പണ്ടൊക്കെ വീടായാൽ ഒരു 'തോട്ട'(തോട്ടി) നിർബന്ധമാണ്.
പറങ്കിയണ്ടി, മാങ്ങാ, തേങ്ങാ ഒക്കെ നിലത്ത് നിന്നുകൊണ്ട് വിളവെടുക്കാൻ തോട്ട അനിവാര്യം.
അമ്മയുടെ വീട്ടിൽ ഇഷ്ടം പോലെ പറങ്കിമാവുകൾ ഉണ്ടായിരുന്നു. രണ്ട് മൂന്ന് മാസക്കാലം വീട്ടിലെ അന്നദാതാവ് കശുവണ്ടിയാണ്. അതിൽ നിന്നും ഒന്നോ രണ്ടോ ഒക്കെ ഇസ്കി കൊണ്ടുപോയി അന്ന് സ്‌കൂളിനടുത്തുള്ള പെട്ടിക്കടയിൽ നിന്നും കല്ലുണ്ട, തേനുണ്ട, റബ്ബർ മിട്ടായി എന്നിവ, വാങ്ങുന്ന കലാപരിപാടിയുമുണ്ട്. അമ്മൂമ്മയുടെ സഹായിയായി കശുമാവിൽ (പറങ്കിമാവ് ) കയറി കുലുക്കി ഇടുക, ചില്ലകളുടെ അഗ്രത്തുള്ളവ തോട്ട കൊണ്ട് വിളവെടുക്കുക എന്നതായിരുന്നു ഞങ്ങൾ മരംകേറികളുടെ ദൗത്യം.
ഇതിനൊക്കെ ഒരു വീട്ടിൽ രണ്ടോ മൂന്നോ തരം, വിവിധ നീളത്തിലുള്ള തോട്ടകൾ വേണം. ഒരു ഗോൾഫ് വിദഗ്ധനെപ്പോലെ അനുയോജ്യമായ തോട്ടകൾ നമ്മൾ തരാതരം പോലെ എടുക്കും.
മാങ്ങയും കശുമാങ്ങയും (രണ്ട് പേരും ഒരേ കുടുംബക്കാരാണ്. Anacardiaceae) വിളവെടുക്കാൻ ഈറ തോട്ടയും ചക്ക, തേങ്ങ എന്നിവ വിളവെടുക്കാൻ മുളം തോട്ടയുമാണ് വേണ്ടിയിരുന്നത്. അമ്മൂമ്മയ്ക്ക് അന്ന് ഈയല്ലൂർ കോണം എന്ന സ്ഥലത്ത് ഒരു കശുമാവിൻ തോട്ടമുണ്ട്. ഒരു വശത്ത് വയൽ, മറുവശത്ത് ആയക്കോട്ടുപാറ, ഇതിനിടയിലാണ് ഈ തോട്ടം. അവിടെ ഒരു ഈറക്കാടുണ്ട്. അവിടെ നിന്നാണ് തോട്ടയ്ക്കായി ഈറ മുറിച്ചെടുക്കുന്നത്. ചിലപ്പോൾ അവിടെ നിന്നും നമ്മുടെ അനുവാദം ഇല്ലാതെയും ആളുകൾ വെട്ടിക്കൊണ്ട് പോകാറുണ്ട്.അപ്പോൾ അമ്മൂമ്മ ദേഷ്യപ്പെടും. ആർക്കൊക്കെയോ കൊള്ളുന്ന രീതിയിൽ ചീത്ത വിളിക്കും 🤣🤣.
ഇതൊക്കെ പറയാൻ കാരണം, ഇന്ന് ലോക മുളദിനമാണ്.
മുള എന്നത് ഇന്നത്തെ ലോകത്ത് എത്ര പ്രാധാന്യമുളള ഒന്നാണ് എന്ന് പറയാതെ വയ്യ.
അതിന് പല കാരണങ്ങളുണ്ട്.
1.അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കാൻ മുളയോളം വിരുതുള്ള ചെടികൾ കുറവാണ്. നോക്കി നിൽക്കുമ്പോൾ വളരുന്ന ചെടിയാണ് 'പുൽ വർഗത്തിലെ ഏറ്റവും വലിയ ചെടിയായ മുള.
2. ഗാർഹിക ആവശ്യങ്ങൾക്ക് (തോട്ട, മേൽക്കൂര പണിയാൻ, വേലികൾ ഉണ്ടാക്കാൻ, കുട്ടയും വട്ടിയും ഉണ്ടാക്കാൻ എന്നിങ്ങനെ )ഏറെ ആവശ്യമുള്ള വസ്തുവാണ് മുള.
3. കാർഷിക ആവശ്യങ്ങൾക്ക് (നീണ്ട തോട്ടി, വാഴയ്ക്ക് താങ്ങ്, പച്ചക്കറിപ്പന്തൽ മുതലായവ ) ഏറെ അനിവാര്യം.
4. വ്യവസായിക ആവശ്യങ്ങൾ (പേപ്പർ പൾപ് നിർമ്മാണം, അഗർബത്തിയുടെ കോല് നിർമിക്കാൻ, ഐസ്കാൻഡിയുടെ കോല് നിർമ്മാണം മുതലായവ ).ബയോ ethanol നിർമ്മിക്കാനും ഇപ്പോൾ മുള ഉപയോഗിക്കുന്നു.
