ജൂലൈ 4 ചക്ക ദിനം
വിശക്കുന്ന വയറുകൾക്ക് പശ്ചിമ ഘട്ടമലനിരകളുടെ വരദാനം, പഞ്ഞകാലങ്ങളിൽ ദരിദ്രനാരായണന്മാരെ ഊട്ടിയ സ്വർഗ്ഗീയ വരം, ഇന്ന് കേരളത്തിന്റെ ഔദ്യോഗിക ഫലം.
'ഏത് ധൂസര സങ്കല്പത്തിൽ വളർന്നാലും,ഏത് യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും 'പഴുത്ത വരിക്കച്ചക്കയുടെ മണവും ചക്കയെരിശ്ശേരിയുടെ ഗുണവും മലയാളി മറക്കില്ല.
ചക്ക ഇന്ന് പഴയ ചക്കയല്ല.ഇന്ന് കേരളത്തിൽ പ്ലാന്തോട്ടങ്ങൾ പിറവിയെടുത്തിരിക്കുന്നു. സൂപ്പർ മാർക്കറ്റിൽ ചക്കച്ചുളകൾ സുന്ദരിമാരായി ആസ്വാദകരെ കാത്തിരിക്കുന്നു.
ഇനി തണ്ണിമത്തനെപ്പോലെ ആളുകൾക്ക് ഒരു സഞ്ചിയിലിട്ട് വീട്ടിൽ കൊണ്ടുപോകാൻ പാകത്തിൽ 2-3 കിലോ മാത്രമുള്ള കുഞ്ഞിച്ചക്കകൾ സമൃദ്ധമായി വിപണിയിൽ എത്തണം. അതിന് ഇനിയും കാക്കണം.
നമ്മുടെ പഴയ തറവാടുകളിൽ ഒരു പക്ഷേ ആരുടേയും ശ്രദ്ധയിൽ പ്പെടാതെ കിടിലം പ്ലാവിനങ്ങൾ നിൽക്കുന്നുണ്ടാകാം. കർണാടകയിലെ ഹിരെഹള്ളിയിലെ പരമേശ്വരയ്ക്ക് കോടികൾ നേടിക്കൊടുത്ത ശങ്കരയും സിദ്ദുവിനെപ്പോലെയും വെന്നിക്കൊടി പാറിയ്ക്കാൻ കഴിവുള്ളവർ. കേരള കാർഷിക സർവകലാശാല സിന്ദൂരവരിയ്ക്ക കണ്ടെത്തിയത് പോലെ... ഒരു പ്ലാവ് മതി ചിലപ്പോൾ ഒരാളുടെ ജീവിതം മാറ്റിമറിയ്ക്കാൻ....
പണ്ടുകാലത്ത് ചക്ക മുറിച്ചാൽ എന്തെങ്കിലും ബാക്കിയുണ്ടോ?
സീറോ വേസ്റ്റ്...
എന്റെ കുട്ടിക്കാലത്ത് അമ്മയുടെ വീട്ടിൽ ഞങ്ങൾ കുട്ടികളടക്കം പത്ത് പന്ത്രണ്ട് പേരുണ്ട്.
ഒരു ഫുൾ ചക്ക കുത്തിച്ചാരി നിർത്തി പ്രൈമറി പ്രോസസ്സിംഗ്.
കരിമടലും ചകിണിയും ചക്കക്കുരുവിന്റെ പുറത്തുള്ള പോളയും പശുവിനും ചുളയും പൂഞ്ഞും ചക്കക്കുരുവും നമുക്കും എന്നതായിരുന്നു നിയമം.
ചോറിനൊപ്പം ചക്കയും. കഞ്ഞിയ്ക്കൊപ്പം ചക്കയെരിശ്ശേരിയും. അല്ലെങ്കിൽ ചക്കക്കുരു-മാങ്ങാ ക്കറി. പിറ്റേ ദിവസം മസാല ചേർത്ത് ഇറച്ചിയെ വെല്ലുന്ന ചക്കപ്പൂഞ്ഞു തോരൻ. പിന്നെ ചക്കക്കുരു ചുട്ടതും മെഴുക്കുപുരട്ടിയും.
