ഈച്ച കുത്താതെ ഒരു മാങ്ങാ കിട്ടാൻ.....| പ്രമോദ് മാധവൻ

 ലോകത്തിലെ ഏറ്റവും വലിയ മാങ്ങാ ഉത്പാദകനായ ഇന്ത്യയിൽ തന്നെയാണ് ഏറ്റവും കൂടുതൽ മാങ്ങാ നശിപ്പിച്ചു കളയുന്നതും.




 നമ്മുടെ പഴങ്ങളുടെ ഉത്പാദനത്തിന്റെ 25-30 ശതമാനം പല കാരണങ്ങൾ കൊണ്ടും നശിച്ചു പോകുകയാണ്. മരങ്ങളിൽ നിന്നും കിളി കൊത്തിയും വിളവെടുക്കുമ്പോൾ മുറിവുകൾ പറ്റി പിന്നീട് ഫംഗസ് ബാധ വന്നുമൊക്കെ.


 നമ്മുടെ വീട്ടുവളപ്പുകളിൽ കുത്തനെ മേലോട്ട് പോയി നിറയെ മാങ്ങകളുമായി നിൽക്കുന്ന മുത്തശ്ശിമാവുകളിൽ നിന്നെല്ലാം വലിയ തോതിൽ മാങ്ങ നഷ്ടപ്പെട്ടു പോകുന്നു. 


ഇങ്ങനെ മാങ്ങകളെ കേടാക്കുന്ന കീടങ്ങളിൽ പ്രധാനിയാണ് കായീച്ച അഥവാ Mango Fruit Fly. 


Diptera എന്ന Order ൽ Tephritidae എന്ന കീടകുടുംബത്തിൽപ്പെട്ട തേനീച്ചകളെ അനുസ്മരിപ്പിക്കുന്ന ഈ പ്രാണികൾ നമ്മുടെ മാങ്ങാ വ്യവസായത്തിന് വരുത്തിവയ്ക്കുന്ന വിനകൾ ചെറുതല്ല. ശരാശരി 20-40 ശതമാനം വരെ മാങ്ങകൾ  ഈയൊരൊറ്റ കുഞ്ഞൻ കീടത്തിന് മുന്നിൽ അടിയറവ് പറയുന്നു. ചില സമയങ്ങളിൽ 90 ശതമാനം വരെ നഷ്ടം ഉണ്ടാകുന്നു.


പറക്കാൻ സഹായിക്കുന്ന രണ്ട് വലിയ ചിറകുകളും പറക്കലിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന കുഞ്ഞിചിറകുകൾ രൂപാന്തരം പ്രാപിച്ച halters എന്ന അവയവവും ഇവയ്ക്കുണ്ട്. 


വളർച്ചയിൽ നാല് പ്രധാന ഘട്ടങ്ങൾ. അമ്മയീച്ച തന്റെ പിൻഭാഗത്തുള്ള കുന്തം പോലെയുള്ള ovipositor ഉപയോഗിച്ച്  പാകമായി വരുന്ന മാങ്ങയുടെ തൊലിയ്ക്കടിയിൽ മുട്ടകൾ തറച്ചു വയ്ക്കുന്നു. തമാശയ്ക്ക് ഒരു കീടവും മുട്ടയിടാറില്ല. അത് വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്ത് വരാൻ ഏറ്റവും സുരക്ഷിതമായ രീതിയിൽ അവ ആ പ്രവൃത്തി ചെയ്യും. കുത്ത് കിട്ടിയ ഭാഗത്ത്‌ ഒരു അടയാളം ഉണ്ടാകും. ചിലപ്പോൾ ഒരു കുഞ്ഞ് തുള്ളി പശ അവിടെ തുളിച്ചുനിൽക്കും.


രണ്ട് ദിവസത്തിനുള്ളിൽ മുട്ടകൾ തൊലിയ്ക്കടിയിലെ ചൂട് കൊണ്ട് വിരിയും. കുഞ്ഞ് പുഴുക്കൾ (Maggots ) പുറത്ത് വരും. പിന്നെ ഒരെട്ട് പത്ത് ദിവസം പുഴുക്കൾ രുചികരമായ മാങ്ങാ പൾപ്പ് കഴിക്കും.ഈ സമയത്ത് മാങ്ങയുടെ ആ ഭാഗം കേടായ ലക്ഷണങ്ങൾ അല്ലെങ്കിൽ പഴുത്തത് പോലെയുള്ള അടയാളങ്ങൾ കാണിക്കും. 


ഇനി അടുത്ത ഘട്ടം അതായത് Pupation നടക്കണം. ഇത് മാങ്ങയുടെ ഉള്ളിൽ നടക്കില്ല. പുഴുക്കൾക്ക് മാങ്ങയിൽ നിന്നും പുറത്ത് വരണം. അപ്പോൾ ഒന്നുകിൽ മാങ്ങാ അടർന്നു വീഴും. വീഴ്ചയിൽ മാങ്ങ പൊട്ടിക്കീറി പുഴുക്കൾ പുറത്ത് വരും. ഇളക്കമുള്ള മണ്ണിലേക്ക് 8-10 cm കയറി അവിടെ സമാധിയറ ഉണ്ടാക്കി വീണ്ടും ഒരാഴ്ച. അത് കഴിഞ്ഞ് ഈച്ചയായി പുറത്ത് വരും.


