Happy Farming Healthy Eating....സ്ഥലപരിമിതി മറികടക്കാൻ "ഗാലറി പോഷകതോട്ടം"


 

പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ട് എന്ന് പറയുന്ന പോലെ, അവനവന്റെ ആവശ്യത്തിനുള്ള പച്ചക്കറികളുടെ ഒരു പങ്കെങ്കിലും വീട്ടിൽ ഉണ്ടാക്കാതിരിക്കാനും ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ ഉണ്ടാകും.


1. വേണ്ടത്ര സ്ഥലമില്ല 

2. വേണ്ടത്ര വെയിൽ കിട്ടാൻ സൗകര്യമില്ല 

3. വെള്ളമില്ല 

4. വീട്ടിൽ എല്ലാവർക്കും താല്പര്യമില്ല 

5. കൃഷി അറിയില്ല 

6. കീടങ്ങളും രോഗങ്ങളും വന്ന് നശിച്ചു പോകുന്നു.

7. കൃഷി വകുപ്പ് സഹായിക്കുന്നില്ല 

ഇങ്ങനെ പോകുന്നു കാരണങ്ങൾ....


കയ്യിൽ വേണ്ടത്ര പണവും വിപണിയിൽ വേണ്ടത്ര ഭക്ഷണസാധനങ്ങളും ഉള്ളപ്പോൾ, സ്വയം കൃഷി ചെയ്ത് ഉണ്ടാക്കാൻ എന്തിന് മെനക്കെടുന്നു എന്ന് ചിന്തിക്കുന്നവർ ധാരാളം. തീർച്ചയായും കുറേപ്പേർ അങ്ങനെ ചിന്തിക്കണം. എന്നാലല്ലേ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവരുടെ ഉത്പന്നങ്ങൾ വിറ്റ് പോകുകയുള്ളൂ. എല്ലാവരും കൃഷി ചെയ്ത് അവരവർക്ക് വേണ്ടിയുള്ളത് ഉണ്ടാക്കാൻ തുടങ്ങിയാൽ കൃഷി മുഖ്യവരുമാനമാർഗം ആയവർ തെണ്ടിപ്പോകുകയേയുള്ളൂ.


സ്ഥലപരിമിതികൊണ്ടാണ് കൃഷി ചെയ്യാതെ ഇരിക്കുന്നത് എന്ന് പറയുന്നവർ ഈ ചിത്രം കാണുക. ഒരു ചുരുങ്ങിയ സ്ഥലത്ത് സ്ഥാപിച്ച മെറ്റൽ ഗാലറിയുടെ ഇരുവശങ്ങളിലുമായി 36 ചട്ടികൾ ആറ് വരികളിൽ ആയി രണ്ട് വശങ്ങളിൽ നിരത്തിവച്ചിരിക്കുന്നു. അത്രയും സ്ഥലത്ത് നല്ല സൂര്യപ്രകാശം ഉറപ്പ് വരുത്താൻ കഴിഞ്ഞാൽ നമുക്ക് എന്തൊക്കെ ഉണ്ടാക്കാം.


മൂന്ന് ചട്ടിയിൽ പച്ചമുളക് 


മൂന്ന് ചട്ടിയിൽ വഴുതന 


ആറ് ചട്ടിയിൽ വെണ്ട 


രണ്ട് ചട്ടിയിൽ പൊതിന


രണ്ട് ചട്ടിയിൽ മല്ലിയില 


മൂന്ന് ചട്ടിയിൽ തക്കാളി 


നാല് ചട്ടിയിൽ ചീര 


മൂന്ന് ചട്ടിയിൽ അമര 


നാല് ചട്ടിയിൽ ഇഞ്ചി 


വശങ്ങളിലേക്ക് പടർത്താൻ സൗകര്യം ഉണ്ടെങ്കിൽ നാല് ചട്ടിയിൽ വള്ളിപ്പയർ 


രണ്ട് ചട്ടിയിൽ സലാഡ് വെള്ളരി


അങ്ങനെ മുപ്പത്താറ് ചട്ടികളിൽ ശാസ്ത്രീയമായി കൃഷി നടത്തി, സീസൺ അനുസരിച്ച് മാറിമാറി അതിൽ കാബേജ്, കോളിഫ്ലവർ, ക്യാരറ്റ്, ബീറ്റ് റൂട്ട്, കുറ്റി ബീൻസ്, എന്നിങ്ങനെ കുടുംബത്തിന്റെ രുചി ഭേദങ്ങൾ അനുസരിച്ച് വിവിധ വിളകൾ ചെയ്ത് പോകാം.


