ജീവിക്കാൻ വേണ്ടി കഴിയ്ക്കുന്നവരും കഴിക്കാൻ വേണ്ടി ജീവിയ്ക്കുന്നവരും ഉണ്ട്.
അന്നവിചാരം മുന്നവിചാരം എന്നാണല്ലോ പഴമൊഴി.
നീ കഴിയ്ക്കുന്നതാണ് നീ (You are what you eat ) എന്നുമുണ്ട്.
ഭക്ഷണത്തിന് നാല് മാനങ്ങൾ (dimensions ) ഉണ്ട്.
1. സുഭിക്ഷഭക്ഷണം (Food Security )
2. പോഷക ഭദ്രത (Nutritional Security )
3. ഭക്ഷണ സുരക്ഷ (Food Safety )
4. താങ്ങാവുന്ന വില (Affordability)
ഇതിൽ ഒരു ദരിദ്രനാരായണന് ഒന്നും നാലുമാണ് പ്രധാനം. രണ്ടും മൂന്നും തല്ക്കാലം വിഷയമല്ല. Beggars can not be choosers എന്നവനറിയാം. നാല് അവന് ഏറ്റവും പ്രധാനം. ഏറ്റവും കൂടുതൽ കലോറിയുടെ ആവശ്യവും അവന് /അവൾക്ക് ആണ്.ആയതിനാൽ ഒന്നും പ്രധാനം തന്നെ.
ഇടത്തരക്കാരെ അപേക്ഷിച്ച് അവർക്ക് ഒന്നും രണ്ടും നാലും പ്രധാനമാണ്. ഒരു കിലോ നാടൻ പച്ചക്കറി അറുപത് രൂപയ്ക്ക് വാങ്ങുന്നതിനേക്കാൾ മുൻതൂക്കം ഒരു മറുനാടൻ പച്ചക്കറി ഒന്നരക്കിലോ അൻപത് രൂപയ്ക്ക് കിട്ടുമെങ്കിൽ അതിന് നൽകും. Food Safety തല്ക്കാലം അവിടെ നിൽക്കട്ടെ എന്ന മട്ട്.
ഇടത്തരക്കാരിൽ അല്പം ഉയർന്ന സാമ്പത്തിക നിലയിലുള്ളവർക്ക് ഏറെക്കുറെ നാലും പ്രധാനം. നാടൻ കിട്ടിയാൽ വാങ്ങും. വില ഒരു പരിധി വരെ പ്രശ്നമല്ല. പക്ഷെ നാടനെ തേടി നടക്കാൻ മെനക്കെടാറില്ല.കിട്ടിയാൽ വാങ്ങും. അത്രേന്നെ..
ഉപരിവർഗത്തിന് ഇത് നാലും വിഷയമാണ്. നാലാമത്തേതിന് ഒന്നാമത്തേക്കാൾ പ്രാധാന്യം കൊടുക്കും. നാടൻ, ജൈവം, സുരക്ഷിതം എന്നൊക്കെ കേട്ടാൽ എന്ത് വില കൊടുത്തും വാങ്ങും. (മറുവശത്ത് ഇവർ തന്നെ മാളുകളിൽ പോയി ഈ food safety ഒന്നും നോക്കാതെ തട്ടുകയും ചെയ്യും.)
ആദ്യത്തെ വിഭാഗക്കാരുടെ പ്രശ്നം Mal nutrition ആണെങ്കിൽ അവസാനവിഭാഗക്കാരുടേത് 'Mall Nutrition 'ആണെന്ന് മാത്രം.ഒരിടത്ത് പോഷകാഹാരക്കുറവ്, മറ്റൊരിടത്ത് പൊണ്ണത്തടി.രണ്ടിനും കാരണം ഭക്ഷണം തന്നെ.
ഇന്ന് ലോക ഭക്ഷ്യസുരക്ഷാദിനം (World Food Safety Day )ആണ്. വർഷത്തിൽ ഒരിക്കലെങ്കിലും നമ്മൾ ഭക്ഷണത്തിന്റെ സുരക്ഷിതത്വത്തിനെക്കുറിച്ച് ഓർക്കണമല്ലോ.
തിരക്ക് പിടിച്ച ജീവിതത്തിൽ പെട്ടെന്ന് കഴിക്കാൻ കിട്ടുന്ന ഭക്ഷണം ഫാഷൻ ആയപ്പോൾ നാട്ടിൽ ഫാസ്റ്റ് ഫുഡ് കടകൾ പെരുകി.
