ശിരോചർമ്മത്തെ പോഷിപ്പിക്കുന്നു
ശിരോചർമ്മത്തിന് വളരെ നല്ലതാണ് റോസ് മേരി. ഇതിൻ്റെ ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ താരൻ, ചൊറിച്ചിൽ എന്നീ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ വളരെയധികം സഹായിക്കും. മാത്രമല്ല റോസ് മേരി രക്തചംക്രമണവും നാഡീവളർച്ചയും പ്രോത്സാഹിപ്പിക്കാൻ സഹായിക്കും. തലയോട്ടിയിലെ ജലാംശം നിലനിർത്താൻ ഏറെ നല്ലതാണ് റോസ് മേരി. മുടി ഷാംപൂ ചെയ്ത് കഴുകിയ ശേഷം റോസ് മേരിയിട്ട് തിളപ്പിച്ച വെള്ളം ഒഴിച്ച് തല കഴുകാവുന്നതാണ്.
മുടി വളർത്താൻ
റോസ് മേരി ഓയിൽ തലയിൽ മസാജ് ചെയ്യുന്നത് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഇലകളാണിവ. ഇതിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഈ എണ്ണ തലയിൽ തേച്ച് പിടിപ്പിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താനും മുടി വളരാനും സഹായിക്കും. ഒലീവ് ഓയിൽ വെളിച്ചെണ്ണ എന്നിവയ്ക്ക് ഒപ്പം റോസ് മേരി എണ്ണയും ചേർത്ത് തലയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്.
തിളക്കവും ബലവും
മുടിയ്ക്ക് നല്ല തിളക്കവും ബലവും നൽകാൻ ഏറെ നല്ലതാണ് റോസ് മേരി. നല്ല ആരോഗ്യമുള്ള കട്ടി കൂടിയ മുടി ലഭിക്കാൻ റോസ് മേരി എണ്ണ ഉപയോഗിക്കാം. നെറ്റി കയറുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാനും റോസ് മേരി ഉപയോഗിക്കാം. ഡബിൾ ബോയിലിങ്ങ് രീതിയിൽ റോസ് മേരി എണ്ണ ചൂടാക്കി ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല മുടി വളർച്ചയ്ക്ക് ഇത് ഏറെ മികച്ചതാണ്.
നല്ല തണുപ്പ് ലഭിക്കാൻ
പൊതുവെ അമിതമായ സമ്മർദ്ദം കാരണം തല പുകഞ്ഞ് ഇരിക്കുന്നവരായിരിക്കും ഭൂരിഭാഗം ചെറുപ്പക്കാരും. അവർക്ക് ഒരു പരിഹാരമാണ് റോസ് മേരി ഓയിൽ. മുടിയിൽ റോസ് മേരി ഓയിൽ പുരട്ടുന്നത് പലപ്പോഴും തലയ്ക്ക് നല്ല തണുപ്പും കുളിർമയും ലഭിക്കാൻ സഹായിക്കും. മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഏറ്റവും നല്ല പരിഹാര മാർഗമാണ് റോസ് മേരി ഇലകൾ.