നമ്മുടെയൊക്കെ വീട്ടിലെ നോർമൽ ഫുഡ് ഉണ്ടാക്കുന്നതിനുള്ള കറിവേപ്പില പോലും ഇന്ന് നമ്മൾ കടകളിൽ നിന്നാണ് വാങ്ങിക്കാർ. പണ്ടൊക്കെ വളരെ സുലഭമായി വളർന്നിരുന്ന ഈ കറിവേപ്പിലയുടെ ഒരംശം പോലും ഇന്ന് നമ്മുടെ തൊടിയിലും മറ്റും കാണാതായി കൊണ്ടിരിക്കുന്നു. അത് നമുക്കൊന്ന് തിരിച്ചുപിടിക്കണ്ടേ… യഥാർത്ഥത്തിൽ എത്ര കുറഞ്ഞ സ്ഥലത്തും വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു സസ്യമാണ് കറിവേപ്പില. എന്നാൽ നിറച്ച് ഇലകൾ ഉണ്ടാകാനായി ഒരല്പം പരിചരണം ആവശ്യമാണ്.
കറിവേപ്പില ചെടി തഴച്ചുവളരാനായി എന്തൊക്കെ ചെയ്യണം എന്ന് നോക്കാം. രണ്ടു രീതിയിലാണ് ഇത് വളർത്തിയെടുക്കാറുള്ളത്. ഒന്നെങ്കിൽ തൈകൾ നട്ടിട്ടോ അതല്ലെങ്കിൽ വിത്ത് മുളപ്പിച്ചോ. ഇതിൽ വിത്ത് മുളപ്പിച്ച് തൈയ്യായി വളർത്തിയെടുക്കുകയാണെങ്കിൽ ധാരാളം ഇലകൾ ലഭിക്കുന്നതാണ്. ഇതിന് ആവശ്യത്തിനു വെള്ളവും സൂര്യപ്രകാശവും നൽകാൻ മറക്കരുത്. ചുറ്റുമുള്ള മണ്ണ് ഇടയ്ക്കിടയ്ക്ക് ഒന്ന് ഇളക്കി കരിയില പുതയിട്ടു കൊടുത്താൽ നല്ല ഫലം ലഭിക്കും. നല്ല രീതിയിൽ വളർന്നു തുടങ്ങിയതിനു ശേഷം മാത്രമേ ഇലകൾ പറിച്ചെടുക്കാൻ പാടുള്ളൂ. ഇടയ്ക്ക് ചെടിയുടെ തണ്ട് മുറിച്ചു കൊടുക്കുന്നത് ആരോഗ്യമുള്ള തണ്ട് വളരുന്നതിന് കാരണമാകും.
കറിവേപ്പിലയുടെ വളർച്ചയ്ക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒരു വളക്കൂട്ട് പരിചയപ്പെടാം. ഒരു കപ്പ് ചോറ് (പഴകിയത് മതി), മൂന്നോ നാലോ വെളുത്തുള്ളി, കായം, തൈര് എന്നിവ ചേർത്ത് ഒരു പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ഇതൊരു ഗ്ലാസ് ജാറിൽ ആക്കി സൂക്ഷിക്കണം. കുറഞ്ഞത് മൂന്നു ദിവസമെങ്കിലും പുളിക്കാനായി മാറ്റിവെച്ചതിനുശേഷം തൈകൾക്ക് തെളിച്ചു കൊടുക്കുകയാണെങ്കിൽ കറിവേപ്പിലയുടെ വളർച്ചയ്ക്ക് വളരെയധികം സഹായകമാകും.