ഇന്നത്തെ പോലെ മറ്റ് മൂല്യവർദ്ധൻ ഇനങ്ങളൊന്നും അന്നില്ല. വല്ലപ്പോഴും ചക്കവരട്ടി. പിന്നെ ചില പ്രത്യേകയിനങ്ങൾമാത്രം വറുക്കും. ചക്കയുടെ കാര്യത്തിൽ "വയ്ക്കാൻ ബേറേ.. വറക്കാൻ ബേറെ "എന്നാണല്ലോ ചെറുശ്ശേരി പറഞ്ഞത്. കാർഷിക സർവ്വകലാശാല വറക്കാൻ വേണ്ടി മാത്രം അനുയോജ്യമായ ഇനം പുറത്തിറക്കുന്നതും കാത്തിരിക്കുകയാണ് ഞാൻ. നല്ല നാടൻ വെളിച്ചെണ്ണയിൽ വറുത്ത് കോരി ചെറു ചൂടോടെ സാപ്പിടാൻ കിട്ടുന്ന ചിപ്സിന്റെ സ്വാദ്...ഹോ...
ചക്കയ്ക്ക് കീടങ്ങളിൽ നിന്നും രക്ഷയ്ക്കായി പ്രകൃതി നൽകിയ ചക്കയരക്ക് വരെ ഒരു കാലത്ത് വീട്ടിലെ അലുമിനിയം പാത്രങ്ങളുടെ ദ്വാരങ്ങൾ അടയ്ക്കാൻ ഉപയോഗിച്ചിരുന്നു.
ചക്കമുള്ള് വൃത്തിയാക്കി ഉണക്കിയത് നല്ല ദാഹശമനിയാണ്.
ഇടിച്ചക്ക മുതൽ പഴുത്ത തേൻവരിക്ക വരെ...ഇത്രമേൽ മനുഷ്യനെ ഊട്ടിയ മറ്റൊരു ജൈവ ഫലം ഉണ്ടോ മരണാ?...
ആരാണ് പ്ലാവിൽ കീടനാശിനികൾ അടിക്കാറുള്ളത്?
ആരൂല്യ..ചക്ക is organic by default.
അധികമായാൽ ചക്കയും വിഷം, മാങ്ങയും വിഷം. പേടിക്കേണ്ട... മ്മടെ കയ്യിൽ മരുന്നുണ്ട്. "ചക്കയ്ക്ക് ചുക്ക്, മാങ്ങയ്ക്കു തേങ്ങ". ഈ ലോകത്ത് ഏത് പൂട്ടിനുള്ള താക്കോലും പ്രകൃതിയിൽ തന്നെ ഉണ്ടാകും.കണ്ടെത്തിയാൽ മതി.
'ചക്ക' എന്നാൽ വെറും 'ഒരു പഴ' മല്ല. ഒരു നൂറു പഴങ്ങളാണ്.Botanically അത് Aggregate fruit എന്ന് പറയും. ഓരോ ചക്കച്ചുളയും ഓരോ പൂവാണ്. അത് ഞെങ്ങിഞെരുങ്ങി ഇരിയ്ക്കുന്നു എന്ന് മാത്രം. അവയിൽ ശരിയാംവണ്ണം പരാഗണം നടന്നില്ലെങ്കിൽ ചക്കയിൽ ചുളകളുടെ എണ്ണം കുറയും, ചകിണി കൂടും. (ചക്കയിലെ നീണ്ട ആൺപൂക്കൾ സംയോഗസഹായം നൽകി തനിയെ കൊഴിഞ്ഞു പോകും).പരാഗണം ശരിയായി നടന്നില്ലെങ്കിൽ ചക്കയ്ക്ക് നല്ല അഴകളവുകൾ ഉണ്ടാകില്ല.മണ്ണിൽ ബോറോണിന്റെ കുറവ് കൊണ്ടും ചക്കയുടെ ഭംഗി കുറയാം
മൾബെറിപ്പഴത്തിന്റെ കുടുംബക്കാരൻ ആണ് ചക്കയും. Moraceae തറവാട്. വിശ്വസിക്കാൻ പ്രയാസം, ഇല്ലേ?
