അവനെ പേടിച്ചാരും ആ വഴി നടപ്പീലാ'.. എന്ന് പറഞ്ഞ പോലെ കർഷകർ പപ്പായ കൃഷി നിർത്തുന്നതിന്റെ പ്രധാന കാരണം ഈ രോഗം തന്നെ. നാടൻ ഇനങ്ങൾക്കും മറുനാടൻ ഇനങ്ങൾക്കും ഈ രോഗം വലിയ തോതിൽ പിടിപെട്ട് കാണുന്നു.
ചെടികൾക്ക് വരുന്ന രോഗങ്ങളിൽ ചികിൽസിച്ച് ഭേദമാക്കാൻ സാധാരണ ഗതിയിൽ കഴിയാത്തവയാണ് വൈറസ് രോഗങ്ങൾ. വാഴയിലെ കോക്കാൻ (മാഹാളി, Banana Bract Mosaic Virus ), പാവലിലെ മോസൈക്, വെണ്ടയിലെ നരപ്പ് (Yellow Vein Mosaic ),തക്കാളിയിലെ കുരുടിപ്പ് (Yellow Leaf Curl ), മരച്ചീനിയിലെ മോസൈക് (Cassava Mosaic ) എന്നിവയുടെ ശ്രേണിയിൽ ഇതാ പപ്പായയുടെ വട്ടപ്പുള്ളി(Papaya Ring spot ) രോഗവും.
നല്ല ആരോഗ്യത്തോടെ വളർന്ന് വരുമ്പോൾ പെട്ടെന്ന് ഇളം ഇലകളിൽ മോസൈക് പാറ്റേൺ ഉണ്ടാകുന്നു. ഇലകളുടെ വിരിവ് കുറഞ്ഞ്,കൂർത്ത്, നേർത്ത് വരുന്നു. (shoe string symptom ). കായ് പിടിക്കുന്നതിനു മുൻപാണ് രോഗബാധിതമാകുന്നതെങ്കിൽ പൂക്കൾ കായാകാതെ പോകുന്നു. കായ്കൾ ഉള്ള സമയത്താണ് രോഗം ബാധിക്കുന്നത് എങ്കിൽ കായ്കളിൽ വട്ടപ്പുള്ളികൾ ഉണ്ടാകുന്നു. ഇത്തരം കായ്കൾ വിളയുമ്പോൾ ചിലപ്പോൾ അഴുകൽ രോഗത്തിന് അടിപ്പെടുന്നു.
ഈ രോഗത്തിൽ നിന്നും സാധാരണ ഗതിയിൽ ചെടിയ്ക്ക് മോചനമില്ല. രോഗം പകരാതിരിക്കാൻ ചെടി പിഴുത് നശിപ്പിക്കണം. എവിടെയെങ്കിലും രോഗബാധിതമായി നിൽക്കുന്ന ചെടികളിൽ നിന്നും നീരൂറ്റി കുടിക്കുന്ന പ്രാണികൾ വഴിയാണ് രോഗ വ്യാപനം.
ശരിയായ രീതിയിൽ വെളിച്ചം, വെള്ളം, വളം എന്നിവ നൽകുക എന്നത് പപ്പായയ്ക്ക് പരമപ്രധാനമാണ്. തനിവിളയായി ചെയ്യുമ്പോൾ വാഴ വയ്ക്കുന്നത് പോലെ രണ്ട് മീറ്റർ അകലത്തിൽ വേണം നടാൻ. അര മീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികൾ എടുത്ത് അതിലെ മണ്ണിൽ കുമ്മായം ചേർത്ത് രണ്ടാഴ്ച കഴിഞ്ഞ് ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, റോക്ക് ഫോസ്ഫേറ്റ്, കരിയിലകൾ എന്നിവ ചേർത്തിളക്കി കുഴി മൂടി അതിൽ വേണം ദൃഡീകരിച്ച (hardened ) തൈകൾ നടാൻ. ഓരോ മാസവും NPK വളങ്ങളും മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ സൂക്ഷ്മമൂലക വളങ്ങളും നൽകണം. കാൽസ്യം നൈട്രേറ്റ് പോലെയുള്ള വളങ്ങൾ ഇടയ്ക്കിടെ ഇലകളിൽ സ്പ്രേ ചെയ്യാം. ബോറോണിന്റെ കുറവ് ഉണ്ടാകാതെ നോക്കണം Solubor ഇലകളിൽ തളിച്ച് കൊടുക്കാം ഇലകൾക്ക് മഞ്ഞളിപ്പ് വരാതെ Magnesium Sulphate കൊടുക്കാം.
വൈറസ് രോഗലക്ഷണങ്ങൾ കുറയ്ക്കാൻ Integrated Nutrient Management ന് കഴിയും. മണ്ണ് പരിശോധനയെ അടിസ്ഥാനമാക്കിയുള്ള ജൈവ -രാസ -ജീവാണു വള പ്രയോഗത്തെയാണ് INM കൊണ്ടുദ്ദേശിക്കുന്നത്. മണ്ണിൽ കൊടുക്കേണ്ടത് അവിടെയും, ഇലകളിൽ കൊടുക്കേണ്ടത് അവിടെയും നൽകണം. കായ്കൾക്ക് സൂക്ഷിപ്പ് കാലാവധി കൂട്ടാൻ കാൽസ്യവും മധുരം കിട്ടാൻ പൊട്ടാസ്യവും ആകൃതി കിട്ടാൻ ബോറോണും ഇലകൾക്ക് പച്ചപ്പും ആയുസ്സും കിട്ടാൻ മഗ്നീഷ്യവും വളരെ പ്രധാനം രമണാ...
"ഉണ്ണുന്നവൻ അറിഞ്ഞില്ലെങ്കിലും വിളമ്പുന്നവൻ അറിയണം".
എല്ലാവരും എല്ലാ ദിവസവും കഴിച്ചാൽ വയറിന് സൗഖ്യം നൽകുന്ന പഴമാണ് പപ്പായ/കപ്ലങ്ങ /ഓമയ്ക്ക. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ shelf life ഉള്ള, നല്ല ആകൃതിയും ഭേദപ്പെട്ട മധുരവും ഉള്ള ഇനങ്ങൾ തെരെഞ്ഞെടുക്കുക.
നിർഭാഗ്യകരം എന്ന് പറയട്ടെ കേരള കാർഷിക സർവ്വകലാശാലയ്ക്ക് നല്ല ഒരു പപ്പായ ഇനം പുറത്തിറക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല.
എന്നാൽ സ്വകാര്യ കമ്പനികളുടെ നിരവധി ഇനങ്ങൾ വിപണിയിലുണ്ട്. തമിഴ്നാട് കാർഷിക സർവ്വകലാശാലയുടെ CO -1 മുതൽ CO -7 വരെയുള്ള ഇനങ്ങൾ, Indian Institute of Horticulture Research, Bangalore ന്റെ Arka Surya,Arka Prabhat എന്നിവ കൊള്ളാം.
Red Lady, WS -46,Lunar, Red Royale, Coorg Honey Dew, Dawn Delight (IIHR ൽ നിന്നും വിരമിച്ച Dr. Pious ഉരുത്തിരിച്ചെടുത്ത ഇനം )എന്നിവ വാണിജ്യകൃഷിയ്ക്കായി തെരെഞ്ഞെടുക്കാം.
✍️പ്രമോദ് മാധവൻ