![]() |
കണ്ണിമാങ്ങാ... കണ്ണിമാങ്ങാ.. നാട്ടുമാവിലെ മാങ്ങാ...
കുടവട്ടൂർ എൽ. പി സ്കൂളിൽ പഠിക്കുമ്പോൾ, വീട്ടിൽ നിന്നും നടന്ന് പോകുന്ന വഴിയിൽ തെങ്ങുവേലിൽ പുരയിടം എന്ന വിശാലമായ ഒരു സ്ഥലമുണ്ടായിരുന്നു. അത് മണൽ കലർന്ന മണ്ണുള്ള ഒരു തെങ്ങിൻ തോട്ടമായിരുന്നു. അതിന്റെ ഒരുഭാഗം ഞങ്ങൾ കിളിത്തട്ട് കളിയ്ക്കുന്ന സ്ഥലവും കൂടി ആയിരുന്നു.പിന്നീട് അവിടെ ക്രിക്കറ്റ് അധിനിവേശം നടത്തി.
അവിടെ ഒരു ഭാഗത്ത് ഒരു കൂറ്റൻ നാട്ടുമാവ് ഉണ്ടായിരുന്നു. കുല കുലയായി കായ്ച്ചുകിടക്കും. അസാമാന്യ വണ്ണമുള്ള തായ്ത്തടിയാണ്. അതുകൊണ്ട് തന്നെ അതിൽ കയറുക ദുഷ്കരം. പഴുത്ത് തുടങ്ങിയാൽ നല്ല മണമുള്ള ഉറുഞ്ചികുടിയ്ക്കാവുന്ന മാങ്ങകൾ ധാരാളം വീണ് കിട്ടും.
ഇപ്പോൾ ആ സ്ഥലമൊക്കെ ഭാഗം വച്ച് പല കൈകളിൽ പോയി. ആ നാട്ടുമാവും അവിടെയില്ല.(നാട്ടിൻ പുറങ്ങളിലെ മാവുകൾ പലതും വീടുകളിലെ മുതിർന്നവർക്കൊപ്പം നാട് നീങ്ങി. മാവിൻ തടിയിലാണല്ലോ ചിത ഒരുക്കിയിരുന്നത് ).
KHDP യിൽ പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തിൽ ജോലി ചെയ്യുമ്പോൾ അവിടെ പഴഞ്ചേരി, കാരാട്, പുല്ലാനിവട്ട, മേലേ കൊടക്കാട്, നറുക്കോട്, ചാമപ്പറമ്പ് എന്നൊക്കെയുള്ള സ്ഥലങ്ങളിൽ കർഷകരുടെ സ്വാശ്രയ സംഘങ്ങൾ ഉണ്ടായിരുന്നു. മാസത്തിൽ ഒരു മീറ്റിംഗ് നിർബന്ധമാണ്. അത് ഓരോ കർഷകരുടെയും വീട്ടിൽ മാറി മാറി വയ്ക്കും. ഇരുപത് പേരൊക്കെ ഉണ്ടാകും ഒരു ഗ്രൂപ്പിൽ. ഇരുപത് മാസം എത്തുമ്പോൾ എല്ലാ അംഗങ്ങളുടെയും വീട്ടിൽ വച്ച് ഓരോ മീറ്റിംഗ് നടന്നിട്ടുണ്ടാകും.
അതിൽ കാരാട്, പഴഞ്ചേരി, ചാമപ്പറമ്പ്, നറുക്കോട് എന്നിവിടങ്ങളിൽ ഉച്ചയ്ക്കാണ് മീറ്റിംഗ്. കൂടുതലും വാഴക്കൃഷിക്കാരാണ്. അവർ ഒരു തീരുമാനം എടുത്തു. ഉച്ചയ്ക്ക് മീറ്റിംഗ് ആയതിനാൽ ഓഫീസർക്ക് ഓരോ വീട്ടിൽ നിന്നും ഉച്ചഭക്ഷണം നൽകും. എല്ലാവർക്കും സന്തോഷം. കർഷകരും ഉദ്യോഗസ്ഥരും തമ്മിൽ എത്ര ഊഷ്മളമായ ബന്ധം. ആ ദിവസം ഞാൻ കഴിയുന്നത്ര വാഴ -പച്ചക്കറി തോട്ടങ്ങൾ സന്ദർശിക്കും. അവരുടെ വീട്ടിൽ നിന്നും അവർ കഴിയ്ക്കുന്ന ഭക്ഷണം നമുക്കും തരും. സ്വാശ്രയ സംഘത്തിന്റെ യോഗത്തിലും പങ്കെടുക്കും. കൃഷി കാര്യങ്ങൾ ചർച്ച ചെയ്യും. അവരുടെ കോമൺ ഫണ്ട് ശേഖരിച്ചു അവരിൽ ആവശ്യമുള്ളവർക്ക് ലോൺ ആയി നൽകും. കൃഷി നാശം വല്ലതും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിട്ടപ്പെടുത്തി ഇൻഷുറൻസ് ക്ലെയിം കിട്ടാനുള്ള നടപടി സ്വീകരിക്കും.