 പിന്നെ ആരും തല്ലിക്കൊന്നില്ലെങ്കിൽ/കെണിയിൽ പെടുത്തിയില്ലെങ്കിൽ ഒന്നര മാസം ജീവിയ്ക്കും. നൂറ് കണക്കിന് മാങ്ങകളെ ഭക്ഷണയോഗ്യമല്ലാതാക്കിയ സംതൃപ്തിയോടെ, കുറേ ഉണ്ണികളെ ഉണ്ടാക്കിയ സന്തോഷത്തോടെ അവർ വിട പറയും. അടുത്ത തലമുറ അപ്പോഴേക്കും ചെങ്കോലും പടവാളും ഏറ്റെടുക്കും. ഇങ്ങനെ 20-25 ദിവസം കൊണ്ട് ഒരു തലമുറ പൂർത്തിയാകുന്ന കായീച്ചകൾ ഒരു മാമ്പഴക്കാലത്ത് രണ്ടോ മൂന്നോ തലമുറയെ ഉത്പാദിപ്പിക്കും. ആയതിനാൽ ഇവയുടെ നിയന്ത്രണം വളരെ ദുഷ്കരവും.


എന്താണ് പ്രതിവിധി? 


ആളറിഞ്ഞ് കളിയ്ക്കണം.


1. മാങ്ങകൾ അരപ്പരുവം ആകുമ്പോൾ തന്നെ ദ്വാരമിട്ട പ്ലാസ്റ്റിക് /പേപ്പർ കവറുകൾ കൊണ്ട് പൊതിയണം. Stapler അടിച്ചു നിർത്തണം.കൈപ്പൊക്കത്തിൽ ഉള്ള മാങ്ങകളെ ഇങ്ങനെ സംരക്ഷിക്കണം 


2. മാങ്ങ,  മുക്കാൽ പരുവം എത്തുമ്പോൾ തന്നെ ഒരു ഏക്കറിന് 10 എന്ന കണക്കിൽ ഫിറമോൺ കെണികൾ തൂക്കിയിടണം. അതിൽ ആണീച്ചകൾ കൂട്ടമായി വന്ന് വീഴും. ഇണ ചേരാൻ ആണില്ലെങ്കിൽ വിരിയുന്ന മുട്ടകൾ ഉണ്ടാകില്ല.


3. മാങ്ങകൾ കൃത്യമായി നിരീക്ഷിക്കണം.ഫിറമോൺ കെണിയിൽ വീഴുന്ന ഈച്ചകളുടെ count ഒരു സൂചനയാണ്. മാവിന്റെ ചുവട് ഭാഗം വൃത്തിയാക്കിയിടണം. കേടായി വീഴുന്ന ഓരോ മാങ്ങയും പെറുക്കി കീറി ചൂട് വെള്ളത്തിലിട്ട് പുഴുക്കളെ കൊല്ലണം. എന്നിട്ട് മാത്രം അത് എവിടെയെങ്കിലും ആഴത്തിൽ കുഴിച്ചിടണം. വീഴുന്ന ഓരോ മാങ്ങായിലും പുഴുക്കൾ ഉണ്ടെന്നും അവ മണ്ണിൽ pupate ചെയ്ത് ഈച്ചകൾ പുറത്ത് വന്നും വീണ്ടും മറ്റേപ്പണി ചെയ്യുമെന്നും കർഷകൻ മനസ്സിലാക്കണം.


4. മാവിന്റെ ചുവട്ടിലെ മണ്ണ് ചെറുതായി കിളച്ച്, കുമ്മായം, പൊടിച്ച വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് കൊടുക്കുന്നത് മണ്ണിലെത്തുന്ന പുഴുക്കൾക്ക് മുട്ടൻ പണി കൊടുക്കും. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് Chlorpyriphos എന്ന മരുന്ന് ഒരു ലിറ്റർ വെള്ളത്തിൽ 2.5 മില്ലി ചേർത്ത് മണ്ണ് കുതിർത്തു കൊടുക്കാം.


5. Methyl Eugenol (അൻപത് മില്ലിയ്ക്ക് നാനൂറു രൂപയോളം വരും ) ഒരു ലിറ്റർ വെള്ളത്തിൽ ഒരു മില്ലിയും രണ്ട് മില്ലി കരാട്ടെയും ചേർത്തിളക്കി 10 ml വിതം ചിരട്ടകളിൽ കെട്ടിതൂക്കിയിട്ടാൽ കുറെയീച്ചകൾ അതിൽ ആകൃഷ്ടരായി, നുണഞ്ഞ് യമലോകം പൂകും.


