ആരെന്ത് പറഞ്ഞാലും നാട്ടുമാങ്ങയുടെ രൂപി അതൊന്ന് വേറെ തന്നെയാണ്. രുചി മാത്രമല്ല. ഔഷധ ഗുണവും മണവും എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. നാട്ടുമാവുകൾ 150 മുതൽ 300 വർഷം വരെ വളരുമ്പോൾ 35 വർഷം മാത്രമാണ് ഒട്ടുമാവുകളുടെ ( സങ്കരയിനം മാവുകളുടെ) ആയുസ്സ്. നിത്യഹരിതവനം സൃഷ്ടിക്കുന്ന നാട്ടുമാവിൽ ഒരേ സമയം ആയിരക്കണക്കിന് മാങ്ങകൾ (തൈകൾ) ഉണ്ടാകും. സങ്കരയിനങ്ങളിൽ നാട്ടുമാവുകളുകളിൽ ഉണ്ടാകുന്ന മാങ്ങയുടെ നേർപകുതി മാത്രമാണ് ഉണ്ടാകുക. നാരും മാംസവും രുചിയും ഒരുപോലെയടങ്ങിയ നാട്ടുമാമ്പഴങ്ങൾക്ക് പകരംവെക്കാവുന്ന പഴങ്ങൾ തീരെ അപൂർവം. ഉയർന്ന് വളരുന്നതുപോലെ, പടർന്ന് വളരുന്നതും നാടൻ മാവുകളുടെ പ്രത്യേകതയാണ്.
നാടൻ മാവ് സ്നേഹികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കേരളത്തിൽ ഇനി 44 ഇനം നാടൻ മാവുകൾ മാത്രമേ ബാക്കിയുള്ളൂവെന്ന് കണ്ടെത്തിയിട്ടുണ്ട്. കർപ്പുരവരിക്ക, താളി മാങ്ങ (വർഷത്തിൽ മൂന്ന് തവണ കായ്ക്കും), കിളിച്ചുണ്ടൻ, കസ്‌തുരിമാങ്ങ (പഴുത്താലും ഇരുണ്ട പച്ചനിറമാണ് ഈ മാങ്ങക്ക്). കർപ്പുര മാങ്ങ (നാര് കുറഞ്ഞ നല്ല മണമുള്ള മാങ്ങ), പോളച്ചിറ, നെടുങ്ങാലൻ, കോട്ടുക്കോണം, മൂവാണ്ടൻ, പേരയ്ക്കാ മാങ്ങ, മുതലമൂക്കൻ കപ്പമാങ്ങ, ഒളാർ മാങ്ങ, അച്ചാറാവശ്യത്തിന് ഉപയോഗിക്കുന്ന കുലകുലകളായി വളരുന്ന ചെറിയ നാട്ടുമാങ്ങ തുടങ്ങിയവ കേരളത്തിൽ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന മാവിനങ്ങളിൽ ചിലതാണ്.