അറിഞ്ഞില്ല്യ .... ആരും പറഞ്ഞുമില്ല്യ ... നീ ഇത്ര കേമനാണെന്ന്.... എന്റെ പിഴ... എന്റെ വലിയ പിഴ... Mea Culpa... Mea Culpa.. Mea Maxima Culpa...
ബാല്യത്തിൽ, കുടവട്ടൂരിൽ എപ്പോഴും കാണുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു ചേച്ചിയുണ്ടായിരുന്നു. ചാമ വിളയിലെ സുഷമ്മ ചേച്ചി. അവരുടെ വീട്ടിൽ പോകുമ്പോഴെല്ലാം അവിടെ കിണറുവക്കിനോട് ചേർന്ന് നിൽക്കുന്ന മൾബെറി ചെടിയിൽ ഒരു കണ്ണുണ്ടാകും. പല പ്രായത്തിൽ ഉള്ള കായകൾ, പച്ചയും പിങ്കും മുന്തിരി നിറത്തിലും ഒക്കെ ഉള്ളവ. അത് പൊട്ടിച്ച് തിന്ന് കൊണ്ടാകും പലപ്പോഴും സംസാരം.
പിന്നീട് വെള്ളായണി കാർഷിക കോളേജിൽ പഠിക്കുമ്പോൾ, Entomology കോഴ്സിന്റെ ഭാഗമായി sericulture പഠിക്കുമ്പോൾ ആണ് പട്ട്നൂൽപ്പുഴു വളർത്തലിനെക്കുറിച്ചും മൾബെറിചെടിയെയുമൊക്കെ കൂടുതൽ വിശാലമായി പഠിക്കാൻ ഇടയായത്.
അപ്പോഴും പട്ടുനൂൽപ്പുഴുവിന് തീറ്റയായി കൊടുക്കാൻ പറ്റിയ ഒരു ഇലച്ചെടി എന്ന് മാത്രമായിട്ടാണ് അതിനെ കണ്ടത്. സോഷ്യൽ മീഡിയയിൽ ഒക്കെ പിന്നെ പല രൂപത്തിലും ഭാവത്തിലും ഒക്കെ കാണാൻ തുടങ്ങി. അടുത്തയിടെ കക്ഷിയെ ഒന്ന് ആഴത്തിൽ പഠനവിധേയമാക്കിയപ്പോൾ നോം ഞെട്ടിത്തരിച്ചുവിറച്ചു വശം കെട്ടു.
ആൾ ചില്ലറക്കാരനല്ല. പത്ത് തലയുള്ളവൻ. തനി രാവണൻ.. എല്ലാ വീട്ടിലും ഒന്നോ പത്തോ ആയി വളർത്താൻ യോഗ്യതയുള്ളവൻ. അവനെക്കൊണ്ട് ഒരു നീണ്ട ജൈവവേലി തന്നെ വേണമെങ്കിലും ഉണ്ടാക്കിയാൽ നഷ്ടമില്ല എന്ന് വരെ തോന്നിപ്പിച്ചവൻ.
നമ്മുടെ ചക്കച്ചേട്ടന്റെയും ആൽമരമുത്തശ്ശന്റെയും കുടുംബാoഗം. Moraceae തറവാട്ടിലെ കുഞ്ഞൻ. അത്തിപ്പഴത്തിന്റെ കുടുംബവും ഇത് തന്നെ.
ആരും മോശക്കാരല്ല. എന്നാലും കുടുംബപ്പേര് പേരിനൊപ്പം കിട്ടിയത് ഈ കുഞ്ഞപ്പന് തന്നെ. Morus sp... പഴുത്ത് കഴിയുമ്പോൾ വെളുത്ത നിറമുള്ള മൾബെറിയെ Morus alba എന്നും ചുവന്നു തുടുത്ത ഇനത്തിനെ Morus rubra എന്നും മുന്തിരി പോലെ കറുത്ത് കുടുന്നവനെ Morus nigra എന്നും വിളിക്കുന്നു.
