കേരളത്തിൽ ഏറെ പരിചിതമല്ലാത്ത ഒരു കൃഷിമുറയാണ് ഗ്രാഫ്റ്റഡ് വെജിറ്റബിൾ കൾട്ടി വേഷൻ .ഗ്രാഫ്റ്റ് ചെയ്ത പച്ചക്കറികൾ വാങ്ങി കൃഷി ചെയ്യുന്നതിലൂടെ കർഷകന് കൂടുതൽ ലാഭമുണ്ടാക്കുവാൻ കഴിയുകയും. അതോടൊപ്പം ചെടികളുടെ രോഗപ്രതിരോധ ശേഷിയും , ആയുർദൈർഖ്യവും കൂടും എന്നതാണ് മറ്റൊരു പ്രത്യേകത.
പച്ചക്കറി തൈകളിൽ ഗ്രാഫ്റ്റിങ്ങോ?
ഗ്രാഫ്റ്റിംഗ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസുകളിൽ ഓടിയെത്തുന്നത് റോസ് പോലുള്ള അലങ്കാര ചെടികളുടെ ഗ്രാഫ്റ്റിങ്ങിനേകുറിച്ചും, അതോടൊപ്പം പഴവർഗ്ഗവിളകളുടെ ഗ്രാഫ്റ്റിങ്ങിനെക്കുറിച്ചുമാണ്. പച്ചക്കറികളിലേ ഗ്രാഫ്റ്റിംഗ് നമുക്ക് ചിന്തിക്കാനേ കഴിയില്ല. എന്നാൽ നമ്മൾ അറിയണം. ഗ്രാഫ്റ്റിങ്ങിലൂടെ പച്ചക്കറി തൈകൾ ഉൽപ്പാദിപ്പിക്കാം. പക്ഷെ നമുക്ക് ക്ഷമയുണ്ടാകണം എന്നുമാത്രം. നമ്മൾ കുറച്ച് ക്ഷമ കാണിച്ച് ഗ്രാഫ്റ്റ് ചെയ്ത തൈകൾ നട്ടാലോ കുറഞ്ഞ സമയത്തിനുള്ളിൽ സാധാരണ നമുക്ക് കിട്ടുന്നതിനേക്കാൾ ഇരട്ടി വിളവ് ലഭിക്കും. ചെടികളുടെ രോഗപ്രതിരോധ ശേഷിയും , അധിക വളർച്ചാ ശക്തിയും ഗ്രാഫ്‌റ്റ് ചെയ്ത തൈകൾക്ക് കൂടുതലായിരിക്കും. കൂടുതൽ കാലം കൃഷി തുടർന്ന് കൂടുതൽ വിളവുണ്ടാക്കുവാനും കഴിയും എന്നതാണ് ഗ്രാഫ്റ്റ് ചെയ്ത തൈകളുടെ മറ്റൊരു പ്രത്യേകത. മേൽപ്പറഞ്ഞ സാധ്യതകൾ ഉൽപ്പാദന വർദ്ധനവിലേക്ക് നയിക്കുകയും ചെയ്യും. മറ്റു സംസ്ഥാനങ്ങളിൽ ഗ്രാഫ്റ്റ് ചെയ്ത തൈകൾ ധാരാളം കൃഷി ചെയ്യുന്നു. തമിഴ്നാട് , കർണ്ണാടക പോലുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഗ്രാഫ്റ്റ് ചെയ്ത തൈകൾ ഉൽപ്പാദിപ്പിച്ച് കൃഷിചെയ്യുകയും, കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. കേരളത്തിൽ ഏറെ സാധ്യതകൾ ഉള്ള ഒരു വ്യവസായമായി ഗ്രാഫ്റ്റ് ചെയ്ത തൈ ഉൽപ്പാദനം നടത്താവുന്നതാണ്. ഈ കൃഷിരീതി കേരളത്തിൽ നടപ്പിലാക്കിയാൽ സാധാരണ ലഭിക്കുന്നതിന്റെ മൂന്നോ നാലോ ഇരട്ടി