അങ്ങനെ രണ്ട് മിനിറ്റ് കൊണ്ട് ഉണ്ടാക്കാവുന്ന നൂഡിൽസ് കുണ്ടാംകുടുക്കിലെ വീടുകളിൽ വരെ അധിനിവേശം നടത്തി. അതിനെയൊക്കെ (നൂഡിൽസ്, മന്തി,കറക്ക് കോഴി മുതലായവ ) വേണമെങ്കിൽ അധിനിവേശ ഭക്ഷണം (Invasive Food )എന്ന് വിളിക്കാം. Invasive weed, Invasive Pest എന്നൊക്കെ വിളിക്കും പോലെ🤣.
പിറ്റ്സാ , ബർഗർ, ഫ്രഞ്ച് ഫ്രൈസ്, ഫ്രൈഡ് ചിക്കൻ, ചിക്കൻ നഗ്ഗെട്സ്, ഹോട് ഡോഗ് എന്നുവേണ്ട പണ്ട് ചില നോവലുകളിൽ മാത്രം വായിച്ച് പരിചയിച്ച ഭക്ഷണ പദാർത്ഥങ്ങൾ കിട്ടാനില്ലാത്ത ഗ്രാമങ്ങളും നഗരങ്ങളും നാട്ടിൽ ഇല്ലെന്നായി.
അങ്ങനെ നമ്മളുടെ കുട്ടികളും ചെറുപ്പക്കാരും ഒക്കെ ചെറിയ പ്രായത്തിലേ തന്നെ വലിയവർക്ക് വരുന്ന രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരായി മാറി.
ഫാസ്റ്റ് ഫുഡ് കഴിച്ച് പലരും ഫാസ്റ്റ് ആയിതന്നെ പരലോകം പൂകാൻ തുടങ്ങി.
എന്നാൽ ഇതാ സ്ലോ ഫുഡിന്റെ (Slow Food ) കാലം വരവായി.
1986 ൽ ഇറ്റലിയിലെ ബ്രാ യിൽ Carbo Petrini യുടെ നേതൃത്വത്തിൽ Slow food movement ഉരുവം കൊണ്ടു.
ഇന്ന് 160 രാജ്യങ്ങളിൽ Slow food chapter കളും ഏതാണ്ട് പത്ത് ലക്ഷത്തോളം അംഗങ്ങളും ഈ പ്രസ്ഥാനത്തിനുണ്ട്.
നാടൻ ഭക്ഷണങ്ങൾ നാട് വിടാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കുന്നു.
Eat local, Eat Fresh എന്നതാണ് അവരുടെ ഒരു സ്ലോഗൻ.(ശ്ലോഗം എന്ന് സംസ്‌കൃതം 😇)
ഭക്ഷണ ദൂരം (Food mile) തദ്വാരാ കാർബൺ വമനം(Carbon Emission, Carbon Foot print )കുറഞ്ഞ ഭക്ഷണങ്ങളെ അവർ പ്രോത്സാഹിപ്പിക്കുന്നു
കൃഷിയിടങ്ങളിലെ ജൈവ വൈവിദ്ധ്യത്തിന് അവർ മുൻഗണന കൊടുക്കുന്നു.
ലോകത്തെ ഓരോ കോണുകളിലും നില നിൽക്കുന്ന വംശീയ ഭക്ഷണങ്ങൾക്ക് (Ethnic and traditional foods )അവർ പ്രചാരം നൽകുന്നു.
ഭക്ഷണം Good, Clean & Fresh ആകണം എന്നവർ ശഠിക്കുന്നു.രുചിയേക്കാൾ സുരക്ഷയ്ക്കും പരിസ്ഥിതി -ദേഹ സംരക്ഷണത്തിന് മുൻതൂക്കം നൽകുന്നു.
ഭക്ഷണത്തിന്റെ വ്യവസായ വത്കരണത്തെയും(Industrialization of Food) അധിനിവേശ ഭക്ഷണങ്ങളെയും അവർ എതിർക്കുന്നു.
Farm to fork Restaurant, Farm to Table, Farm to Mouth ഭക്ഷണശാലകളെ പ്രോത്സാഹിപ്പിക്കുന്നു.
ഭക്ഷണ വിതരണ ശൃംഖലയിൽ ഉടനീളം വൃത്തിയും (hygiene )നൈതികതയും (Ethics) സുതാര്യതയും(Transparency ) വേണമെന്ന് അവർ ആഗ്രഹിക്കുന്നു, അതിനായി വാദിക്കുന്നു.
