ഏതൊരു സ്വർണാഭരണം വാങ്ങുമ്പോഴും ഒരു മാതിരി അറിവുള്ളവർ BIS, 916,Hall marked ചിഹ്നങ്ങൾ ഒക്കെ നോക്കി വാങ്ങും.
പ്രോസസ്സ് ചെയ്ത ഭക്ഷണപദാർത്ഥങ്ങൾ വാങ്ങുമ്പോൾ FSSAI രജിസ്ട്രേഷൻ /ലൈസൻസ് നമ്പർ, expiry date എന്നിവ നോക്കും.
Electrical /ഇലക്ട്രോണിക്സ് സാധനങ്ങൾ വാങ്ങുമ്പോൾ ISI മുദ്ര നോക്കും.
അത്തരം സാധനങ്ങൾ വാങ്ങുമ്പോൾ ആഡംബരത്തിന്റെ കാര്യത്തിൽ അത്രയ്ക്ക് quality conscious ആണ് മലയാളി.
പക്ഷെ പച്ചമീൻ വാങ്ങുമ്പോഴും പഴം -പച്ചക്കറികൾ വാങ്ങുമ്പോഴും നമ്മൾ ഒരു ഗുണമേന്മാ ചിഹ്നവും നോക്കാറില്ല. കാരണം അവയിൽ ഇത്തരം ഗുണമേന്മാ സൂചകങ്ങൾ ഒന്നും ഉണ്ടാകാറില്ല. ഉണ്ടെങ്കിൽ നോക്കി വാങ്ങിയേനെ🤣.
പക്ഷെ, ഇല്ല എന്ന് പറയാൻ കഴിയില്ല. NPOP (National Programme on Organic Production ) പ്രകാരം ഉള്ള certified ആയ ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. പക്ഷെ ഭക്ഷണകാര്യത്തിൽ cost conscious ആയ മലയാളികളിൽ 99 ശതമാനവും അതിന്റെ വിലക്കൂടുതൽ കാണുമ്പോൾ അതിനെ ഒഴിവാക്കും.
Disposable income കൂടുതൽ ഉള്ളവരും ചില മാരകരോഗബാധിതരും അത് എന്ത് വില കൊടുത്തും വാങ്ങും.
ജൈവകൃഷി ചെലവ് കുറഞ്ഞതും(എന്തിന് ചെലവില്ലാ കൃഷി തന്നെയുണ്ട്!!) കാലാന്തരത്തിൽ സമ്മിശ്രവള പ്രയോഗ രീതിയെക്കാൾ വിളവ് തരും എന്ന് പറയുമ്പോഴും ജൈവ ഉത്പന്നങ്ങളുടെ വില കുറയുന്നില്ല എന്നത് ചിലരെയെങ്കിലും അത്ഭുതപ്പെടുത്തിയേക്കാം.
പക്ഷെ വികസിത രാജ്യങ്ങളിൽ ഉള്ള ബോധമുള്ള (enlightened) ആയ ആളുകൾ ഈ ഗുണമേന്മാമുദ്രകൾക്കൊപ്പം മറ്റ് ചില കാര്യങ്ങൾ കൂടി നോക്കും. അതിൽ ഉപയോഗിച്ചിട്ടുള്ള ingredients എന്തൊക്കെയാണ് എന്നതും അത് സസ്യജന്യമാണോ, ജന്തുജന്യമാണോ എന്നതും അത് കഴിക്കുമ്പോൾ ശരീരത്തിന് എത്ര കാലറി ഊർജ്ജം കിട്ടുമെന്നും കൂടി നോക്കും. അത്തരം കാര്യങ്ങൾ ലേബലിൽ ഉണ്ടാകണം എന്നത് അവിടെ ഒരു compliance matter ആണ്.
ഇപ്പോൾ അതിൽ പുതുതായി വന്ന് കൊണ്ടിരിക്കുന്ന /വരാൻ പോകുന്ന കാര്യം, ആ ഉത്പന്നത്തിന്റെ ഉത്പാദനത്തിൽ എത്ര മാത്രം കാർബൺ ബഹിർഗമനം (Carbon Emission ) ഉണ്ടായി എന്നതാണ് . അതിനെ ആ ഉത്പന്നത്തിന്റെ 'കാർബൺ പാദമുദ്ര (Carbon foot print )എന്ന് വിളിക്കും.
അതായത് ഒരു ഗോത്രവർഗ ഗ്രാമത്തിൽ ഡീസലും പെട്രോളും ഒന്നും ഉപയോഗിക്കാതെ, കാളയും കലപ്പയും ഉപയോഗിച്ച് നിലമൊരുക്കി വിളയിച്ച ഗോതമ്പും, പഞ്ചാബിലും ഹര്യാനയിലും പെട്രോളിയം ഉത്പന്നങ്ങൾ കുടിച്ച് പ്രവർത്തിക്കുന്ന ട്രാക്ടർ ഉപയോഗിച്ച് നിലം ഒരുക്കി വിളയിക്കുന്ന ഗോതമ്പും,കാർബൺ പുറപ്പെടുവിച്ച കാര്യത്തിൽ ഒന്നല്ല. രണ്ടിന്റെയും കാർബൺ പാദമുദ്ര രണ്ടാണ്.
