ചേന നട്ടാൽ ചേതമില്ല.. നട്ടാലേ നേട്ടമുള്ളൂ രമണാ.... | പ്രമോദ് മാധവൻ


ചേന നട്ടാൽ ചേതമില്ല.. നട്ടാലേ നേട്ടമുള്ളൂ രമണാ....



രണ്ടാഴ്ച മുൻപ് എറണാകുളം ജില്ലയിലെ തിരുമാറാടി പഞ്ചായത്തിൽ, "കാക്കൂർ കാളവയൽ" പരിപാടിയുമായി ബന്ധപ്പെട്ട് പോകാനിടയായി. ഒരു കാർഷിക സെമിനാറിൽ പങ്കെടുക്കാൻ. മുൻ കൃഷി മന്ത്രി Adv. V. S. സുനിൽകുമാർ ആയിരുന്നു ഉദ്ഘാടകൻ. 


സദസ്സിൽ എന്റെ പ്രിയപ്പെട്ട കർഷകരും ഫേസ്ബുക്ക്‌ സുഹൃത്തുക്കളുമായ സർവ്വശ്രീ. ബിനോയ്‌, ജോയ്. കെ. സോമൻ, ബാബുരാജ് എന്നിവരും ഉണ്ടായിരുന്നു.


തിരിച്ച് വരുന്ന വഴിയിൽ കൂത്താട്ടുകുളത്ത് പ്രവർത്തിക്കുന്ന കൂത്താട്ടുകുളം അഗ്രികൾച്ചറൽ പ്രോസസ്സിംഗ് ആൻഡ് മാർക്കറ്റിംഗ് സൊസൈറ്റി നടത്തുന്ന കർഷകച്ചന്തയിൽ കയറി. കഴിഞ്ഞ 13 കൊല്ലമായി ഒരു സർക്കാർ സഹായവും ലഭിക്കാതെ പ്രവർത്തിക്കുന്ന പ്രതിവർഷം രണ്ട് കോടിയിൽ പരം രൂപയുടെ വിറ്റുവരവ് ഉള്ള ഒരു പ്രസ്ഥാനം. അവിടുത്തെ ലേലം വിളിയൊക്കെ കണ്ടു. ടൺ കണക്കിന് വാഴക്കുലകളും കിഴങ്ങ് വർഗ്ഗങ്ങളും ആ വൈകുന്നേരവും അവിടെ വിപണനം ചെയ്ത് കൊണ്ടിരിക്കുന്നു. രാവിലെ തുടങ്ങിയ ചന്തയാണെന്നോർക്കണം. ചേനയുടെ വിലനിലവാരം 70 മുതൽ മേലോട്ടാണ്. വിത്ത് പാകത്തിലുള്ള ചേനകളാണ് എത്തിയിരിക്കുന്നത്.



കേരളത്തിലെ ഏത് തുടക്കക്കാരനായ കർഷകനും എളുപ്പത്തിൽ ചെയ്യാവുന്ന കൃഷിയാണ് ചേനയുടേത്. അത് കൊണ്ട് തന്നെയാണ്  'ചേന വയ്ക്കാത്തവനെ അടിയ്ക്കണം "എന്ന ചൊല്ലുണ്ടായത് എന്ന് മനസിലാക്കാം.


നിശ്ചിത സ്ഥലത്ത് നിന്നും ഏറ്റവും കൂടുതൽ ഉത്പാദനം ലഭിക്കുന്ന വിളകളിൽ പ്രധാനിയാണ് ചേന.


 സാധാരണ, മൂന്നടി അകലത്തിൽ സമചതുരരീതിയിൽ (രണ്ട് ചെടികൾ തമ്മിൽ എങ്ങനെ നോക്കിയാലും തുല്യ അകലം ) നടുമ്പോൾ ഒരു സെന്റിൽ 49 തടങ്ങൾ എടുക്കാൻ കഴിയും. മുക്കാൽ കിലോ എങ്കിലും തൂക്കമുള്ള,  ഒരു മുളഭാഗമെങ്കിലും ഉള്ള കഷണങ്ങൾ നടാം. അപ്പോൾ ഒരു സെന്റിലേക്ക് 37 -40 കിലോ വരെ വിത്തുചേന വേണ്ടി വരും. നന്നായി കുമ്മായവും കരിയിലകളും ജൈവ വളങ്ങളും പൊടിയ്ക്ക് NPK വളങ്ങളും അല്പം മഗ്‌നീഷ്യം സൾഫേറ്റുമൊക്കെ നൽകി വളർത്തിയാൽ ഓരോ തടത്തിൽ നിന്നും കുറഞ്ഞത് 3-4 കിലോഗ്രാം ചേന 8-9 മാസം കൊണ്ട് വിളവെടുക്കാം. അപ്പോൾ ഒരു സെന്റിൽ നിന്നും 150 മുതൽ 200 കിലോഗ്രാം ഉറപ്പായും വിളവെടുക്കാം. പരിചരണം മെച്ചമെങ്കിൽ അതിനപ്പുറവും പോകും.


