ക്യാരറ്റ് തൈകൾ പറിച്ച് നടാറില്ല.... പ്രമോദ് മാധവൻ

 


വീട്ടിൽ ക്യാരറ്റ് കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ദാ.. സമയമായി വരുന്നു. വിത്ത് വാങ്ങാൻ ഒരുങ്ങാം. നവംബർ ആദ്യം വിത്ത് പാകാം.


 16 ഡിഗ്രി സെന്റിഗ്രേഡ് മുതൽ 20 ഡിഗ്രി സെന്റി ഗ്രേഡ് വരെയുള്ള താപനിലയാണ് നല്ല നിറവും വലിപ്പവും ഉള്ള കിഴങ്ങുകൾ കിട്ടാൻ നല്ലത്. എങ്കിലും 28 ഡിഗ്രി വരെയുള്ള ചൂട് ക്യാരറ്റ് താങ്ങും. താപനില അതിന് മുകളിലേക്ക് പോകുമ്പോൾ കിഴങ്ങ് ചെറുതാകും.നല്ല വളർച്ചയ്ക്ക് മണ്ണിന്റെ കുറഞ്ഞ ഊഷ്മാവ് (Low soil temperature ) വളരെ പ്രധാനം.


ക്യാരറ്റ് പറിച്ച് നടുന്ന (Transplanted ) വിളയല്ല എന്ന് മനസിലാക്കുക. വിത്ത് നേരിട്ട് തന്നെ മണ്ണിൽ വിതയ്ക്കണം(Direct Sowing ).

അതിന്റെ തായ് വേരിൽ ആണ് അന്നജം സംഭരിച്ചു വയ്ക്കുന്നത്.പറിച്ച് നടുമ്പോൾ തായ് വേര് ശക്തി നഷ്ടപ്പെടും. ആകൃതി ഇല്ലാത്ത, വലിപ്പം കുറഞ്ഞ കിഴങ്ങുകൾ മാത്രമേ കിട്ടുകയുള്ളൂ.


പേർഷ്യ (ഇന്നത്തെ ഇറാൻ, അഫ്‌ഘാനിസ്ഥാൻ മേഖല )ആണ് ക്യാരറ്റിന്റെ ജന്മദേശം എന്ന് കരുതപ്പെടുന്നു. 


പൊതുവിൽ ഓറഞ്ച് നിറമാണ് കിഴങ്ങിന് എങ്കിലും കറുപ്പ്, വയലറ്റ്, ചുവപ്പ് എന്നീ നിറങ്ങളിൽ ഉള്ള ഇനങ്ങളും ഉണ്ട്.


വളരെയധികം വിറ്റാമിൻ A (കരോട്ടീൻ )ഉള്ള പച്ചക്കറിയാണ് ക്യാരറ്റ്. പച്ചയ്ക്ക് തന്നെ കഴിക്കാം.കണ്ണിന്റെ കാഴ്ചശക്തിയ്ക്ക് നല്ല ഗുണം ചെയ്യും.

തൊലിയ്ക്ക് നല്ല നിറം നൽകും.


നാരുകൾ ധാരാളം ഉള്ളതിനാൽ കഴിയ്ക്കുന്നവർക്ക് മലബന്ധം ഉണ്ടാകില്ല.


ക്യാരറ്റ് ജ്യൂസ്‌ പലരുടെയും പ്രിയ പാനീയമാണ്. ക്യാരറ്റ് ഹൽവയുടെ രുചി (Gajar ka halwa ) പറയാവതല്ല.


ഒരു സെന്റിലേക്ക് 20 ഗ്രാം വിത്ത് വേണം. ജീരകം പോലെയാണ് വിത്തിന്റെ ആകൃതി.


 മണ്ണ് ഒരടി ആഴത്തിൽ കിളച്ച്, കട്ടകൾ നന്നായി ഉടച്ച് പൊടിപ്പരുവമാക്കണം.


 അതിന് ശേഷം കുറഞ്ഞത് 20 cm എങ്കിലും ഉയരമുള്ള പണകൾ (വാരങ്ങൾ, Beds )കോരണം.


സെന്റിന് 2  കിലോ എന്ന അളവിൽ കുമ്മായം ചേർത്ത്, കൊത്തിച്ചേർത്ത്,പുട്ട് പൊടിയുടെ നനവ് നൽകി രണ്ടാഴ്ച ഇടണം.