അവിടെ വേട്ടക്കാരൻ കളം എന്ന വീട്ടിലെ വി. കെ. അപ്പുക്കുട്ടി മാഷിന്റെ (ഇത്രയും മാന്യനായ ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല എന്ന് പറയാം ) വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ (വളരെ ലളിത ഭക്ഷണം കഴിക്കുന്നവർ ആണ്. സസ്യാഹാരികളുമാണ് ) കിട്ടിയ നാടൻ കണ്ണിമാങ്ങാ അച്ചാറിന്റെ രുചി ഇപ്പോഴും നാവിൻ തുമ്പിൽ.ഭരണിയിൽ നിന്നും അപ്പപ്പോൾ എടുക്കുന്ന കണ്ണിമാങ്ങകൾ അന്നത്തേക്ക് മാത്രം ഉപ്പിലിടുന്ന രീതിയാണോ എന്നും സംശയമുണ്ട്, ആ വീട്ടിൽ )
നെല്ലിയാംപതി ഫാമിൽ ജോലി ചെയ്യുമ്പോൾ അവിടെ ഇഷ്ടം പോലെ കാട്ടുമാവുകൾ ഉണ്ട്. അതിൽ കുല കുലയായി പിടിക്കുന്ന കണ്ണിമാങ്ങകൾ സാഹസികരായ ഫാം തൊഴിലാളികൾ പറിയ്ക്കും. അവിടുത്തെ ഫ്രൂട്ട് പ്രിസർവേഷൻ യൂണിറ്റിൽ അത് സാറാമ്മ ചേടത്തിയുടെ കാർമ്മികത്വത്തിൽ അച്ചാറിടും. അത് സ്റ്റാൻഡിങ് പൗച്ചിൽ ആക്കി ഫാമിന്റെ സെയിൽസ് കൌണ്ടറിലൂടെ വില്പന നടത്തും. ഏറ്റവും ഡിമാൻഡുള്ള ഒരുത്പന്നമായിരുന്നു നെല്ലിയാമ്പതി ഫാമിലെ കണ്ണിമാങ്ങാ അച്ചാർ.ഫാമിലെ ജീവനക്കാരിയായ സാറാമ്മ ചേടത്തിയുടെ കൈപ്പുണ്യം വളരെ പ്രശസ്തവും.
ചാത്തന്നൂർ കൃഷി ഓഫീസർ ആയിരിക്കുമ്പോൾ രണ്ട് തെരെഞ്ഞെടുപ്പുകളിൽ (ഒന്നിൽ ഫ്ലയിങ് സ്‌ക്വാഡ് ടീം ലീഡർ, മറ്റൊന്നിൽ സ്റ്റാറ്റിക് സർവ്വേലൻസ് ടീം ലീഡർ ) ഡ്യൂട്ടി ചെയ്തു. അപ്പോൾ ആദിച്ചനല്ലൂർ റോഡിൽ ഒരു നാട്ടുമാവിനടുത്ത് ഞങ്ങൾ വണ്ടി പാർക്ക് ചെയ്ത് വാഹനങ്ങൾ പരിശോധിക്കും. ഒരു പോലീസ് ഇൻസ്‌പെക്ടർ, വീഡിയോ ഗ്രാഫർ എന്നിവരും ടീമിലുണ്ട്. ഒന്ന് രണ്ട് മണിക്കൂർ കഴിയുമ്പോഴേക്കും ജോലിയോടൊപ്പം എല്ലാവർക്കും ഓരോ കവർ നിറയെ നാട്ടുമാങ്ങാ വീണ് കിട്ടും.അല്പം പരിക്കൊക്കെ ഉണ്ടാകും. പിറ്റേന്ന് തന്നെ തീർത്തോണം. ഏപ്രിൽ മാസമോ മറ്റോ ആണ്. അന്നൊക്കെ വീട്ടിൽ എന്നും മാമ്പഴപുളിശ്ശേരി വയ്ക്കും. അമ്മ അതിന്റെ ഒരു എക്സ്പെർട്ട് ആണ്. കുട്ടികൾക്കും മാമ്പഴപ്പുളിശ്ശേരി പെരുത്തിഷ്ടം.
ഇപ്പോൾ ഇത് എഴുതാൻ കാരണം, നിലമ്പൂരുള്ള പ്രിയ കർഷക സുഹൃത്ത് പ്രമോദ് കഴിഞ്ഞ ദിവസം വിളിച്ച് നല്ല നാടൻ കണ്ണിമാങ്ങാ വിളവെടുക്കാൻ കിടക്കുന്ന കാര്യം പറഞ്ഞു. അത് വിൽക്കാൻ എപ്രകാരം സഹായിക്കാൻ കഴിയും എന്ന് ചോദിച്ചു. അതിനായി ഞാൻ ഉള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഒരു ചെറിയ പരസ്യം കൊടുത്തു. പ്രമോദിന്റെ നമ്പറും കൊടുത്തു.
200 കിലോയോളം പറിക്കാനുണ്ട് എന്നാണ് പറഞ്ഞത്. പ്രമോദ് പത്തൊൻപതാം തീയതി നിലമ്പൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുന്നുണ്ട്. മാങ്ങാ ആവശ്യമുള്ളവർക്ക് പ്രമോദിനെ വിളിച്ചു പറയാം.നമ്പർ 9961383516
തമ്പാനൂരിൽ നിന്നോ വർക്കലയിൽ നിന്നോ അത് ട്രെയിനിൽ നിന്നും കൈപ്പറ്റുകയും ചെയ്യാം.
കണ്ണിമാങ്ങാ അച്ചാർ ഇടുന്ന രീതി യൂട്യൂബ് വഴി മനസിലാക്കാം. നല്ല ഒരു രീതിയുടെ link comment ബോക്സിൽ കൊടുക്കുന്നുണ്ട്.
കഴിയുമെങ്കിൽ എല്ലാവരും ഓരോ കിലോ വാങ്ങി പ്രമോദിനെ സഹായിക്കുക.