 പന്നി 'സഹായിച്ചാൽ' ഇതെല്ലാം മലർപ്പൊടിക്കാരന്റെ സ്വപ്നമാകും.


ഇപ്പോൾ ചെറുചേനകൾക്ക് നല്ല ഡിമാൻഡ് ആണ്. മുറിയ്ക്കാതെ തന്നെ കടകളിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോകാം എന്നതാണ് അതിന്റെയൊരിത്.


അത്തരം ചേനകൾ വിളയിക്കണമെങ്കിൽ നടാനെടുക്കുന്ന ചേനാപ്പൂളുകൾ ചെറുതാക്കണം. കുഴികൾ തമ്മിലുള്ള അകലം ആനുപാതികമായി കുറയ്ക്കണം.

"ചോ ചിമ്പിൾ ". അപ്പോൾ കുഴികൾ ചിലപ്പോൾ ഒരു സെന്റിൽ 100 വരെയാകും.


കേരളത്തിൽ 75 ലക്ഷം വീടുകളുണ്ട്. 50 ലക്ഷം വീടുകളിൽ എങ്കിലും ഒരു സെന്റിൽ ചേനക്കൃഷി ചെയ്താൽ അതിലൂടെ മാത്രം ഏഴര ലക്ഷം ടൺ ചേനയുണ്ടാകും. (150 കിലോ x50 ലക്ഷം =750000 ടൺ ). സൂക്ഷിച്ച് വച്ചാൽ ഏറെ നാൾ ഉപയോഗിക്കാനും കഴിയും.


 വീട്ടമ്മയുടെയും വീട്ടച്ഛന്റെയും കൈപ്പുണ്യമുണ്ടെങ്കിൽ പുഴുങ്ങിയും വറുത്തും മെഴുക്കു പുരട്ടിയും അവിയലായും എരിശ്ശേരിയായും കാളനായും പായസമായും തീയലായും ഒക്കെ വേഷപ്പകർച്ച നടത്താനുള്ള വിരുതുണ്ട് ചേനയ്ക്ക്. കുമ്പിടിയാ... കുമ്പിടി.


സ്ത്രീകളിൽ ഈസ്ട്രജന്റെ അമൃതമഴ പെയ്യിക്കുമെങ്കിൽ മൂലക്കുരു ഉള്ളവന് ചേന ഒരു കുളിർകാറ്റാണ്. നമുക്ക് ദൈവം തന്ന വരദാനമാണ് സംസ്കൃതത്തിൽ "സുരൻ (ദേവൻ )" എന്ന് വിളിക്കുന്ന ചേന. "ചേന അകത്തെങ്കിൽ മൂലക്കുരു പുറത്ത് " എന്ന പഴഞ്ചൊല്ല് ഉണ്ടാകാത്തെതെന്താണ് ശകുന്തളേ? എന്ന് ചോദിക്കാൻ തോന്നുന്നുണ്ട്.


ചേന നടേണ്ട കാലമായല്ലോ... അല്ല, പഴഞ്ചൊല്ല് പ്രകാരം ആണെങ്കിൽ കഴിഞ്ഞല്ലോ. 


ചേന വിത്തിന് വലിയ വില. ആയത് കൊണ്ട് സർക്കാർ കർഷകർക്ക് വില കുറച്ച് ചേനവിത്ത് നൽകണം, ഇല്ലെങ്കിൽ ഓഫീസുകൾ വളയും എന്നൊക്കെ ഭീഷണി ഏതോ രാഷ്ട്രീയപ്പാർട്ടി മുഴക്കിയത് ശ്രദ്ധയിൽപ്പെട്ടു. അതെന്താ രമണാ... ഏത് കാർഷിക ഉത്പന്നത്തിന് വില കൂടിയാലും കർഷകനല്ലേ ഗുണം. അതിനെന്തിനാ ഇത്ര അസഹിഷ്ണുത...ശരിയായ കർഷകന്റെ ഉത്തരവാദിത്വമാണ് വിത്ത് സൂക്ഷിച്ചു വയ്ക്കുക എന്നത്. "നാലും കടം കൊണ്ടവൻ കർഷകനല്ല "എന്ന് പ്രമാണങ്ങൾ പറയുന്നു. (വിത്ത്, കന്ന്, ഭൂമി, മൂലധനം ). എല്ലാം സർക്കാർ തരണം എന്ന് പറയുന്നത് അത്ര നല്ല കാര്യമല്ല.