സ്കൂളുകളിൽ Nutrition education നടത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മാതാപിതാക്കളെ ബോധവൽക്കരിക്കുന്നു.
Artisan Food or Handcrafted Food ന് പ്രചരണം നൽകുന്നു.
ലോകത്തിന്റെ നാനാഭാഗങ്ങളിൽ വീടുകളിൽ, ഗ്രാമങ്ങളിൽ കൈകൾ കൊണ്ട് ഉണ്ടാക്കുന്ന ചീസ്, ചോക്ലേറ്റ്, ഡെയറി ഉത്പന്നങ്ങൾ, എണ്ണകൾ, ഫ്രൂട്ട് പ്രിസെർവ്കൾ എന്നിവ വാങ്ങാൻ ആൾക്കാരെ പ്രേരിപ്പിക്കുന്നു.
ഭക്ഷണം ഒരു സംസ്കാരമാണ്,ഭാഷ പോലെ തന്നെ.അത് നശിക്കുമ്പോൾ ആ സംസ്കാരം തന്നെ ഇല്ലാതാകുന്നു.
ഒരർത്ഥത്തിൽ ഭൗമ സൂചികാ പദവി നൽകുന്ന രീതി തന്നെ പ്രാദേശിക ഉത്പന്നങ്ങൾക്കും ഭക്ഷണങ്ങൾക്കും പ്രചാരം നൽകുന്ന പരിപാടിയാണ്.
നമ്മുടെ രാമശ്ശേരി ഇഡലിയും തിരുനെൽവേലി ഹൽവയും ആഗ്രാ പേഡയും ഹൈദരാബാദ് ബിരിയാണിയും കോവിൽപ്പെട്ടി കടലമിട്ടായിയും ഒക്കെ ഇവിടെ നിൽക്കണോ പോണോ എന്ന ആശങ്കയിലാണ്. അത്രയ്ക്കുണ്ട് മാളുകൾ വഴിയുള്ള പാശ്ചാത്യ -അറബിക്-ചൈനീസ് ഭക്ഷണങ്ങളുടെ അധിനിവേശം.
ഇങ്ങനെ ഒക്കെ പറയുമ്പോഴും എല്ലാവർക്കും ദിവസം മൂന്ന് നേരം സുഭിക്ഷമായി കഴിക്കാൻ ഉള്ള വൃത്തിയും വെടിപ്പും ജൈവികതയും (🤔) ഉള്ള ഭക്ഷണം ഈ രീതിയിൽ, താങ്ങാവുന്ന നിരക്കിൽ ഉൽപാദിപ്പിക്കാൻ കഴിയുമോ എന്ന ചോദ്യം ഉയർന്നു വരുന്നുണ്ട്.ഇല്ലെങ്കിൽ 'Bottom of the Pyramid 'ന് ഇത് കൊണ്ട് ഒരു കാര്യവുമില്ല.
ഇത്തരത്തിൽ ഉണ്ടാക്കുന്ന ശുദ്ധവും നൈസർഗികവും ആയ ഭക്ഷണം വാങ്ങി കുംഭ നിറയ്ക്കാൻ തക്ക പ്രാപ്തി നേടത്തക്ക തരത്തിൽ നമ്മുടെ ദരിദ്രനാരായണൻമാരുടെ Per capita income എന്ന് പച്ച പിടിക്കും? 😞
ആൾക്കാരെ മടിയന്മാർ ആക്കാനാണ് രാഷ്ട്രീയക്കാർക്ക് ഇഷ്ടം. കേരളത്തിൽ വർഷം ആറായിരം രൂപ കൃഷിയുടെ പേരിൽ ബാങ്ക് അക്കൗണ്ടിൽ വന്ന് വീഴുന്ന 37 ലക്ഷം കുടുംബങ്ങൾ ഉണ്ട്. രണ്ടര സെന്റിൽ ഒരു പോഷകത്തോട്ടം ഉണ്ടാക്കാൻ ഈ തുക വളരെയധികമാണ്. ഇവർ ദിവസം ഒരു കിലോ വീതം പച്ചക്കറികൾ ഉത്പാദിപ്പിച്ചാൽ തന്നെ 37 ലക്ഷം കിലോ പച്ചക്കറികൾ ആയി. പക്ഷെ എത്ര പേര് അതിന് തുനിയുന്നു?