വിളവും ലഭിക്കും. വേണമെങ്കിൽ നമുക്ക് പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത് നോക്കാവുന്ന ഒരു കൃഷി മാതൃകയാണിത്. കേരളത്തിലെ നിലവിലുള്ള സാഹചര്യത്തിൽ ചെടികൾക്കുണ്ടാക്കുന്ന രോഗങ്ങൾ കാരണം ഉൽപ്പാദത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ഇതിന് ഒരു പരിഹാരമായി ഗ്രാഫ്റ്റ് ചെയ്ത തൈകൾ വാങ്ങി കൃഷിചെയ്ത് കൂടുതൽ വിളവുണ്ടാക്കാവുന്നതാണ്. നിലവിൽ കേരളത്തിൽ ഗ്രാഫ്റ്റ് ചെയ്ത പച്ചക്കറി തൈകളുടെ ലഭ്യത വളരെ വിരളമാണ്. ഗ്രാഫ്റ്റ് ചെയ്ത തൈകൾ ഉൽപ്പാദിപ്പിച്ച് നൽകിയാൽ ഇന്ന് വാങ്ങി കൃഷി ചെയ്യുവാൻ ആവശ്യക്കാർ ഏറെയാണ്. ഗ്രാഫ്റ്റ്ചെയ്ത തൈകളുടെ ഉൽപ്പാദനം കേരളത്തിൽ ഏറെ സാധ്യതകൾ ഉള്ള ഒരു വ്യവസായമാണ്. നമ്മുടെ വീട്ടുവളപ്പിൽ ഗ്രാഫ്റ്റ് ചെയ്ത തൈകൾ ഉൽപ്പാദിപ്പിക്കുന്ന നഴ്സറികൾ കുറഞ്ഞ മുതൽ മുടക്കിൽ സെറ്റ് ചെയ്യാവുന്നതേയുള്ളു. സാധാരണ ഹൈബ്രിഡ് തൈകൾക്ക് 1 രൂപ മുതൽ 5 രൂപവരെ നഴ്സറികളിൽ വിലയുണ്ടെങ്കിൽ ഗ്രാഫ്റ്റ് ചെയ്ത ഒരു തൈക്ക് 10 രൂപ മുതൽ 15 രൂപ വരെ വിലയുണ്ട് എന്നതാണ്. വീട്ടമ്മമാർക്ക് ഒരു സ്വയം തൊഴിൽ എന്ന രീതിയിൽ ചെയ്യാവുന്ന നല്ലൊരു സംരംഭമാണിത്. മറ്റു സംരംഭങ്ങൾ പോലെ ഈ മേഖലയിൽ മത്സരവും ഇല്ല. നമ്മുടെ കഴിവും , സമയവും കൂടുതൽ പ്രയോജനപ്പെടുത്തിയാൽ ഒരു നല്ല വ്യവസായമാണിത് എന്നതിൽ ആർക്കും സംശയം വേണ്ട. പച്ചക്കറി തൈകളുടെ ഗ്രാഫ്റ്റിംഗിന് 40 ദിവസത്തെ പരിചരണം വേണ്ടിവരും. അതിനു ശേഷം കൃഷിയിടത്തിലേക്ക് പറിച്ചു നടാം.
ജീവനുള്ള രണ്ട് സസ്യഭാഗങ്ങൾ കൂട്ടിച്ചേർത്ത് ഒരു ചെടിയായി വളരുന്ന സാങ്കേദിക വിദ്യയാണ് ഗ്രാഫ്റ്റിംഗ്.
രണ്ട് ചെടികളുടെ തൈകൾ മുറിച്ച് വീണ്ടും യോജിപ്പിച്ച് ഉണ്ടാക്കുന്ന മുറിവ് ഉണക്കുന്നത് മനുഷ്യന്റെ ശസ്ത്രക്രിയയ്ക്കും ആശുപത്രിയിലെ വീണ്ടെടുക്കൽ കാലയളവിനും സമാനമായ സാഹചര്യമാണ്. ആയതിനാൽ ഒട്ടിക്കൽ ശുദ്ധവും അണുവിമുക്തവുമായിരിക്കണം.
