വേണം മികച്ച നടീൽ വസ്തുക്കൾ: വാഴക്കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് | Banana tree cultivation - Article 5 for Quiz competition



നേന്ത്രൻ, ഞാലിപ്പൂവൻ, പാളയൻകോടൻ അല്ലെങ്കിൽ മൈസൂർ പൂവൻ, കദളി, കുന്നൻ, റോബസ്റ്റ, ഗ്രാൻഡ് നെയ്ൻ, മൊന്തൻ എന്നിവയാണ് കേരളത്തിൽ പൊതുവേ കൃഷി ചെയ്‌തുവരുന്ന വാഴയിനങ്ങൾ. നെടുനേന്ത്രൻ, ചെങ്ങാലിക്കോടൻ, മഞ്ചേരി നേന്ത്രൻ, ആറ്റുനേന്ത്രൻ, തേനി നേന്ത്രൻ, മിന്റോളി/ക്വിൻ്റൽ നേന്ത്രൻ എന്നിവ നേന്ത്രനിലെ പ്രധാന ഉപവിഭാഗങ്ങളാണ്. ഇവയ്ക്കു പുറമേ ബിഗ് എബാംഗ, സാൻസിബാർ എന്നിവ നേന്ത്രനോടു സാമ്യമുള്ള ഇനങ്ങളാണ്. ഇവ തമ്മിൽ വിളദൈർഘ്യത്തിലും കുലത്തൂക്കത്തിലും വ്യത്യാസമുണ്ട്.



നടീൽകാലം

8 മാസം മുതൽ 14 മാസം വരെ വിളക്കാലമുളള നേന്ത്രൻ ഇനങ്ങൾ കാണാം. മഞ്ചേരിക്കുള്ളൻ (8 മാസം), നെടുനേന്ത്രൻ / കോട്ടയം നേന്ത്രൻ  (10 മാസം), ചെങ്ങാലിക്കോടൻ, ബിഗ് എബാംഗ, സാൻസിബാർ, മഞ്ചേരി നേന്ത്രൻ (11 മാസം), ആറ്റുനേന്ത്രൻ, തേനി നേന്ത്രൻ (12 മാസം), മിന്റോളി/ ക്വിന്റൽ നേന്ത്രൻ (14 മാസം). 

വിളവെടുക്കാൻ ഉദ്ദേശിക്കുന്ന സമയത്തിനു പിന്നിലേക്കു വിളദൈർഘ്യം കണക്കാക്കിയാണ് നടീല്‍. ഉദാഹരണമായി അടുത്ത ഓണത്തിനായി നെടുനേന്ത്രൻ ഇനം നടുന്നവർ ഓണനാളിനു പിന്നിലേക്ക് നിശ്ചിത ദിവസങ്ങൾ നീക്കണം. നേന്ത്രൻ ഇനങ്ങളുടെ വിളദൈർഘ്യം കൂടുംതോറും കുലയുടെ തൂക്കവും വർധിക്കുമെന്നാണ് പൊതു നിരീക്ഷണം. 10 മാസം ദൈർഘ്യമുള്ള നെടുനേന്ത്രനു ശരാശരി 10 കിലോ തൂക്കമുള്ള കുല ലഭിക്കുമ്പോൾ 14 മാസത്തിനു മുകളിൽ ദൈർഘ്യമുള്ള മിന്റോളി/ ക്വിന്റൽ നേന്ത്രന് 25 കിലോയിലേറെ തൂക്കം പ്രതീക്ഷിക്കാം. പരിപാലനരീതിക്കനുസരിച്ച് മാറ്റം വരുമെന്നു മാത്രം. തണുപ്പും ഉയരവും കൂടുതലുള്ള ഇടുക്കി, വയനാട് ജില്ലകളിലും മലയോര മേഖലകളിലും വിളദൈർഘ്യം വർധിക്കും.

ഓണവിപണി ലക്ഷ്യമാക്കി ഓഗസ്റ്റ് മുതൽ ഒക്ടോബർവരെ നടുന്ന ഓണവാഴയും മഴയെ ആശ്രയിച്ച് ഏപ്രിൽ–മേയ് മാസങ്ങളിൽ നടുന്ന കുംഭവാഴയുമാണ് പൊതുവേയുള്ളത്. കടുത്ത വേനലിലും പെരുമഴക്കാലത്തും വാഴ നടുന്നത് ഒഴിവാക്കാം.


