ഇനി കഷ്ടിച്ച് രണ്ടുമാസത്തെ മഴയേ അവശേഷിക്കുന്നുള്ളൂ. 'തെങ്ങിന് തുലാവർഷം പുറത്ത്' എന്നാണ് ചൊല്ല്.
കാലവർഷം ഭൂഗർഭത്തെ ജലസുഭിക്ഷമാക്കുമെങ്കിൽ തുലാവർഷം മേൽമണ്ണിനെ ഈർപ്പമുള്ളതാക്കി നിലനിർത്തും. കാരണം രണ്ട് മഴയുടെയും തോതും ഊക്കും രണ്ടാണ്. ആദ്യത്തെ മഴ മണ്ണിനെ പീഡിപ്പിക്കുന്ന തരത്തിലാണെങ്കിൽ മണ്ണിനെ തലോടലാണ് രണ്ടാമന്റെ പതിവ്.
കാലവർഷ സമയത്ത് ഒന്നാം വളവും തുലാവർഷ സമയത്ത് രണ്ടാം വളവും എന്നതാണ് മഴയെ മാത്രം ആശ്രയിച്ച് തെങ്ങ് വളർത്തുന്നവർക്കുള്ള ഉപദേശം. ജലസേചനം ഉണ്ടെങ്കിൽ അത് മൂന്ന് മാസത്തിൽ ഒരിക്കൽ എന്ന രീതിയിലും തുള്ളിനന ഉണ്ടെങ്കിൽ പതിനഞ്ച് ദിവസത്തിൽ ഒരിക്കൽ വളസേചനം(Fertigation) എന്ന രീതിയിലും ആകാം.
കാലവർഷമഴയെ മണ്ണിന്റെ ആഴങ്ങളിലേക്ക് പറഞ്ഞയക്കുന്നതിന് തെങ്ങിന്റെ തടം തുറക്കാനും തുലാവർഷമഴയെ മണ്ണിന്റെ മേൽത്തട്ടിൽ തന്നെ നിലനിർത്താൻ, തടം മൂടി മണ്ണ് കിളച്ചിടാനും പറയുന്നത് അതുകൊണ്ടാണ്.
(ചിത്രം ശ്രദ്ധിക്കുക)
"കാർത്തിക കഴിഞ്ഞാൽ മഴയില്ല" എന്നാണ് പഴഞ്ചൊല്ല്. വൃശ്ചിക മാസത്തിലെ തൃക്കാർത്തിക കഴിഞ്ഞ് ഏറിയാൽ ഒന്നോ രണ്ടോ മഴയും കൂടി കിട്ടിയാലായി. അതിനുശേഷം ഒരു നീണ്ട ഇടവേളയാണ് അടുത്ത മഴക്കാലത്തിന് മുൻപ് വരെ. മാർച്ചിലോ ഏപ്രിലിലോ ഒക്കെ വേനൽ മഴകൾ കിട്ടിയെങ്കിൽ ആയി. അത്ര ഉറപ്പില്ല.
ഡിസംബർ മുതൽ മെയ് മാസം വരെയുള്ള കാലയളവിൽ തെങ്ങിന്റെ ഉള്ളിൽ ആറ് പൂങ്കുലകൾ രൂപം കൊള്ളും. നിത്യഗർഭിണിയാണല്ലോ തെങ്ങ്.
അപ്പോൾ ആ സമയത്ത് മണ്ണിലുള്ള വെള്ളവും വളവും ആയിരിക്കും അതിന്റെ പൂങ്കുലയിലെ വെള്ളയ്ക്കകളുടെ എണ്ണവും പൂങ്കുലയുടെ Bearing capacity യും തീരുമാനിക്കുന്നത്. അതുകൊണ്ടാണ് ഡിസംബർ മുതൽ മെയ് വരെയുള്ള കാലയളവിൽ മണ്ണിന്റെ തരം അനുസരിച്ച് തെങ്ങിൻ തടം നനയ്ക്കണമെന്ന് പറയുന്നത്.