വൃശ്ചിക മാസത്തിൽ പ്ലാവിൽ കള (പൂവ് ) വീഴും. ചിലയിടങ്ങളിൽ പോളയിടുക എന്നും പറയും.പ്ലാവ് പൂത്തു എന്നാരും പറയാറില്ല്യ.. ഇനി അങ്ങനെ പറഞ്ഞാൽ 'കിളി പോയ' ടീമാണോ എന്ന് ആരും പറഞ്ഞവനെയൊന്ന് നോക്കും.
പണ്ട് നമ്മുടെ വീടുകളിലെ ഡിസ്പോസബിൾ സ്പൂൺ ആയിരുന്നു, പ്ലാവില കോട്ടിയത്. അതുപയോഗിച്ച് കഞ്ഞി കുടിയ്ക്കുമ്പോൾ ചൂട് കഞ്ഞിക്കൊപ്പം കുറെ ഹരിതകവും ഫ്ലേവനോയിഡ്കളും കഴിക്കുന്നവർക്ക് കിട്ടും. അപ്പോൾ വായു കോപം ഉണ്ടാകുമായിരുന്നില്ല. ഇളം പ്ലാവില കൊണ്ട് നല്ല തോരനും ഉണ്ടാക്കാമെന്ന് പറയുന്നു രമണാ... നോം ഉണ്ടാക്കി നോക്കീട്ടില്യ...
പ്രമേഹികൾക്ക് പച്ചച്ചക്ക കഴിഞ്ഞേ, വേറെ എന്തുംള്ളൂ..
ഇത് കഴിച്ചാൽ ഇൻസുലിൻ ഉൽപ്പാദനം മെച്ചപ്പെടുമെന്ന് ഗവേഷക മൊഴികൾ. കേട്ട പാതി കേൾക്കാത്ത പാതി,ചക്ക സൂപ്പർ താരമായി.Jackfruit 365 ആയി, Artocarpus ആയി, start up ആയി. ലോകത്തെ പ്രമേഹ തലസ്ഥാനക്കാരാണെ ന്നാണല്ലോ പറയുന്നത് നുമ്മ മല്ലൂസ്...
നല്ല 'ചക്ക തിന്നുന്തോറും പ്ലാവ് വയ്ക്കാൻ തോന്നും'. നല്ല പ്ലാവിൻ തടിയുടെ കാതൽ (Heart wood ) ആണ് മുൻ തലമുറയെ ഏറെ കാതലിച്ചിരുന്നത്.
'കിഴക്കിന്റെ ഓക്ക്' (Oak of the East ) എന്നും പ്ലാവിൻ തടി അറിയപ്പെടുന്നു. സായിപ്പിന്റെ ഫർണിച്ചർ ഒക്കെ ഓക്ക് മരം കൊണ്ടാണല്ലോ. ഓക്കെന്മാർ😂.
പ്ലാവ് നല്ല തണൽ വൃക്ഷം. കുരുമുളക് പടർത്താം.
ആടിന് ഏറെ പ്രിയമുള്ള തോൽ പ്ലാവിലയാണ്. പഴുത്ത ഇലകൾ പോലും പെറുക്കി ഒരു കമ്പിയിൽ കോർത്ത്
കൊടുത്താൽ ആടിന് അത് ഷവർമ്മ.ചക്കപ്പൂഞ്ഞു നല്ല ഷവായ്...
വനവാസകാലത്ത് പാണ്ഡവർ ജീവൻ നിലനിർത്തിയത് ചക്ക കഴിച്ചെന്ന് കുഞ്ചൻ നമ്പ്യാർ.
ഭീമനൊക്കെ ചില്ലറയല്ലല്ലോ തീറ്റ.
"ചക്ക,ചോറും,കാളൻ കറിയും,ചക്ക ചകിണിയു-
മല്ലാതിക്കുഞ്ഞുങ്ങൾക്കേതുസുഖഭോജനമിക്കാലങ്ങളി,ലിതല്ലാതെ (ഹിഡിംബ വധം ) എന്നാണ് കുഞ്ചൻ സർ 🙏 പാടിയത്..
