ലോക പരിസ്ഥിതി ദിനത്തിൽ തൈകൾ തലതിരിച്ചു നട്ട് മലയോര കർഷകരുടെ പ്രതിഷേധം | Planting tree in reverse manner as protest



ലോക പരിസ്‌ഥിതിദിനത്തിൽ തൈകൾ തലതിരിച്ചു നട്ട് മലയോര കർഷകരുടെ പ്രതിഷേധം. കർഷകരോടുള്ള വനംവകുപ്പിന്റെ തലതിരിഞ്ഞ മനോഭാവത്തിനെതിരായാണ് സ്വതന്ത്ര കർഷക സംഘടനയായ കിഫയുടെ നേതൃത്വത്തിൽ കർഷക സമൂഹത്തിന്റെ പ്രതിഷേധം. കഴിഞ്ഞ 10 വർഷം മാത്രം കേരളത്തിൽ ജൂൺ 5നു മരം നടാൻ ചെലവാക്കിയത് 110 കോടി രൂപയാണ് (7 കോടിയോളം മരത്തൈകൾ). ഇങ്ങനെ 110 കോടി രൂപ മുടക്കി നട്ട മരതൈകളിൽ എത്ര എണ്ണം നിലവിലുണ്ട് എന്ന ചോദ്യത്തിന് അറിയില്ല എന്ന ഉത്തരമാണ് വനം വകുപ്പ് നൽകിയത്.

വിറകിനും കാലിത്തീറ്റയ്ക്കും മറ്റു മര ഉരുപ്പടികളുടെ ആവശ്യങ്ങൾക്കുമായി നാട്ടുകാർ റിസേർവ് വനത്തിനുള്ളിൽ കടന്നു മരം വെട്ടുന്നതു തടയുന്നതിനു വേണ്ടി വനത്തിനു വെളിയിലുള്ള പുറമ്പോക്ക്, മറ്റു റെവന്യു-തരിശു സ്ഥ‌ലങ്ങളിൽ മരങ്ങൾ നട്ടു വളർത്തി അവ സമൂഹത്തിന്റെ മേൽപറഞ്ഞ ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിച്ചുകൊണ്ട് റിസർവ് വനത്തിന്മേലുള്ള കടന്നു കയറ്റം കുറയ്ക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടുകൂടിയാണ് ലോക ബാങ്ക് സഹായത്തോടുകൂടി 1982ൽ സാമൂഹിക വനവൽകരണം ആരംഭിക്കുന്നത്.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വസ്തുത ഈ മരങ്ങൾ നാട്ടുകാരുടെ ആവശ്യങ്ങൾക്കു വേണ്ടിയുള്ളതാണ് എന്നതാണ്. എന്നാൽ മനുഷ്യന് ഒരു ഉപകാരവും ഇല്ലാത്ത അക്കേഷ്യ, യൂക്കാലി മുതലായ മരങ്ങൾ സോഷ്യൽ ഫോറസ്ട്രിയുടെ മറവിൽ നടുകയും അത്തരം മരങ്ങൾ വെട്ടുന്നത് പോയിട്ട് അതിന്റെ അടുത്തൂടെ പോയാൽ നാട്ടുകാർക്കെതിരെ കേസ് എടുക്കുകയും ചെയ്യുന്ന തല തിരിഞ്ഞ നയമാണ് കേരളത്തിലെ വനംവകുപ്പ് പിന്തുടർന്നത്. മാത്രമല്ല നാട്ടിൽ മരം നടാൻ സ്ഥലം ബാക്കിയില്ലാത്തതു കൊണ്ട് കാട്ടിനുള്ളിൽ കയറി ഒന്നാന്തരം നിത്യഹരിത വനങ്ങളും പുൽമേടുകളും നശിപ്പിച്ചു അവിടെയും അക്കേഷ്യയും യൂക്കാലിയും നട്ടു വനത്തിലെ ആവാസ വ്യവസ്‌ഥ തകർക്കുകയും ചെയ്തുവെന്ന് കിഫ ആരോപിക്കുന്നു.

ലോക ബാങ്ക് സഹായം ഉണ്ടായിരുന്ന കാലത്തു വനം വകുപ്പിൽ സാമൂഹിക വന വൽക്കരണ വിഭാഗത്തിൽ സൃഷ്ട‌ിച്ച തസ്‌തികകൾ സാമൂഹിക വനവൽക്കരണം എന്ന ആശയത്തിന് തന്നെ പ്രസക്ത‌ിയില്ലാത്ത ഇക്കാലത്തും തുടർന്ന് വരുകയും ഇതിനായി നൂറുകണക്കിന് തസ്‌തികകൾ ഇപ്പോഴുമുള്ള സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ നിലനിൽപ്പ് ന്യായീകരിക്കാനുള്ള പ്രഹസനം മാത്രമാണ് ജൂൺ 5 ലെ മരം നടൽ മാമാങ്കം. ഈ വസ്തുത മനസിലാക്കിക്കൊണ്ടാണ് മരത്തൈ തല തിരിച്ചു നട്ട് പ്രതിഷേധിക്കാൻ തങ്ങൾ ആഹ്വാനം ചെയ്‌തതെന്ന് കിഫ ചെയർമാൻ അലക്സ‌് ഒഴുകയിൽ പറഞ്ഞു.




Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section