ലോകജനസംഖ്യ വർധിയ്ക്കുകയാണ്. വിശക്കുന്ന വയറുകളുടെ എണ്ണവും.
"Grow More "എന്നത് അനിവാര്യം. "More from Less"എന്നതേ നടക്കൂ. കാരണം കൃഷിഭൂമി ചുരുങ്ങുകയാണ്. കുറഞ്ഞ സ്ഥലത്ത് നിന്നും കുറഞ്ഞ നിക്ഷേപത്തിൽ കൂടുതൽ ഉത്പാദിപ്പിക്കുകഎന്നതായിരിക്കണം തന്ത്രം.
എല്ലാവർക്കും വീടുകളിൽ ഭക്ഷണം ഉത്പാദിപ്പിക്കണമെന്ന ആഗ്രഹം ഉണ്ട്. പക്ഷേ അതിനാവശ്യമായ നിക്ഷേപം നടത്താനോ അധ്വാനിക്കാനോ കാര്യങ്ങൾ ശരിയായി ഗ്രഹിച്ചു ചെയ്യാനോ താല്പര്യമില്ല. എല്ലാം വേഗത്തിലും ചുളുവിലും വിയർക്കാതെയും നേടണം.
കഴിക്കാനുള്ള കൃഷി സാധനങ്ങൾക്ക് വില കൂടിയാൽ പിന്നെ കൃഷിവകുപ്പിനെയും സർക്കാരിനെയും കുറ്റം പറച്ചിലായി. കർഷകന് കൂടുതൽ വിലകിട്ടുന്നതിൽ ആനന്ദിയ്ക്കുകയല്ലേ വേണ്ടത്?
അതേ സമയം നമ്മൾ കഴിയ്ക്കാത്ത കാർഷിക ഉത്പന്നത്തിന് (ഉദാഹരണം റബ്ബർ )വില കുറയുമ്പോൾ മുറവിളിയും. പാലിന് വില കൂടുന്നില്ല, ഫലമോ കർഷകർ ആ മേഖല വിട്ട് കൊണ്ടിരിക്കുന്നു. ആരും ഉത്പാദകരോടൊപ്പമില്ല. വില കൂട്ടണം എന്ന് പറയാൻ ഒരു രാഷ്ട്രീയ പാർട്ടികളും തയ്യാറല്ല. പക്ഷേ റബ്ബറിന്റെ കാര്യത്തിൽ അങ്ങനെയല്ല. അതിന്റെയൊക്കെ രാഷ്ട്രീയം അറിയാഹാരം കഴിയ്ക്കുന്നവർക്കറിയാം രമണാ...
കഴിഞ്ഞയാഴ്ച എനിയ്ക്ക് വളരെ സംതൃപ്തി തന്ന ഒരു സംഭവമുണ്ടായി. 2011 ൽ ഞാൻ നെല്ലിയാമ്പതി ഗവ :ഓറഞ്ച് & വെജിറ്റബിൾ ഫാമിൽ ജോലി ചെയ്യുന്ന കാലം മുതൽ എന്റെ ഒരു നല്ല സുഹൃത്താണ് കൃഷി വകുപ്പിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാരനായി വിരമിച്ച മാവേലിക്കരക്കാരൻ സനൽ ജി.
വളരെയധികം സംസാരിക്കാൻ ഇഷ്ടപ്പെടുന്ന ആത്മാർഥത ഏറെയുള്ള അദ്ദേഹവുമായി ethra നേരം വേണമെങ്കിലും സംസാരിച്ചിരിക്കാം. 2014 ൽ അവിടെ നിന്നും പോന്നതിനുശേഷം കാര്യമായി നേരിൽ കണ്ടിട്ടില്ല. പക്ഷേ ബന്ധം സുദൃഢമാണ്. സാമൂഹ്യമാധ്യമങ്ങൾ വഴി. കോളേജ് അധ്യാപികയായി വിരമിച്ച മലയാളഭാഷാ വിദഗ്ധയും എഴുത്ത് കാരിയുമായ സഹധർമ്മിണി, മിടുക്കരായ രണ്ട് മക്കൾ ഒക്കെയായി അദ്ദേഹം സന്തുഷ്ടജീവിതം നയിച്ചു വരുന്നു. സ്വന്തം മാതാപിതാക്കളോടും ബന്ധുജനങ്ങളോടും അദ്ദേഹം കാണിക്കുന്ന സ്നേഹവും കരുതലും ഫേസ്ബുക് പോസ്റ്റുകളിൽ നിന്നും എനിയ്ക്ക് വായിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.
