ജൂലൈ 3 നാടൻ മാവ് സംരക്ഷണ ദിനമായി നാടൻ മാവുകൾ സംരക്ഷണ കൂട്ടായ്മ ആഘോഷിക്കുകയാണ്. കൂട്ടായ്മയിലെ ഓരോരുത്തരും ഒരു നാടൻ മാവിന്റെ തൈ എങ്കിലും നടുവാൻ തീരുമാനിക്കുക. അങ്ങനെ ഓരോരുത്തരും വിചാരിച്ചാൽ 50000 തൈകൾ ഈ കൊല്ലം കേരളത്തിൽ നട്ടു സംരക്ഷിക്കാൻ കഴിയുമെന്ന് കൂട്ടായ്മ കണക്കു കൂട്ടുന്നു.
വിശദമായ പഠനം നടക്കാത്ത മേഖലയാണ് നാടൻ മാവുകളുടെ ഈ മേഖല. കേരളത്തിൽ മാത്രം നാടൻ മാവുകളുടെ 1200ൽ പരം ഇനങ്ങൾ ഉണ്ടായിരുന്നതായി ഹോർത്തൂസ് മലബാറിക്കൂസിൽ പരാമർശിക്കുന്നുണ്ട്. ചിലപ്പോൾ ഒരേ ഇനത്തിൽ പ്രാദേശിക പേര് വ്യത്യാസം ആരോപിക്കുന്നത് കൊണ്ടായിരിക്കാം ഈ വലിയ സംഖ്യ. കേരളത്തിലും നാടൻ മാവുകളുടെ വൈവിധ്യത്തിലുണ്ടായിരുന്ന വലിപ്പം ചെറിയ കാര്യമായിരുന്നില്ല. ഇവിടുത്തെ നാടൻ മാവുകൾക്ക് വംശനാശം വന്നുതുടങ്ങിയത് ഒരുപാട് വർഷം മുമ്പൊന്നുമല്ല. വംശനാശത്തിന് കാരണങ്ങൾ തേടി അധികമൊന്നും അലയേണ്ടതില്ല. അവ ഇവയൊക്കെയാണ്. റബ്ബർ കൃഷിയുടെ വ്യാപനത്തിനായി (1940 ന് ശേഷം) കുന്നുകളും മേടുകളും യാതൊരു നിയന്ത്രണവുമില്ലാതെ വെട്ടിവെളിപ്പിക്കപ്പെട്ടു. അക്കൂട്ടത്തിൽ നശിപ്പിക്കപ്പെട്ടതിൽ ഭൂരിഭാഗവും നാട്ടുമാവുകളായിരുന്നു.
വിറകാവശ്യങ്ങൾക്ക് വേണ്ടി വ്യാപകമായി വെട്ടിനശിപ്പിക്കപ്പെട്ടതിലും പ്രഥമ സ്ഥാനം നാട്ടുമാവുകൾക്കായിരുന്നു. നാട്ടുമാവുകളുടെ സംരക്ഷണത്തിന് സർക്കാറോ കൃഷി വകുപ്പോ പ്രത്യേക പദ്ധതികൾ തയാറാക്കുകയോ നാട്ടുമാവ് പ്രോൽസാഹന നടപടികൾ സ്വീകരിക്കുകയോ വീടുകൾ പെറിയ പ്ലോട്ടുകളിലായപ്പോൾ നാട്ടുമാവിന് വളരാൻ ഇടമില്ലാതായി. പകരം ഒട്ടുമാവുകൾ സ്ഥാനം പിടിച്ചു. നാട്ടുമാവുകളുടെ പ്രാധാന്യം തിരിച്ചറിയാത്ത കേരളീയ സമൂഹം അവയുടെ സംരക്ഷണത്തിനായി കാര്യമായൊരു ഇടപെടലും നടത്തിയില്ല. സങ്കരയിനങ്ങളുടെയും വിദേശ ഇനങ്ങളുടെയും വരവോടെയാണ് വീട്ടുമുറ്റങ്ങളിൽ നിന്ന് നാടൻ മാവുകൾ അപ്രത്യക്ഷമായത്. പെട്ടെന്ന് ഫലം കിട്ടണമെന്ന ചിന്തയിൽ നാട്ടുമാവുകളെ ഒഴിവാക്കുന്ന സാമൂഹിക സമീപനം വ്യാപകമായതും നാടൻ മാവുകളെ ഇല്ലാതാക്കി.