ഇന്നലെയല്ലേ യെവൻ നമ്മുടെ ഔദ്യോഗിക ഫലം ആയത്. പക്ഷെ എന്നേ ഇയാൾ തമിഴന്റെ ഔദ്യോഗിക ഫലമാണെന്ന് തെരിയുമാ?
ബംഗ്ലാദേശിന്റെ ദേശീയ ഫലവും മറ്റാരുമല്ല.
"കായേം ചേനേം മുമ്മാസം..
ചക്കേം മാങ്ങേo മുമ്മാസം..
താളും തകരേം മുമ്മാസ്സം..
അങ്ങനേം ഇങ്ങനേം മുമ്മാസ്സം" ഇതായിരുന്നു ഒരു കാലത്ത് മലയാളിയുടെ മൃത്യുഞ്ജയ മന്ത്രം....
"പ്ലാവ് നിറയെ ചക്ക,
വീട് നിറയെ കുട്ടികൾ". ചക്ക കഴിച്ചാൽ സന്താനോൽപ്പാദന ശേഷി കൂടുമെന്നും ചിലർ. എന്തേ ഇത് ജ്ജ് നേരത്തെ പറഞ്ഞില്ല്യ എന്ന് മറ്റ് ചിലർ..എങ്കിൽ ഒരു കൈ നോക്കാമായിരുന്നു പോലും ന്ന്... 🤣
പ്ലാവൊക്കെ എങ്ങനെ കൃഷി ചെയ്യണം, ചക്കയൊക്കെ എങ്ങനെ തിന്നണം എന്നൊക്കെ വിയറ്റ്നാമിനെയൊക്കെ കണ്ടു പഠിക്കണം. വിയറ്റ്നാമിൽ ചക്ക 'Tree Mutton 'എന്നർഥമുള്ള Gaach Patha ആണ്.
"ചക്കതിന്ന ചൊരുക്ക് തീർക്കാൻ ചക്കക്കുരു" എന്നാണല്ലോ ശ്ലോകൻ.
ചക്കക്കുരു ചുട്ടതും മെഴുക്കു പുരട്ടിയതും മല്ലുവിന് മഴക്കാലത്ത് ഊർജ്ജദായകമായ സ്നാക്സ് ആയിരുന്നു ഒരു കാലത്ത്. അക്കാലങ്ങളിൽ കിടപ്പു മുറികളിൽ ചിലപ്പോൾ വസന്തത്തിന്റെ ഇടിമുഴക്കവും ഉണ്ടായിരുന്നുവെന്ന് വിക്കി ലീക്സ്.
മുറിവ് പറ്റാത്ത ചക്കക്കുരു മൺ കുടത്തിലിട്ട് പഞ്ഞക്കർക്കിടകത്തിലേക്ക് കരുതി വയ്ക്കും.ഇന്നിപ്പോ ദിതൊക്കെ ആർക്ക് വേണം. ഞങ്ങൾക്ക് കുർകുറെയും ലേയ്സും ണ്ട്...
ചക്കക്കുരുവരച്ച് പാലിൽ ചേർത്ത് മുഖത്ത് പുട്ടിയിട്ടാൽ സൗന്ദര്യം വർധിക്കുമെന്നറിയാമോ ഉത്തമാ? ലാക്‌മേയുടെയും ലോറിയലിന്റെയും ലാബിന്റെ ബാക്കിൽ ചക്കക്കുരു തൊലി ഒരുപാട് കിടപ്പുണ്ട് എന്നാണ് മോസാദ് പറയുന്നത്.
ഇങ്ങനെയൊക്കെ നോക്കിയാൽ എന്റെ ചക്കേ..നീ തങ്കപ്പനല്ല , പൊന്നപ്പനാ....ഗോൾഡപ്പൻ..
വർഷം രണ്ടായിരം കോടിയുടെ ചക്ക പാഴാക്കുന്ന 'സാക്ഷര വിഡ്ഢി' യാണ് മലയാളിയെന്ന് ഞാൻ പറയില്ല. ഒരു വർഷം 50000 ടൺ പച്ചചക്ക വാളയാർ ചുരം കടന്നു പോകുന്നുവെന്നും ഞാൻ പറയില്ല. അതും പൂർണമായും ജൈവ രീതിയിൽ ഉൽപ്പാദിപ്പച്ചത്.
