ഗ്രാഫ്റ്റിംഗ് (Grafting):
ഒരു സസ്യത്തിന്റെ ഭാഗം മറ്റൊരു സസ്യവുമായി യോജിപ്പിച്ച് ഒറ്റ സസ്യമായി വളർത്തുന്ന സാങ്കേതിക വിദ്യയാണ് ഗ്രാഫ്റ്റിംഗ് അഥവാ ഒട്ടിക്കൽ. കാർഷിക മേഖലയിൽ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഈ രീതി, ഗുണമേന്മയുള്ള പുതിയ സസ്യങ്ങൾ ഉൽപ്പാദിപ്പിക്കാൻ കർഷകരെ സഹായിക്കുന്നു.
ബഡിംഗും ഗ്രാഫ്റ്റിംഗും തമ്മിൽ കർഷകർക്ക് ആശയക്കുഴപ്പമുണ്ടാകാൻ സാധ്യതയുണ്ട്. കാരണം ഈ രണ്ട് രീതികളും സസ്യങ്ങളുടെ പ്രത്യുൽപാദനത്തിനായി ഉപയോഗിക്കുന്ന സമാനമായ സാങ്കേതിക വിദ്യകളാണ്.
ബഡിംഗിൽ ഒരു ഒറ്റ മുകുളം (single bud) മാത്രമുള്ള ഒരു ഭാഗമാണ് സയോൺ ആയി ഉപയോഗിക്കുന്നത്. ഗ്രാഫ്റ്റിംഗിൽ ഒരു തണ്ടോ, ശിഖരമോ ആണ് സയോൺ ആയി ഉപയോഗിക്കുന്നത്. ഈ ശിഖരത്തിൽ ഒന്നോ അതിലധികമോ മുകുളങ്ങൾ (bud) ഉണ്ടാവാം. ഈ പ്രധാന വ്യത്യാസം മനസ്സിലാക്കിയാൽ കർഷകർക്ക് ഇവ തമ്മിൽ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും.
ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ താഴെ പറയുന്നവയാണ്.
ബഡിംഗ് (മുകുളം ഒട്ടിക്കൽ):
ബഡിംഗ് എന്നത് ഗ്രാഫ്റ്റിംഗിന്റെ ഒരു പ്രത്യേക രൂപമാണ്. ഈ രീതിയിൽ, ഒട്ടിക്കുന്നതിനായി തിരഞ്ഞെടുക്കുന്ന ചെടിയിൽ നിന്ന് ഒരു ചെറിയ മുകുളം (bud) മാത്രമാണ് എടുക്കുന്നത്. ഈ മുകുളം, വേരുകളുള്ള മറ്റൊരു ചെടിയുടെ (rootstock) തണ്ടിൽ 'T'
ആകൃതിയിലുള്ള ഒരു മുറിവുണ്ടാക്കി അതിലേക്ക് വെച്ച് കെട്ടുന്നു. മുകുളം വളർന്ന് പുതിയ സസ്യമായി മാറുന്നു. ഇവിടെ മുകളിലത്തെ സസ്യഭാഗമായ സയോൺ ഒരു ശിഖരത്തിന് പകരം ഒരു മുകുളം മാത്രമായിരിക്കും. ഈ മുകുളത്തെ സ്റ്റോക്കിന്റെ തൊലിയിൽ ഒട്ടിച്ചെടുക്കുന്നു.
ഗ്രാഫ്റ്റിംഗ് (ശിഖരം ഒട്ടിക്കൽ):
ഗ്രാഫ്റ്റിംഗ് രീതിയിൽ, ഒരു ചെടിയുടെ തണ്ടോ ശാഖയോ (scion) മറ്റൊരു ചെടിയുടെ തണ്ടുമായി (rootstock) നേരിട്ട് ചേർത്ത് ഒട്ടിക്കുന്നു. ബഡിംഗിലെപ്പോലെ ഒരു ചെറിയ മുകുളം മാത്രമായിട്ടല്ല, മറിച്ച് തണ്ടിലെ ഒന്നോ അതിലധികമോ മുകുളങ്ങളുള്ള ഒരു ഭാഗമാണ് ഇതിനായി ഉപയോഗിക്കുന്നത്. അതായതു, മുകളിലത്തെ സസ്യഭാഗമായ സയോൺ, ഒരു ശിഖരം തന്നെയായിരിക്കും. ഈ ശിഖരത്തെ സ്റ്റോക്കിൽ ചേർത്തുവച്ച് ഒട്ടിക്കുന്നു. ബഡിംഗിനെക്കാൾ കുറച്ചുകൂടി സങ്കീർണ്ണമായ രീതിയാണിത്.
