എന്ത് കൊണ്ട് ശീമക്കൊന്ന? - പ്രമോദ് മാധവൻ | Article 6 for Quiz competition



കഴിഞ്ഞ ദിവസം ജൈവ കാർഷിക മിഷന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു യോഗത്തിൽ സാന്ദർഭികമായി കൃഷിമന്ത്രി ശീമക്കൊന്നയെക്കുറിച്ച് ചില ചോദ്യങ്ങൾ ചോദിച്ചു. 

കേരള സംസ്ഥാന രൂപീകരണാനന്തരം അന്നത്തെ ഭരണകൂടം ഒരു ശീമക്കൊന്ന വാരം ആചരിച്ചിരുന്നതായി രേഖകളിൽ കാണാം.

ഇത്രയധികം ജൈവവൈവിധ്യം നിറഞ്ഞ ഒരു നാട്, 'ശീമേ'ന്ന് (outside the country) വന്ന ഒരു ചെടിയ എന്ത്‌ കൊണ്ട് ആശ്ലേഷിച്ചു എന്ന് ചിന്തിച്ചിട്ടുണ്ടോ?

ശീമനെല്ലി, ശീമച്ചക്ക എന്നൊക്കെ അറിയപ്പെടുന്ന ചെടികൾ നമ്മൾ വളർത്തുന്നുണ്ട്. 'പേരി'ൽ നിന്ന് തന്നെ അറിയാം അവരുടെ 'വേരു'കൾ...

ബംഗാളിയിൽ 'സാരംഗ 'തെലുങ്കിൽ 'മാദ്രി', മറാത്തിയിൽ' ഗിരിപുഷ്പ 'തമിഴിൽ 'ശീമെയ്‌ അഗത്തി 'എന്നൊക്കെയാണ് കക്ഷിയുടെ പേരുകൾ. വരവ് മധ്യ അമേരിക്കയിൽ നിന്നും. മെക്സിക്കോ -പെറു അടങ്ങുന്ന ഭൂവിഭാഗത്തിൽ നിന്നും. ഇന്ന് ലോകത്ത് എവിടെയും നമുക്ക് ഇയാളെകാണാം. Glyricidia maculata, Glyricidia sepium എന്നിങ്ങനെ വിവിധ സ്പീഷീസ്സുകൾ ഉണ്ട്.

എന്ത്‌ കൊണ്ട് കർഷകർ കൃഷിയിടങ്ങളിൽ ശീമക്കൊന്നകൾ നട്ട് പിടിപ്പിക്കണം എന്ന് നോക്കാം 

1. പയർവർഗചെടികളുടെ തറവാടായ Leguminosae കുടുംബത്തിലെ Fabaceae എന്ന തായ് വഴിയിലെ അംഗമാകയാൽ വേരുകൾക്ക് നൈട്രജൻ യൗഗീകരണ (Nitrogen Fixation ) ശേഷിയുണ്ട്. സാധാരണ ചെടികൾ മണ്ണിന്റെ പോഷകങ്ങൾ 'ഊറ്റു'മ്പോൾ, ശീമക്കൊന്ന മണ്ണിന്റെ വളക്കൂറിനെ 'ഊട്ടുന്നു '.

2. അതിന്റെ ഇലകളിൽ ഏതാണ്ട് 2.8% നൈട്രജനും 0.1% ഫോസ്ഫറസും 1.8% പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. കൂടാതെ കാൽസ്യം, മഗ്‌നീഷ്യം, സൂക്ഷ്മമൂലകങ്ങൾ, പോളിഫീനോൾസ്, ടാനിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ മണ്ണിൽ അഴുകിച്ചേരുമ്പോൾ അത് പോഷക സമ്പുഷ്ടമാകുന്നു.

3. വേഗത്തിൽ മണ്ണിൽ അഴുകിചേരാനുള്ള തരളത (sacculency ) ഇതിന്റെ ഇലകൾക്കുണ്ട്.

4. മണ്ണിനെ കാർബൺ സമ്പുഷ്ഠമാക്കുന്നു.