എല്ലാ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പരമയോഗ്യൻ.യോഗ്യപരമൻ..
വിറ്റാമിൻ A യുടെ നിറകുടമാകയാൽ ഇവൻ കണ്ണിനു കണ്ണായവൻ. സ്ഥിരമായി കഴിച്ചാൽ തിമിരത്തിന്റെ 'തിമിര്' കുറയ്ക്കാം.
വിറ്റാമിൻ E യാൽ സമ്പുഷ്ടമാകയാൽ തൊലിയ്ക്ക് സ്നിഗ്ദ്ധത, തരളത, തിളക്കം,... and what not..
നിരോക്സ്സീകാരകങ്ങളാൽ (Anti oxidants )സമ്പന്നമാകായാൽ free rascal കളെ, അല്ല free radicals നെ നിലയ്ക്ക് നിർത്തും. കാൻസർ രോഗത്തെ അകലെയും.
ഇരുമ്പിന്റെ ഖജനാവ് ആകയാൽ ഹീമോഗ്ലോബിൻ കൊണ്ട് രക്തം വശം കെടും. Hb കുറയ്ക്കാൻ മരുന്നുണ്ടോ ഡാക്കിട്ടറേ എന്ന് കഴിയ്ക്കുന്നവനെക്കൊണ്ട് ചോദിപ്പിക്കാതിരുന്നാൽ 'ഫാഗ്യം '.
ദഹനനാരുകളുടെ മേളപ്പെരുക്കത്താൽ വൻ കുടലിന് ഈ വിദ്വാൻ,മട്ടന്നൂർ ശങ്കരൻകുട്ടി.മലബന്ധം കടക്കൂ പുറത്ത്...
Ecdysterone, Scopoletin എന്നീ ശുംഭന്മാർ(വെളിച്ചം പകരുന്നവർ 🤣🤣) വേണ്ടതിലേറെ ഉള്ളതിനാൽ രക്തത്തിലെ ഷുഗർ കുറയ്ക്കും. ആയതിനാൽ വാരിവലിച്ച് കഴിച്ചാൽ ഷുഗർ കുറഞ്ഞു ബോധക്കേട് (ബോധം ഉള്ളവർക്ക് 🤣)വരും. Very high hypoglycemic effect എന്നാണ് ചില 'കെരന്ത'(പുസ്തകം ) ങ്ങളിൽ കണ്ടത്. ഇലയിട്ട് തിളപ്പിച്ച് വെള്ളവും തഥൈവ...
Resveratrol എന്ന poly phenol കയറിക്കൂടിയതിനാൽ രക്തക്കുഴലുകളിലെ ബ്ലോക്ക് മാറ്റാൻ വിദഗ്ധൻ.ഇതിന്റെ metabolism നടക്കുമ്പോൾ നൈട്രസ് ഓക്സൈഡ് ഉണ്ടാക്കി രക്ത 'കൊയലുകളെ' വികസിപ്പിക്കുമത്രേ. ലതായത് ആൾ നല്ല vaso dilalator.
Hepato tonic ആയതിനാൽ കരളിന് ഇവൻ 'കരളിന്റെ കരൾ'🥰
വിറ്റാമിൻ സി കലശ്ശലായതിനാൽ Anti pyretic (ജ്വരഹരം ). പനിയ്ക്ക് പണി കൊടുക്കുന്നവൻ.
Zea xanthin, antho cyanin, lutein, poly phenols എന്നീ നിറങ്ങളുടെ നിറകുടം ആയതിനാൽ, ശരീരത്തിൽ oxidative stress കുറയ്ക്കും.
Anti inflammatory. അലര്ജി കുറയ്ക്കും.
Blood thinning effect ഉള്ളതിനാൽ മെഡിക്കൽ ഷോപ്പുകളിൽ Aspirin വിൽക്കാചരക്കാകും.
Blood clotting തടയും.