അടുത്ത് ഒരു ഉയർന്ന സ്ഥലത്ത് നൂറ് ലിറ്റർ വെള്ളം കൊള്ളുന്ന ഒരു വാട്ടർ ടാങ്ക് സ്ഥാപിച്ച്, അതിൽ നിന്നും ഒരു മെയിൻ പൈപ്പും അതിൽ നിന്നും ലാറ്ററൽ പൈപ്പുകളും കൊടുത്ത് ഒരു ഡ്രിപ് ഇറിഗേഷൻ സംവിധാനം കൂടി ഒരുക്കിയാൽ കുറഞ്ഞ വെള്ളം കൊണ്ട് നന നിർവ്വഹിക്കാം.(ഒരു plumber ടെ സഹായം ആവശ്യമെങ്കിൽ തേടാം ).


ഈ ചട്ടികളിൽ 1:1:1 എന്ന അനുപാതത്തിൽ നല്ല മേൽമണ്ണ്, അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി, ചകിരിച്ചോറ് കമ്പോസ്റ്റ് എന്നിവ പലയാവൃത്തി കൂട്ടിക്കലർത്തി, അതോടൊപ്പം ഒരു ചെടിച്ചട്ടിയ്ക്ക് 100 ഗ്രാം വീതം നന്നായി പൊടിച്ച എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്ന കണക്കിന് ചേർത്ത് കൊടുക്കണം. ഓരോ ചട്ടിയിലും 5 ഗ്രാം വീതം സൂക്ഷ്മമൂലക മിശ്രിതം(Micro nutrient Mixture )കൂടി ചേർത്ത് നന്നായി കൂട്ടിക്കലർത്തിയാൽ ചെടികൾക്ക് വരാനുള്ള അനുകൂല സാഹചര്യമായി. 


ഇതിൽ യാതൊരു അലംഭാവവും ഉണ്ടാകാൻ പാടില്ല.


ഒരു ചട്ടിയിൽ പകുതി ഭാഗം മിശ്രിതം നിറച്ച് ചെടികൾ നടാം. വളരുന്നതിന് അനുസരിച്ച് ആവശ്യമെങ്കിൽ കുറേശ്ശേ മിശ്രിതം ചേർത്ത് കൊടുക്കാം. "നന്നായി തുടങ്ങിയാൽ പകുതി വിജയിച്ചു"(Well begun, Half Done ) എന്നൊരു ചൊല്ലുണ്ടല്ലോ.. 


ആദ്യത്തെ രണ്ടാഴ്ച ചെടികൾക്ക് വളരാനുള്ള മൂലകങ്ങൾ ഒക്കെ ഇതിലുണ്ട്. പിന്നീട് ആഴ്ചയിൽ ഒരിയ്ക്കൽ വളച്ചായ, ദ്രവജീവാമൃതം, ഹരിത കുനപജലം, നേർപ്പിച്ച ചാണക ലായനി, നേർപ്പിച്ച ഗോമൂത്രം, കളച്ചായ, മുട്ട അമിനോ ആസിഡ്, മത്തി ശർക്കര മിശ്രിതം എന്നിവയിൽ ഏതെങ്കിലും ഒക്കെ മാറിമാറി മിതമായി, ചട്ടിയിലുള്ള മിശ്രിതം ഒന്ന് കുതിരാൻ (കുഴയാൻ അല്ല )മാത്രം അളവിൽ ഒഴിച്ച് പോകണം. ഒഴിച്ച മിശ്രിതം ബാഷ്പീകരിച്ച് പോകാതിരിക്കാൻ കരിയിലകൾ കൊണ്ട്, ചെടിയിൽ മുട്ടാതെ പുതയിട്ട് കൊടുക്കണം. 