മൊത്തത്തിൽ cynical ആകുന്നില്ല. അത്തരം കാര്യങ്ങളും ഒരു വശത്ത് ഭംഗിയായി നടക്കട്ടെ. ആളുകൾക്ക് അവരുടെ പാങ്ങനുസരിച്ച് പലതരം options ലഭിക്കട്ടെ. നാടൻ ഭക്ഷണ ശാലകൾ കൂടുതലായി വരട്ടെ. പ്രകൃതി സൗഹൃദ രീതിയിൽ വിളയിച്ച ഉത്പന്നങ്ങൾ സാധാരണക്കാരന് പ്രാപ്യമാകുന്ന രീതിയിൽ 'വേഗവിരുദ്ധ(Slow) ഭക്ഷണ വിപ്ലവം 'പച്ച പിടിക്കട്ടെ.(മന്ദ ഭക്ഷണം എന്ന് വിളിച്ചാലോ എന്ന് വിചാരിച്ചു. പക്ഷെ അതങ്ങട് പോരാ 🤣).
വാൽകഷ്ണം :നൂറ്റി നാല്പത്തി രണ്ട് കോടി ജനസംഖ്യയുള്ള ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ കമ്പോളം ആണല്ലോ.
അതിന്റെ ഒരു ശതമാനം ആൾക്കാർക്ക് ഉത്പന്നങ്ങൾ വിറ്റാൽ പോലും ഏത് കമ്പനിയും പൊളിക്കും. അങ്ങനെ ആണ് ആഗോള ഭക്ഷണ ഭീമൻ Kellogs ഇന്ത്യയിൽ കോൺ ഫ്ലേക്‌സ് (Corn Flakes) അവതരിപ്പിച്ചത്. Starchy ആയ ഭക്ഷണം കഴിച്ച് Carbo toxic ആയ ഇന്ത്യക്കാർക്ക് അതല്പം കുറയ്ക്കാൻ(ഇതും Carb തന്നെ. പക്ഷെ അളവിൽ കുറച്ച് കഴിച്ചാൽ..) ഇതുപകരിക്കും, തങ്ങളുടെ കീശയും നിറയും എന്ന് സായിപ്പ് കരുതി. പോത്തിന്റെ ചൊറിച്ചിലും മാറും, കാക്കയുടെ പശിയും അടങ്ങും എന്ന് പറയുമ്പോലെ.പക്ഷെ സംഭവം ആന്റി ക്ലൈമാക്സ് ആയി. കുറച്ച് അമുൽ ബേബിമാരെ കോൺ ഫ്ലേക്‌സ് കഴിപ്പിക്കുന്നതിൽ അവർ വിജയിച്ചു എന്നതൊഴിച്ചാൽ ഗ്രാമീണ ഇന്ത്യ(Rural India) പിടിക്കുന്നതിൽ Kellogs തോറ്റുപോയി. ഇപ്പോൾ Kellogs കമ്പനി ഉപ്പുമാവും സേവയും വിൽക്കുന്ന തിരക്കിൽ ആണെന്നാണ് കരക്കമ്പി. 🤭 " പേറെടുക്കാൻ വന്നവൾ ഇരട്ട പെറ്റു".
അപ്പോൾ ആരൊക്കെയുണ്ട് കേരളത്തിൽ Slow food International ന്റെ ഒരു ചാപ്റ്റർ തുടങ്ങാൻ. പത്ത് Farm to Table restaurant തുടങ്ങാൻ. ഒരു കടയിൽ വന്നാൽ ഭൗമ സൂചികാപദവി ലഭിച്ച എല്ലാ ഭക്ഷണങ്ങളും കിട്ടുന്ന പത്ത് കടകൾ തുടങ്ങാൻ...
ഇതൊക്കെ സർക്കാരിൽ നിന്നും അടുത്തൂൺ പറ്റുമ്പോൾ ഞാൻ ചെയ്യണം എന്നാഗ്രഹിക്കുന്ന സംരംഭങ്ങൾ ആണേയ്. ആരും മോട്ടിച്ചോണ്ട് പോകല്ലേ 🤣🤣
എന്നാൽ പിന്നേ സ്ലോ ഫുഡ് അല്പം ഭുജിച്ചിട്ട് തന്നെ കാര്യം.
വാ വണ്ടിയെടുക്ക് അമ്പാനേ....
✍🏻 പ്രമോദ് മാധവൻ