പകരം വിഷത്തിൽ അഞ്ചാറാടിയ പഴങ്ങളും പച്ചക്കറികളും ചുരം കടന്ന് വരുന്നു.തീന്മേശകളിൽ നിരക്കുന്നു. ബുദ്ധിമാൻ ആണത്രേ. ബുദ്ധിവുമൺ..
ചക്ക ഒന്നിന് മലയാളിക്ക് കിട്ടുന്നത് പത്തോ പതിനഞ്ചോ രൂപ മാത്രം. ജ്ജ് ബെണോങ്കിൽ ബെറുതെ ഇട്ടോണ്ട് പോ മോയന്തേ..എന്ന് പറയുന്നവരും ഇല്ലാധില്ലാധില്ല.
വളരെയധികം ഇന വൈവിധ്യമുള്ള വിളയാണ് ചക്ക.
വരിക്ക തന്നെ എത്ര തരം. കൂഴയിലുമുണ്ട് ഇനസമൃദ്ധി.
വലിപ്പത്തിലും ചുളയുടെ നിറത്തിലും, കട്ടിയിലും മണത്തിലും ഒക്കെ ഉള്ള വൈജാത്യങ്ങൾ.
തീരെ ചെറിയ രുദ്രാക്ഷ വരിക്ക, തേൻ വരിക്ക, മുട്ടം വരിക്ക, സിലോൺ വരിക്ക, ചെമ്പരത്തി വരിക്ക,സിന്ദൂരവരിയ്ക്ക, പാലൂർ,പാത്തമുട്ടം വരിക്ക,പേച്ചിപ്പാറ അങ്ങനെ നാടൻമാരും വിയറ്റ്നാം സൂപ്പർ ഏര്ളി, ഡാങ് സൂര്യ, അരക്കില്ലാത്ത ഗം ലെസ്സ്, സിദ്ദു, ശങ്കര, തായ്‌ലൻഡ് റെഡ്, J33,എവിയാർക് എന്നിങ്ങനെ രുചി രാജാക്കന്മാരുമൊക്കെയായി ജഗപൊഗയാണ് ഇപ്പോൾ.
ചക്ക മാത്രമല്ല തടിയിലും കൂടി ആണ് കണ്ണ് എങ്കിൽ ചക്കക്കുരു കിളിപ്പിച്ചു തന്നെ നടണം.
നടീൽ വസ്തുവുണ്ടാക്കാൻ മാതൃസസ്യം തെരെഞ്ഞെടുക്കുമ്പോൾ "ആദി, പാതി, ഞാലി, പീറ്റ" എന്നാണല്ലോ പഴമൊഴി.
പ്ലാവിൽ വർഷത്തിലെ ആദ്യചക്കയിൽ നിന്നും, തെങ്ങിൽ മധ്യമൂപ്പുള്ള അമ്മത്തെങ്ങിൽ നിന്നും,വെറ്റിലക്കൊടിയിലെ ഞാലി വള്ളികളും, കവുങ്ങിൽ ഏറെ പ്രായം ചെന്ന മരത്തിൽ നിന്നും വേണം വിത്ത് ശേഖരിക്കാൻ എന്നാണ് banana talk (പഴ മൊഴി )🤣
ഇനി ചക്കക്കുരു കുഴിച്ചിടുന്ന ആൾ അത് എങ്ങനെ ചെയ്യണം എന്നും ചക്ക ശാസ്ത്രത്തിൽ പറയുന്നുണ്ട്.
"എണ്ണ തേച്ച്
കുളിച്ച്,
വയറ് നിറച്ചുണ്ട്,
മുറുക്കി ചോപ്പിച്ച്,
കൊമ്പത്തെ ചക്കയുടെ കടയ്ക്കലെ കുരുവെടുത്ത് നടണം" എന്ന്.
മധുരം... ദീപ്തം.. ഭാവനാത്മകം ആഹാ......