ഇടയ്ക്ക് 19:19:19 എന്ന വളം 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ സ്പ്രേ ചെയ്ത് കൊടുക്കണം. മുട്ടത്തോട്, ചായച്ചണ്ടി, പഴത്തൊലി എന്നിവ മിക്സിയിൽ അടിച്ച് ലായനിയാക്കി ഇടയ്ക്കിടെ തടങ്ങളിൽ ഒഴിക്കാം. കരിക്കട്ടകൾ ഉണ്ടെങ്കിൽ മിശ്രിതത്തിനകത്ത് പുതച്ചു വയ്ക്കാം. രണ്ടാഴ്ചയിൽ ഒരിക്കൽ ഓരോ സ്പൂൺ കുമ്മായപ്പൊടി മിശ്രിതത്തിൽ ചേർത്ത് ഇളക്കി കൊടുക്കാം.


എല്ലാ ദിവസവും ചെടികളുടെ ഇലകളുടെ അടിവശം പരിശോധിച്ചു കീടബാധകൾ ഇല്ലെന്ന് ഉറപ്പ് വരുത്തണം. 


2% വീര്യമുള്ള വേപ്പെണ്ണ -വെളുത്തുള്ളി -ബാർ സോപ്പ് മിശ്രിതം ഇലകളുടെ അടിവശം നനയത്തക്ക രീതിയിൽ സ്പ്രേ ചെയ്യണം. 


പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന ചെടികളിൽ അനാവശ്യമായി പൊട്ടി വരുന്ന മുകുളങ്ങളും ശിഖരങ്ങളും നീക്കം ചെയ്യണം.


 പ്രായം ചെല്ലുന്നതും കേടായതുമായ ഇലകൾ യഥാസമയം പറിച്ച് തീയിൽ ഇടണം. 


ശരിയായ മൂപ്പിൽ വിളവെടുക്കുകയും വേണം.


ഏതെങ്കിലും കീടങ്ങളോ രോഗങ്ങളോ നമ്മുടെ പിടിയിൽ ഒതുങ്ങുന്നില്ല എന്ന് തോന്നുകിൽ, വിവരമുള്ള ആളുകളോട് ചോദിച്ച്, അതിനെ നിയന്ത്രിക്കാനുള്ള മരുന്നുകൾ അത് രാസമെങ്കിൽ അത് ചെയ്യണം.


കുറഞ്ഞത് ഇത്രയും കാര്യങ്ങളെങ്കിലും നേരാംവണ്ണം ചെയ്യാൻ കഴിയുമോ സക്കീർ ഭായിക്ക്? എങ്കിൽ അത്യാവശ്യത്തിനുള്ള മലക്കറികൾ നമ്മുടെ വീട്ടിൽ വിളയും. അല്ലാത്തത് മാത്രം പുറത്ത് നിന്നും വാങ്ങും.


അതേ...ഞാൻ ഒരു ഉത്തമ പൗരൻ ആണ്. എന്റെ ഭക്ഷണം എന്റെയും കൂടി ഉത്തരവാദിത്വമാണ് എന്ന് ചിന്തിച്ചു കൂടേ രമണാ. ..


കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും നിങ്ങളുടെ അടുത്തുള്ള കൃഷിഭവനിൽ ബന്ധപ്പെടുക. സബ്‌സിഡി ഒന്നും തന്നില്ലെങ്കിലും സാങ്കേതിക സഹായങ്ങൾ അവർ തരും.


Happy Farming 

Healthy Eating....


(കൊല്ലം ചാത്തന്നൂരും പരിസരത്തും ഉള്ളവർക്ക് ഇത്തരം ഗാലറികൾ ആവശ്യമെങ്കിൽ " BVETS അക്കാഡമി" എന്ന മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ അവരുടെ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുന്ന സ്ഥാപനം ചെയ്ത് തരും. വിലയും മറ്റും അവരുമായി സംസാരിച്ച് തീർപ്പാക്കുക. അത് അവർക്കും വലിയൊരു സഹായമാകും.)


Contact :Dr. ജോൺ ലുക്കോസ്, Director, BVETS Academy. 94472 09639)


എന്നാൽ അങ്ങട്....


✍️പ്രമോദ് മാധവൻ 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section