ഗ്രാഫ്റ്റിംഗിന്റെ ഗുണങ്ങൾ:
വിത്ത് മുളപ്പിച്ചുണ്ടാക്കുന്ന ചെടികൾക്ക് കായ്ക്കാൻ കൂടുതൽ സമയമെടുക്കുമ്പോൾ, ഗ്രാഫ്റ്റ് ചെയ്ത ചെടികൾ വളരെ വേഗത്തിൽ ഫലം തരുന്നു.
നല്ല രോഗപ്രതിരോധ ശേഷിയുള്ള ഒരു Rootstock ൽ, രോഗസാധ്യതയുള്ള Scion ഒട്ടിക്കുമ്പോൾ ആ ചെടിക്കും രോഗപ്രതിരോധ ശേഷി ലഭിക്കുന്നു.
ഗുണമേന്മയുള്ള ഒട്ടുകമ്പുകൾ ഉപയോഗിക്കുന്നതിനാൽ കൂടുതൽ വിളവ് ലഭിക്കാൻ സാധ്യതയുണ്ട്.
ഒരേ മരത്തിൽ തന്നെ പലതരം മാങ്ങകളോ പേരക്കകളോ പോലുള്ള വിവിധയിനം ഫലങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയും. സ്ഥലപരിമിതിയുള്ളവർക്ക് ഇത് വളരെ ഉപകാരപ്രദമാണ്.
ഗ്രാഫ്റ്റ് ചെയ്ത ചെടികൾ സാധാരണയായി ഉയരം കുറഞ്ഞവയായിരിക്കും. ഇത് കായ്കൾ പറിക്കുന്നതിനും പരിചരണത്തിനും എളുപ്പമാണ്.
ഗ്രാഫ്റ്റിംഗ് ചെയ്യേണ്ട രീതി:
ഗ്രാഫ്റ്റിംഗ് ചെയ്യുന്നതിന് പല രീതികളുണ്ട്. അതിൽ ഏറ്റവും ലളിതമായ ഒരു ഉദാഹരണ രീതിയാണ് ഇവിടെ വിശദീകരിക്കുന്നത്.
ആരോഗ്യവും നല്ല കരുത്തുമുള്ള ഒരു മാവിൻ തൈ (Rootstock) എടുക്കുക. മാങ്ങയണ്ടി മുളപ്പിച്ചതിന് ശേഷം ഏകദേശം രണ്ടോ മൂന്നോ ആഴ്ച പ്രായമായ തൈകളാണ് റൂട്ട്‌സ്റ്റോക്കായി ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യം. ഈ സമയത്ത് തൈകൾക്ക് ഏകദേശം 20 മുതൽ 25 സെന്റീമീറ്റർ വരെ ഉയരം ഉണ്ടാകും.
നല്ല കായ്ഫലവും, രോഗപ്രതിരോധശേഷിയും,നല്ല രുചിയും വലിപ്പവുമുള്ള മാങ്ങകൾ ഉണ്ടാകുന്ന മാവിൽ നിന്ന് വേണം ശിഖരം/ഒട്ടുകമ്പ് (Scion) എടുക്കാൻ. ഒട്ടുകമ്പിന് ഏകദേശം പെൻസിൽ വണ്ണമുണ്ടായിരിക്കണം.
അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കിയ മൂർച്ചയുള്ള ഒരു കത്തി ഉപയോഗിച്ച്, മണ്ണിൽ നിന്ന് ഏകദേശം 15 സെന്റീമീറ്റർ ഉയരത്തിൽ റൂട്ട്‌സ്റ്റോക്ക് മുറിച്ചുമാറ്റുക. മുറിച്ച ഭാഗത്തിൻ്റെ നടുവിലോ, സൈഡ്ലോ കത്തി ഉപയോഗിച്ച് താഴേക്ക് 3-4 സെന്റീമീറ്റർ നീളത്തിൽ ഒട്ടുകമ്പ് വെച്ചുകൊടുക്കാൻ പാകത്തിൽ ഒരു പിളർപ്പ് ഉണ്ടാക്കുക. ഒട്ടുകമ്പിന്റെ താഴത്തെ ഭാഗം ഒരു V ആകൃതിയിൽ ചെരിച്ച് മുറിക്കുക. മുറിക്കുമ്പോൾ രണ്ട് വശങ്ങളും ഒരുപോലെ മൂർച്ചയുള്ളതാക്കാൻ ശ്രദ്ധിക്കുക.മുറിച്ച ഭാഗം 3-4 സെന്റീമീറ്റർ നീളത്തിൽ വേണം.