5. മണ്ണിന്റെ കാർബൺ -നൈട്രജൻ അനുപാതം (C:N Ratio ) ശക്തവും പോഷക ആഗിരണത്തിനു അനുകൂലവുമാക്കുന്നു.

6. കമ്പുകൾ വഴി എളുപ്പത്തിൽ നട്ട് പിടിപ്പിക്കാൻ കഴിയുന്നു.

7. വർഷത്തിൽ മൂന്നോ നാലോ തവണ ഇലകൾ വെട്ടിയെടുക്കാം. പിന്നീട് ഇലകൾ വേഗത്തിൽ വളർന്ന് വരും.

8. കാപ്പി, കൊക്കോ പോലെയുള്ള ചെടികൾക്ക് ഭാഗികമായി തണൽ കിട്ടാൻ ഇത് നട്ട് കൊടുക്കാം.

9. ആടുകൾക്ക് നല്ല തീറ്റയാണ്. ഉണക്കപദാർത്ഥത്തിന്റെ (Dry matter) നാലിൽ ഒന്നും മാംസ്യ(Crude പ്രോട്ടീൻ) ആണ്. വെയിലത്ത് വാട്ടി പശുക്കൾക്കും കൊടുക്കാം,അവ തിന്നുമെങ്കിൽ.

10. കുരുമുളക് ചെടികൾക്ക് പറ്റിയ താങ്ങുമരമാണ്. വിളവെടുക്കാൻ എളുപ്പവും.

11. വാനില വള്ളികൾ പടർത്താം.

12. ജൈവ വേലിയാക്കാം (Bio Fencing )

13. മണ്ണിൽ വീഴുന്ന പ്രായമായ ഇലകൾ മണ്ണിന്റെ ഹ്യൂമസ് വർധിപ്പിക്കുന്നു. മണ്ണൊലിപ്പ് തടയുന്നു. മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുന്നു.

14. നല്ല പ്രായമുള്ള മരങ്ങളുടെ കാതൽ ഉറപ്പുള്ള തടിയായി, ഫർണിച്ചറുകൾ ഉണ്ടാക്കാൻ പ്രയോജനപ്പെടുത്താം.

അങ്ങനെ എത്രയേറെ ഉപയോഗങ്ങൾ. ശരിക്കും ഒരു Multi utility Plant എന്ന് വിശേഷിപ്പിക്കാം. ഇങ്ങനെയുള്ള ഒരു ചെടിയെ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ പ്രോത്സാഹിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ..

ഇനിയും കുറേ ശീമക്കൊന്നകൾ നട്ട് പിടിപ്പിക്കാത്തവരെ എന്ത്‌ വിളിക്കണം മരണാ... കൊജ്ഞാണൻ എന്നോ മണഗുണാഞ്ചൻ എന്നോ ആയിക്കോട്ടേ ഇല്ലേ 🤣🤣


വാല്ക്കഷ്ണം :ഒരു കാര്യം പറയാൻ വിട്ടുപോയി. ആടിനും പശുവിനുമൊക്കെ ശീമക്കൊന്നയുടെ ഇലകൾ പഥ്യമാണെങ്കിലും എലികൾക്ക് ഇലയും തൊലിയും വിഷമാണ്.'Glyricidia 'എന്ന വാക്കിന്റെ അർത്ഥം തന്നെ എലികളെ കൊല്ലുന്നത് എന്നാണ്. ശീമക്കൊന്ന ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളത്തിൽ എലികൾക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ കുതിർത്ത് കൊടുത്ത് നോക്കാം. മരച്ചീനി കർഷകർ പുരിഞ്ച്ക്കോ. പിന്നെ ചില പ്രദേശങ്ങളിൽ ഇയാൾ തന്റെ അധിനിവേശ സ്വഭാവം (Invasive nature) കാണിച്ചിട്ടുമുണ്ട്. പക്ഷെ കേരളത്തിൽ അങ്ങനെ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. മഞ്ഞക്കൊന്ന (Senna spectabilis) എന്ന ചെടി നമ്മുടെ കാടുകളിൽ ഉണ്ടാക്കിയ നഷ്ടം പറയാവാതല്ലല്ലോ...


✍🏻 പ്രമോദ് മാധവൻ 






Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section