കേരളത്തിൽ ഏത് സീസണിലും ഡിമാന്റുള്ള ഒരു പച്ചക്കറിയാണ് പാവൽ. കീടരോഗബാധയും , കാലാവസ്ഥാ വ്യതിയാനവും കാരണം പണ്ടുകാലങ്ങളിൽ ലഭിച്ചുകൊണ്ടിരുന്ന ഉൽപ്പാദനം ഇന്ന് ലഭിക്കുന്നില്ല. പാവൽ ചെടികൾ കൃഷിയുടെ തുടക്കത്തിൽ നന്നായി വളർന്നുവരുമെങ്കിലും പുഷ്പ്പിക്കാറാവുമ്പോൾ പ്രശ്നങ്ങൾ രൂക്ഷമാകും. ചെടികളെ ആക്രമിക്കുന്ന കീടങ്ങളെ ശാസ്ത്രീയമായ കീടരോഗ നിയന്ത്രണ മാർഗങ്ങളിലൂടെ ഇല്ലായ്മ ചെയ്യുവാൻ കഴിയുമെങ്കിലും . വില്ലൻ മൊസൈക്ക് രോഗമാണ്. മൊസൈക്ക് വയറസ് ചെടികളുടെ പ്രതിരോധ സംവിധാനത്തെ തകർക്കുകയും , ഇലകൾ കുരിടിച്ച്, ഇലകൾ മഞ്ഞളിച്ച്, കായ്പിടിത്തം കുറഞ്ഞ് ചെടികൾ പൂർണ്ണമായി നശിക്കുന്നു. മരുന്നടിച്ച് വയറസ്ബാധയെ പ്രതിരോധിക്കുവാൻ കർഷകന് കഴിയില്ല. എന്നാൽ ഗ്രാഫ്റ്റ് ചെയ്ത തൈകൾ വാങ്ങി നട്ടാൽ രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ശേഷി കൂടുതലായിരിക്കും. ഗ്രാഫ്റ്റിങ്ങ് വഴി ഉൽപ്പാദിപ്പിച്ച പാവൽച്ചെടിയിൽ നിന്ന് കൂടുതൽ വിളവും ലഭിക്കും. പാവൽ ഗ്രാഫ്റ്റ് ചെയ്യുന്നത് ചുരയ്ക്കയുടെ തൈകളിലാണ്. ആരോഗ്യമുള്ളതും , രോഗ കീടബാധയൊന്നുമില്ലാത്ത തൈകളാണ് ഗ്രാഫ്റ്റ് ചെയ്യുവാനായി എടുക്കുന്നത്. പാവലും , ചുരയ്ക്കയും ഒരേ കുടുംബത്തിൽപ്പെട്ട ചെടികളായതിനാൽ സസ്യഭാഗങ്ങൾ കൂട്ടിച്ചേർത്ത് പുതിയൊരു ചെടിയാക്കുവാൻ വളരെ എളുപ്പമാണ്.
ചുരയ്ക്ക ഒരു സവിശേഷ സ്വഭാവമുള്ള പന്തൽ വർഗ്ഗ വിളയാണ്. ഏത് കാലാവസ്ഥയിലും വളരുവാനുള്ള ശേഷിയും ഉണ്ട്. പച്ചക്കറിവിളകളിൽ പൊതുവേ രോഗപ്രതിരോധ ശേഷിയുള്ള ഇനവുമാണ്. ഉൽപ്പാദനക്ഷമത ഏറ്റവും കൂടുതലുള്ള പച്ചക്കറി വിള കൂടെയാണ് ചുരയ്ക്ക്. പാവലിനേക്കാൾ കൂടുതൽ ആയുർദൈർഖ്യവും ചുരക്കയ്ക്കുണ്ട് . പാവൽ ചെടിയിൽ സംഭവിക്കുന്ന രോഗങ്ങൾ ചുരയ്ക്കയിൽ ഉണ്ടാകുന്നുമില്ല. ചുരയ്ക്കയുടെ വേരുകളും , തണ്ടും, ഇലകളുമൊക്കെ പാവലിനേക്കാൾ കരുത്തുള്ളവയാണ്. ഈ ഗുണഗണങ്ങൾ പരിഗണിച്ച് നാടൻ ചുരയ്ക്കയുടെ തൈകളിൽ പാവൽ തൈകൾ ഗ്രാഫ്റ്റ് ചെയ്താൽ ചുരയ്ക്കയുടെ ഗുണങ്ങൾ പാവലിനും ലഭിയ്ക്കും.
