കൃഷി ആദായകരമാണോ അല്ലയോ എന്നതിൽ തർക്കങ്ങളുണ്ട്, കൃഷിയിലൂടെ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കാൻ പറ്റും | Profits with Agriculture



കൃഷി ആദായകരമാണോ അല്ലയോ എന്നതിൽ തർക്കങ്ങളുണ്ട്.


ഹോട്ടൽ ബിസിനസ്‌ ആദായകരമാണോ എന്ന് ചോദിച്ചാൽ അത് ചെയ്ത് വളർന്നവരുമുണ്ട്, തളർന്നവരുമുണ്ട്. അത് പോലെ തന്നെ കൃഷി ചെയ്ത് കുതിച്ചവരുമുണ്ട്, കിതച്ചവരുമുണ്ട്.


എന്ത്‌ ചെയ്യുന്നു എന്നതല്ല,എങ്ങനെ ചെയ്യുന്നു എന്നതും പ്രധാനമാണ്.


ഞാൻ കൗതുകത്തോടെ വീക്ഷിക്കുന്ന ചില കർഷക സുഹൃത്തുക്കളാണ് ചേർത്തലയിലെ ശ്രീ.സുജിത്, എടപ്പാളിലെ ശ്രീ. അബ്ദുൽ ലത്തീഫ്, മാളയിലെ ശ്രീ. സിനോജ്, കുന്നമംഗലത്തെ ശ്രീ. സുനിൽ വെള്ളന്നൂർ, കടവൂരിലെ പ്രിൻസ് ശിവം, ഇടവയിലെ സുജിത് എന്നിവരൊക്കെ.


ഇവരൊക്കെ വന്ന വഴികൾ കനൽപ്പാടുകൾ താണ്ടിയാണ്. പക്ഷെ ഒന്നും സംഭവിക്കാൻ വേണ്ടി കാത്ത് നിൽക്കുന്നവരായിരുന്നില്ല അവർ. അവരുടെ പാത അവർ വെട്ടിത്തുറന്നു . ശാസ്ത്രവും പ്രായോഗികതയും കൗശലവും (smartness) ഒക്കെ കോർത്തിണക്കി അവർ നാടിന് ഭക്ഷണം ഒരുക്കി. ഇപ്പോഴും ഒരുക്കുന്നു.


അവരെ കൃഷിയുടെ Brand അംബാസഡർമാർ ആക്കണം. അവരുടെ case study കൾ കലാലയങ്ങളിൽ ചർച്ച ചെയ്യണം. പ്രത്യേകിച്ചും vocational skills പഠിപ്പിക്കുന്ന ഇടങ്ങളിൽ. അവർക്ക് Beacon Farmers എന്ന ബഹുമതി നൽകണം. തന്നെപ്പോലെ പത്ത് കർഷകരെ അവർ വാർത്തെടുക്കണം. അതിന് അവർക്ക് Honorarium നൽകാൻ കഴിയുമോ എന്ന് ചിന്തിക്കണം.


ശ്രീ. സുജിത് ഒരു കാർ വാങ്ങിയ കഥ ഏറെ ഇഷ്ടത്തോടെ ഞാൻ share  ചെയ്യുന്നു.


"Winners don't do different things, they do things differently".


#ഒരുകാർവാങ്ങിച്ചകഥ #സൊല്ലട്ടുമാ......


ജനിച്ചത് രാജാവായി...എന്നാൽ ഏഴാം വയസ്സിൽ വിധി എന്നെ വീണ്ടും പ്രജ ആക്കി മാറ്റി.ഏഴാം വയസ്സിൽ അച്ഛൻറെ മരണത്തോടുകൂടി ജീവിതം തകർന്നടിയുകയായിരുന്നു.ഞാനും അമ്മയും ചേട്ടനും അടങ്ങുന്ന ചെറിയ കുടുംബം.ഒരു രീതിയിലുള്ള വരുമാനങ്ങളും ഇല്ല പലപ്പോഴും പട്ടിണി വരെ കിടന്നിട്ടുണ്ട്.

അമ്മയും രാജ്ഞിയായി ജീവിച്ചു പോന്നത് കൊണ്ട് വരുമാനത്തിനായി ഉള്ള ഒരു ജോലിയും വശമില്ലാത്ത അവസ്ഥ.ആഹാരം കഴിക്കാതെ മുന്നോട്ടുപോകാൻപറ്റാത്തതിനാൽ ഉം മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ മാസങ്ങൾ നീണ്ട കഷ്ടപ്പാടിൻ ഒടുവിൽ അമ്മ ചകിരി  പിരിതൊഴിൽ പഠിച്ചെടുത്തു...അങ്ങനെ തട്ടിയും മുട്ടിയും കുറച്ചുനാൾ മുന്നോട്ടുപോയി.


