വീടിന്റെ മുറ്റത്ത് റോഡിനോട് ചേർന്നുള്ള പുരയിടത്തിൽ പടർന്ന് പന്തലിച്ച് കിടക്കുന്ന മുന്തിരിവള്ളികളിലായി നൂറിലേറെ മുന്തിരി കുലകളാണ് കായ്ച്ചു കിടക്കുന്നത്. പഴുത്തതും പകുതി പാകമായതുമൊക്കെയായി കിടക്കുന്ന ഇവയിൽ പകുതിയിലേറെയും വീട്ടുകാർ ഇതിനോടകം വിളവെടുത്തു കഴിഞ്ഞു.
വലിയ പ്രതീക്ഷകളൊന്നുമില്ലാതെ നട്ട മുന്തിരി ചെടി അപ്രതീക്ഷിതമായി വിളവ് തന്ന സന്തോഷത്തിലാണ് കുഞ്ഞുമോനും കുടുംബാംഗങ്ങളും. തുക്കുപാലത്തുള്ല മകളുടെ വീട്ടിൽ പോയപ്പോൾ അയൽവാസി തന്ന ഒരു മുന്തിരി തണ്ട് മരുമകൻ കുഞ്ഞുമോന് നൽകി. ഇത് വീട്ടിൽ കൊണ്ട് വന്ന് മകൻ സാജുവിനെ നടാൻ ഏൽപ്പിക്കുകയായിരുന്നു. ആദ്യ വർഷം മുന്തിരി വളർന്നുവെങ്കിലും പേരിന് കുറച്ചു മുന്തിരികൾ മാത്രമാണ് ഉണ്ടായത്.
പിന്നീട് ഒരിക്കൽ അയൽവാസികളായ ദമ്പതികളാണ് ഇവയുടെ നല്ല വളർച്ചയ്ക്കായി സെപ്തംബർ മാസത്തിൽ തളിരിലകൾ നുല്ലി കളയണമെന്നു പറഞ്ഞത്. ഇതനുസരിച്ച് തളിരിലകൾ നുള്ളി കളഞ്ഞ് ചെടി ഒരുക്കിയപ്പോഴാണ് മുന്തിരിയിൽ വ്യാപകമായി ഫലങ്ങൾ ഉണ്ടാകുകയും ചെടി നന്നായി പടരുകയും ചെയ്തത്. ഇപ്പോൾ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ മുന്തിരി ചെടികൾ പടർന്നു പന്തലിച്ചു കിടക്കുകയാണ്. അവയ്ക്കിടയിൽ ആരെയും കൊതിക്കും വിധം പഴുത്തും പച്ചയുമായ നിരവധിയായ മുന്തിരി കുലകളും. വീട്ടുമുറ്റത്ത് ചെറുതെങ്കിലും ഒരു മുന്തിരിത്തോട്ടം ഉണ്ടായതറിഞ്ഞ് പരിചയക്കാരടക്കം നിരവധിപ്പേരാണ് കുഞ്ഞുമോൻ വീട്ടിലെത്തുന്നത്.