കൃഷിയുടെ ലാഭക്ഷമത (Profitability ) നിശ്ചയിക്കുന്ന പ്രധാന സാമ്പത്തിക സൂചകമാണ് Benefit -Cost Ratio.
കൃഷിയിൽ മാത്രമല്ല മൂലധനം ഇറക്കുന്ന ഏത് വരുമാനദായക പ്രവൃത്തിയിലും ഈ ratio വളരെ പ്രധാനമാണ്.
ഇറക്കിയ ഓരോ രൂപയും നിശ്ചിത കാലയളവിൽ എത്ര വരുമാനം തന്നു എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനായി പണം ഇറക്കിയ കാലാവധിയുടെ പലിശയും കൂടി കണക്കിലെടുക്കണം.
ഉദാഹരണമായി ഒരാൾ നെൽകൃഷിയിൽ ഒരേക്കറിൽ 35000 രൂപ ഇറക്കി എന്നിരിക്കട്ടെ. നാല് അല്ലെങ്കിൽ അഞ്ച് മാസത്തേയ്ക്കാണ് ഈ മുതൽ മുടക്ക്. വിളവെടുപ്പിന് ശേഷം നെല്ലും വൈക്കോലുമായി 36000 രൂപ കിട്ടിയാലും economic terms ൽ ആ ഉദ്യമം പരാജയമായി എന്ന് പറയേണ്ടി വരും. കാരണം മുതൽ മുടക്കിന്റെ പലിശയും കൂടി ചേർത്താണ് BCR കണക്കാക്കുക.
പക്ഷേ ആ കൃഷി കൊണ്ട് സമ്പദ് വ്യവസ്ഥയ്ക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടായി എന്നത് ഇവിടെ കണക്കിലെടുക്കുന്നില്ല. അതു മൂലം ഉണ്ടായ തൊഴിൽ ദിനങ്ങൾ, അതു വഴി ഉപയോഗിച്ച വിത്ത്, വളം മുതലായവ ഉണ്ടാക്കിയ കമ്പനികൾക്ക് ലഭിച്ച ലാഭം ഒക്കെ അത് മൂലമുള്ള സാമൂഹ്യനേട്ടങ്ങളിൽ (Social Benefits )പെടും. ഒപ്പം അത് വഴി ഏതെങ്കിലും തരത്തിലുള്ള രാസ -ജൈവ മലിനീകരണം നടന്നിട്ടുണ്ടെങ്കിൽ അത് അതിന്റെ Social Cost ലും.
കൃഷി ലാഭകരമാകുന്നത് എങ്ങനെയാണ്?.
1.വിപണിയറിഞ്ഞ് കൃഷി ചെയ്യുന്നത് വഴി. മുൻ വർഷങ്ങളിൽ ഓരോ വിളയ്ക്കും ഏതേത് മാസങ്ങളിലാണ് നല്ല വില കിട്ടിയത് എന്ന historic data മനസ്സിലാക്കി വിളയിറക്കുന്നത് വഴി.
2. വിപണിയിൽ ഏറ്റവും സ്വീകാര്യതയുള്ള ഇനങ്ങൾ തെരഞ്ഞെടുത്ത് കൃഷി ചെയ്യുന്നത് വഴി. ഉദാഹരണമായി പച്ച ചീര വേണോ ചുവന്ന ചീര വേണോ അല്ലെങ്കിൽ പച്ച പാവൽ വേണോ വെള്ള പാവൽ വേണോ കുറ്റിപ്പയർ വേണോ വള്ളിപ്പയർ വേണോ തുടങ്ങിയ തീരുമാനങ്ങൾ എടുക്കുക വഴി
3. അവിടെ നിലനിൽക്കുന്ന രോഗങ്ങൾക്കും കീടങ്ങൾക്കുക്കെതിരെ പ്രതിരോധശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യുന്നത് വഴി. വാട്ടരോഗം ചെറുക്കുന്ന തക്കാളി അല്ലെങ്കിൽ വഴുതനയിനം, നരപ്പ് രോഗത്തെ ചെറുക്കുന്ന വെണ്ടയിനം എന്നിവ തെരെഞ്ഞെടുക്കുന്നത് വഴി.