ഇടുക്കി, വയനാട് പോലെയുള്ള ഉയർന്ന പ്രദേശങ്ങളിൽ വർഷത്തിൽ ഏതാണ്ട് ഒൻപതു മാസത്തോളം ചക്ക ലഭ്യമാകും. സമതലങ്ങളിൽ ജനുവരി മുതൽ ജൂലൈ വരെ ഒക്കെ കിട്ടും. പക്ഷെ മഴ തുടങ്ങിയാൽ ചക്കയുടെ രുചിയും മധുരവും കുറയും. മഴയ്ക്ക് മുൻപേ ചക്ക പാകമായാൽ രക്ഷപ്പെട്ടു. അപ്പോൾ മഴയ്ക്ക് മുൻപേ വിളവെടുക്കുന്ന ഇനങ്ങളും കൃഷി രീതിയും ശാസ്ത്രജ്ഞ്ഞർ കണ്ടെത്തണം, അവ കർഷകരെ പരിചയപ്പെടുത്തണം.
ഇനി അവസാന ചക്ക വിളവെടുക്കുമ്പോൾ, "കള്ളർക്കായിരം, വെള്ളർക്കായിരം, ഒടയോർക്ക് പന്തീരായിരം " എന്ന് പ്രാർത്ഥിക്കണമത്രേ.. കുറച്ച് ചക്ക പാവങ്ങളും കൊണ്ട് പൊയ്ക്കോട്ടീന്ന്..
എത്ര മനോഹരമായ പ്രാർത്ഥന. ലോകാ സമസ്താ സുഖിനോ ഭവന്തു പോലെ... വിശ്വം ഭവത്യേക നീഡം പോലെ... ശാന്തി... ശാന്തി...
ഇനി പ്ലാവിന്റെ കൃഷി രീതികളിലേക്ക് വരാം.
പ്ലാവ് ഒരു ട്രോപ്പിക്കൽ എവർഗ്രീൻ വൃക്ഷമാണ്.ആയതിനാൽത്തന്നെ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, കംബോഡിയ എന്നിവിടങ്ങളിൽ വ്യാപകമായി കൃഷി ചെയ്യുന്നു.
നല്ല വെയിലും നല്ല മഴയുമുണ്ടോ..ശറപറാ ചക്ക പിടിക്കും. ജൈവകൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ വിളയും മറ്റൊന്നല്ല.
തുറസ്സായ, സമൃദ്ധമായ സൂര്യ പ്രകാശം കിട്ടുന്ന സ്ഥലം തന്നെ വേണം തെരെഞ്ഞെടുക്കാൻ. അത് ഉറപ്പ് വരുത്താതെ, സമയത്ത് ചക്ക പിടിച്ചില്ലെങ്കിൽ വാങ്ങിയ തൈകളെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
പുതിയ ഇനങ്ങൾ(വിദേശ)ആണ് നടുന്നത് എങ്കിൽ 6mx6m
അകലത്തിൽ (ഏകദേശം ഒരു സെന്റിൽ ഒരു പ്ലാവ് )നടണം. മൂന്നടി നീളം, വീതി, ആഴമുള്ള കുഴികൾ എടുത്ത്, മേൽമണ്ണുംചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചകിരിചോറ് കമ്പോസ്റ്റ് എന്നിവയും ചേർത്ത് തിരികെ കുഴികളിൽ നിക്ഷേപിച്ച്, കുഴി മൂടി, അതിൽ ഒരു പിള്ളക്കുഴി എടുത്തു തന്നെ വേണം തൈകൾ നടാൻ.
Well Begun... Half Done. നന്നായി തുടങ്ങിയാൽ പകുതി വിജയിച്ചു. ഇനി മറ്റൊരു രീതിയിൽ പറഞ്ഞാൽ മോശമായി തുടങ്ങിയാൽ പകുതി തോറ്റു എന്നർത്ഥം.
വെള്ളം കെട്ടി നിൽക്കരുത് ചെടിച്ചുവട്ടിൽ.
മഴക്കാലം കഴിഞ്ഞാൽ തടം വിസ്താരത്തിൽ തുറന്ന് നല്ല വണ്ണം കരിയിലകൾ കൊണ്ട് പുതയിടണം.
വേനലിൽ മിതമായി നനയ്ക്കണം .