Fat deposit തടയുന്നതിനാൽ കൊളെസ്ട്രോൾ കുറയ്ക്കും
പിന്നെ പൊട്ടാസ്യസഞ്ചി ആയതിനാൽ BP ക്രമീകരിക്കും.
Uric acid കുറയ്ക്കും. എന്റമ്മോ...
അങ്ങനെ നോക്കിയാൽ pharmaceutical കമ്പനികൾ പണ്ട് വെളിച്ചെണ്ണയ്ക്കെതിരെ ഇറങ്ങിയ പോലെ ഇദ്ദേഹത്തിനെതിരെയും ഇറങ്ങുമോ എന്ന് നോമിന് ശങ്കയ്ണ്ടേ...
ഒരുപാട് വ്യത്യസ്തഇനങ്ങൾ ഉണ്ട്. ചെറുതും നീണ്ടതും പഴുക്കുമ്പോൾ വെള്ള, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ നിറങ്ങൾ ഉള്ളതും .
ഏറ്റവും നീളമുള്ളത് പാകിസ്ഥാൻ മൾബെറി. മൂന്ന് മുതൽ നാല് ഇഞ്ച് വരെ നീളം വരും. ഷാങ്റില, Sweet Lavender, Downing, റഷ്യൻ, Big white, Weeping, ഇല്ലിനോയ്‌സ്, Persian ഇങ്ങനെ ഇനവൈവിദ്ധ്യം വളരെയധികമുണ്ട്.
പച്ചയ്ക്കും പഴുത്തും ജ്യൂസ് ആയും സ്‌ക്വാഷ് ആയും പൈ ആയും ജെല്ലിയും ജാമുമൊക്കെയായും ഉപയോഗിക്കാം.
ഇത്രയുമൊക്കെ ആയപ്പോൾ എന്റെ പേടി, നാളെ മുതൽ നഴ്സറിക്കാർ മൾബെറിചെടിയുടെ വില കൂട്ടുമോ എന്നുള്ളതാണ്. ഏത് മൾബെറി കഴിച്ചാലും ഏറെക്കുറെ ഇതൊക്കെ കിട്ടും.മുന്തിയ ഇനം തന്നെ വേണമെന്നില്ല.വേര് പിടിപ്പിച്ച കമ്പുകൾ നട്ട് പിടിപ്പിച്ചാൽ മതിയാകും.
ചെടിയുള്ളവർ മറ്റുള്ളവർക്ക് വേര് പിടിപ്പിച്ച് കൊടുക്കുക. മൾബെറി 'diplomacy 'പയറ്റുക. ചെടികൾ കൈ മാറി, സൗഹൃദങ്ങൾ വളർത്തുക,സുഹൃത്തുക്കളുടെ ആരോഗ്യത്തിന്റെ കാവലാൾ ആകുക.
വാല്ക്കഷ്ണം :വെള്ളായണി കാർഷിക കോളേജിന്റെ ഇടനാഴികളിൽ കേട്ട ഒരു കഥ.
Sericulture കോഴ്സിന്റെ അവസാനം ഉള്ള viva voce യിൽ പ്രൊഫസർ ഒരു വിദ്യാർഥിയോട് ചോദിച്ചു. മൾബെറി ചെടിയുടെ ഒരു പ്രധാന pest (കീടം ) ഏതാണ്?.. അടിച്ച് പറത്താൻ ഫുൾ ടോസ് കിട്ടിയ സേവാഗ് നെപ്പോലെ ആ ചേട്ടൻ oപ്പേ എന്ന് മൊഴിഞ്ഞു. സർ... Silk worm Moth (പട്ട് നൂൽ പുഴുവിന്റെ ശലഭം ).പ്രഭാകരാ....
അന്നത്തെ ദിവസത്തെ viva മതിയാക്കി പ്രൊഫസർ എഴുന്നേറ്റ് ഏതോ തമോഗർത്തത്തിൽ ആണ്ടുപോയി...
ന്നാൽ അങ്ങട്...
പ്രമോദ് മാധവൻ