നമ്മളിൽ പലർക്കും വലിയ ഇഷ്ടമായിരിക്കും കോവയ്ക്കയും അതുകൊണ്ടുണ്ടാക്കിയ തോരനും മറ്റും. കോവയ്ക്ക ചെറുതാവുമ്പോൾ തന്നെ വള്ളിയിൽ നിന്ന് പൊട്ടിച്ച് തിന്നാൻ നല്ല രസമാണ്. എന്നാൽ ഇതിന്റെ വള്ളി വളർത്തിയെടുക്കൽ പലരും പ്രയാസകരമായി കാണുന്നുണ്ടാവും. വളരെ എളുപ്പത്തിൽ കോവയ്ക്ക വള്ളി എങ്ങനെ വളർത്തിയെടുക്കാം എന്ന് നോക്കാം.
കോവക്ക വള്ളി സിമ്പിളായി വളർത്തിയെടുക്കാൻ നമുക്ക് ഒരു ചാക്ക് ഉപയോഗിക്കാം. ഒഴിവാക്കിയ സിമന്റിന്റെ പ്ലാസ്റ്റിക് ചാക്ക് ആയാലും മതി. അതിനുള്ളിലെ പൊടിയെല്ലാം പൂർണമായും കളഞ്ഞശേഷം ആദ്യ ലെയറായി കരിയില നിറക്കുക. ഇതിലൂടെ ചാക്കിന്റെ ഭാരം കുറയ്ക്കാൻ കഴിയും. അതിനു തൊട്ടുമുകളിലായി ജൈവവള കമ്പോസ്റ്റ് മിക്സ് ചെയ്ത മണ്ണ് ഇട്ട് കൊടുക്കുക. മണ്ണിന്റെ മുകളിലായി കുറച്ച് ചാണകപ്പൊടി കൂടി വിതറി കൊടുക്കാം. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ കോവ വള്ളിയുടെ പേര് മണ്ണിൽ പിടിക്കും. ശേഷം വീണ്ടും മണ്ണിട്ട് ചാക്ക് ഫില്ല് ചെയ്യുക. അതിന് മുകളിലായി ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം നന്നായി മൂത്ത കോവലിന്റെ തണ്ടെടുത്ത് നടുക.
ഇതോടൊപ്പം കുറച്ച് കരിയില എടുത്ത് വള്ളിക്ക് പുതയിട്ടു കൊടുക്കുന്നത് നല്ലതാണ്. ഈ രീതിയിൽ കൃഷി ചെയ്താൽ കോവയ്ക്ക നല്ല രീതിയിൽ ഉണ്ടാവും. മാത്രമല്ല, സ്ഥല പരിമിതി ഉള്ളവർക്കിത് കൂടുതൽ ഉപകാരപ്പെടും.