'വിളയേതായാലും വിത്ത് നന്നാകണം' എന്നതിൽ സംശയമില്ല. കാരണം 'വിത്തുഗുണം പത്തുഗുണം' എന്നതുതന്നെ. ബാക്കി എന്തെല്ലാം ശരിയായാലും വിത്ത് നന്നല്ലെങ്കിൽ കൃഷി പരാജയപ്പെടും. 'നാലും കടം കൊള്ളുന്നവൻ കർഷകനല്ല' എന്ന് കൃഷിഗീത. നാലും എന്നാൽ വിത്ത്, കൃഷിഭൂമി, കന്നുകാലി, തൊഴിലാളി. ഓരോ വിളവെടുക്കുമ്പോഴും അതിൽ ഏറ്റവും നല്ലത് വിത്തിനായി മാറ്റിവച്ചിരുന്നു പണ്ട്. കാരണം 'ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്ത്' കൃഷി ചെയ്യാം.
പണ്ട് വിത്ത് തിരഞ്ഞെടുക്കുമ്പോൾ വിളവിനെക്കാൾ രുചിക്കാണ് പ്രാധാന്യം നൽകിയിരുന്നത്. കാരണം, വിളവിൽ നല്ല പങ്കും സ്വന്തം ഉപയോഗത്തിനായിരുന്നു. വൈവിധ്യമാർന്ന വിത്തിനങ്ങൾ അന്നു നാട്ടിൻപുറങ്ങളിൽ സുലഭമായിരുന്നു. ജനസംഖ്യാവിസ്ഫോടനത്തോടെയാണ് കൂടുതൽ വിളവുള്ള വിത്തിനങ്ങൾ ആവശ്യമായി വന്നുതുടങ്ങിയത്. റോബർട്ട് മാൽത്തൂസ് എന്ന സാമ്പത്തിക വിദഗ്ധൻ രാഷ്ട്രങ്ങളെ പേടിപ്പിക്കുകയും ചെയ്‌തു. ജനസംഖ്യ കൂടുന്നതിന് അനുസരിച്ചു കാർഷികോൽപാദനം കൂടിയില്ലെങ്കിൽ പട്ടിണിയും കലാപവും മൂലം രാഷ്ട്രത്തിൻ്റെ ഭൂപടം തന്നെ മാറ്റിവരയ്ക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. അങ്ങനെയാണ് അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ ഉരുത്തിരിച്ചെടുക്കാൻ തുടങ്ങിയത്. രുചിയെക്കാൾ വിളവിനും കീട, രോഗപ്രതിരോധശേഷിക്കുമാണ്, ശാസ്ത്രജ്‌ഞർ മുൻതൂക്കം നൽകിയത്. TN 1 (Taichung Native-1), IR (International Rice) 80 കനത്തിൽ കതിരുകളുള്ള കുറിയ നെല്ലിനങ്ങൾ പിറവിയെടുത്തു. പക്ഷേ അവ കീട, രോഗങ്ങൾക്ക് പെട്ടെന്നു കീഴ്പെട്ടു. സോനോറ 63, സോനോറ 64, സോനാലിക, ലേർമ റോജോ 64A എന്നീ പൊക്കം കുറഞ്ഞ മെക്സിക്കൻ ഇനങ്ങളിൽനിന്നു സോനാലിക, ഷർബത്തി സോനാറ, കല്
Green Village WhatsApp Group
യാൺ സോനാ എന്നിങ്ങനെയുള്ള ഗോതമ്പിനങ്ങളും പിറവിയെടുത്തു. ഭക്ഷ്യധാന്യ ഉൽപാദനം കൂടി. ശേഷം നമ്മൾ ഭക്ഷ്യസ്വയംപര്യാപ്‌തമായി.നെല്ല്: ഹെക്‌ടറിന് 80 കിലോ വിത്ത് ഉപയോഗിക്കണം എന്ന ശുപാർശ വന്നു. കൃത്യമായ പരിചരണം നൽകിയാൽ 6000-7000 കിലോവരെ (ഉപയോഗിക്കുന്ന വിത്തിൻ്റെ 70-80 മടങ്ങ്) വിളവ് സാധാരണമായി. വിളവിനൊപ്പം രുചിയും കയറ്റുമതി സാധ്യതയുമുള്ള ഇനങ്ങളും ബ്രീഡർമാർ ഉണ്ടാക്കാൻ തുടങ്ങി. ഹ്രസ്വകാല മൂപ്പും ഇടത്തരം മൂപ്പും ദീർഘകാല മൂപ്പുമുള്ള ഇനങ്ങൾ ലഭ്യമായി. കയറ്റുമതി സാധ്യതയുള്ള സുഗന്ധയിനങ്ങൾ (Scented/Aromatic Rice), ഔഷധ ഇനങ്ങൾ (Medicinal Rice), പോഷകഗുണം കൂടിയത് (Fortified Rice), വിവിധ നിറങ്ങളിലുള്ളത് (Coloured Rice) എന്നിവയെല്ലാം ഇന്ന് വിപണിയിൽ ലഭ്യമാണ്. ഹെക്‌ടറിന് 10,000 കിലോ വരെ ലഭിക്കുന്ന സങ്കരയിനങ്ങളും വിപണിയിലുണ്ട്. പക്ഷേ അവയ്ക്കു വിലയേറും. അവയിൽനിന്നുള്ള വിത്തുകൾ അടുത്ത തലമുറയിൽ മാതൃഗുണം കാണിക്കാറുമില്ല. ഉദാ: Arize 6444 ഗോൾഡ് എന്ന സങ്കരവിത്തിന്റെ വില 3 കിലോയ്ക്ക് 1,425 രൂപയാണ്. ഏക്കറിന് രണ്ട് രണ്ടര കിലോ ധാരാളം. ഒരു വിത്തിൽനിന്നു തന്നെ മുപ്പതും മുപ്പത്തഞ്ചും ചിനപ്പുകൾ. അതിൻ്റെ ഭൂരിഭാഗവും കതിരുകളുമാകും. നിയന്ത്രിത നനയും കൃത്യ അകലത്തിലുള്ള നടിലും ശരിയായ കളനിയന്ത്രണവും സംയോജിത വളപ്രയോഗവുമാണ് വേണ്ടത്.
ബാക്കി ഭാഗം കർഷകശ്രീ(ഒക്ടോബർ 25)യിൽ വായിക്കാം...
✍️ പ്രമോദ് മാധവൻ