വാഴക്കൃഷിയിലെ നാല് 'ഡി' കൾ - പ്രമോദ് മാധവൻ



നേതാക്കന്മാർക്ക് ഉണ്ടായിരിക്കേണ്ട നാല് പ്രധാന ഗുണവിശേഷങ്ങളുണ്ട്. The 4 Ds of Leadership'എന്ന് പറയും.
  1. Determination 
  2. Dedication
  3. Devotion 
  4. Duty sense 
എന്നിവയാണ് ആ നാല്'ഡി'കൾ.

എന്നത് പോലെ വാഴക്കൃഷിയിലെ നാല് D കളുണ്ട്. അത് കൃത്യമായി കർഷകൻ അനുവർത്തിച്ചാൽ സ്വസ്തി... അല്ലാച്ചാൽ ജപ്തി...

നാഷണൽ ഹോർട്ടികൾച്ചർ ബോർഡിന്റെ കണക്ക് പ്രകാരം,കേരളത്തിൽ വാഴയുടെ ഉത്പാദന ക്ഷമത ഹെക്റ്ററിന് 14000 കിലോഗ്രാം ആണ്.

ഏറ്റവും കൂടുതൽ ഉത്പാദന ക്ഷമത മഹാരാഷ്ട്രയിൽ ആണ്. ഹെക്റ്ററിന് 65000 കിലോഗ്രാം.

രണ്ടര ഏക്കറിൽ നിന്നും, ശരാശരി 2200 മുതൽ 2500 വാഴയിൽ നിന്നുള്ള വിളവാണിത്. ഓരോ ഇനം തിരിച്ചുള്ള കണക്കല്ല. എല്ലാ ഇനങ്ങളും ചേർത്തുള്ള കണക്കാണ്.

ഇത് സൂചിപ്പിക്കുന്നത് നമ്മൾ കേരളീയർ വാഴയുടെ ഉത്പാദനക്ഷമത യുടെ കാര്യത്തിൽ ഇനിയും ഏറെ ദൂരം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു എന്ന് തന്നെയാണ്.

വാഴക്കൃഷിയെ നമുക്ക് രണ്ടായി കാണണം. വലിയ അളവിൽ പാട്ടം കൊടുത്ത്, രാസവളങ്ങളും കോഴിവളവും മറ്റും വേണ്ടതിലേറെ(??) കൊടുത്ത് കൃഷി ചെയ്യുന്ന രീതി ചില ജില്ലകളിൽ വ്യാപകമാണ്. അവർക്ക് നല്ല വിളവ് കിട്ടുന്നുണ്ട്.പക്ഷേ അവരുടെ പല രീതികളും മണ്ണിന്റെ ആരോഗ്യത്തെ നശിപ്പിക്കും. ഒരു തരം കടും വെട്ട് (എല്ലാവരും അങ്ങനെ ആണെന്നും പറയുന്നില്ല).

പക്ഷെ വിസ്തൃതി വച്ച് നോക്കുമ്പോൾ കൂടുതൽ വാഴക്കൃഷി നടക്കുന്നത് വീട്ടുവളപ്പുകളിലാണ്. പക്ഷെ ഏറെപ്പേരും ചിട്ടയായി വളങ്ങൾ ഒന്നും ചെയ്യാറില്ല. മറ്റ് പരിചരണങ്ങളും കുറവ്.

 ഒരുതരം KKPP കൃഷി
 (കിട്ടിയാൽ കിട്ടി, പോയാൽ പോയി ).🤭

വാഴയുടെ ചുവട്ടിൽ നിന്നും അധികമായുള്ള കന്നുകൾ ഒന്നും സമയത്ത് പുഴക്കി മാറ്റാതെ, വാഴക്കൂമ്പ് സമയത്ത് ഒടിച്ച് മാറ്റാതെ, ഉണങ്ങിയ ഇലകൾ ഒക്കെ അങ്ങനെ പിണ്ടിയോടു ചേർന്ന് തൂങ്ങി, പിണ്ടിപ്പുഴുവിന് വളരാൻ അവസരമൊരുക്കിയാണ് പലരുടെയും വാഴക്കൃഷി.

