തെക്കു കിഴക്കേഷ്യൻ രാജ്യങ്ങളിൽ റബർ വില തുടർച്ചയായ രണ്ടാം വാരത്തിലും തളർന്നു. ഉൽപാദനത്തിൽ മുൻപന്തിയിലുള്ള തായ്‌ലൻഡിൽ പിന്നിട്ട വാരം റബർവില എട്ടു ശതമാനം ഇടിഞ്ഞു. റബർലഭ്യത വരുംമാസങ്ങളിൽ ഉയരുമെന്ന വിലയിരുത്തലുകൾ ജപ്പാനിൽ അവധി വിലകളിൽ വൻ ചാഞ്ചാട്ടം സൃഷ്‌ടിച്ചു. ഇതിനിടയിൽ ബാങ്കോക്കിൽനിന്നും മറ്റ് തുറമുഖങ്ങളിൽ നിന്നുമുള്ള വരവിൽ കാലതാമസം നേരിട്ടത് ഇന്ത്യൻ ടയർ ഭീമൻമാരെ സമ്മർദത്തിലാക്കുന്നു. വിദേശ റബർ എത്തുമെന്ന പ്രതീക്ഷയിൽ ആഭ്യന്തര മാർക്കറ്റിൽ താൽപര്യം കാണിക്കാതെ വിട്ടുനിന്ന വ്യവസായികൾ ഇപ്പോൾ ഷീറ്റിനായി പരക്കം പായുകയാണ്.
കൊച്ചി, കോട്ടയം വിപണികളിൽ വിൽപനക്കാർ കുറഞ്ഞതോടെ പത്തു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 20,400 രൂപയിലാണ് നാലാം ഗ്രേഡ് റബർ. ശനിയാഴ്‌ച 20,500നും ചരക്ക് ശേഖരിക്കാമെന്ന നിലപാടിലായിരുന്നു വ്യവസായികളെങ്കിലും വിൽപനക്കാർ കുറവായിരുന്നു. കാലാവസ്ഥ അനുകൂലമായതോടെ സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും റബർ വെട്ട് പുനരാരംഭിച്ചതിനാൽ വൈകാതെ പുതിയ ചരക്ക് വിപണികളിൽ ഇടം പിടിക്കും.