സാലഡ് പച്ചക്കറികളിൽ പ്രധാനി അരഗുള; ജർജിറിനെക്കുറിച്ചറിയാം...



കേരളത്തിൽ അധികം പ്രചാരത്തിലല്ലാത്ത ഇലവിളയാണ് ജർജിർ. കാബേജ്, കോളിഫ്ളവർ കുടുംബത്തിൽ പിറന്ന ഇവയുടെ ശാസ്ത്രനാമം Eruca Sativa. അരഗുള (Arugula) എന്നും റോക്കറ്റ് (Rocket) എന്നും പേരുണ്ട്. യൂറോപ്പ്, ആഫ്രിക്ക, യുഎസ്എ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ പ്രിയപ്പെട്ട സാലഡ് പച്ചക്കറിയാണിത്.

ലെറ്റ്യൂസിന്റെ ഇലകളോടു സാമ്യമുള്ള ഇലകളുടെ അരികുകൾ ഇതളുകൾ പോലിരിക്കും. വെള്ളനിറമുള്ള പൂക്കളും കടുകുപോലുള്ള വിത്തുകളുമാണ്. വൈറ്റമിൻ സി, കെ, പൊട്ടാസ്യം, ധാതുക്കൾ, നിരോക്‌സീകാരകങ്ങൾ എന്നിവയാൽ സമ്പന്നം. ശരീരത്തിനു രോഗപ്രതിരോധശേഷി നൽകുന്നു. ചർമം, ഹൃദയം എന്നീ അവയവങ്ങളെ സംരക്ഷിക്കുന്നു. രക്തസമ്മർദം, പ്രമേഹം എന്നിവ കുറയ്ക്കും.

ശീതകാലവിളയാണെങ്കിലും കേരളത്തിൽ വളർത്താം. മഴമറയ്ക്കുള്ളിൽ വളർത്തുന്നതാണ് യോജ്യം. ഉയർന്ന താപനിലയുള്ള കാലാവസ്‌ഥയിൽ വേഗത്തിൽ പൂവിടും. ഇലകൾക്കു ചവർപ്പുരുചിയുണ്ടാകും. ഉഷ്ണമേഖലാപ്രദേശങ്ങളിൽ ശീതകാലാവസ്ഥയുള്ളപ്പോൾ കൃഷി ചെയ്യുന്നതാണ് ഉത്തമം.

വിത്തുകൾ വഴിയാണ് പുതിയ തൈകൾ ഉൽപാദിപ്പിക്കുന്നത്. വിത്തുകൾ നടുമ്പോൾ ഉറുമ്പ് എടുക്കാതെ നോക്കണം. പാകി ഒരാഴ്ചയ്ക്കുള്ളിൽ മുളച്ചു തുടങ്ങും. തൈകൾ ഒരടി അകലത്തിലാണ് പറിച്ചു നടേണ്ടത്. നേരിട്ടും തൈകൾ വളർത്താം, ഒരടി അകലത്തിൽ.

നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് യോജ്യം. നല്ല നീർവാർച്ചയുള്ള വളക്കൂറുള്ള മണ്ണാണ് ഇവ ഇഷ്ടപ്പെടുന്നത്. ചട്ടികളിലും വീട്ടുമുറ്റത്തും വളർത്താം. മണ്ണിനു പകരം ട്രൈക്കോഡെർമ സമ്പുഷ്‌ട ചാണകം, ചകിരിച്ചോറ്, മണ്ണിരക്കംപോസ്‌റ്റ് എന്നിവ 1:1:1 അനുപാതത്തിൽ ചേർത്ത മിശ്രിതമാണ് ചട്ടികളിൽ നിറയ്ക്കേണ്ടത്. ഗോമൂത്രമോ ബയോഗ്യാസ് സ്ലറിയോ നേർപ്പിച്ച് ആഴ്ചയിൽ ഒരിക്കൽ തളിക്കാം. മാസത്തിലൊരിക്കൽ ചാണകം നൽകാം.

വിത്തുകൾ പാകി മുപ്പതാം ദിവസം മുതൽ വിളവെടുക്കാം. ചെടിയുടെ വശങ്ങളിലുള്ള ഇലകളാണ് മുറിച്ചു നടേണ്ടത്. മാസത്തിൽ 3 തവണ വിളവെടുക്കാം. ഒരു ചെടിയിൽ നിന്നും ഓരോ വിളവെടുപ്പിനുശേഷവും നന്നായി നനച്ച് ഗോമൂത്രം നേർപ്പിച്ചതോ ബയോഗ്യാസ് സ്ലറിയോ തളിക്കാം. ഇവ ലഭ്യമല്ലെങ്കിൽ ഒരു ശതമാനം യൂറിയ നൽകാം. ചെടിയുടെ ചുവട്ടിൽ ഇലകളിൽ വീഴാതെ വേണം നനയ്ക്കാൻ. നന കുറഞ്ഞ് മണ്ണു വരണ്ടാൽ ചെടി വേഗം പൂക്കുകയും ഇലകൾക്ക് ചവർപ്പുരുചിയാകയും ചെയ്യും.

ഇലകൾ സാലഡായി ഒലീവ് എണ്ണയും കുരുമുളകുപൊടിയും ചേർത്ത് ഉപയോഗിക്കാം. സാൻഡ്വിച്ചിലും പീത് സയിലും ഓംലെറ്റിലും ബർഗറിലും സൂപ്പിലും പാനീയങ്ങളിലും ചേർത്ത് ഉപയോഗിക്കാം.


Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section