മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ഇളംചുണ്ടുകള്‍ എന്ന കവിത വായിച്ചിട്ടുണ്ടോ?
ഇല്ലെങ്കിൽ വായിച്ചോളൂ....
"വിത്തിന്നകത്തൊളിച്ചീ ഞാന്‍
വിരിമാറത്തുറങ്ങവേ
എല്ലാര്‍ക്കുമമ്മയാം ഭൂമി
എന്നെ രക്ഷിച്ചിതാദ്യമായ്
വെയിലാലന്നെനിക്കേകീ
വേണ്ട ചൂടു ദിവാകരന്‍
കാലക്കേടേതുമോരാതെ
കഴിഞ്ഞൂ പല നാളുകള്‍
വേനല്‍ക്കാലം കഴിഞ്ഞാര്‍ത്തു
വേഗമെത്തിയ കാര്‍മുകില്‍
വിട്ട നീര്‍ത്തുള്ളി വന്നെന്നെ
വിളിച്ചൂ മധുരസ്വരം:
“പൂഴിപ്പുതപ്പുടന്‍ മാറ്റി-
പ്പുറപ്പെടുക സോദരാ,
വെളിക്കു കാത്തു നില്‍ക്കുന്നൂ
വെളിച്ച, മെഴുനേല്‍ക്കുക."
മണ്ണിൽ പെട്ടുപോയ ഒരു വിത്ത് മുള പൊട്ടുന്ന രംഗത്തിന്റെ കവി ഭാവനയാണിത്.
ഈ ചിത്രം കണ്ടിട്ട് മനസ്സിലായോ? പ്രിയ സുഹൃത്തും കർഷകനും ഫോട്ടോ ഗ്രാഫറും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനുമായ നെടുമങ്ങാട് കാരൻ ബൈജു ചന്ദ്രൻ, തന്റെ മൊബൈൽ ക്യാമറയിൽ ഒപ്പിയെടുത്ത ചിത്രമാണിത്.
ഒരു കാബേജ് വിത്ത് മുളപൊട്ടുന്ന രംഗമാണിത്.
ഒരു വിത്ത് മുളയ്ക്കുമ്പോൾ ആദ്യം പുറത്ത് വരുന്നത് Radicle എന്ന വേര് ഭാഗമാണ്. പിന്നീടാണ് Plumule എന്ന കാണ്ഡഭാഗം (Stem ) പുറത്ത് വരുന്നത്. എത്ര ഉത്സാഹത്തോടെയാണ് ആ radicle ഭാഗത്ത് നിന്നും മൂലലോമങ്ങൾ അഥവാ root hairs ഉണ്ടാകുന്നത് എന്ന് നോക്കൂ.. നല്ല വിത്താണെങ്കിൽ അതിന് മുകളിൽ മണ്ണ് വീണില്ലെങ്കിൽ പോലും വിത്തുകൾ മുളയ്ക്കുമെന്ന് നമുക്കറിയാം.
എന്തായാലും ഇത് ഒരപൂർവ്വ മനോഹര ചിത്രം തന്നെ...
എന്നാൽപ്പിന്നെ കവിയുടെ ബാക്കി വരികൾ കൂടി പങ്ക് വച്ചുകൊണ്ട് നിർത്താം...
"നവരത്നങ്ങളാല്‍ തീര്‍ത്ത
നല്ല കാവടി പോലതാ
വാനില്‍ കാര്‍വില്ലു കാണുന്നു
വരൂ, വൈകരുതല്‍പവും.”
തണുത്ത ചുണ്ടാല്‍ ചുംബിക്കെ-
ത്താണു നീര്‍ത്തുള്ളിയെന്റെ മേല്‍.
ഉണര്‍ന്നു തല പൊക്കി ഞാന്‍
ഉത്സാഹത്തോടു കൂടവേ.
തളിരാലമ്മ താന്‍ തുന്നി-
ത്തന്ന ചെമ്പട്ടുടുപ്പുമായ്
പുറപ്പെട്ടോരെന്നെ നോക്കി-
പ്പുഞ്ചിരിക്കൊണ്ടു കുട്ടികള്‍.
തടവീ കൊച്ചുകാറ്റെന്നെ-
ത്താവും സ്നേഹമുദിക്കയാല്‍.
പാരിടം കണ്ടു ഞാന്‍ നാലു-
പാടുമെത്ര മനോഹരം!"
✍️പ്രമോദ് മാധവൻ
പടം കടം :ശ്രീ ബൈജു ചന്ദ്രൻ