ആദ്യത്തേത് പരിസ്ഥിതിയെ കുറച്ച് മാത്രമേ വേദനിപ്പിച്ചുള്ളൂ.. എന്നാൽ രണ്ടാമത്തെ ഗോതമ്പിന്റെ പരിസ്ഥിതി ചെലവ് (Ecological cost )കൂടുതലാണ്. പരിസ്ഥിതി ചെലവ് കൂടിയ, കാർബൺ കാൽപ്പാടുകൾ കൂടിയ ഉത്പന്നങ്ങൾ വാങ്ങുന്നത് കുറയ്ക്കണം എന്ന ചിന്ത കാലക്രമേണെ എല്ലായിടത്തും രൂഢമൂലമാകും. Eco Literacy കൂടുന്തോറും ഇത്തരം consumer behaviour ശക്തമാകും. ജീവിക്കാൻ മറ്റൊരു ഭൂമിയില്ല എന്ന ചിന്ത മനുഷ്യനെ അലട്ടും.
അപ്പോൾ കാർഷിക ഉത്പന്നങ്ങൾ ജൈവം മാത്രം ആയാൽ പോരാ, കാർബൺ പാദമുദ്ര കുറഞ്ഞതും കൂടിയാകണം എന്ന് ചുരുക്കം.
ലോക രാജ്യങ്ങൾ എല്ലാം തന്നെ അവരുടെ കാർബൺ പാദമുദ്ര കുറയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. അതിന് കാലഗണനകൾ വരെ നിശ്ചയിച്ചു കഴിഞ്ഞു. ഇന്ത്യ 2070 ഓട് കൂടി 'കാർബൺ ശൂന്യത (Net zero )കൈവരിക്കും എന്ന തീരുമാനം എടുത്ത് കഴിഞ്ഞു. CO2,CO, CH4,CFC, HFC, N2O പോലെയുള്ള ക്ഷുദ്രവാതകങ്ങൾ പുറം തള്ളുന്ന എല്ലാ സാങ്കേതികവിദ്യകളെയും ഘട്ടം ഘട്ടമായി കുറച്ചു കൊണ്ട് വരും. ഹരിതോർജ്ജം (Green Energy ) ഉത്പാദനത്തിന് കൂടിയ പരിഗണന നൽകും. നയങ്ങൾ എല്ലാം അതിനനുസൃതമാകും. വ്യവസായം, വാണിജ്യം, ഗതാഗതം, നിർമ്മാണം, ഊർജ്ജോത്പാദനം എന്നീ മേഖലകളിൽ പുതിയ compliance criteria കൊണ്ട് വരും.വളരെ കുറച്ച് മാത്രമാണ് കാർബൺ വമനത്തിൽ(Carbon emission) കൃഷിയുടെ പങ്കെങ്കിലും അതും കുറച്ച് കൊണ്ട് വരാനുള്ള നയങ്ങൾ രൂപീകരിക്കും. ഇന്ന് ചെയ്ത് കൊണ്ടിരിക്കുന്ന പല കാര്യങ്ങളും ലോകനന്മയെക്കരുതി കർഷകർ ഒഴിവാക്കേണ്ടി വരും.
കരിയിലകൾ /വിളാവാശിഷ്ടങ്ങൾ കത്തിക്കൽ,
അമിത ജലസേചനം
Nitrogen വളങ്ങൾ വാരി വിതറുന്നത്
മണ്ണ് അമിതമായി കിളച്ച് മാറിയ്ക്കുന്നത്
അമിതമായി വളങ്ങൾ ഉപയോഗിക്കുന്നത് ഒക്കെ അവയിൽ ചിലത് മാത്രം.
ലോകം മുഴുവൻ ഇത്തരത്തിൽ കാർഷിക മേഖലയെ അടക്കം കാർബൺ തുലിതം (Carbon Neutral) ആക്കാൻ ശ്രമിക്കുമ്പോൾ മലയാളി കാലങ്ങൾക്ക് മുൻപ് തന്നെ കേരളം കാർഷികമായി, കാർബൺ ന്യൂട്രൽ ആകണം എന്ന് ചിന്തിച്ചു എന്നതാണ് 'വലിയ 'കാര്യം.🤣
എന്തൊക്കെയാണ് ആ കാര്യങ്ങൾ എന്ന് നോക്കാം.