റിട്ടയർ ചെയ്തതിന് ശേഷം അദ്ദേഹം അല്പം സജീവമായിത്തന്നെ കൃഷിയിൽ ഇറങ്ങി. മാവേലിക്കര മുനിസിപ്പൽ പ്രദേശത്തെ ഒരു നല്ല കർഷകനായി മാറി. പച്ചക്കറികളും വാഴയും കിഴങ്ങ് വര്ഗങ്ങളും ഒക്കെ അദ്ദേഹം വിളയിക്കുന്നു. ചില സമയങ്ങളിൽ വെള്ളക്കെട്ട് മൂലം കൃഷി നശിച്ചു പോകുകയും ചെയ്തിട്ടുണ്ട്.
അവരുടെ വീട്ടിൽ പണ്ട് മുതലേ പശു വളർത്തൽ ഉണ്ട്. തൊഴുത്തും സംവിധാനങ്ങളും ഇപ്പോഴുമുണ്ട്. പശുവിനെ കറക്കാനും സനൽ ജിയ്ക്ക് അറിയാം.
പ്രിയ സുഹൃത്തും കോട്ടയം പള്ളിയ്ക്കത്തോട് മഹാലക്ഷ്മി ഗോശാലയുടെ നടത്തിപ്പ്കാരനുമായ ശ്രീഹരി ജിയുടെ ഒരു പോസ്റ്റ് ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ കണ്ടു. നന്നായി പരിപാലിയ്ക്കാൻ കഴിയുന്ന കർഷകർക്ക് സൗജന്യമായി, എന്നാൽ നിബന്ധനകളോടെ നാടൻ പശുക്കളെ നൽകും. അതിനെ വിൽക്കാൻ അനുവാദമില്ല. അദായം എടുക്കാം. അതിൽ നിന്നുണ്ടാകുന്ന കുട്ടികളെയും എടുക്കാം. പരിപാലിക്കാൻ കഴിയാതെ വന്നാൽ പശുവിനെ ഗോശാലയെ തിരികെ ഏൽപ്പിക്കണം. ലളിതമായ നിബന്ധനകൾ.
ഇത് കണ്ട് സനൽ ജി ഇവരിൽ നിന്നും ഒരു പശുവിനെ കിട്ടാനുള്ള സാധ്യത അന്വേഷിച്ചു. ശ്രീഹരി ജിയുമായി ബന്ധപ്പെട്ടു. ദിവസങ്ങൾക്കുള്ളിൽ ഒരു നാടൻ പശുവും അതിന്റെ കാളക്കുട്ടനും മാവേലിക്കരയിൽ സനൽ ജിയുടെ ഭവനത്തിലെത്തി.
ഇനി സനൽജി യുടെ കൃഷി തഴയ്ക്കും. ആ ഫാമിൽ നിന്നും കൂടുതൽ കാർഷിക ഉത്പന്നങ്ങൾ വിപണിയിലെക്കെത്തും. അതിൽ ഗോശാലയ്ക്കും അഭിമാനിക്കാം. ഒരു എളിയ പങ്ക് വഹിച്ച എനിയ്ക്കും 😂.
പശുക്കൾ ഒക്കെ വീട്ടിലുണ്ടായാൽ വിരുന്നോ ടൂറോ പോകാൻ കഴിയില്ല എന്നതാണ് പലരേയും കുഴയ്ക്കുന്ന കാര്യം. അത് ശരിയുമാണ്. മിണ്ടാപ്രാണികളെ പട്ടിണിയ്ക്കിടാൻ നമ്മുടെ മൂല്യബോധം അനുവദിക്കുന്നില്ല. മറ്റ് പല നാടുകളിലും ഉള്ള പോലെ ഇതിനെ താത്കാലികമായി സംരക്ഷിക്കാനുള്ള ഷെൽട്ടർ സംവിധാനങ്ങളും ഇല്ല. (താല്പര്യമുള്ള യുവാക്കൾക്ക് കേരളത്തിൽ ശ്രമിച്ചു നോക്കാവുന്ന ഒരു സംരംഭമാണിത്. Pets /Livestocks നുള്ള Paid shelter homes). പശു, ആട് പോലെയുള്ളവയെ വീട്ടിൽ പോയി തീറ്റ കൊടുക്കുന്ന paid feeding സംവിധാനവും ഒരു സാധ്യതയാണ്.