അതിന് ശേഷം സെന്റിന് (40 ചതുരശ്ര മീറ്റർ വാരത്തിന്, 10m x 4 m ) 100 കിലോ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി, രണ്ട് കിലോ പൊടിച്ച വേപ്പിൻ പിണ്ണാക്ക്,2 കിലോ എല്ലുപൊടി എന്നിവ മണ്ണുമായി നന്നായി കൂട്ടിക്കലർത്തി, നിരപ്പാക്കി, ഒരാഴ്ചയോളം സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിടുന്നത് നല്ലതാണ്.കള വളർച്ചയെ നിയന്ത്രിക്കാം. മണ്ണിലെ ഫംഗസുകളെ കൊല്ലാം.



 ക്യാരറ്റ് ചെടികൾ പതുക്കെ മാത്രം വളരുന്നതിനാൽ കളകൾ വളർന്ന് പൊങ്ങാൻ ഒരു കാരണവശാലും അനുവദിക്കരുത്.


ഈ രീതിയിൽ നിലം ഒരുക്കിയാൽ ഒരു പണയിൽ (വാരത്തിൽ ) 25cm അകലത്തിൽ, പണയുടെ നീളപ്പാട് ദിശയിൽ, വിരലുകൾ കൊണ്ട് ആഴം കുറഞ്ഞ ചാലുകൾ കീറണം.


വിത്തുകൾ വളരെ ചെറുതായതിനാൽ അതിന്റെ അഞ്ചിരട്ടി ഉണങ്ങിയ മണൽ ചേർത്ത് വളരെ നൈസായി ചാലിൽ ഇട്ട് കൈ കൊണ്ട് മണ്ണിട്ടു മൂടണം. ചെറിയ ഒരു നനയും നൽകാം.


ക്യാരറ്റ് വിത്തുകൾ പതുക്കെ മാത്രമേ മുളയ്ക്കുകയുള്ളൂ. ചിലപ്പോൾ പതിനഞ്ച് ദിവസം വരെ എടുക്കാറുണ്ട്.ആയതിനാൽ അതിന് മുൻപേ കളകൾ വരാൻ സാധ്യതയുണ്ട്. അത്‌ കൊണ്ട് ആദ്യ ഘട്ടത്തിൽ കളകൾ വളരാതെ നോക്കുക തന്നെ വേണം.


 വിത്ത് മുളച്ചു മൂന്നാഴ്ച കഴിയുമ്പോൾ ഒരു വരിയിൽ, അടുത്തടുത്തുള്ള രണ്ട് ചെടികൾ തമ്മിൽ 7-8 cm അകലം വരത്തക്ക രീതിയിൽ കരുത്തുള്ള ഓരോ ചെടികൾ മാത്രം നിർത്തി ബാക്കിയുള്ളവ പിഴുത്/മുറിച്ചു കളയണം .മുറിച്ച് കളയുന്നതാകും ഉത്തമം.


 ഒരു വരിയിൽ 7-8 cm അകലത്തിൽ ഓരോ ചെടികൾ മാത്രമേ ഉണ്ടാകാവൂ.എങ്കിൽ കിഴങ്ങുകൾ നല്ല വലിപ്പം വയ്ക്കും.


ഒരു മീറ്റർ വീതിയിൽ എടുത്ത പണയിൽ (വാരം, Bed )മൂന്നോ നാലോ വരികൾ ആകാം. ചിത്രം ശ്രദ്ധിക്കുക.


അടിസ്ഥാന വളമായി ജൈവവളങ്ങൾക്കൊപ്പവും മേൽ വളമായും NPK വളങ്ങൾ കൂടി നൽകാവുന്നതാണ്.


 ഒരു ചതുരശ്ര മീറ്റർ(1m x1m( സ്ഥലത്തേക്ക് 2.5ഗ്രാം നൈട്രജൻ,5ഗ്രാം ഫോസ്ഫറസ്,5ഗ്രാം പൊട്ടാസ്യം എന്നിവ കിട്ടത്തക്ക രീതിയിൽ നേർവളങ്ങളും, വിതച്ച് അൻപത് ദിവസം കഴിയുമ്പോൾ 2.5ഗ്രാം നൈട്രജൻ,5 ഗ്രാം പൊട്ടാസ്യം എന്നിവ കിട്ടത്തക്ക രീതിയിൽ മേൽ വളങ്ങളായി നേർ വളങ്ങളും നൽകണം.