കൃഷിയിൽ ഏറ്റവും കൂടുതൽ കാർബൺ വമനം, ഉണ്ടാകുന്നത് നെൽകൃഷിയിൽ നിന്നാണ് എന്നവൻ മനസ്സിലാക്കി. ചതുപ്പായി കിടക്കുന്ന പാടങ്ങളിൽ നിന്നും മീഥേൻ (Methane )ഉണ്ടാകുന്നു എന്നറിഞ്ഞ അവൻ 7 ലക്ഷം വരുന്ന ഹെക്ടർ വിസ്തൃതിയുള്ള നെൽപ്പാടങ്ങളെ, ദുഖത്തോടെ ആണെങ്കിലും അൻപത് കൊല്ലം കൊണ്ട് 2 ലക്ഷം ഹെക്ടറാക്കി കുറച്ചു.അത് നൂറ് ശതമാനം ആക്കാൻ ഭരണകൂടം സമ്മതിക്കുന്നില്ലല്ലോ എന്ന പരിഭവത്തിലാണവൻ.ഒന്ന് കണ്ണടച്ചാൽ ബാക്കിയുള്ള ചതുപ്പും നികത്തി ഈ നശിച്ച മീഥേൻ തള്ളൽ കുറയ്ക്കാൻ സഹായിക്കാം എന്നാണ് മലയാളിയുടെ ഒരിത്.
പശുക്കൾ /കന്നുകാലികൾ ആണ് കാർഷികമേഖലയിലെ രണ്ടാമത്തെ വലിയ കാർബൺ ഉത്സർജ്ജികർ (Carbon emitters ). ഒരു പശു ഒരു വർഷം ഏതാണ്ട് 150 മുതൽ 260 വരെ പൗണ്ട് മീഥേൻ അവരുടെ അയവെട്ടലിലൂടെയും ചാണകത്തിലൂടെയും അധോവായുവിലൂടെയും പുറപ്പെടുവിക്കുന്നു എന്ന് കണ്ടെത്തി മലയാളി പശുവളർത്തൽ ഒഴിവാക്കി. എന്ന് മാത്രമല്ല വീട്ടിനടുത്ത് ആരെങ്കിലും പശുവളർത്തി ജീവിക്കുന്നുവെങ്കിൽ അതും പല്ലും നഖവുമുപയോഗിച്ച് എതിർത്ത്, അവന്റെ കഞ്ഞിയിൽ മണ്ണ് വാരിയിട്ട്,പ്രകൃതിയെ രക്ഷിച്ചു പോരുന്നു.
നാട്ടിൽ കാർബൺ വമനം ഉണ്ടാക്കാൻ സാധ്യതയുള്ള എല്ലാ വ്യവസായങ്ങളെയും മറ്റ് സംസ്ഥാനങ്ങളിലേക്ക് ഓടിച്ചുകൊണ്ട് ഈ സംസ്ഥാനത്തെ 'ദൈവത്തിന്റെ സൊന്തം നാടാ'യി നില നിർത്തി.വ്യവസായങ്ങൾ, കാർബൺവമനത്തിന്റെ ഉറവിടങ്ങൾ ആണെന്ന് നമ്മൾ കണ്ടെത്തി.
നാട്ടാർക്ക് കശുവണ്ടിപ്പരിപ്പും കശുമാങ്ങയും ആഞ്ഞിലിചക്കയും ഒക്കെ നൽകി കൊണ്ടിരുന്ന പറമ്പുകൾ മുഴുവൻ, കാർബൺ ബന്ധനം (Carbon sequestration )നടത്തി, ഈ കാർബണിനെ മുഴുവൻ തടിയിൽ ആവാഹിക്കുന്ന, ഒരു ജീവിയ്ക്കും തന്റെ ഒരു ഉത്പന്നവും തിന്ന് കാർബൺ പോസിറ്റീവ് ആകാൻ സഹായിക്കാത്ത റബ്ബർ മരങ്ങൾ നട്ട് പിടിപ്പിച്ചു. അങ്ങനെ നാട്ടിലെ ജൈവ വൈവിധ്യത്തെ വേദനയോടെ ബലി കൊടുത്ത്, നാടിനെ കാർബൺ തുലിതമാക്കി. ഇന്ന് കാടുകൾക്കൊപ്പം കേരളത്തിന്റെ കാർബൺ പാദമുദ്ര കുറയ്ക്കുന്നതിൽ റബ്ബർ തോട്ടങ്ങളും നിസ്തുല പങ്ക് വഹിക്കുന്നു. തിന്നാൻ ഉള്ളതിന്റെ ഒരു പങ്ക് ഇതര സംസ്ഥാനത്ത് നിന്നും കൊണ്ട് വന്നും,കശുവണ്ടി ഫാക്ടറികൾക്കുള്ള തോട്ടണ്ടി ആഫ്രിക്കയിൽ നിന്നും ഇറക്കുമതി ചെയ്തും നമ്മൾ കൃഷി മൂലമുള്ള പരിസ്ഥിതി ധ്വoസനങ്ങൾ കുറച്ചു. ഇവിടുത്തെ തോട്ടണ്ടി 'തോറ്റണ്ടി 'ആകുകയും ചെയ്തു.
ഇതൊക്കെ കാണുമ്പോൾ, ചിന്തിക്കുമ്പോൾ, പറയൂ മരണാ, മാസല്ലേ മലയാളി...
മല്ലു ഡാ....
✍🏻 പ്രമോദ് മാധവൻ