ഒരു തേങ്ങാക്കുലയിൽ പത്ത് തേങ്ങാ... വർഷം നൂറെണ്ണം... ന്താ.. നോക്കുന്നോ?
തോട്ടവിളയായ നാളീകേരം കേരളത്തിൽ തോറ്റവിളയായി എന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
പണ്ട് വീടുകളിൽ വലിയ പൈസ ആവശ്യമുള്ള വാങ്ങലുകൾ ഒക്കെ വരുമ്പോൾ "തേങ്ങാ ബിറ്റിട്ട് മാങ്ങാ"മെന്നതായിരുന്നു അവസ്ഥ.
തേങ്ങയ്ക്ക് സുശക്തമായ ഒരു supply chain (വിതരണ ശ്രിംഖല ) ഉണ്ടായിരുന്നു. കൃത്യമായ സമയത്ത് തേങ്ങയിടാൻ മൂപ്പർ വരും. തേങ്ങായിടും. മണ്ട വൃത്തിയാക്കും. മടലിൽ നിന്നും വഴുതി മാറിയ തേങ്ങാക്കുലയ്ക്ക് മറ്റൊരു മടൽ വെട്ടി താങ്ങു കൊടുക്കും. കള്ളന്മാർ കയറുന്ന ശീലമുള്ള തെങ്ങിൽ ഓലയും മുള്ളും ചേർത്ത് പൊത്തും. കാരണം തെങ്ങ് നില നിൽക്കേണ്ടതും കൂടുതൽ തേങ്ങാ പിടിയ്ക്കേണ്ടതും ഉടമയുടേത് പോലെ തന്നെ മൂപ്പരുടെയും കൂടി ആവശ്യമായിരുന്നു. ആരോഗ്യകരമായ ഒരു ബന്ധവും സഹവർത്തിത്വവും ( co-existence) അവരുടെ ഇടയിൽ ഉണ്ടായിരുന്നു. Win -Win Situation ആയിരുന്നു.
തേങ്ങാ ഇട്ടു എന്നറിഞ്ഞാൽ നാട്ടിലെ കച്ചവടക്കാരൻ എത്തും. തേങ്ങാ കുലുക്കി നോക്കി, മോശം തേങ്ങാ തിരിഞ്ഞ് മാറ്റി, എണ്ണം പറഞ്ഞു പൈസ നൽകി തേങ്ങാ കൊണ്ട് പോകും. അത് പിന്നെ കൊപ്രയാക്കാനോ വടക്കേ ഇന്ത്യയിലേക്കോ ഒക്കെ പ്പോകുമായിരിക്കും.
അങ്ങനെയൊരു കാലം.
ഓണത്തിനും വിഷുവിനും ഒക്കെ മൂപ്പർക്ക് വീടുകളിൽ നിന്നും കൈനീട്ടം ലഭിക്കും. അവരുടെ വീടുകളിലെ പ്രധാന ചടങ്ങുകളിലൊക്കെ ഉടമയും പങ്കെടുക്കും.
ഇന്ന് കേരളത്തിലെ സാമൂഹ്യസാഹചര്യങ്ങൾ ഒക്കെ മാറി. പരമ്പരാഗത തൊഴിലുകൾ ചെയ്തിരുന്ന സമുദായങ്ങൾ ഒക്കെ സാമൂഹ്യമായി ഉന്നതിയിലെത്തി. ഇതര സംസ്ഥാനക്കാരും വിവിധ ജാതി മതങ്ങളിൽപ്പെട്ടവരും തേങ്ങയിടാൻ തുടങ്ങി. പക്ഷേ അവർക്കൊന്നും തന്നെ പണ്ടുള്ളവർ ചെയ്ത ആത്മാർത്ഥതയുടെയോ നൈപുണ്യത്തോടെയോ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നില്ല. മൂപ്പെത്തിയ തേങ്ങാക്കുല പോലും തിരിച്ചറിഞ്ഞു വെട്ടിയിടാൻ അവർക്ക് പലപ്പോഴും കഴിയാറില്ല. മണ്ട വൃത്തിയാക്കലും തേങ്ങാക്കുലയ്ക്ക് താങ്ങ് കൊടുക്കലും ഒന്നും ഇല്ലേയില്ല. കൂലിയോ അങ്ങേയറ്റത്തെയും. "നൈസ് പണിയും കട്ടിച്ചാപ്പാടും" എന്നതാണ് അവസ്ഥ.