കാർഷിക ഉത്പന്നങ്ങൾക്ക് വില കൂടണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. പക്ഷെ ഇടനിലക്കാരുടെ എണ്ണം കുറച്ച് ഉത്പന്നങ്ങൾ നേരിട്ട് ഉപഭോഗിയിൽ എത്തണം. കഴിയുമെങ്കിൽ നേരിട്ട് തന്നെ. ലതായത് P2C.Producer To Consumer. അത് തേങ്ങയായാലും മാങ്ങയായാലും. പക്ഷെ തക്കാളിയ്ക്കും സവാളയ്ക്കും വില കൂടുമ്പോൾ നമ്മൾ കരയരുത്. ആ കർഷകർക്കും നല്ല വില കിട്ടണമല്ലോ?നമ്മൾ ഉണ്ടാക്കുന്നതിന് നല്ല വിലയും അല്ലാത്തത് കുറഞ്ഞ വിലയിലും കിട്ടണം എന്ന  ചിന്ത നന്നല്ല.


ഈ സമയത്ത് പലേടത്തും കരിയിലകൾ കത്തിയ്ക്കുന്നത് കാണാം. സർക്കാർ സംവിധാനങ്ങൾ പോലും (ഉദാ :കൊല്ലം കോർപറേഷൻ ) റോഡ് സൈഡിൽ ഉള്ള കരിയിലകൾ തൂത്ത് കൂട്ടി കത്തിയ്ക്കുന്നത് കണ്ടു . ഈ കരിയിലകൾ എല്ലാം മണ്ണിലേക്ക് അഴുകി ചേർന്നിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയി . 


മണ്ണിന്റെ ഭൗതിക -ജൈവ ഗുണങ്ങൾ കൂട്ടാനുള്ള ഏറ്റവും എളുപ്പവഴി മണ്ണിൽ കരിയിലകൾ അഴുകിച്ചേരാൻ അനുവദിയ്ക്കുക എന്നത് തന്നെ. അത് കൊണ്ടാണ് കിഴങ്ങ് വർഗ വിളകൾ കൃഷി ചെയ്യുമ്പോൾ അവയുടെ തടങ്ങളിൽ കരിയിലകൾ സമൃദ്ധമായി കൊടുക്കണം എന്ന് പറയുന്നത്."എന്നെ ചുമടെടുപ്പിച്ചാൽ നിന്നെയും ഞാൻ ചുമടെടുപ്പിക്കും "എന്ന വെല്ലുവിളിയാണ് ചേന കർഷകന്റെ മുന്നിലേക്ക് വയ്ക്കുന്നത്. എത്ര വേണമെങ്കിലും കരിയിലകൾ എന്റെ മുകളിൽ വച്ചോളൂ. കിളയ്ക്കുമ്പോൾ ചേന ചുമന്ന് നീ വശം കെടും കർഷകാ....

 

ഭാഗികമായ തണലിലും ചേന ഭേദപ്പെട്ട വിളവ് തരും. മുളച്ചു വരുമ്പോൾ ഒന്നിലധികം തണ്ടുണ്ടെങ്കിൽ അതിൽ ശക്തനെ മാത്രം നിർത്തി ബാക്കിയുള്ളവരെ "ചേനത്തണ്ടും ചെറുപയറും "ആക്കാം.


ഈ കുംഭമാസത്തിൽ ഇനിയും ഒരു ചേന പോലും വയ്ക്കാത്തവർ ഉണ്ടെങ്കിൽ അവർക്കെല്ലാം നല്ല നമസ്കാരം. നിങ്ങളിലാണ് ചേനക്കർഷകരുടെ പ്രതീക്ഷ. എല്ലാരും കൃഷി ചെയ്‌താൽ പിന്നെ  ഇതൊക്കെ ആര് വാങ്ങും മരണാ....മടിയന്മാർ കൂട്ടമായി താമസിക്കുന്ന ഗ്രാമങ്ങളിലാണ് വാണിജ്യകർഷകന്റെ പ്രതീക്ഷകൾ...


എന്നാൽ അങ്ങട്...


പ്രമോദ് മാധവൻ 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section