"തെങ്ങിന് നനച്ചാൽ ഇരട്ടി വിളവ്" എന്ന് പഴഞ്ചൊല്ലുണ്ട്. പഴഞ്ചൊല്ലിൽ പതിരില്ല രമണാ...
ഏറെക്കുറെ ഫെബ്രുവരി വരെ മണ്ണ് ജലപൂരിതമാക്കുന്നതിന് പുതയിടലും വട്ടക്കിളയലും സഹായിക്കും. പക്ഷേ "കുംഭത്തിൽ (ഫെബ്രുവരിയിൽ) കുടമെടുക്കുക തന്നെ വേണം.
തെങ്ങിനെ സ്നേഹിക്കുന്നുവെങ്കിൽ തെങ്ങിന് ആവശ്യമായ എല്ലാ പരിപാലനവും നൽകണം.
ഇപ്പോൾ തുള്ളിനന ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ പിഡിഎംസി (PDMC, Per Drop More Crop) എത്തിയിട്ടുണ്ട്. കൃഷിഭവനുകളുമായി ബന്ധപ്പെട്ടാൽ അതിന്റെ സബ്സിഡി അനുകൂല്യങ്ങളെ കുറിച്ചും സാങ്കേതിക കാര്യങ്ങളെക്കുറിച്ചും അറിയാൻ കഴിയും.
തെങ്ങിന്റെ ഇടവിളകളും പുതയിട്ട് സംരക്ഷിക്കണം. കുരുമുളക് വേഗത്തിൽ വരൾച്ചയ്ക്ക് പിടികൊടുക്കുന്ന വിളയാണ്. ആയതിനാൽ കുരുമുളകിന്റെ തടങ്ങൾ മുഴുവൻ കരിയിലകൾ കൊണ്ട് സംരക്ഷിക്കുക. ജാതിആവശ്യത്തിന് നന വേണ്ട വിളയാണ്. ജാതിത്തടങ്ങളും പുതയിട്ട് സംരക്ഷിക്കുക.നന ഇഷ്ടപ്പെടുന്ന വിളയാണ് കവുങ്ങും. കവുങ്ങിന്റെ തടങ്ങളും അതിന്റെ തന്നെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് പുതയിട്ട് സംരക്ഷിക്കുക.നടപടികൾ സമയോചിതവും (Timely ) സംയോജിതവും (Integrated) ആയിരിക്കണം.
ഈ വിളകൾക്ക് എല്ലാം തന്നെ ഒരു ഡോസ് വളം തുലാവർഷ സമയത്ത് കൊടുക്കുന്നത് നന്നായിരിക്കും. തെങ്ങിനെ സംബന്ധിച്ചിടത്തോളം എൻ പി കെ (NPK ) വളങ്ങളും മഗ്‌നീഷ്യം സൾഫേറ്റും ആവശ്യമെങ്കിൽ ബോറാക്‌സും നൽകാം.
തെങ്ങിന്റെ മുഴുവൻ അവശിഷ്ടങ്ങളും തെങ്ങിന്റെ തടത്തിന്റെ രണ്ടാം പകുതിയിൽ (ചിത്രം ശ്രദ്ധിക്കുക) നിക്ഷേപിച്ച് അതിനു മുകളിലേക്ക് ജൈവവാശിഷ്ടങ്ങൾ ഇട്ട്, അതിന്റെ മുകളിലേക്ക് മണ്ണിട്ട്, അതിന്റെ പുറത്ത് ആയിരിക്കണം തുലാവർഷമഴ പെയ്തൊഴിയേണ്ടത്. അതുകൊണ്ടാണ് "തെങ്ങിന് തുലാവർഷം പുറത്ത്" എന്ന് പറയുന്നത് .
ജൈവാവശിഷ്ടങ്ങൾ കത്തിച്ചുകളയുന്നതിന് മുമ്പ് രണ്ടുവട്ടം ചിന്തിക്കൂ. അത് ചെടികളുടെ തടം വെയിലേറ്റ് കാഞ്ഞു പോകാതെ പുതയിട്ട് സംരക്ഷിക്കാനായി ഉപയോഗിക്കൂ....
✍️ പ്രമോദ് മാധവൻ