കൃഷി വിജയമാകാന്‍ തുടക്കത്തിലേ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വിത്തിടുമ്പോള്‍ മുതല്‍ ശ്രദ്ധയോടെ ചെയ്താല്‍ മാത്രമേ കൃഷി വിജയത്തിലെത്തിക്കാന്‍ സാധിക്കൂ. കതിരില്‍ വളം വയ്ക്കരുതെന്നൊരു ചൊല്ല് തന്നെയുണ്ട്. കൃഷി വിജയകരമാക്കാന്‍ തുടക്കത്തിലേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
- ചെടികള്‍ ശരിയായ അകലത്തില്‍ നടുന്നതു തടസമില്ലാതെ വായു ലഭിക്കാനും രോഗകീടബാധ നിയന്ത്രിക്കാനും സഹായിക്കും.
- പച്ചക്കറികള്‍ നാലില പ്രായമാകുമ്പോള്‍ പറിച്ചു നടാം.
- തൈകള്‍ കരുത്തോടെ വളരാന്‍ നൈട്രജന്‍ വളങ്ങള്‍ തുടക്കത്തില്‍ കൊടുക്കുക.
- വിത്ത് തടത്തിലെ ഉറുമ്പ് ശല്യമൊഴിവാക്കാന്‍ മഞ്ഞള്‍പ്പൊടി - കറിക്കായം മിശ്രിതം ഉപയോഗിക്കണം.
- വിളകള്‍ക്ക് പുതയിടുന്നത് മണ്ണില്‍ ഈര്‍പ്പവും വളക്കൂറും നിലനിര്‍ത്താന്‍ സഹായിക്കും
- അസിഡിറ്റി കൂടിയ മണ്ണ് തക്കാളി കൃഷിക്ക് ചേര്‍ന്നതല്ല. കുമ്മായ വസ്തുക്കള്‍ ചേര്‍ത്ത് ഒരാഴ്ച്ചയ്ക്ക് ശേഷം നടുക.
- പച്ച ചീരയും ചുവന്ന ചീരയും ഇടകലര്‍ത്തി നടുന്നതു രോഗബാധ കുറയ്ക്കാന്‍ സഹായിക്കും.
- ചീരയ്ക്ക് ജലസേചനം നടത്തുമ്പോള്‍ ഇലകളില്‍ തളിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചെളി തെറിച്ചാല്‍ ഇലപ്പുള്ളി രോഗത്തിന് കാരണമാവും
- ചീരയ്ക്ക് ചാരം നല്ലതല്ല അധികമായാല്‍ പെട്ടെന്ന് പൂവിടാന്‍ കാരണമാകും.
- തൈ നടലും വളപ്രയോഗവും അതിരാവിലെയോ വൈകിട്ടോ മാത്രം നടത്തുക.
- വിളകള്‍ക്ക് വളം നല്‍കുമ്പോള്‍ ചുവട്ടില്‍ (മുരടില്‍) നിന്ന് അല്‍പ്പം വിട്ടേ നല്‍കാവു.
- വേരു മുറിയാതെ മണ്ണ് ചെറുതായി ഇളക്കി വളം നല്‍കിയാല്‍ വേരോട്ടത്തിനും വളര്‍ച്ചയ്ക്കും സഹായിക്കും.


 
 
 
 