ഗ്രാഫ്റ്റ് ചെയ്യുവാനായി നാടൻ ചുരയ്ക്കയുടെ വിത്തുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ പാവലിന്റെ കാര്യത്തിൽ ഏറ്റവും ഗുണമേന്മയുള്ളതും, രോഗപ്രതിരോധശേഷിയുള്ളതുമായ ഇനത്തിന്റെ വിത്താണ് പാകി മുളപ്പിയ്ക്കേണ്ടത്. 20 ദിവസം പ്രായമായ ചുരയ്ക്കയുടെ തൈകളാണ് റൂട്ട് സ്റ്റോക്കായി ഉപയോഗിക്കുന്നത്. , 25 ദിവസം പ്രായമായ ആരോഗ്യമുള്ള പാവൽ തൈകളുമാണ് ഗ്രാഫ്റ്റിംഗിനായി തിരഞ്ഞെടുക്കുന്ന സയോൺ. വൈകുന്നേരം സമയങ്ങളിൽ ഗ്രാഫ്റ്റ് ചെയ്യുന്നതാണ് നല്ലത്. ചുരയ്ക്ക തൈയ്യുടെ ഏറ്റവും താഴെയുള്ള രണ്ടിലകളിൽ നിന്നും അര സെന്റീമീറ്റർ മുകളിലായി "V" ആ കൃതിയിൽ ബ്ലേയ്ഡ് ഉപയോഗിച്ച് തണ്ടുകൾ കട്ട് ചെയ്യുക. പാവൽ ചെടികളുടെ മുകൾഭാഗത്തു നിന്ന് 4 സെന്റീമീറ്റർ താഴേക്ക് എത്തുന്നിടത്തു വച്ച് "V" ആകൃതിയിൽ കട്ട് ചെയ്ത് മാറ്റുക. അതിനു ശേഷം ചുരയ്ക്കയുടെ " V "ആകൃതിയിൽ മുറിച്ച തണ്ടിനുള്ളിലേക്ക് , പാവൽ ചെടിയുടെ മുറിച്ച മുകൾഭാഗം മെല്ലെ ഇറക്കിവച്ച് ഗ്രാഫ്റ്റ് ചെയ്യുക. കൂട്ടിച്ചേർത്ത സസ്യഭാഗങ്ങൾ ടെമ്പർ കുറഞ്ഞ ക്ലിപ്പു കൊണ്ട് ഉറപ്പിക്കുക.
ചെടികൾ ഒട്ടിക്കുന്ന പ്രക്രിയയിൽ ക്ലിപ്പുകൾ ഏറെ സഹായകമാണ്. ക്ലിപ്പുകൾ ഉപയോഗിച്ച് ചെടികൾ ഒട്ടിക്കുമ്പോൾ ക്ലിപ്പുകൾ ചെടിയുടെ ഗ്രാഫ്റ്റിംഗ് ഭാഗത്തിന് യാതൊരു ദോഷവും വരുത്തുന്നില്ല . രോഗങ്ങൾ കുറയ്ക്കാനും ഉത്പാദനം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ഈ ക്ലിപ്പുകൾ സാധാരണയായി വ്യാവസായികാടിസ്ഥാനത്തിൽ തൈകൾ ഉൽപ്പാദിപ്പിക്കുന്ന ബ്രീഡർമാർ ഉപയോഗിക്കുന്നുണ്ട്. ഗ്രാഫ്റ്റിംങ്ങിനും, ബഡിങ്ങിനും നല്ലൊരു സഹായിയാണ്.
ഗ്രാഫ്റ്റ് ചെയ്ത തൈകൾ നഴ്സറികളിലേക്ക് മാറ്റി സംരക്ഷണം നൽകണം. 10 ദിവസം കഴിഞ്ഞ് ആരോഗ്യമുള്ള തൈകൾ പ്ലാസ്റ്റിക്ക് കവറിൽ പോർട്ടിംങ്ങ് മിശ്രിതം നിറച്ച് അതിലേക്ക് മാറ്റാം. നഴ്സറികളിൽ ചൂട് കൂടുതലാണെങ്കിൽ ഷെയ്ഡ്നെറ്റ് വിരിച്ച് ചൂടിന്റെ അളവ് ക്രമീകരിക്കുവാൻ ശ്രദ്ധിക്കണം. 10 gm സ്യൂഡോമോണസ് 1 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ആഴ്ച്ചയിലൊരിക്കൽ സ്പ്രേ ചെയ്യുന്നത് നല്ലതാണ്. നാനോ യൂറിയ 1 ML 1 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് 10 ദിവസത്തിലൊരിക്കൽ സ്പ്രേ ചെയ്താൽ തൈകൾ വളരെവേഗം വളരുകയും ചെയ്യും. ഗ്രാഫ്റ്റ് ചെയ്ത് രണ്ടാഴ്ച്ച കഴിഞ്ഞ് ആരോഗ്യമുള്ള തൈകൾ കൃഷിയിടത്തിലേക്ക് പറിച്ചു നടാവുന്നതാണ്.
കേരളത്തിൽ ഏറെ സാധ്യതകൾ ഉള്ള ഒരു കൃഷി രീതിയാണ് ഗ്രാഫ്റ്റഡ് വെജിറ്റബിൾ കൾട്ടിവേഷൻ.