4.യന്ത്രവൽക്കരണം. കൃഷി ചെലവ് കുറയ്ക്കാനുള്ള ഏറ്റവും നല്ല വഴി കാർഷിക യന്ത്രവത്കരണം തന്നെയാണ്.
5. കൃഷിക്കാരന്റെ സ്വന്തം അധ്വാനം അല്ലെങ്കിൽ കുടുംബ അധ്വാനം കൂടുതലായി കൃഷിയിൽ ഉപയോഗപ്പെടുത്തുന്നത് വഴി.
6. ആവശ്യമായ ഉൽപാദന ഉപാധികൾ കൃഷിയിടത്തിൽ തന്നെ പരമാവധി ഉത്പാദിപ്പിയ്ക്കുന്നത് വഴി. ആവശ്യമായജൈവവളം, പച്ചില വളം, ജൈവ-ജീവാണു കീട-കുമിൾ നാശിനികൾ, കെണികൾ എന്നിവ ഉണ്ടാക്കി ഉപയോഗിക്കുക വഴി.
7.ശാസ്ത്രീയ കൃഷി രീതികൾ അവലംബിക്കുന്നത് വഴി. സമ്മിശ്ര വള പ്രയോഗ രീതികൾ, സംയോജിത രോഗ-കീടനിയന്ത്രണ മാർഗങ്ങൾ അവലംബിക്കുക വഴി, തുള്ളി നന, വളസേചനം മുതലായ രീതികൾ അവലംബിക്കുക വഴി.
8. തോട്ടത്തിലെ ഓരോ ഇഞ്ച് ഭൂമിയുടെയും പൂർണ്ണ വിനിയോഗം വഴി
9.ഏറ്റവും വില കിട്ടുന്ന വിപണികൾ/രീതികൾ കണ്ടെത്തി ഉൽപ്പന്നങ്ങൾ വിൽക്കുന്നത് വഴി. ഉപഭോക്താക്കളിൽ നേരിട്ട് എത്തിക്കുക, അല്ലെങ്കിൽ അവരെ തോട്ടത്തിലേക്ക് വരുത്തി വിപണനം ചെയ്യുക, ഡിജിറ്റൽ മാർക്കറ്റിംഗ് രീതികൾ പ്രയോജനപ്പെടുത്തുക മുതലായവ വഴി
ഇങ്ങനെ മനസ്സും വിശേഷബുദ്ധിയും പ്രായോഗിക പരിചയവും ഉള്ളവർക്ക് നിരവധി മാർഗ്ഗങ്ങളുണ്ട് രമണാ..
മനസ്സുണ്ടെങ്കിലാണോ വഴികൾ ഇല്ലാത്തത്? Where there is Will(മനസ് ), There are Ways (വഴികൾ ) എന്നല്ലേ തോലകവി എഴുതിയത് 😂
ഇതിൽ എട്ടാമത്തെ കാര്യത്തെക്കുറിച്ചാണ് ഇന്നത്തെ പോസ്റ്റ്.
കൃഷിഭൂമിയുടെ ഉചിതമായ വിനിയോഗം (Optimal Utilization of Cultivable Land) എന്നതിലൂടെ കൃഷി ലാഭകരമാക്കാൻ കഴിയും.
ഇതിന് ഏറ്റവും നല്ല ഉദാഹരണം നാളികേര കൃഷിയാണ്.തെങ്ങിനെ മുഖ്യ വിളയായി സ്വീകരിച്ചു കൊണ്ട്, അതിന്റെ ഇടവിളകളായി അന്തരീക്ഷത്തിന്റെ വിവിധ തലങ്ങളിൽനിന്ന് സൂര്യപ്രകാശവും മണ്ണിന്റെ വിവിധ അടരുകളിൽ നിന്നും വെള്ളവും വളവും വലിച്ചെടുക്കുന്ന, പല തവണകളായി വിളവും വരുമാനവും തരുന്ന (ദിവസവും ആഴ്ചയിലും, മാസത്തിലും വർഷത്തിലും) വിളകൾ കൃത്യമായ അകലം പാലിച്ച്, ശരിയായ പരിചരണ മുറകളിലൂടെ ,കൃത്യതയോടെ വളർത്തിയെടുത്ത് വരുമാനം ഉണ്ടാക്കുന്ന രീതിയാണത്.