ഓണക്കാലത്ത് വിളവെടുക്കത്തക്ക രീതിയിൽ, നനച്ച് കൃഷി ചെയ്യുന്നവർക്ക്, കാറ്റടിച്ചോ മറ്റോ കൃഷിനാശം ഒന്നും വന്നില്ലെങ്കിൽ ലാഭം ഏറെക്കുറെ ഉറപ്പാണ്.

 ഏത്തവാഴയിൽ സാധാരണ കൂമ്പൊടിച്ചു കഴിഞ്ഞാൽ 85-90 ദിവസം കൊണ്ട് കുല വിളവെടുക്കാം.ഈ സമയത്തുള്ള വാഴയുടെ പരിപാലനം സവിശേഷപ്രാധാന്യമർഹിക്കുന്നു.


വാഴക്കൃഷിയിലെ ആ നാല് 'D'കൾ എന്തൊക്കെയാണെന്ന് നോക്കാം.

1. Desuckering : കന്ന് നശിപ്പിക്കൽ

 തള്ളവാഴയുടെ ഊർജ്ജം ഊറ്റി (suck )യെടുക്കുന്ന കക്ഷികൾ ആണ് Suckers അഥവാ വാഴക്കന്നുകൾ. അമ്മവാഴയിലേക്ക് പോകേണ്ട വളവും വെള്ളവും മക്കളുമായി പങ്ക് വയ്ക്കേണ്ടി വന്നാൽ കുലയുടെ തൂക്കം കുറയും. ആയതിനാൽ ഏത്തവാഴകളിൽ(കഴിയുമെങ്കിൽ മറ്റ് വാഴകളിലും ) കന്നുകൾ ഒന്നും തന്നെ വളരാൻ അനുവദിക്കരുത്. ചവിട്ടി ഒടിക്കുകയോ മുറിച്ചിടുകയോ, ഭാവിയിൽ ആ കന്ന് ഉപയോഗിക്കാൻ പ്ലാനില്ലെങ്കിൽ മുറിപ്പാടിൽ ഒരു കമ്പി കൊണ്ട് കുത്തി വളർച്ചാമുകുളം ചതച്ച് ഒരു ഫില്ലറിൽ അല്ലെങ്കിൽ സിറിഞ്ചിൽ എടുത്ത മണ്ണെണ്ണതുള്ളികൾ ഇറ്റിച്ചു കൊടുക്കുകയോ ചെയ്യാം.ഈ പരി പാടിയ്ക്കാണ് കന്ന് നശിപ്പിക്കൽ അഥവാ Desuckering എന്ന് പറയുന്നത്.

മറ്റിനം വാഴകളിൽ, തള്ളവാഴയോടൊപ്പം ഏറ്റവും കരുത്തുള്ള ഒരു 'മോൾ' വാഴയെയും അതിന്റെ പകുതി പ്രായമുള്ള ഒരു 'കൊച്ചുമോൾ' വാഴയെയും നിർത്തി ബാക്കി മുഴുവൻ കന്നുകളും പുഴക്കിമാറ്റുകയോ വെട്ടി നശിപ്പിക്കുകയോ ചെയ്യാം.

ന്നാലും 'ഏത്തവാഴയും എളിയവനും ചവിട്ടുംതോറും തഴയ്ക്കും 'എന്നാണ്. അപ്പോൾ ഇക്കാര്യം ഉത്തമൻ പ്രത്യേകം ഗൗനിക്കുമല്ലോ?

2 . Deleafing : പഴുത്ത ഇലകൾ മുറിച്ചു മാറ്റൽ

തന്റെ കർമ്മം പൂർത്തിയാക്കി, പ്രായം ചെന്ന്, പച്ചപ്പ്‌ പോയി മഞ്ഞളിക്കുന്ന ഓരോ ഇലയും, ഒടിഞ്ഞുതൂങ്ങുന്നതിനു മുൻപ് തന്നെ വാഴത്തടയോട് ചേർത്ത് മുറിച്ച് മാറ്റണം.ഈ പരിപാടിയുടെ പേരാണ് ഉണങ്ങിയ ഇലകൾ നീക്കം ചെയ്യൽ അഥവാ Deleafing.ഇതാണ് രണ്ടാമത്തെ 'D'. 

