റ് ചാക്കുകൾ, ചട്ടികൾ , ആഴമുള്ള പ്ലാസ്റ്റിക് പാത്രങ്ങൾ, Vertical Farming ന് തയ്യാറാക്കിയെടുത്ത PVC പൈപ്പുകൾ എന്നിവ ഉപയോഗിക്കുന്നതാണ്. കാരറ്റ് വേരുകൾക്ക് വളരാൻ കുറഞ്ഞത് 12 മുതൽ 18 ഇഞ്ച് വരെ ആഴം ആവശ്യമാണ്. ഇളക്കമുള്ളതും നീർവാർച്ചയുള്ളതുമായ പോട്ടിംഗ് മിശ്രിതം വേണം. മണ്ണ്, ചകിരിച്ചോറ്, നന്നായി ഉണങ്ങിയ ചാണകപ്പൊടി/കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തിൽ മിശ്രിതം ഉണ്ടാക്കി ഇതിനോടൊപ്പം കുറഞ്ഞ അളവിൽ മണലും ചേർത്ത് മണ്ണ് അയവുള്ളതാക്കുകയും അത് കൂടാതെ ഈ മിശ്രിതത്തിൽ അൽപം എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ ചേർത്തും ഗ്രോ ബാഗിൽ പോട്ടിംഗ് മിശ്രിതം നിറയ്ക്കുക. അതിൽ വിത്തുകൾ 5% സ്യൂഡോമോണസ് ലായനിയിൽ 12 മണിക്കൂർ മുക്കിവെച്ചതിനു ശേഷം നേരിട്ട് നടുക. മണ്ണ് ഉണങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. ദിവസവും രണ്ടുനേരം ചെറിയ അളവിൽ നനയ്ക്കുന്നത് നല്ലതാണ്. വിത്ത് നട്ട് 20-30 ദിവസങ്ങൾക്ക് ശേഷം ദ്രവരൂപത്തിലുള്ള വളങ്ങളായ കഞ്ഞിവെള്ളം പുളിപ്പിച്ചത്, ജീവാമൃതം, മണ്ണിര കമ്പോസ്റ്റ് സത്ത് എന്നിവ നൽകുക. ഇനം അനുസരിച്ച് 90 മുതൽ 140 ദിവസങ്ങൾക്കുള്ളിൽ വിളവെടുപ്പിന് തയ്യാറാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
***************************
തൈകൾ ഇളക്കി നട്ടാൽ കാരറ്റിന്റെ വേരുകൾക്ക് ക്ഷതം പറ്റുന്നതുകൊണ്ട് തൈകൾ പറിച്ചുനടുന്നത് ഒഴിവാക്കുക.
നൈട്രജൻ അധികമായാൽ ഇലകൾ തഴച്ചു വളരുകയും കാരറ്റ് വേരുകൾ ചെറുതായിരിക്കുകയും ചെയ്യും. അതിനാൽ, ഫോസ്ഫറസും പൊട്ടാസ്യവും അടങ്ങിയ വളങ്ങൾക്ക് പ്രാധാന്യം നൽകുക.
കാരറ്റ് വേരുകളുടെ മുകൾഭാഗം മണ്ണിൽ നിന്ന് പുറത്തേക്ക് തള്ളിവരാൻ സാധ്യതയുണ്ട്. ഇത് തടയാനായി, വേരുകൾ മണ്ണിട്ട് മൂടി കൊടുക്കണം.
സൂര്യപ്രകാശം നേരിട്ട് ഏറ്റാൽ വേരുകൾക്ക് പച്ചനിറം വരാനും രുചി കുറയാനും സാധ്യതയുണ്ട്. വിളവെടുപ്പിന് മുമ്പ് മണ്ണ് ചെറുതായി നനച്ചാൽ കാരറ്റ് പൊട്ടിപ്പോകാതെ എളുപ്പത്തിൽ വലിച്ചെടുക്കാൻ സാധിക്കും.

