ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ വിജയം നേടിയ പാങ്ങോട് എന്ന ഗ്രാമത്തെ പരിചയപ്പെടാം | Pangod village in dragon fruit farming



കേരളത്തിൽ ഇന്നു സുപരിചിതമായ ഒരു വിദേശ പഴവർഗമാണ് ഡ്രാഗൺ ഫ്രൂട്ട് .പേരും രൂപവും നിറവും രുചിയും കൊണ്ട് വ്യത്യസ്തവും അതുല്യവുമായ ഈ പഴം മലയാളികൾക്ക് കൗതുകമായി മാറിയിരുന്നു.

ഇന്ന് കേരളത്തിന്റെ ഡ്രാഗൺ ഫ്രൂട്ട് ഹബ്ബായ് മാറുകയാണ് തിരുവനന്തപുരത്തെ പാങ്ങോട് എന്ന ഗ്രാമം. അടുത്തിടെയായി പുതുതായി ധാരാളം ഫലവർഗ്ഗങ്ങൾ വിപണിയിലേക്ക് എത്തുന്നുണ്ട്. ആ കൂട്ടത്തിൽ ഏറെ ഡിമാൻഡ് ഉള്ള ഒന്നാണ് ഡ്രാഗൺ ഫ്രൂട്ട്. തിരുവനന്തപുരത്തെ കല്ലറക്കടുത്തുള്ള പാങ്ങോട് എന്ന ഗ്രാമമാണ് ഈ ഡ്രാഗൺ ഫ്രൂട്ട് ഉൽപാദനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്നു കള്ളിമുള്ളെന്ന് തോന്നിപ്പിക്കുന്ന പ്രത്യേക തരം ചെടികൾ, അവയുടെ ശാഖകളുടെ തുമ്പത്തായി വിടർന്ന മഞ്ഞ കലർന്ന വെളുത്ത പൂക്കളും ചിലതിൽ ചുവന്ന കായ്കളും.

പാങ്ങോട്, ഭരതന്നൂർ, തണ്ണിച്ചാൽ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷി നടക്കുന്നത്. വർഷങ്ങൾക്കു മുൻപാണ് റബ്ബർ തോട്ടങ്ങളായിരുന്ന ഇവിടം വെട്ടിത്തളിച്ച് കർഷകർ ഡ്രാഗൺ ഫ്രൂട്ട് കൃഷി ആരംഭിച്ചത്. മെക്‌സിക്കോയിലെ വരണ്ട മേഖലകളിൽ മാത്രം കണ്ടുവന്നിരുന്ന ഈ പഴവർഗം കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്ന് മനസിലായതോടെയാണ് നമ്മുടെ നാട്ടിലും പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചത്. ജെ. വിജയൻ പിള്ള, രത്നാകരൻ പിള്ള എന്നിവരാണ് ആദ്യമായി ഡ്രാഗൺ ഫ്രൂട്ട് വ്യാവസായിക അടിസ്ഥാനത്തിൽ ഇവിടെ കൃഷി ചെയ്തു തുടങ്ങിയത്. തണ്ണിച്ചാലിലെ ഇവരുടെ ഡ്രാഗൺ ഫ്രൂട്ട് കൃഷി വിജയകരമായതോടെ ഈ ചുവടുപിടിച്ച് ധാരാളം കർഷകർ മുന്നോട്ട് വരികയായിരുന്നു. ധനമന്ത്രി കെ.എൻ ബാലഗോപാലും മുൻപ് ഈ കൃഷി സ്ഥലം സന്ദർശിച്ചിരുന്നു. പൂവിട്ട് തുടങ്ങിയാൽ ഒരു മാസം കൊണ്ട് തന്നെ കായ് ഫലം ലഭിച്ചു തുടങ്ങും. 15 ദിവസത്തോളം ഡ്രാഗൺ ഫ്രൂട്ട് കേടാവാതിരിക്കുകയും ചെയ്യും.

കള്ളിച്ചെടി വർഗ്ഗത്തിൽ പെട്ട ഒരുകൂട്ടം സസ്യങ്ങളുടെ ഫലങ്ങൾക്കുള്ള പൊതുനാമമാണ് ഡ്രാഗൺ പഴം അഥവാ ഡ്രാഗൺ ഫ്രൂട്ട് അല്ലെങ്കിൽ പിതായ. കാഴ്ചയിലുള്ള ഭംഗി പോലെ തന്നെ നിരവധി പോഷകങ്ങൾ അടങ്ങിയ പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. റെഡ് ഡ്രാഗൺ ഫ്രൂട്ട്, വൈറ്റ് ഡ്രാഗൺ ഫ്രൂട്ട് തുടങ്ങി പല നിറങ്ങളിലും ഇവ കാണപ്പെടാറുണ്ട്. ഈ പഴത്തിൽ ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാൽ മിതമായ അളവിൽ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.



പടർന്നു കയറി വളരുന്ന ഈ ചെടികളുടെ സ്വദേശങ്ങൾ മെക്സിക്കോയും മദ്ധ്യ-ദക്ഷിണ അമേരിക്കകളും ആണ്. ഇപ്പോൾ ഇന്ത്യ, ചൈന, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ തെക്കു ഏഷ്യൻ രാജ്യങ്ങളിലും, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു. ഇവ പല പ്രാദേശിക നാമങ്ങളിൽ അറിയപ്പെടുന്നു. ഡ്രാഗൺ ഫ്രൂട്ടിന്റെ പ്രധാന സവിശേഷത അത്ര ഫലഭൂയിഷ്ടമല്ലാത്ത മണ്ണിലും നല്ല നീർവാഴ്ചയുണ്ടായാൽ നന്നായിവളരും എന്നതും കേരളത്തിലേതു പോലെയുള്ള ഉഷ്ണമേഖല കാലാവസ്ഥ വളരെ അനുയോജ്യമാണ് എന്നതുമാണ്.





Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section