5. കരകൗശല വസ്തുക്കൾ (അലങ്കാരം, ലാമ്പ് ഷെയ്ഡുകൾ, പൂപ്പാത്രങ്ങൾ, തടുക്കുകൾ, ടേബിൾ മാറ്റുകൾ, പെൻ ഹോൾഡറുകൾ മുതലായവ )
6. സംഗീത ഉപകരണങ്ങൾ (ഓടക്കുഴൽ പോലെയുള്ളവ)
7. ഭക്ഷണ ആവശ്യങ്ങൾ (മുളം കൂമ്പ്, മുളയരി മുതലായവ )
8. വിവിധയിനം അലങ്കാരങ്ങൾക്ക്
9. ക്രമസമാധാന പാലനത്തിന് (ലാത്തി ഉണ്ടാക്കാൻ)🤣
എന്നിങ്ങനെ,എങ്ങനെ നോക്കിയാലും ഒരു ഉപകാരി തന്നെയാണ് മുള.
കൃഷിയോടൊപ്പം ആദായവും ആഹാരവും പാരിസ്ഥിതിക സേവനങ്ങളും (Ecological Services ) നൽകുന്ന മരങ്ങളും സംയോജിപ്പിച്ചു കൃഷി ചെയ്യാൻ കർഷകൻ പഠിക്കണം. അതിന് ആഗ്രോ ഫോറെസ്ട്രി എന്ന് പറയും.
മറ്റ് വിളകളെ ദോഷകരമായി ബാധിക്കാത്ത രീതിയിൽ വേണം ചെടികൾ തമ്മിലുള്ള അകലം നിശ്ചയിക്കാൻ.
കാർഷിക വിളകൾക്കൊപ്പം മാവ്, പ്ലാവ്, റംബുട്ടാൻ, മംഗോസ്റ്റീൻ, മുള, ഈറ, സുബാബുൾ, ശീമക്കൊന്ന, മട്ടി, ആഴാന്ത, ചന്ദനം, പൊങ്ങ് തുടങ്ങിയ വിവിധോദ്ദേശ്യമരങ്ങൾ കൂടി നട്ട് പിടിപ്പിക്കണം. പക്ഷേ ഒന്ന് മറ്റൊന്നിന് ദോഷം ചെയ്യാത്ത തരത്തിൽ ആയിരിക്കണം.
ഇപ്പോൾ കണ്ടു വരുന്ന മരം വളർത്തൽ രീതി ശരിയല്ല. ഹ്രസ്വകാല വിളകൾക്ക് അനുഗുണമല്ലാത്ത രീതിയിലാണ് മലയാളിയുടെ മരം നടീൽ പ്രേമം. അധികാരികൾക്കുമില്ല വീണ്ടുവിചാരം. കൃഷിസ്ഥലം 'ഏണേ കോണേ' എന്ന തരത്തിൽ തലങ്ങും വിലങ്ങും മരങ്ങൾ വച്ച് പിടിപ്പിക്കുകയാണ് ജനം. അതിനിടയിൽ ഈ കൃശശരീരികളും മൃദുഗാത്രികളുമായ നമ്മുടെ പച്ചക്കറികളും മറ്റും എങ്ങനെ വളരും മാധവാ....
എന്തായാലും മുളമാഹാത്മ്യം നമ്മൾ മനസ്സിലാക്കണം. ഒരു മൂട് തോട്ടമുള അല്ലെങ്കിൽ ലാത്തിമുള എങ്കിലും നമ്മൾ വച്ച് പിടിപ്പിക്കണം. അത് മറ്റ് വിളകളെ ബാധിക്കാത്ത തരത്തിൽ ആയിരിക്കുകയും വേണം. പാലോടുള്ള ട്രോപിക്കൽ ബോട്ടാണിക്കൽ ഗാർഡൻ, പീച്ചിയിലുള്ള വന ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിൽ നിന്നും വിവിധയിനത്തിലുള്ള മുളയുടെ തൈകൾ ലഭ്യമാണ്.
പുഴ അതിരിടുന്ന സ്ഥലങ്ങൾ ഉള്ളവർ നിർബന്ധമായും അതിർത്തിയിൽ മുളകൾ വച്ച് പിടിപ്പിക്കണം. അത് പോലെ തന്നെ മറ്റ് വിളകൾ നന്നായി കൃഷി ചെയ്യാവുന്ന സ്ഥലത്ത് മുളകൾ വച്ച് പിടിപ്പിക്കുകയും ചെയ്യരുത്.
സൈക്കിൾ ബ്രാൻഡ് അഗർ ബത്തി നിർമ്മാതാക്കൾക്ക് മാത്രം ഒരു വർഷം 2400 ടണ്ണിലേറെ മുള ആവശ്യമുണ്ടത്രേ. അങ്ങനെ എത്ര വ്യവസായങ്ങൾ... കമ്പനികൾ....
✍️ പ്രമോദ് മാധവൻ