വിയറ്റ്നാം ഏർളി പോലെ ഉള്ള ഇനങ്ങൾ ഒന്നര കൊല്ലം കൊണ്ട് തന്നെ കായ്ച്ചു തുടങ്ങും.
സിലോൺ വരിക്കയും നേരത്തെ കായ്ക്കുന്ന ഇനമാണ്.
എങ്കിലും ചെടിയുടെ ആരോഗ്യം പ്രമാണിച്ച്, മൂന്നു കൊല്ലത്തിനു ശേഷം അവയെ കായ്ക്കാൻ വിടുന്നതാണ് ഉത്തമം. അല്ലെങ്കിൽ ചെടിയുടെ ശേഷിയനുസരിച്ച് ചക്കകളുടെ എണ്ണം കുറയ്ക്കണം.ഒരു ഞെട്ടിൽ (തുടുപ്പിൽ) ഒരു ചക്ക മാത്രം നിർത്തി ബാക്കിയുള്ളവ ഇടിച്ചക്കയായി വിളവെടുക്കണം.
വലിയ കീട -രോഗങ്ങളൊന്നും പ്ലാവിന് പണ്ടില്ല. പക്ഷേ കൃഷി വ്യാപകമായതോതോടെ പുതിയ അവരാതങ്ങൾ സോറി അവതാരങ്ങൾ വന്ന് തുടങ്ങിയിട്ടുണ്ട്.തണ്ട് തുരക്കുന്ന വണ്ടുകളെ പ്രത്യേകം ശ്രദ്ധിക്കണം. കായ്കൾക്ക് ഫംഗസ് മൂലമുള്ള അഴുകലും കണ്ടു തുടങ്ങിയിട്ടുണ്ട്. വാട്ടരോഗവും.
7-15 കൊല്ലം പ്രായമുള്ള പ്ലാവുകൾ 50 ചക്കയോളം തരും, കൃത്യമായ പരിചരണം ഉണ്ടെങ്കിൽ.
ശിഖരങ്ങൾ മുറിച്ചു നിർത്തുന്നത് പ്ലാവിൽ വ്യാപകമല്ല. എങ്കിലും തടികളിൽ സൂര്യപ്രകാശം നന്നായി പതിയത്തക്ക രീതിയിൽ ശിഖരങ്ങൾ ക്രമീകരിക്കുന്നത് കൂടുതൽ വിളവ് കിട്ടാൻ സഹായകം.
നട്ട് ഓരോകൊല്ലവും വർഷത്തിൽ 75 ഗ്രാം വീതം നൈട്രജൻ, 60ഗ്രാം ഫോസ്ഫറസ്, 50ഗ്രാം പൊട്ടാസ്യം എന്നിവ കിട്ടത്തക്ക രീതിയിൽ വർഷത്തിൽ ഒന്നോ രണ്ടോ തവണകളായി വളം കൊടുക്കാം
അങ്ങനെ 8 കൊല്ലം കഴിഞ്ഞാൽ 600ഗ്രാം നൈട്രജൻ, 480ഗ്രാം ഫോസ്ഫറസ്, 400ഗ്രാം പൊട്ടാസ്യം എന്നിവ കിട്ടത്തക്ക രീതിയിൽ തുടർന്നങ്ങോട്ട് എല്ലാക്കൊല്ലവും വളം നൽകാം. കായ്കൾ വെടിച്ചു കീറുന്നുവെങ്കിൽ(Fruit cracking ) വർഷത്തിൽ ഒരിക്കൽ 50-100ഗ്രാം ബോറാക്സും നൽകാം. ഒപ്പം 50 കിലോ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിയും അതിന്റെ തന്നെ കരിയിലകളും പുതയായി നൽകാം.
വാൽകഷ്ണം : ഇനിയും നല്ലൊരു പ്ലാവ് വച്ച് പിടിപ്പിക്കാത്തവർ ഉണ്ടെങ്കിൽ ബ്ലീസ്.. ഇപ്പോൾ തന്നെ ഒരെണ്ണം വയ്ക്കുക. ദാ തിരുവാതിര ഞാറ്റുവേല തീരാൻ പോകുന്നു.
..ന്നാൽ അങ്ങട്...
✍️ പ്രമോദ് മാധവൻ