അതേ. അതിൽ അത്ഭുതപ്പെടേണ്ട. കാരണം കേരളത്തിലെ ഭൂരിപക്ഷം വീടുകളിൽ നിന്നും വയന(വഴന) അഥവാ എടന അപ്രത്യക്ഷമായിക്കഴിഞ്ഞു.
അന്തരിച്ച ചലച്ചിത്ര സംവിധായകപ്രതിഭ ഭരതന്റെ 'കേളി' എന്ന ചിത്രത്തിൽ 'താരം വാൽക്കണ്ണാടി നോക്കി 'എന്ന, അതുല്യഗായിക ചിത്രയുടെ ഒരു പാട്ടുണ്ട്. ഭരതസംഗീതം, ഹിന്ദോള രാഗം. അതിന്റെ ചരണം. "മഞ്ഞണിഞ്ഞ മലരിയിൽ
നിനവുകൾ മഞ്ഞളാടി വന്ന നാൾ..
'ഇലവങ്കം' (ഇലവന്ങ്ങം) പൂക്കും വനമല്ലിക്കാവിൽ
പൂരം കൊടിയേറും നാൾ
ഈറൻ തുടിമേളത്തൊടു ഞാനും...
എന്ന്.
ലയിച്ചിരുന്നു പോകും, ആ പാട്ട് കേട്ടാൽ... ആരാണീ ഇലവന്ങ്ങം..
നമ്മുടെ കറുവപ്പട്ട അഥവാ Cassia. അത് രണ്ട് തരത്തിലുണ്ട്.
Cinnamomum cassia & Cinnamomum zeylanicum.
ആദ്യത്തെയാൾ C. cassia )രണ്ടാമന്റെ അപരൻ ആണ്. ആദ്യത്തെയാൾ ചൈനീസ് പട്ട എന്നും രണ്ടാമൻ സിലോൺ പട്ട എന്നും അറിയപ്പെടുന്നു. ചൈനക്കാരന്മാർ പണ്ടേ നിലവാരം കുറഞ്ഞ സാധനങ്ങളുടെ ആൾക്കാരാണ്. സിലോൺ പട്ട തന്നെ കറികളിൽ ഉപയോഗിക്കണം. ചൈനീസ് പട്ട ദീർഘനാൾ ഉപയോഗിച്ചാൽ ശരീരത്തിന് ദോഷമുണ്ടാകും. (ഇതിനെ കുറിച്ച് ഒരു വിശദമായ ലേഖനം മുൻപ് എഴുതിയിട്ടുണ്ട് ).
ഇതിവിടെ പറയാൻ കാരണമുണ്ട്. Cinnamomum എന്ന Generic name ഉള്ള കുറെയധികം മരങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനി കറുവപ്പട്ട തന്നെ.
എന്നാൽ നമ്മുടെയെല്ലാം വീട്ടുവളപ്പുകളിൽ ഒരുകാലത്ത് ഉണ്ടായിരുന്ന ഒരു മരമായിരുന്നു Cinnamomum tamala എന്നറിയപ്പെടുന്ന വയന (വഴന അഥവാ എടന). വിദേശങ്ങളിൽ Malabatrum എന്നറിയപ്പെടുന്നു. ഇതിന്റെ തന്നെ ഒരു അടുത്ത ബന്ധു(അതോ ഇത് തന്നെയോ?) ആണ് Tejpat എന്നറിയപ്പെടുന്ന Indian Bay Leaf. നേപ്പാളിലും ബർമ്മയിലും മുഗൾ വിഭവങ്ങളിലും ഒക്കെ ഒഴിച്ച്കൂടാൻ പറ്റാത്ത സുഗന്ധയിലയാണ് Tejpat. സൂപ്പർമാർക്കറ്റുകളിൽ ഉണങ്ങിയ bay leaf പാക്ക് ചെയ്തത് കിട്ടും. ഒരു കിലോ ഉണങ്ങിയ ഇലയ്ക്ക് അഞ്ഞൂറ് രൂപ വരെ വിലയുണ്ട്. ഇതിന്റെ ഉണക്കിയ പൂവിനും ഔഷധ വിപണിയിൽ നല്ല വിലയുണ്ട്.
എന്താണ് വയനയുടെ പ്രാധാന്യം. നല്ല സുഗന്ധമുള്ള ഇലയാണ് എന്നതാണ് ഇതിനെ ഏറ്റവും പ്രിയതരമാക്കുന്നത്. കറുവയുടെ ഇലയ്ക്ക് തീക് ഷണത കൂടുതലാണ്. പക്ഷെ വയനയിലയുടെ സുഗന്ധം നേർത്തതും ഹൃദയഹാരിയുമാണ്. അത് പലഹാരങ്ങളിലും കറികളിലും ചോറിനും ഒക്കെ ആസ്വാദ്യകരമായ മണം നൽകുന്നു.