റൂട്ട്‌സ്റ്റോക്കിൽ ഉണ്ടാക്കിയ പിളർപ്പിലേക്ക് സയോണിനെ ഇറക്കിവയ്ക്കുക. ഈ രണ്ടു ഭാഗങ്ങളും നന്നായി ചേർന്നിരിക്കണം. റൂട്ട്‌സ്റ്റോക്കിന്റെയും സയോണിന്റെയും തൊലികൾ (കാമ്പിയം) പരസ്പരം കൂടി ചേരുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇത് ഗ്രാഫ്റ്റിംഗ് വിജയിക്കുന്നതിൽ വളരെ പ്രധാനമാണ്.
സയോണിനെ റൂട്ട്‌സ്റ്റോക്കുമായി ചേർത്ത് ഗ്രാഫ്റ്റിംഗ് ടേപ്പ് ഉപയോഗിച്ച് മുറുക്കിക്കെട്ടുക. ഒട്ടിച്ച ഭാഗത്ത് ഈർപ്പവും,വായുവും കയറാത്ത രീതിയിൽ നന്നായി കെട്ടാൻ ശ്രദ്ധിക്കണം. മുറിച്ച ഭാഗത്തിന് താഴെ നിന്ന് മുകളിലേക്ക് വേണം ടേപ്പ് ചുറ്റാൻ. ടേപ്പ് ചുറ്റുമ്പോൾ ഒന്നിന് മുകളിൽ മറ്റൊന്ന് അല്പം കയറി നിൽക്കണം. ഇത് വായുവും വെള്ളവും അകത്തേക്ക് കടക്കുന്നത് തടയും. ഒട്ടിച്ച ഭാഗം മുഴുവൻ മൂടിയ ശേഷം, സയോണിന്റെ മുകളറ്റവും ടേപ്പ് ഉപയോഗിച്ച് നന്നായി മൂടണം. ഇത് സയോൺ ഉണങ്ങിപ്പോകാതിരിക്കാൻ സഹായിക്കും.
ഏകദേശം മൂന്നാഴ്ചയ്ക്ക് ശേഷം സയോണിലെ മുകുളങ്ങൾ വിരിയാൻ തുടങ്ങും. മുകുളങ്ങൾ നന്നായി വളർന്നുതുടങ്ങിയാൽ പോളിത്തീൻ കവർ മാറ്റാം. ഒരു മാസം കഴിയുമ്പോൾ കെട്ടഴിച്ചുമാറ്റാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
മഴക്കാലം തുടങ്ങുന്നതിന് മുൻപ് അതായത് ഫെബ്രുവരി-മാർച്ച് മാസങ്ങളിലോ അല്ലെങ്കിൽ മഴ മാറി നിൽക്കുന്ന സമയത്തോ ഗ്രാഫ്റ്റിംഗ് ചെയ്യുന്നതാണ് ഏറ്റവും ഉചിതം. ഈ സമയത്ത് അന്തരീക്ഷത്തിൽ ആവശ്യത്തിന് ഈർപ്പം ഉണ്ടാകും.
രോഗങ്ങളോ കീടങ്ങളോ ഇല്ലാത്തതും, നന്നായി വളരുന്നതുമായ തൈകൾ മാത്രമേ റൂട്ട്‌സ്റ്റോക്ക് ആയി ഉപയോഗിക്കാവൂ.
നല്ല കായ്ഫലം നൽകുന്നതും, രോഗങ്ങൾ ഇല്ലാത്തതുമായ മരത്തിൽ നിന്ന് വേണം സയോൺ തിരഞ്ഞെടുക്കാൻ. സയോൺ ശേഖരിച്ച ഉടൻ തന്നെ ഗ്രാഫ്റ്റിംഗ് ചെയ്യാൻ ശ്രമിക്കുക. അഥവാ സൂക്ഷിക്കേണ്ടി വന്നാൽ, നനഞ്ഞ തുണികൊണ്ട് പൊതിഞ്ഞ് തണുപ്പുള്ള സ്ഥലത്ത് വെക്കുക.
ഗ്രാഫ്റ്റിംഗ് കത്തിയും മറ്റ് ഉപകരണങ്ങളും വൃത്തിയുള്ളതും മൂർച്ചയുള്ളതും ആയിരിക്കണം. അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. ഇത് രോഗാണുബാധ തടയാൻ സഹായിക്കും.
റൂട്ട്‌സ്റ്റോക്കിന്റെയും സയോണിന്റെയും തൊലിഭാഗം (കാമ്പിയം) പരസ്പരം ചേരുന്ന രീതിയിൽ കൃത്യമായി ഒട്ടിക്കുക. ഇത് ഒട്ടിക്കൽ വിജയകരമാകുന്നതിന് ഏറ്റവും നിർണായകമാണ്.