6. കറങ്ങി നടക്കുന്ന ഈച്ചകൾ വിശ്രമിക്കാനായി ഇലകളിൽ വന്നിരിക്കും. മാങ്ങാ മുക്കാൽ പരുവം ആകുമ്പോൾ ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് മില്ലി Malathion മരുന്നും 10 ഗ്രാം ശർക്കരയും ചേർത്ത് മാവിന്റെ ശിഖരങ്ങളിൽ തളിയ്ക്കാം. രണ്ടാഴ്ച കൂടുമ്പോൾ ആവർത്തിയ്ക്കാം.


7. മാങ്ങാ അല്പം നേരത്തെ തന്നെ വിളവെടുക്കുന്നത് കുത്ത് കിട്ടാതിരിക്കാൻ സഹായിക്കും.


8. വിളവെടുത്ത മാങ്ങാകൾ 47 ഡിഗ്രി ചൂടുള്ള വെള്ളത്തിൽ പതിനഞ്ച് മിനിറ്റ് മുക്കിയിട്ട്, പുറത്തെടുത്ത് നന്നായി തുടച്ച് പഴുപ്പിക്കാൻ വയ്ക്കാം. ആ ചൂടിൽ തൊലിയ്ക്കടിയിൽ ഉള്ള മുട്ടകൾ sterile ആകും. ചൂട് കൂടിപോയാൽപ്പിന്നെ മാമ്പഴപ്പുളിശേരി ആക്കുന്നതിനെ ക്കുറിച്ച് ചിന്തിക്കാം. 😂


അപ്പോൾ, മരുന്നടിയ്ക്കാതെ മാമ്പഴം തിന്നണം എങ്കിൽ സ്വന്തമായിത്തന്നെ ഉണ്ടാക്കണം എന്ന് മനസ്സിലായല്ലോ. ദ്വാരമിട്ട കവറുകൾ കൊണ്ട് അരമാങ്ങാ പരുവത്തിൽ പൊതിയുന്നത് തന്നെയാണ് ഏറ്റവും നല്ല മാർഗം.


വാൽക്കഷ്ണം : വാണിജ്യാടിസ്ഥാനത്തിൽ മാവ് കൃഷി ചെയ്യുമ്പോൾ പൊതിയാനും ഫിറമോൺ കെണികൾ വയ്ക്കാനും ഒന്നും ആരും മെനക്കെടില്ല രമണാ.. 


അവിടെ ഒറ്റവഴിയേ ഉള്ളൂ. നല്ല പവർ സ്പ്രയർ ഉപയോഗിച്ച് മരുന്ന് spray ചെയ്യുക. നിങ്ങൾ യോജിച്ചാലും ഇല്ലെങ്കിലും അതാണ്‌ കരണീയം. 


ഈച്ച കുത്തിയ മാങ്ങാ കയറ്റുമതി ചെയ്യാൻ കഴിയില്ല. ഓരോ മാങ്ങയും ശ്രദ്ധയോടെ പരിശോധിച്ച്, ഗ്രേഡ് ചെയ്ത്, അത് Vapour Heat Treatment, Forced Hot Air Treatment, Hot Water Immersion Treatment പോലെയുള്ള രീതികളുപയോഗിച്ച് മാങ്ങയിലെ മുട്ടകളെ നശിപ്പിച്ചാൽ മാത്രമേ കയറ്റുമതി നടക്കുകയുള്ളൂ. അതിനായി പ്രത്യേകം Pack House കളും സംവിധാനവും എക്സ്പോർട്ടർമാർക്കുണ്ട്.ആർക്കെങ്കിലും അതിന് താല്പര്യമുണ്ടെങ്കിൽ State Horticulture Mission നുമായി ബന്ധപ്പെടാം.


കായീച്ചയ്ക്ക് മാങ്ങാ തിന്നണം, നമുക്കും മാങ്ങാ തിന്നണം. ഇതിൽ ആരാണോ സ്മാർട്ട്‌ അവർക്ക് മാങ്ങാ തിന്നാം.ത്രന്നെ...


മാവ് വളർത്തുമ്പോൾ ചെറുതിലെ തന്നെ ധാരാളം ശിഖരങ്ങൾ ഉണ്ടാകാത്തക്ക തരത്തിൽ പ്രൂൺ ചെയ്ത് വളർത്തണം എന്ന് പറയുന്നത് ഇത്തരം കാര്യങ്ങൾ കൊണ്ടാണ്. മരുന്നടിയ്ക്കാനും കവർ ഇടാനുമൊക്കെ അതാണ് സൗകര്യം.


 കാര്യങ്ങൾ പിടികിട്ടിയ സ്ഥിതിയ്ക്ക് എഴീച്ചു പോയി പത്ത് മാങ്ങയ്ക്ക് കവറിടാൻ നോക്ക് പിള്ളേ... ഇല്ലെങ്കിൽ നമുക്ക് കടയിൽ നിന്നും വാങ്ങുന്നത് കൊണ്ട് തൃപ്തിയടയാം 


✍️പ്രമോദ് മാധവൻ 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section