അഗോള കുത്തകയായ കാഡ്ബറിയുടെ കീഴിലുള്ള മൊണ്ടെസ് ഇൻ്റർനാഷണൽ നിർമിക്കുന്ന ബോൺവിറ്റയിൽ അളവിൽ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നും എഫ്എസ്എസ് നിയമം 2006 പ്രകാരം നിർവചിച്ചിട്ടുള്ള ആരോഗ്യ പാനീയങ്ങളില്ലെന്നും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം ആരോഗ്യകരമായ പാനീയത്തിന്റെ ഗണത്തിൽനിന്നു നീക്കാൻ ഉത്തരവിറക്കിയത്.
പാൽ, സെറിയൽ, മാൾട്ട് അടിസ്ഥാനമായ പാനീയങ്ങൾ എന്നിവയെ ഹെൽത്ത് ഡ്രിങ്ക്സ്, എനർജി ഡ്രിങ്ക്‌സ് എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി വിറ്റഴിക്കരുതെന്ന് ഈ മാസമാദ്യം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അഥോറിറ്റി (എഫ്എസ്എസ്എഐ) ഇ-കൊമേഴ്‌സ് വെബ്സൈറ്റുകൾക്ക് നിർദേശം നൽകിയിരുന്നു. ഇന്ത്യൻ ഭക്ഷ്യനിയമത്തിൽ ഹെൽത്ത് ഡ്രിങ്ക്സിനെ നിർവചിച്ചിട്ടില്ല എന്നതാണ് ഇതിനു കാരണമായി ചുണ്ടിക്കാട്ടിയത്.
നിയമങ്ങളനുസരിച്ച് ഹെൽത്ത് ഡ്രിങ്കുകൾ വെറും ഫ്ളേവർ ചെയ്‌ത ജലത്തെ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങൾ മാത്രമാണ്. തെറ്റായ പദങ്ങൾ ഉപയോഗിക്കുന്നത് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുമെന്നും ആ പരസ്യങ്ങൾ നീക്കം ചെയ്യാനോ തിരുത്താനോ വെബ്സൈറ്റുകളോട് ആവശ്യപ്പെടുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.