പരമ്പരാഗത നടീൽവസ്തു കന്നുകളാണ്. രോഗ-കീട ബാധയില്ലാത്തതും മികച്ച വിളവുള്ളതുമായ മാതൃവാഴയുടെ മൂന്നോ നാലോ മാസം പ്രായവും 35-45 സെ.മീ. ചുറ്റളവും 700-1000 ഗ്രാം തൂക്കവുമുള്ള ഇടത്തരം സൂചിക്കന്നുകൾ നടാൻ നന്ന്. വീതി കുറഞ്ഞ് നീളം കൂടിയ ഇലകളുള്ള ഇവയെ പീലിക്കന്ന്, വാൾക്കന്ന് എന്നൊക്കെ പറയാറുണ്ട്. വീതി കൂടിയ ഇലകളുള്ള വെള്ളക്കന്നുകൾ നടാൻ നന്നല്ല.

അയൽ സംസ്ഥാനങ്ങളില്‍നിന്നു വരുന്ന കന്നുകള്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കണം. പല തോട്ടങ്ങളിൽനിന്ന് ശേഖരിക്കുന്ന ഇവയുടെ ഇനം പോലും തിരിച്ചറിയാന്‍ പ്രയാസം. കൊക്കാൻ, കുറുനാമ്പ് തുടങ്ങിയ വൈറസ് രോഗങ്ങൾ ബാധിച്ചതാണോ എന്നും അറിയാനാവില്ല. വിശ്വസനീയമായ ഉറവിടത്തില്‍നിന്നു നടീല്‍വസ്തു കിട്ടാതെ വന്നാല്‍ പ്രതിവിധി ടിഷ്യൂ കൾച്ചർ തൈകളാണ്. 



ടിഷ്യൂ കൾച്ചർ വാഴ

വൈറസ് ഇൻഡക്സിങ് വഴി വൈറസ് ബാധ ഇല്ലെന്ന് ഉറപ്പുവരുത്തിയ തൈകളാണ് ടിഷ്യൂകൾചറിലൂടെ ലഭിക്കുന്നത്. ഇവയുടെ ഉൽപാദനശേഷി കന്നുകളെക്കാളും 20 ശതമാനത്തോളം കൂടുതലാണ്. ടിഷ്യൂ കൾചർ വാഴ നടുമ്പോൾ നീർവാർച്ച ഉറപ്പാക്കുകയും ആദ്യത്തെ രണ്ടാഴ്ച തണൽ നൽകുകയും വേണം. നടുമ്പോൾ ചെറുതാണെങ്കിലും ടിഷ്യൂ കൾചർ തൈകളുടെ വളർച്ചത്തോതു കൂടുതലായതിനാൽ ശരിയായ പരിപാലനവും വളപ്രയോഗവും വഴി കന്നു നട്ടുണ്ടായ വാഴയ്ക്കൊപ്പം ഇവയും വിളവെടുക്കാം. എന്നാൽ, ഉൽപാദനക്ഷമതയ്ക്കനുസരിച്ച് ഉയർന്ന തോതിൽ 6 തവണകളായി വളം ചെയ്യണം.‌

