പുല്ലും പച്ചിലകളും വളരെ പെട്ടെന്നു കഴിക്കുന്ന സ്വഭാവമാണ് പശുക്കൾക്കുള്ളത്. പിന്നീട് വിശ്രമസമയത്ത് കഴിച്ച പുല്ലും ഭക്ഷണവും ആമാശയത്തിന്റെ ഒന്നാമത്തെ അറയായ റൂമനിൽനിന്നും വായിലേക്കെടുത്ത് നന്നായി ചവച്ചരച്ച് വീണ്ടും അകത്താക്കുന്നു. ഇതിനെ അയവെട്ടുന്നു എന്നാണ് പറയുക. ഓരോ പ്രാവശ്യവും അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെയാണ് അയവെട്ടാനുള്ള സമയം. ഇപ്രകാരം 10 മുതൽ 15 പ്രാവശ്യം വരെ ഒരു ദിവസം അയവെട്ടും (ആരോഗ്യക്കുറവുള്ള പശുക്കൾ ശരിയായ അളവിൽ അയവെട്ടില്ല).
റൂമനിൽ ഓക്സിജൻ ലഭ്യമല്ല. ഓക്സിജന്റെ അഭാവത്തിൽ ഉപകാരികളായ ബാക്ടീരിയ, പ്രോട്ടോസോവ, ഫംഗസ് തുടങ്ങിയ സൂഷ്‌മാണുക്കൾ വളരുന്നുണ്ട്. ഇവകൂടാതെ റൂമനിൽ ക്ഷാരാംശമോ അമ്ലാംശമോ ഇല്ലാത്ത ന്യൂട്രൽ ദ്രാവകവുമുണ്ട്. അയവെട്ടുന്നതിന്റെ ഭാഗമായി ചവച്ചരച്ച പച്ചപ്പുല്ല് റുമനിൽ എത്തുമ്പോൾ അവിടെയുള്ള സുഷ്‌മാണുക്കൾ പുല്ലിനെ പുളിപ്പിച്ച് ചെറു ഘടകങ്ങളാക്കുന്നു. ഇതിനോടൊപ്പം ധാരാളം ഗ്യാസും ഇവിടെ ഉണ്ടാക്കുന്നുണ്ട് (പശുക്കൾക്ക് അമിതമായി മരുന്നു നൽകുകയോ, കഞ്ഞി, പായസം പോലുള്ള അതിവേഗം ദഹിക്കുന്ന ഭക്ഷണം നൽകി അസിഡിറ്റി ഉണ്ടാക്കുകയോ, പഴകിയ ഭക്ഷണം നൽകുകയോ ചെയ്താൽ റൂമനിലെ സൂഷ്‌മാണുക്കൾ നശിച്ചു പോകുകയും തുടർന്ന് ദഹനപ്രക്രിയ തടസ്സപ്പെടുകയും ചെയ്യും).
റൂമനിൽ ദഹനത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയ ഭക്ഷണം രണ്ടാമത്തെ അറയായ തേനീച്ചക്കൂടുപോലുള്ള റെട്ടിക്കുലത്തിലൂടെ കടന്ന് മൂന്നാമത്തെ അറയായ ഒമാസത്തിൽ എത്തുമ്പോൾ പകുതി ദഹിച്ച ഭക്ഷണപദാർഥത്തിലുള്ള ജലാംശം നീക്കം ചെയ്യപ്പെടും. നാലാമത്തെ അറയായ അബോമാസമാണ് ശരിയായ ഉദരം (മനുഷ്യന്റെ ഉദരവുമായി സാമ്യമുണ്ട്). ഇവിടെ വച്ചാണ് ഭക്ഷണ പദാർഥങ്ങൾ ചെറു കണികകളായിത്തീരുന്നത്. തുടർന്ന് ചെറുകുടലിൽ പ്രവേശിക്കുന്ന ചെറുകണികകളായ ഭക്ഷണ പദാർഥങ്ങളിൽനിന്നും പോഷകങ്ങൾ പശുവിന്റെ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തത്തിലൂടെ എത്തുകയും ചെയ്യുന്നു. അകിടിൽ എത്തുന്ന രക്തത്തിലെ പോഷക വസ്‌തുക്കൾ പാൽഗ്രന്ഥികളിൽ വച്ച് പാലായിത്തീരുന്നു. പശുവിൻ്റെ പൊക്കിൾ ഭാഗം മുതൽ അകിട് വരെയുള്ള ഭാഗത്ത് തെളിഞ്ഞ് നിൽക്കുന്ന രക്തക്കുഴൽ കാണാം. ഇതിലൂടെയാണ് പാലുൽപാദനത്തിനാവശ്യമായ രക്തം അകിടിൽ എത്തുന്നത്. കനമുള്ള തെളിഞ്ഞ ഈ രക്തക്കുഴൽ പാൽഞരമ്പ് എന്നറിയപ്പെടുന്നു. കൂടുതൽ പാലുൽപാദിപ്പിക്കുന്ന പശുക്കളുടെ പാൽഞരമ്പ് വലുതായി തെളിഞ്ഞതാവും. പാലിൽ 13 തരം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.