സയോണിനെയും റൂട്ട്‌സ്റ്റോക്കിനെയും മുറുക്കി കെട്ടുക. പോളിത്തീൻ ഗ്രാഫ്റ്റിംഗ് ടേപ്പ് ഉപയോഗിച്ച് വായുവും വെള്ളവും കയറാത്ത രീതിയിൽ പൂർണ്ണമായി കെട്ടിവയ്ക്കണം.
ഗ്രാഫ്റ്റിംഗിന് ഉപയോഗിക്കുന്ന മറ്റു ചില പ്രധാന രീതികൾ കൂടി പറയാം:
Cleft Grafting:
റൂട്ട്സ്റ്റോക്ക് ചെടിയുടെ തണ്ട് രണ്ടായി പിളർന്ന് അതിൽ സയോൺ ഒട്ടിക്കുന്ന രീതിയാണിത്.റൂട്ട്‌സ്റ്റോക്കിന് കനം കൂടുതലും സയോണിന് കനം കുറവുമുള്ളപ്പോൾ ഈ രീതിയാണ് കൂടുതലായി ഉപയോഗിക്കുന്നത്. റൂട്ട്‌സ്റ്റോക്കിൻ്റെ പിളർപ്പിലേക്ക് ഒന്നോ രണ്ടോ സയോണുകൾ വരെ ഒട്ടിക്കാൻ സാധിക്കും.
Veneer Grafting:
റൂട്ട്സ്റ്റോക്ക് ചെടിയുടെ പുറംതൊലിയിൽ നേരിയ മുറിവുണ്ടാക്കി അതിലേക്ക് സയോൺ ഒട്ടിക്കുന്നു. റൂട്ട്‌സ്റ്റോക്കിന്റെ തൊലിയിൽ ഒരു വശത്ത് മാത്രം ഒരു പോക്കറ്റ് പോലെ ഉണ്ടാക്കി അതിലേക്ക് സയോൺ ഇറക്കിവെച്ച് ഒട്ടിക്കുന്നു. ഇതിൽ റൂട്ട്‌സ്റ്റോക്കിന്റെ മുകൾഭാഗം മുറിച്ചുമാറ്റില്ല. സയോൺ റൂട്ട്‌സ്റ്റോക്കുമായി യോജിച്ച് പുതിയ നാമ്പുകൾ വളർന്നു തുടങ്ങിയാൽ മാത്രം റൂട്ട്‌സ്റ്റോക്കിന്റെ മുകൾഭാഗം മുറിച്ചുമാറ്റുന്നു.
Bark Grafting:
റൂട്ട്‌സ്റ്റോക്കിൻ്റെ തൊലിക്ക് (bark) അകത്തേക്ക് സയോൺ ഇറക്കിവെച്ച് ഒട്ടിക്കുന്ന ഒരു ഗ്രാഫ്റ്റിംഗ് രീതിയാണ്. റൂട്ട്‌സ്റ്റോക്കിന് കനം കൂടുതലായിരിക്കുമ്പോൾ, അതായത് മറ്റ് ഗ്രാഫ്റ്റിംഗ് രീതികൾക്ക് പറ്റാത്ത അത്രയും വലുപ്പമുള്ള റൂട്ട്‌സ്റ്റോക്കുകളിൽ ഇത് ചെയ്യാൻ സാധിക്കും.
Whip and Tongue Grafting:
സയോൺ, റൂട്ട്സ്റ്റോക്ക് എന്നിവയിൽ ഒരേപോലെ മുറിവുണ്ടാക്കി അവയെ യോജിപ്പിച്ച് ഒട്ടിക്കുന്ന രീതിയാണിത്. റൂട്ട്‌സ്റ്റോക്കിനും സയോണിനും ഏകദേശം ഒരേ കനം ആയിരിക്കുമ്പോൾ ഈ രീതി വളരെ ഫലപ്രദമാണ്..
വ്യത്യസ്ത സസ്യങ്ങളുടെ നല്ല ഗുണങ്ങൾ ഒറ്റ ചെടിയിലേക്ക് സമന്വയിപ്പിക്കാൻ ഗ്രാഫ്റ്റിംഗ് സഹായിക്കുന്നു. ഒരു മാവിൻ തൈയിൽ വ്യത്യസ്ത ഇനം മാങ്ങകളുടെ സയോണുകൾ ഒട്ടിച്ചാൽ, ഒരേ മരത്തിൽ നിന്ന് ഈ വ്യത്യസ്ത ഇനം മാങ്ങകളും നമുക്ക് ലഭിക്കും. ഗുണമേന്മയുള്ള സസ്യങ്ങൾ ഉത്പാദിപ്പിക്കാനും, കാർഷികോത്പാദനം വർദ്ധിപ്പിക്കാനും, അതുവഴി സാമ്പത്തികമായി മെച്ചപ്പെടാനും ഗ്രാഫ്റ്റിംഗ് ഒരു നല്ല മാർഗമാണ്.