പക്ഷെ ഈ കാര്യങ്ങൾ ഒന്നും തനിയെ ഭൂവുടമയ്ക്ക് ചെയ്യാനും കഴിയില്ല. അഞ്ഞൂറ് കിലോ മീറ്റർ പൊക്കത്തിൽ ബഹിരാകാശത്ത് അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള ശാസ്ത്രസമൂഹത്തിന് 10-15 മീറ്റർ പൊക്കത്തിലുള്ള തെങ്ങിൽ നിന്നും തേങ്ങായിടാനോ മരുന്നടിയ്ക്കാനോ ഉള്ള യന്ത്രങ്ങൾ രൂപകല്പന ചെയ്യാനും കഴിഞ്ഞില്ല. കർഷകരുടെ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ?
തേങ്ങാ തോറ്റവിളയായതിന്റെ കാരണങ്ങൾ ഇതൊക്കെത്തന്നെ.
ഇനി കർഷകന്റെ മനോഭാവം എന്താണ് എന്ന് കാണാതെ പോകുന്നതും ശരിയല്ല.
വില കുറയുമ്പോൾ സർക്കാരിനെ തെറി വിളിക്കും. വില കൂടുമ്പോൾ 'വില കൂടിയിട്ട് എന്താ കാര്യം, തെങ്ങിന്റെ മണ്ടയിൽ ഒന്നുമില്ലല്ലോ എന്ന പല്ലവിയും. "മണ്ടയിൽ വല്ലതും ഉണ്ടാകണമെങ്കിൽ മൂട്ടിൽ വല്ലതും കൊടുക്കണമല്ലോ".
ഒരു തെങ്ങിന്റെ ശാരീരിക ആവശ്യങ്ങൾ കണ്ടറിഞ്ഞു വളം ചെയ്യുന്നവർ ആയിരത്തിൽ ഒന്നോ രണ്ടോ മാത്രം. അത് കൊണ്ട് തന്നെ നാട്ടിൽ ചിലരുടെ തെങ്ങിന്റെ മണ്ടയിൽ തേങ്ങാ കൂടുതൽ കാണാം. സാങ്കേതിക വിദ്യയുടെ അഭാവമല്ല പ്രശ്നം, അവയുടെ adoption ഇല്ല എന്നതാണ് വിഷയം. അതിന് പഴി കൃഷി വകുപ്പും കേൾക്കണം. നേട്ടങ്ങൾക്കുള്ള കയ്യടി പോലെതന്നെ കോട്ടങ്ങൾക്കുള്ള കരണത്തടി കൂടി വകുപ്പ് സമഭാവനയോടെ ഉൾക്കൊള്ളണം രമണാ....
കൃഷിവകുപ്പ്, കേര ഗ്രാമം, കേരരക്ഷാവാരം എന്നൊക്കെയുള്ള പരിപാടികളിലൂടെ ചില്ലറ ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും അതൊന്നും തന്നെ ഉത്പാദന ക്ഷമത ഉയർത്താൻ പര്യാപ്തമാകുന്നില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ "അന്ത്യോദയം"(സാങ്കേതിക വിദ്യ അവസാനത്തെ കർഷകനിലും എത്തുന്ന അവസ്ഥ ) നടക്കുന്നില്ല. അല്ലെങ്കിൽ കൃഷി വകുപ്പ് പറയുന്നത് കേൾക്കാൻ 'അവസാനത്തെ കർഷകൻ' മനസ്സ് കാണിക്കുന്നില്ല.
തെങ്ങ് നിത്യഗർഭിണി ആണ് എന്നത് കർഷകൻ മനസ്സിലാക്കുന്നില്ല. ഓരോ മാസവും തെങ്ങിന്റെ മണ്ടയിൽ ഒരു കൂമ്പ് പിറവിയെടുക്കുന്നുണ്ട്. അതിന്റെ തുടക്കഘട്ടത്തിൽ തന്നെ അതിൽ എത്ര ആൺപൂക്കൾ ഉണ്ടാകണം എന്നും എത്ര പെൺ പൂക്കൾ (വെള്ളയ്ക്കകൾ, മച്ചിങ്ങകൾ ) ഉണ്ടാകണം എന്ന് തീരുമാനിക്കപ്പെടുന്നുണ്ട്. അത് ആ തെങ്ങിന് തൻമാസത്തിൽ കിട്ടിയ വെള്ളം, വെളിച്ചം, വളം, മറ്റ് പരിപാലനം എന്നിവയെ ആശ്രയിച്ചായിരിക്കും എന്ന കാര്യത്തിൽ തർക്കമുണ്ടോ?