മാക്രോ പ്രൊപ്പഗേഷൻ

കർഷകർക്കു ചെലവ് കുറഞ്ഞ രീതിയിൽ തൈകൾ ഉൽപാദിപ്പിക്കാവുന്ന മാർഗമാണ് മാക്രോ പ്രൊപ്പഗേഷൻ. അറക്കപ്പൊടി, തവിട്, മണൽ തുടങ്ങി അതതു സ്‌ഥലത്തുള്ള വസ്‌തുക്കൾ ഇതിനു മാധ്യമമാക്കാം 2-3 മാസം പ്രായമായ ആരോഗ്യമുള്ള സൂചിക്കന്നുകളാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. മാണവും പിണ്ടിയും ചേരുന്ന ഭാഗം വച്ച് ഓരോ വാഴപ്പോളയും ഒന്നൊന്നായി മുറിച്ചു മാറ്റുക. ഇങ്ങനെ ചെയ്യുമ്പോൾ ആ ഭാഗത്ത് കാണപ്പെടുന്ന മുകുളങ്ങൾക്കു ക്ഷതമേൽക്കരുത്. പോളകൾ പരമാവധി നീക്കിയശേഷം പിണ്ടി മുറിച്ചു കളയുക. അഗ്രമുകുളം നശിപ്പിക്കപ്പെടുന്നതോടെ മാണത്തിലെ മറ്റു മുകുളങ്ങൾ മുളയ്ക്കാൻ ഉത്തേജിപ്പിക്കുന്നു. മാണത്തിന്റെ പുറംതൊലിയും വേരുകളും മൂർച്ചയുള്ള കത്തി ഉപയോഗിച്ച് ചെത്തി മാറ്റുക. ഇപ്രകാരം തയാറാക്കിയ കന്ന് നല്ല വെള്ളത്തിൽ കഴുകിയെടുക്കുക. മാണത്തിനു കുറുകെ ആറു മുതൽ എട്ടുവരെ മുറിവുണ്ടാക്കണം (0.25- 0.50 സെ.മീ. ആഴത്തിൽ). കത്തി ഉപയോഗിച്ച് മാണത്തിലെ അഗ്രമുകുളം രണ്ട് സെ.മീ ആഴത്തിൽ എടുത്തു കളയുക. ഇതിനുശേഷം കന്നുകൾ കാർബെൻഡാസിം (2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ) ലായനിയിൽ 15-20 മിനിറ്റ് മുക്കിയ ശേഷം ജലാംശം നീക്കുന്നതിനായി 3- 4 മണിക്കൂർ നിരത്തിയിടണം.

തയാറാക്കിയ കന്നുകൾ ചെടിച്ചട്ടിയിലോ പോളിത്തീൻ കവറുകളിലോ ബഡിലോ നടാം. 17 മുതൽ 20 ദിവസങ്ങൾ കൊണ്ട് വാഴ ഇനം അനുസരിച്ച് രണ്ടു മുതൽ അഞ്ചു മുകുളങ്ങൾ വരെ മുളച്ചുവരുന്നു. ആദ്യഘട്ടത്തിൽ ഉണ്ടായ ഈ തൈകൾ ഏകദേശം ഒരു മാസത്തെ വളർച്ചകൊണ്ട് മുന്നിലപ്പരുവമാകും. അപ്പോൾ മുൻപ് കന്നിൽ ചെയ്ത വിധം മാണവും തണ്ടും ചേരുന്നിടം വരെ പോളകൾ അടർത്തി മാറ്റുക, അഗ്രമുകുളം എടുത്തശേഷം കുറുകെ മുറിവ് ഉണ്ടാക്കുകയും മാധ്യമം കൊണ്ട് മൂടുകയും വേണം.


ഇതേത്തുടർന്ന് ആദ്യ ഘട്ട തൈകളുടെ ചുവട്ടിൽനിന്നു രണ്ടാം ഘട്ട തൈകൾ (4-5) ഉണ്ടാകുന്നു. ഇവ ഒരു മാസത്തെ വളർച്ചയ്ക്കുശേഷം മൂർച്ചയുള്ള കത്തി ഉപയോഗിച്ച് വേരോടുകൂടി അടർത്തി മാറ്റി പോട്ടിങ് മിശ്രിതം നിറച്ച കവറുകളിൽ നടാം. പറിച്ചുനട്ട തൈകൾ തണലിൽ സൂക്ഷിച്ച് ആവശ്യാനുസരണം നനയ്ക്കണം. 45 ദിവസംകൊണ്ട് ഇവ തോട്ടത്തിൽ നടാൻ പാകമാകും. ഇപ്രകാരം 3-4 മാസം കൊണ്ട് ഒരു കന്നിൽനിന്ന് 20 തൈകൾ തയാറാക്കാം.

തയാറാക്കിയത്

ഡോ. എം.ഡിക്റ്റോ ജോസ്, എസ്.ആർ.അഭില, ഡോ. ഗവാസ് രാഗേഷ്, ഡോ. വിമി ലൂയിസ് വാഴ ഗവേഷണകേന്ദ്രം, കണ്ണാറ ഫോൺ: 94462 30848 (ഡോ. ഡിക്റ്റോ)





Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section