വൃശ്ചികത്തിൽ വിത്തിടണം... മകരത്തിൽ മരം കയറണം



വീട്ടുവളപ്പുകളിൽ കുറഞ്ഞ പരിചരണത്തിൽ മികച്ച വിളവ് നൽകാൻ കഴിവുള്ള, രുചികരമായ കിഴങ്ങ് വിളയാണ് നന കിഴങ്ങ്.കൂട്ടിന് അനിയൻ ചെറുകിഴങ്ങും ഉണ്ട്.


ചിത്രത്തിൽ ഇടത്ത് നനകിഴങ്ങും വലത്ത് ചെറുകിഴങ്ങും കാണാം.


ചെറു കിഴങ്ങ് /ചെറുവള്ളി കിഴങ്ങ് എന്ന ഇനവും വലിപ്പം കൂടിയ നന കിഴങ്ങ് എന്ന ഇനവും Dioscorea esculenta എന്ന പൊതുശാസ്ത്രീയ നാമത്തിൽ തന്നെയാണ് അറിയപ്പെടുന്നത്.

ഇംഗ്ലീഷിൽ ഇവ Lesser Yams എന്നറിയപ്പെടുന്നു.


 വേവിച്ചു കഴിഞ്ഞാൽ സവിശേഷമായ ഒരു ഗന്ധം കിഴങ്ങിനുണ്ട്. കിഴങ്ങിന്റെ പുറം ഭാഗത്തു മുള്ളു പോലെയുള്ള നാരുകൾ ഉണ്ട്. നന്നായി വേകുമ്പോൾ തൊലി എളുപ്പത്തിൽ ഇളക്കി കളയാൻ കഴിയും. സാധാരണ, മറ്റുള്ള കിഴങ്ങ് വർഗങ്ങളോടൊപ്പം പുഴുങ്ങിയാണ് ഇതും കഴിക്കുക.


കിഴങ്ങുകളിൽ 23-35% അന്നജവും 1-1.3% പഞ്ചസാരയും അടങ്ങിയിരിക്കുന്നു.


വള്ളികൾ മുള്ളോട് കൂടിയതും വലത്തുനിന്നും ഇടത്തേയ്ക്ക് ചുറ്റി വളരുന്നവയും ആണ്. (സാധാരണ വള്ളികൾ തിരിച്ചാണത്രേ വളരുന്നത്. അപ്പോ ലവൻ വള്ളികളിലെ ഇടം കയ്യൻ 🤣🤣).  

ഓരോ മൂട്ടിൽ നിന്നും ധാരാളം കിഴങ്ങുകൾ ഉണ്ടാകും. നന്നായി പരിപാലിച്ചാൽ അഞ്ച് കിലോ മുതൽ പത്തു കിലോ വരെ ഒരു മൂട്ടിൽ നിന്നും ലഭിക്കാം.


വലിയ അളവിൽ കൃഷി ചെയ്‌താൽ വിപണനത്തിന് ബുദ്ധിമുട്ട് നേരിട്ടേക്കാം. വിളവെടുക്കുമ്പോൾ ക്ഷതം പറ്റാതെ എടുക്കാൻ ശ്രമിക്കണം. ഇല്ലെങ്കിൽ പെട്ടെന്ന് കേട് വന്ന് പോകാൻ സാധ്യത ഉണ്ട്.


കാച്ചിലിന് യോജിച്ച അതേ കാലാവസ്ഥയാണ് കിഴങ്ങിനും. നല്ല ഇളക്കമുള്ള, നീർ വാർച്ചയുള്ള, ജൈവാംശമുള്ള, ആഴമുള്ള മണ്ണാണ് അനുയോജ്യം. വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കണം. തെങ്ങ്, കവുങ്ങ് എന്നിവയുടെ ഇടവിളയായും ശോഭിക്കും.കയർ കെട്ടി നാല് വശത്തുനിന്നും തെങ്ങിലേക്ക് പടർത്തി കയറ്റുകയുമാകാം.


നവംബർ -ഡിസംബർ (വൃശ്ചികം ) മാസത്തിൽ ആണ് നന കിഴങ്ങ് നടേണ്ടത്.


മണ്ണ് നന്നായി കിളച്ച് ഏതാണ്ട് 75cm അകലത്തിൽ കൂനകൾ എടുക്കണം. കൂനയൊന്നിന് ഒരു കിലോ അഴുകി പൊടിഞ്ഞ ചാണകപ്പൊടി ചേർക്കണം. കൂനകളിൽ 100-150ഗ്രാം തൂക്കമുള്ള കിഴങ്ങുകൾ നടാം. ഒരു സെന്റിൽ ഏതാണ്ട് 70 കൂനകൾ എടുക്കാം. മുള വന്ന് ഒരാഴ്ചക്കക്കം അല്പം NPK വളം ചേർത്ത് കൊടുക്കാം. അതിന് ശേഷം ഒരു മാസം കഴിഞ്ഞ് അല്പം നൈട്രജൻ വളവും പൊട്ടാഷ് വളവും ചേർത്ത് കൊടുത്താൽകൂടുതൽ നന്ന്.ചാമ്പലും ചാണകപ്പൊടിയും കൊടുത്താലും പോതും.


വള്ളി നന്നായി പടർത്തി കയറ്റണം. ഇലകളിൽ കൂടുതൽ വെയിൽ വീണാൽ വിളവ് കൂടും


വൃശ്ചികം -ധനു മാസങ്ങളിൽ നടുന്നതിനാൽ ആദ്യം അല്പമൊക്കെ നനച്ചു കൊടുക്കേണ്ടി വരും.തടത്തിൽ നന്നായി കരിയിലകൾ കൊണ്ട് പുതയും നൽകാം.


 നനച്ച് കൃഷി ചെയ്യുന്ന കിഴങ്ങ് വിളയായത് കൊണ്ടാവാം നന കിഴങ്ങ് എന്ന പേര് വന്നത്.വൃശ്ചികത്തിൽ നട്ട് ഇടയ്ക്കിടെ പുട്ടുപൊടി നനവ് മണ്ണിൽ ഉറപ്പ് വരുത്തിയാൽ മകരത്തിൽ മരം കയറും. കർക്കിടകത്തിൽ വിളവെടുക്കാം.

ഓണത്തിന് നല്ല വില കിട്ടും.


നന്നായി പരിപാലിച്ചാൽ ഒരു സെന്റിൽ നിന്നും 100-150 കിലോ വിളവ് ഉറപ്പായും ലഭിക്കും. വലിയ കീട രോഗ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല.


അപ്പോൾ എല്ലാവരും പത്ത് മൂട് നന കിഴങ്ങ് നടാൻ ശ്രമിക്കുമല്ലോ?


✍️പ്രമോദ് മാധവൻ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section