ഗുണമേന്മയുള്ള കിഴങ്ങുകൾ ലഭിക്കാൻ പൊട്ടാസ്യം അടങ്ങിയ വളങ്ങൾ വളരെ പ്രധാനമാണ്.


ജൈവകൃഷി അവലംബിക്കുന്നവർക്ക് ആഴ്ചയിൽ ഒരിക്കൽ ജീവാമൃതം, വളച്ചായ ഇവയിൽ ഏതെങ്കിലും തടത്തിൽ ഒഴിച്ച് കൊടുത്ത് പുതയിട്ട് നൽകാം. അടിവളമായി ചാരം നന്നായി കൊടുക്കുന്നതും പരിഗണിക്കാം.


മേൽവളം കൊടുത്ത് മണ്ണ് കൊത്തിയിളക്കി ചെടിത്തടത്തിൽ അടുപ്പിച്ചു കൊടുക്കാം.


Super Kuroda, Nantes, Pusa Rudhira, Pusa Kesar, Ootty -1എന്നീ ഇനങ്ങൾ പരീക്ഷിക്കാം.


വിതച്ച് 90-100 ദിവസത്തിനുള്ളിൽ വിളവെടുക്കാം. അടിയിൽ കിഴങ്ങ് രൂപം കൊള്ളുന്നതിനനുസരിച്ച് കിഴങ്ങ് അല്പം ഉയർന്ന്,പുറത്ത് കാണാറാകുമ്പോൾ മണ്ണ് കയറ്റി കൊടുക്കണം. യഥാസമയം വിളവെടുത്തില്ലെങ്കിൽ നാരിന്റെ അംശം കൂടി കാരറ്റിന്റെ രുചിയും മൃദുലതയും നഷ്ടമാകും.


കാരറ്റിന്റെ ഇലകൾ പൊതുവെ കഴിക്കാൻ ഉപയോഗിക്കാറില്ല. നല്ല കാലിത്തീറ്റയാണ്.കോഴിതീറ്റയായും ഉപയോഗിക്കാം.


ഉത്പാദന കേന്ദ്രങ്ങളിൽ വിളവെടുത്ത ക്യാരറ്റ് കഴുകി, വലിപ്പത്തിനനുസരിച്ചു ഗ്രേഡ് തിരിച്ചാണ് വിപണികളിൽ എത്താറ്. അതിനായി പ്രത്യേകം ക്യാരറ്റ് വാഷിംഗ്‌ യന്ത്രങ്ങൾ ഉണ്ട്.


വാൽ കഷ്ണം :ക്യാരറ്റ് നല്ല തൊലി മിനുപ്പ് നൽകും എന്ന് കരുതി ഓവറായി കഴിച്ച് ചളമാക്കരുത്. Carotinemia എന്ന അവസ്ഥ ഉണ്ടാകാം.അധികമായാൽ അമൃതും (ക്യാരറ്റും ) വിഷം.


പ്ലാസ്റ്റിക്  ക്രയ്റ്റുകളിൽ (Crates )1:1:1 അനുപാതത്തിൽ മേൽമണ്ണും ആറ്റു മണലും (അല്ലെങ്കിൽ ചകിരി ചോറ് കമ്പോസ്റ്റ് ), ചട്ടികളിൽ, ഗ്രോ ബാഗുകളിൽ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിയും കുറച്ച് എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ചേർത്ത് നിറച്ച് അതിൽ ക്യാരറ്റ്  വിത്തുകൾ പാകുന്നത് നല്ല രീതിയാണ്. (ചിത്രം കാണുക ) ചെടിയകലവും മറ്റും നേരത്തെ പറഞ്ഞ പോലെ തന്നെ ആയിരിക്കണം.ആവശ്യത്തിൽ കൂടുതൽ ഉള്ള തൈകൾ മുറിച്ച് കളയണം. 


എന്നാ പിന്നെ തൊടങ്ങുകല്ലേ?

"ഞങ്ങളും 'ക്യാരറ്റ്' കൃഷിയിലേക്ക്"..


പ്രമോദ് മാധവൻ


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section