അപ്പോൾ ഇനി നോം അന്റെ തോട്ടത്തിൽ വരുമ്പോൾ ഉണങ്ങിയ ഇലകൾമുറിച്ച് മാറ്റാതെ വാഴയിൽ നിൽക്കുന്നത് കണ്ടാൽ പിന്നെ നമ്മൾ തമ്മിൽ യാതൊരു സൗഹൃദവും ഉണ്ടാകില്ല രമണാ...

ഒരു കാരണവശാലും പ്രായം ചെന്ന് മഞ്ഞളിച്ചോ ഉണങ്ങിയോ, ഇലകൾ ഒടിഞ്ഞു തൂങ്ങി വാഴത്തടയോട് ചേർന്ന് കിടക്കാൻ അനുവദിക്കരുത്. പിണ്ടിപ്പുഴുവിന്റെ തള്ളയ്ക്ക് മുട്ടയിടാൻ ഇടം ഒരുക്കികൊടുക്കരുത്.
ഉണങ്ങിയ വാഴക്കച്ചി തടയിൽ ചുറ്റിക്കെട്ടി വയ്ക്കുകയുമരുത്.

3. Denavelling :കൂമ്പൊടിയ്ക്കൽ 

കുടം വന്ന്, കൂമ്പ് വിരിഞ്ഞ് പടലകൾ എല്ലാം പുറത്ത് വന്നാൽ ഉടൻ തന്നെ വാഴക്കൂമ്പ് ഒടിച്ചു മാറ്റണം.ഈ പരിപാടിയുടെ പേരാണ് കൂമ്പൊടിക്കൽ അഥവാ മാണി പൊട്ടിക്കൽ. ഇതിനെ ഇംഗ്ളീഷിൽ Denavelling എന്ന് പറയും. ഇതാണ് മൂന്നാമത്തെ'D'.

ഇങ്ങനെ ചെയ്തില്ലെങ്കിൽ വാഴ വലിച്ചെടുക്കുന്ന വളത്തിന്റെ ഒരു പങ്ക് ഈ കൂമ്പിന്റെ പരിപാലനത്തിനായി(വിരിയാനും നീളാനും താങ്ങി നിർത്താനും) വേസ്റ്റ് ആകും. മാത്രമല്ല തേൻ കുടിക്കാൻ വരുന്ന കിളികൾ കായ്കളിൽ വന്നിരുന്ന് അറഞ്ചം പുറഞ്ചം വരഞ്ഞു നാശമാക്കാനും സാധ്യത ഉണ്ട്.

4. Depistillation : പൂത്തുമ്പ് നുള്ളൽ

 കയ്യെത്തുന്ന പൊക്കത്തിൽ ഉള്ള കുലകളിൽ, ഓരോ കായുടെയും അറ്റത്തുള്ള പൂവിന്റെ ബാക്കിഭാഗം(Pistil) നുള്ളി മാറ്റുന്നത് നല്ലതാണ്. ഇതിനെ Depistillation എന്ന് വിളിക്കും. ഇതാണ് നാലാമത്തെ'D'. ഈ പൂത്തുമ്പിൽ ആണ് പലപ്പോഴും പൂപ്പേനുകൾ (Flower Thrips) പെരുകുന്നത്. അവ കായ്കളിൽ കറുത്ത കുത്തുകൾ ഉണ്ടാക്കി ഭംഗി കെടുത്തും.

ഇതൊക്കെ കൊച്ചുകൊച്ച് കാര്യങ്ങളാണ്. പക്ഷെ കൃത്യമായി ചെയ്‌താൽ ബല്യ ഫലം ചെയ്യും.

ഇതൊക്കെ മനസ്സിലാക്കാനാണ് എല്ലാ മാസവും കേരള കർഷകനും കർഷകശ്രീയുമൊക്കെ വായിക്കണമെന്ന് പറയുന്നത്.

വായിച്ചാലും വളരും. വായിച്ചില്ലെങ്കിലും വളരും. എന്നാൽ പിന്നെ വായിച്ചു വളർന്ന് കൂടേ മരണാ...

അപ്പോൾ ഈ നാല് 'D' കളും കൃത്യ സമയത്ത് ചെയ്യാത്തവരുടെ വാഴയിൽ പിണ്ടിപ്പുഴു വരട്ടെ എന്നും കുല ചെറുതായിപ്പോകട്ടെ എന്നും നോം ശപിക്കുന്നു.
   

ന്നാൽ അങ്ങട്..

✍️ പ്രമോദ് മാധവൻ



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section