അതിനെ ബഹുതല - ബഹുവിള കൃഷി സമ്പ്രദായം ( Multi Tier-Multi Species Cropping ) എന്ന് വിളിക്കും.
ഉദാഹരണത്തിന് തെങ്ങിൻ തോട്ടത്തെ ഒരു നാലുനിലക്കെട്ടിടമായും
അതിൽ ഏഴര മീറ്റർ അകലത്തിൽ നട്ടിരിയ്ക്കുന്ന തെങ്ങുകളെ ആ കെട്ടിടത്തിന്റെ നാലാം നിലയായും
തെങ്ങിൽ പടർത്തി വളർത്തുന്ന കുരുമുളകുകൊടികളെ മൂന്നാം നിലയായും
രണ്ടുവരി തെങ്ങുകൾക്കിടയിൽ രണ്ട് മീറ്റർ അകലത്തിൽ നട്ടിരിക്കുന്ന വാഴകളെ രണ്ടാം നിലയായും
നിലം പറ്റി വളരുന്ന തരത്തിലുള്ള തീറ്റപ്പുല്ല്, കിഴങ്ങ് വർഗ്ഗങ്ങൾ, പൈനാപ്പിൾ,ഇഞ്ചി, മഞ്ഞൾ പോലെയുള്ള വിളകളെ ഏറ്റവും താഴത്തെ നിലയായും സങ്കല്പിച്ചുകൊണ്ട് കൃഷി ചെയ്യുന്ന രീതിയാത്.
ഇതോടൊപ്പം തന്നെ കുടുംബാധ്വാനം ഉപയോഗിച്ചുകൊണ്ട് പശു വളർത്തൽ, ആടുവളർത്തൽ,കോഴി വളർത്തൽ, താറാവ് വളർത്തൽ, കാട വളർത്തൽ, മുയൽ വളർത്തൽ, മീൻ വളർത്തൽ, തേനീച്ച വളർത്തൽ,കൂൺ വളർത്തൽ പോലെയുള്ള ഏതെങ്കിലും അനുബന്ധ സംരംഭങ്ങളും കൂടി ചെയ്യുകയാണെങ്കിൽ ആ കുടുംബത്തിന് ജീവിച്ചു പോകുവാൻ ഉള്ള വരുമാനം ലഭ്യമാകും . അപ്പോൾ അതിനെ നമ്മൾ സംയോജിത കൃഷി എന്ന് വിളിക്കും.
'നെറ്റിയിലെ വിയർപ്പ് കൊണ്ട് അപ്പം തിന്നണം' എന്നല്ലേ ഉത്തമാ കർത്താവ് പറഞ്ഞിരിക്കുന്നത്. വിയർപ്പ് രോഗം മാറ്റി വയ്ക്കാമെങ്കിൽ കേരളത്തിൽ കൃഷിയ്ക്ക് ഭാവിയുണ്ട്.
77 ലക്ഷം ചെറുകിട കൃഷിയ്ക്ക് സാധ്യതയുള്ള വീട്ടുവളപ്പുകൾ ഇവിടെയുണ്ട്. പക്ഷേ എല്ലായിടത്തും രോഗികളാണ്. കാരണം വ്യായാമമില്ലാത്ത ജീവിത ശൈലി. "നൈസ് പണിയും കട്ടി ശാപ്പാടും'.പിന്നെങ്ങനെ രോഗം വരാതിരിക്കും?
ഈ ചിത്രം നോക്കുക. കൃഷിഭൂമിയുടെ ഓരോ ഇഞ്ചും എങ്ങനെ പ്രയോജനപ്പെടുത്തിയിരിക്കുന്നു എന്ന് കാണുക. കൃഷിയിൽ നിന്നുള്ള ലാഭം ഒരു ലോട്ടറിയല്ല. അത് വ്യക്തമായ ആസൂത്രണത്തിന്റെ ഫലമാണ്.
വൈവിധ്യവത്കരണമാണ് ലാഭത്തിലേക്കുള്ള വഴി.
വാഴ നനയുമ്പോൾ ചീരയും നനയുമെന്ന് കാരണവന്മാർ പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിൽ പപ്പായ നനയുമ്പോൾ മുളകും നനയും.
Smart Thinking
Happy Farming...
..ന്നാൽ അങ്ങട്
✍️പ്രമോദ് മാധവൻ