ഹൈന്ദവാചാരങ്ങളിൽ പ്രധാനമായ ആറ്റുകാൽ പൊങ്കാല, കാവുകളിലെ ഊട്ടു മഹോത്സവം, കർക്കിടക വാവുമായി ബന്ധപ്പെട്ട് ഉണ്ടാക്കുന്ന തെരളി, കുമ്പിളപ്പം, ചക്കയപ്പം എന്നിവയെല്ലാം ഉണ്ടാക്കാൻ വയനയില അനിവാര്യം.
വീടുകളിൽ പുളി ഉണക്കി സൂക്ഷിക്കാനായി മൺ കലത്തിന്റെ അടിയിൽ ഉണങ്ങിയ വയനയില വിരിക്കും. അതിന് മുകളിൽ ഉണങ്ങിയ പുളി, ഉപ്പ് ചേർത്ത് അടുക്കുകളായി വച്ച് അടച്ചുസൂക്ഷിക്കും. ഒടുവിൽ കലത്തിലെ പുളിയെല്ലാം തീരുമ്പോൾ ഈ ഇലകളിൽ ഊറിക്കൂടിയ പുളിന്തേൻ കിട്ടും. വയറിന് അസുഖങ്ങൾ വരുമ്പോൾ കഴിക്കുന്ന ഒരു home remedy ആയിരുന്നു പുളിന്തേൻ.കീടങ്ങളെയും കുമിളു(Fungus )കളെയും നിയന്ത്രിക്കാൻ വിരുതുള്ള ഇലയാണിതെന്ന് നമ്മുടെ ആളുകൾക്ക് പണ്ടേ അറിയാമായിരുന്നുവെന്ന് ചുരുക്കം.
അപ്പോൾ അത് കറികളിലും ഭക്ഷണപദാർത്ഥങ്ങളിലും ചേർക്കുമ്പോൾ അതിലുള്ള Terpenes, Tannins, Polyphenols, essential oils എല്ലാം നമ്മുടെ ശരീരത്തിനും കിട്ടും.അത് വയറിന്റെ അസുഖങ്ങളും ഗ്യാസ് ട്രബിളും ഒക്കെ ഇല്ലാതാക്കും. വിയർപ്പ് നാറ്റം, വായ്‌നാറ്റം ഒക്കെ കുറയ്ക്കും. കൂടാതെ ഒരുപാട് സൂക്ഷ്മമൂലകങ്ങളും ഇതിൽ നിന്നും കിട്ടും. അത്തർ വ്യവസായത്തിലും ഔഷധവ്യവസായത്തിലും ടൂത് പേസ്റ്റ് നിർമ്മാണത്തിലും ഒക്കെ Tejpat ഇലകൾക്കും ഉണങ്ങിയ പൂവിനും കായ്ക്കും വലിയ ആവശ്യകതയുണ്ട്.
വർഷം മുഴുവൻ തെരളി, ചക്കയപ്പം എന്നിവയുണ്ടാക്കി വിൽക്കുന്ന ബേക്കറികൾ ഉണ്ട്. അവർക്ക് വീതിയുള്ള, കേടില്ലാത്ത ഇലകൾ വേണം. ആയതിനാൽ ഇലകൾ പറിച്ചെടുക്കാൻ പറ്റിയ ഉയരത്തിൽ കോതിനിർത്തി ഇവയെ വളർത്തണം.
ഒരുകാലത്ത് എല്ലാ വീടുകളിലും ഈ മരമുണ്ടായിരുന്നു. അശോകവും ശീമപ്ലാവും കരിങ്ങോട്ടയും മുള്ള് മുരിക്കും പേഴും വട്ടയും വല്ലവവും ഉതിയും പൂവരശും ഒക്കെ ഇല്ലാതാകുന്നത് പോലെ ഇതും അപ്രത്യക്ഷമാകും. ആയതിനാൽ എല്ലാവരും ഒരു വയന മരം പൊന്നുപോലെ വളർത്തി അതിന്റെ ഇലയിട്ട വെള്ളവും തെരളിയും ഉണങ്ങിയ ഇലയിട്ട ബിരിയാണിയും ഒക്കെ വച്ച് കഴിച്ചാട്ടെ...
ഇപ്പോൾ, ഞാൻ 'എന്റെ ഓണവിപണി' എന്ന ഡിജിറ്റൽ മാർക്കറ്റ് ൽ നോക്കിയപ്പോൾ ഇരുപത് തെരളിയിലയ്ക്ക് വില മുപ്പത്തഞ്ച് രൂപാ മാത്രം. എന്റെ തിർമ്മൽ ദേബാ....
വേഗമാകട്ടെ, രണ്ട് വയന ചെടി നട്ട് പിടിപ്പിച്ചാട്ടെ...
ഉപയോഗമില്ലാത്ത ഒരു ചെടിയും ഇല്ല തന്നെ...
എന്നാൽ അങ്ങട്...
✍🏻പ്രമോദ് മാധവൻ