മാങ്ങ മുതൽ ഡ്രാഗൺ ഫ്രൂട്ട് വരെ 15 ഓളം ഇനങ്ങൾ; ഇത് ഗംഭീര ഫലസദ്യ | Masjid-Yard Feast: 15 Fruit Varieties



പള്ളിമുറ്റത്തുനിന്ന് ഫല വൃക്ഷത്തൈകൾ നൽകും. അതിൽ വിളഞ്ഞ പലതരം പഴങ്ങൾ നാട്ടുകാർ ഒരുമിച്ച് പള്ളിമുറ്റത്തിരുന്ന് കഴിക്കും. മാവൂരിനടുത്തുള്ള കൂളിമാട് മഹല്ല് ജമാഅത്താണ് മധുരമൂറുന്ന രുചിയിലൂടെ പരിസ്‌ഥിതി സ്നേഹത്തിന്റെ പുതുമാതൃക സൃഷ്‌ടിച്ച് മലയാളക്കരയുടെ ഹൃദയത്തിലേക്ക് കുടിയേറുന്നത്.

കൂളിമാട് മഹല്ല് കമ്മിറ്റിയുടെ കീഴിലുള്ള 'ക്രസ്‌റ്റ് കൂളിമാട്' എന്ന സംവിധാനത്തിലൂടെ രണ്ടു മൂന്നു വർഷം മുൻപ് പള്ളിയിൽനിന്ന് എല്ലാ വീടുകളിലേക്കും ഫലവൃക്ഷത്തൈകൾ നൽകിയിരുന്നു. 'ഫലമുള്ള നാളേക്കായി' എന്ന പേരിൽ ഫ്രൂട്ട് ട്രീ മിഷൻ പദ്ധതിയുടെ കീഴിലാണ് ഇതു നടത്തിയത്. ഈ തൈകൾ വളർത്തി ലഭിച്ച പഴങ്ങളാണ് ഇന്നലെ ഉച്ചയ്ക്ക് പള്ളിയിലെത്തിച്ചത്. ഇതിനുപുറമേ പ്രദേശത്തെ നാട്ടുകാർ എത്തിച്ച പഴങ്ങളും സദ്യയിൽ ഉൾപ്പെടുത്തി.

ചക്കയും മാങ്ങയും പപ്പായയുമടക്കമുള്ള നാടൻ പഴങ്ങൾ മുതൽ ഡ്രാഗൺ ഫ്രൂട്ട് വരെയുള്ള 15 തരം പഴങ്ങളാണ് ഫല സദ്യയിൽ ഇടം പിടിച്ചത്. കാർഷികമേഖലയിൽ പുതുതലമുറ ആകർഷിക്കുകയും പരിസ്‌ഥിതി സൗഹൃദ പ്രദേശമാക്കി കൂളിമാടിനെ മാറ്റുകയുമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെ.എ.ഖാദർ പറഞ്ഞു. കഴിഞ്ഞ പ്രളയകാലത്ത് ചാലിയാർ കര കവിഞ്ഞ് നാട് വെള്ളത്തിൽ മുങ്ങിയപ്പോൾ പ്രദേശവാസികൾക്ക് ആശ്രയമായത് കൂളിമാട് പള്ളിയാണ്.

ഇന്നലെ ഉച്ചയ്ക്ക് പ്രാർഥനയ്ക്കു ശേഷമാണ് ഫലഭോജന സദസ്സ് നടത്തിയത്. കെ.എ.ഖാദർ അധ്യക്ഷനായി. ഹരിത ഭവനം പദ്ധതി പ്രഖ്യാപനം ഇ.കെ. മൊയ്തീൻ ഹാജി നിർവഹിച്ചു. ജുമുഅത്ത് പള്ളിയുടെ മുകളിൽ ഒരുക്കിയ ഡ്രാഗൺ ഫ്രൂട്ട് ടെറസ് ഗാർഡൺ മുക്കം ഗ്രീൻ ഗാർഡൻ എംഡി കെ.ഉസ്സൻ ഉദ്ഘാടനം ചെയ്തു. ഫലവൃക്ഷ കർഷകൻ കെ.വി. ഷംസുദ്ദീൻ ഹാജി, ഉസ്സൻ മുക്കം എന്നിവരെ ചടങ്ങിൽ ആദരിച്ചു. ടി.ഒ. മദ്രസയെ പ്രകൃതി ദുരന്ത പുനരധിവാസ കേന്ദ്രമായി പ്രഖ്യാപിച്ചു. 






Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section