തുള്ളിനനയാണ് അടുക്കളത്തോട്ടത്തിനു യോജ്യം. കുറച്ചു വെള്ളംകൊണ്ട് കൂടുതൽ വിളവ് എന്ന രീതിയാണത്. നനയോടൊപ്പം വളം കുടി നൽകാമെന്നതും തുള്ളിനനയുടെ മെച്ചം. തുള്ളിനനയിൽ ജലത്തിന്റെ ഉപയോഗക്ഷമത 90% ആണ്. മികച്ച വിളവിനും രോഗവ്യാപനത്തോത് കുറയ്ക്കുന്നതിനും തുള്ളിനന ഗുണം ചെയ്യും.
അടുക്കളത്തോട്ടത്തിലേക്കും മട്ടുപ്പാവുകൃഷിക്കും യോജിച്ച ഡ്രിപ് യൂണിറ്റ് കിറ്റുകൾ ഇന്ന് മാർക്കറ്റിൽ സുലഭം. ഗുരുത്വബലം ഉപയോഗിച്ചും വൈദ്യുതി ഉപയോഗിച്ചും പ്രവർത്തിക്കുന്ന വിവിധ മോഡലുകൾ ലഭ്യമാണ്. ഉയരത്തിലുള്ള ടാങ്കിൽനിന്ന് ഗുരുത്വബലത്തിൽ വെള്ളവും വളവും ഒരുമിച്ചു നൽകുന്ന ഫാമിലി ഡ്രിപ്പ് യൂണിറ്റുകളും നിലവിലുണ്ട്. ഡ്രിപ് പൈപ്പുകളിൽ നമുക്കാവശ്യമായ അകലത്തിൽ ദ്വാരങ്ങളുണ്ടാക്കി അതിന് അനുസരിച്ചു ഗ്രോബാഗുകൾ വയ്ക്കാം. ദ്വാരങ്ങളിൽ ഓൺലൈൻ ഡ്രിപ്പറുകൾ ക്രമീകരിക്കാം. ചെടി വലുതാകുംതോറും അതിന് അനുസരിച്ച് നനയുടെ അളവു ക്രമീകരിക്കാം. ടെറസഷിയിൽ തുള്ളിനന തന്നെയാണ് ഏറ്റവും നല്ലത്. കരുതലോടെയുള്ള നനയില്ലെങ്കിൽ ടെറസിന് കേടുപാടു വരാനുള്ള സാധ്യതയേറെയാണ്.
പുത എന്തിന്
വേനൽച്ചൂടിൽ വാടിപ്പോകാതെ ചെടികളെ രക്ഷപ്പെടുത്താനുള്ള മാർഗമാണ് പുത. മണ്ണിലെ ഈർപ്പസംരക്ഷണം തന്നെയാണ് പുതയുടെ പ്രാഥമിക ധർമം. ജൈവപുതയായി കരിയില, ഉണങ്ങിയ കളകൾ, അഴുകാൻ തുടങ്ങിയ ഓല എന്നിവയെല്ലാം ഉപയോഗിക്കാം. പുരയിടത്തിൽ സുലഭമായ പാഴ്വസ്തുക്കൾ പുതയാക്കുന്നതു വഴി ചെലവു കുറഞ്ഞ രീതിയിൽ ജലസംരക്ഷണം സാധ്യമാക്കാം. പുതയുടെ കനം ആവശ്യാനുസരണം ക്രമീകരിച്ചാൽ മുകളിലെ വെള്ളം താഴെ മണ്ണിലേക്ക് ഊർന്നിറങ്ങുന്നത് തടസ്സപ്പെടുകയില്ല. മണ്ണിന്റെ താപനില ക്രമീകരിക്കുന്നതിന് പുത അത്യാവശ്യം. വിത്ത് മുളയ്ക്കാനും ചെടികളുടെ വളർച്ചയ്ക്കും വേരുകളുടെ ആരോഗ്യത്തിനും സൂക്ഷ്മജീവികളു ടെ പ്രവർത്തനത്തിനും മണ്ണിൻ്റെ താപനില ക്രമീകരിക്കേണ്ടത് അത്യാവശ്യം. മണ്ണിന്റെ ഈർപ്പവും ചൂടും സംരക്ഷിക്കുന്നതോടെ മണ്ണിന്റെ വളക്കൂറ് വർധിക്കുന്നു. ജൈവപുത കാലക്രമത്തിൽ ദ്രവിച്ചു ചേർന്ന് ചെടികളുടെ വളർച്ച കൂട്ടും. മണ്ണിലൂടെ പകരുന്ന പല രോഗാണുക്കളും കീടങ്ങളും മറ്റും കൃഷിയിടത്തിൻ്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുന്നതു പുതയിടൽ വഴി തടയാം. മണ്ണിരകളുടെയും സൂക്ഷ്‌മജീവികളുടെയും പ്രവർത്തനം ത്വരിതപ്പെടുന്നതു വഴി മണ്ണിൻ്റെ സ്വഭാവവും വായുസഞ്ചാരവും മെച്ചപ്പെടുകയും ചെയ്യും.