മണ്ണിന്റെ ഉത്പാദനക്ഷമത (Soil productivity ) വർധിയ്ക്കണമെങ്കിൽ മണ്ണിന്റെ ജൈവ കാർബൺ (SOC, Soil Organic Carbon ) വർധിയ്ക്കണം. അതിനായി വലിയ അളവിൽ സ്ഥൂല ജൈവവളങ്ങൾ (Bulky Organic Manures )കൊടുക്കണം. അപ്പോൾ മണ്ണിന്റെ ഭൗതിക, രാസ, ജൈവ ഗുണങ്ങൾ പതിന്മടങ്ങു വർധിക്കും. മണ്ണ് പൊന്നാകും.
പരിസ്ഥിതിക പ്രത്യേകതകൾ അനുസരിച്ച് അനുയോജ്യമായ വിളകൾ, ജലസേചന സൗകര്യം മെച്ചപ്പെടുത്തി(അതിനായി പണം നിക്ഷേപിക്കണം) വർഷം മുഴുവൻ കൃഷി ചെയ്യാൻ കഴിയും. താല്പര്യമുള്ള കർഷകർക്ക് ജൈവസാക്ഷ്യപത്രം (Organic Certification ) നേടി ഓൺലൈൻ ആയും അല്ലാതെയും ആവശ്യമുളള ആളുകൾക്ക് ബ്രാൻഡിങ്ങോട് കൂടിയോ അല്ലാതെയോ എത്തിച്ചു കൊടുക്കാൻ കഴിയും.
കഴിക്കാൻ സുരക്ഷിതമായ ഭക്ഷണങ്ങൾ (ജൈവരീതിയിൽ അല്ലെങ്കിൽ ശുപാർശ ചെയ്യപ്പെട്ട ജൈവ -രാസ വസ്തുക്കളുടെ മിശ്രണത്തിലൂടെ )ഉത്പാദിപ്പിച്ചു നൽകുന്നതാണ് ഏറ്റവും ഉദാത്തമായ രാഷ്ട്രീയം അല്ലെങ്കിൽ ദേശസ്നേഹം. കൃഷിയിൽ സജീവമായി ഇടപെടുന്ന ആളുകളിൽ മാനസിക സമ്മർദ്ദവും കുറയും.
എന്തായാലും കൂടുതൽ ഗോശാലകളും ശ്രീഹരിമാരും സനൽമാരും ഈ നാട്ടിലുണ്ടാകട്ടെ.. നല്ല ഭക്ഷണം എല്ലാ വീടുകളിലും വിളയട്ടെ. അല്പം വില കൂട്ടി നൽകി അവരുടെ ഉത്പന്നങ്ങൾ വാങ്ങിക്കഴിച്ചു പൊതുസമൂഹം കർഷകരെ പിന്തുണയ്ക്കട്ടെ.
ബൈ ദുഫായ്, സനൽജി യുടെ കയ്യിൽ നല്ല രസികൻ മാവേലിക്കര കുടംപുളി വിൽപ്പനയ്ക്കുണ്ട്. ആവശ്യമുള്ളവർക്ക് നേരിട്ട് ബന്ധപ്പെട്ട് വാങ്ങാം.
അപ്പോൾ,ഇത്തരം നല്ല കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മഹാലക്ഷ്മി ഗോശാലയുടെ കാര്യകർത്താവായ ശ്രീഹരി ജി യെ ബന്ധപ്പെടാം.പശുക്കളുടെ ലഭ്യത പോലെ അവർ നിങ്ങളെ സഹായിക്കും.
+918547290752 -Sanalkumar
+91 97451 07911 ശ്രീഹരി
നന്മകൾ വിളയട്ടെ... നാട് ഭക്ഷ്യസമൃദ്ധമാകട്ടെ...
സനൽ ജിയുടെ സുഭദ്രമായ കരങ്ങളിൽ ആ മിണ്ടാപ്രാണികൾ എത്ര സന്തുഷ്ടരാണ് എന്ന് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാകും.
ന്നാൽ അങ്ങട്....
✍️പ്രമോദ് മാധവൻ