"നല്ല തെങ്ങിന് നാല്പത് മടൽ" എന്നാൽ നാല്പത് സോളർ പാനലുകളാണ്. അവ പിടിച്ചു വയ്ക്കുന്ന സൂര്യപ്രകാശമാണ് തെങ്ങിന്റെ അടുക്കളയിലെ ഇന്ധനം. സ്റ്റോർ റൂമിൽ അരിയും പല വ്യഞ്ജനങ്ങളും ഇരുന്നാൽ മാത്രം ഭക്ഷണം ആകില്ല. അത് പാകം ചെയ്യാൻ ഇന്ധനവും വേണം. ചെടികൾക്ക് വെയിലിന്റെ ആവശ്യത്തെ ക്കുറിച്ച് വിസ്തരിക്കേണ്ടല്ലോ?
നന്നായി പരിചരിയ്ക്കുന്ന തെങ്ങിൽ മാസത്തിൽ ഒരു ഓല, ഒരു പൂങ്കുല എന്ന കണക്കിനാണ് ഉത്പാദനം. (കുള്ളൻ തെങ്ങുകളിൽ മൂന്ന് മാസത്തിൽ നാല് ഓല വരെ ഉണ്ടാകുന്നതായി നിരീക്ഷിച്ചിട്ടുണ്ട് ).
അപ്പോൾ കൂടുതൽ തേങ്ങാ പിടിയ്ക്കണമെങ്കിൽ തെങ്ങിന് കൂടുതൽ ഓലകൾ ഉണ്ടാകണം. അത് കൊണ്ടാണ് തെങ്ങ് നട്ട് കഴിഞ്ഞാൽ മൂന്നാം മാസം മുതൽ ശാസ്ത്രീയമായ വളപ്രയോഗം തുടങ്ങണം എന്ന് പറയുന്നത്.
ശാസ്ത്രീയ വള പ്രയോഗം എന്നാൽ മണ്ണിന്റെ അമ്ലത ക്രമീകരിച്ച്, മണ്ണിന്റെ ഭൗതിക -ജൈവ ഗുണങ്ങൾ മെച്ചപ്പെടുത്താനുള്ള ജൈവവളങ്ങൾ അളവിൽ കൂട്ടി കൊടുത്ത്, അതിന്റെ എല്ലാ ഭാഗങ്ങളും ഒരുപോലെ വികസിക്കാനാവശ്യമായ NPK, Ca Mg S എന്നിവയോടൊപ്പം Cl, Zn, B എന്നിവ കിട്ടാൻ വേണ്ട വളങ്ങളും കടയ്ക്കൽ കൊടുക്കണം. "കടയ്ക്കൽ വളം കൊടുത്താലേ തലയ്ക്കൽ വിളവുണ്ടാകൂ".. അല്ലാതെ കാഡ്ബറിസ് ചോക്ലേറ്റിന്റെ പരസ്യത്തിലെപ്പോലെ ഒന്നും ചെയ്യാതെ ഇരുന്നാൽ കിട്ടുന്നതും വിളവെടുത്ത് കഴിയാം. പക്ഷേ തെങ്ങ് "Thanks for doing nothing "എന്ന് പറയും എന്ന് കരുതരുത്.
ആയതിനാൽ ഈ വർഷം ഏപ്രിൽ മാസം മുതൽ എന്ത് വില കൊടുത്തും അവരവരുടെ തെങ്ങിന് ഒരു സംയോജിത വള പരിപാലനം ചെയ്ത് തുടങ്ങും "എന്ന് കർഷകർ തീരുമാനിയ്ക്കുമോ? അങ്ങനെ എങ്കിൽ ഈ പോസ്റ്റ് ലൈക് ചെയ്യാം.
എങ്കിൽ അടുത്ത പോസ്റ്റിൽ തെങ്ങിന്റെ കൃത്യമായ വളപ്രയോഗരീതി വിശദീകരിക്കാം.
പ്രമോദ് മാധവൻ