അതുപോലെതന്നെ മറക്കാൻ പറ്റാത്ത ഒന്നാണ് ഞങ്ങളുടെ ബന്ധുക്കൾ നൽകിയ ചെറിയ ചെറിയ സാമ്പത്തിക സഹായങ്ങൾ.രണ്ടു കുട്ടികളുടെ പഠനച്ചെലവ് മറ്റു ചെലവുകളും ഒരുമിച്ച് കണ്ടെത്താൻ പലപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു.ഒരു രക്ഷയും ഇല്ലാത്ത സാഹചര്യത്തിൽ മരങ്ങൾ വെട്ടി കൊടുത്തു വരെ പഠനവുമായി മുന്നോട്ടുപോയി.ഈ സാഹചര്യത്തിലാണ്  കഞ്ഞിക്കുഴിയിൽ ഉള്ള പുരയിടത്തിൽ കിട്ടുന്ന സമയങ്ങളിൽ കൃഷിയിലേക്ക് ഇറങ്ങിയത്.


അന്ന് ഇത്തരത്തിലുള്ള വിപണന മാർഗങ്ങൾ ഒന്നും തന്നെ ഇല്ല.മുഹമ്മയിൽ ഉള്ള '#ദാമ' ആയിരുന്നു പ്രധാന മാർക്കറ്റിംഗ് കേന്ദ്രം.അന്നൊക്കെ സൗജന്യമായി കൃഷിഭൂമി കിട്ടുമായിരുന്നു.തുണ്ട് ചിറയിൽ ഉള്ള കുമാർ  ചേട്ടൻറെ പാടവും, ഓട്ടോക്കാരൻ ബേബി ചേട്ടൻറെ പാടവും അന്നും കൃഷിചെയ്ത് പോന്നിരുന്നു.അന്ന് #ബേബി ചേട്ടനുമായി ചേർന്ന് ചെയ്ത  വാഴകൃഷി വിജയമായിരുന്നു.അങ്ങനെ തട്ടിയും മുട്ടിയും ഹോട്ടൽ മാനേജ്മെൻറ് വരെ പഠനം.ചേട്ടൻ #അജിത്ത് ഐടി എ വരെയും.


ജോലിയില്ലാതെ മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യം കൂടി കൂടി വന്നു.അങ്ങനെ ഏറ്റവും എളുപ്പം കിട്ടുന്ന ജോലിയായ ഡ്രൈവിംഗ് മേഖലയിലേക്ക്.അതുകൊണ്ടൊന്നും എനിക്ക് തൃപ്തി വന്നില്ല.കൂട്ടുകാരൻറെ സഹായത്തോടുകൂടി എറണാകുളത്ത് ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്ക് കയറുന്നു.കയ്യിൽ ഒന്നും തന്നെ ഇല്ലാത്ത സാഹചര്യത്തിൽ 25000 രൂപ കെട്ടിവെക്കേണ്ട സാഹചര്യവും.എവിടുന്നൊക്കെയോ അമ്മ അതും ഒപ്പിച്ചു തന്നു.  Bond ആയതിനാൽ ആ ജോലി മൂന്നുവർഷം ചെയ്തില്ല എങ്കിൽ പോകും എന്നുള്ള സാഹചര്യം ആയതിനാൽ മൂന്നുവർഷം എറണാകുളത്ത്.ആ സമയങ്ങളിൽ എല്ലാം തന്നെ കൃഷിയിൽ നിന്ന് വിട്ടു നിൽക്കേണ്ട സാഹചര്യവും.


മൂന്നുവർഷത്തിനുശേഷം സുഹൃത്തുക്കളുമായും സ്ഥാപനമായും വിട്ട് എറണാകുളത്തുനിന്നും നേരെ വീട്ടിലേക്ക്.അതിനുശേഷം സ്വന്തമായി ഹോട്ടൽ നടത്താൻ ശ്രമം അതും പരാജയപ്പെട്ടു.പിന്നെ ഒന്നും നോക്കിയില്ല ഏറ്റവും നന്നായി ചെയ്തു പോന്നതും ആസ്വദിച്ച് ചെയ്തു പോകുന്നതുമായ ജോലിയായ കൃഷിയിലേക്ക്.ആ സമയത്ത് കൃഷിയുമായി മാത്രം മുന്നോട്ടുപോകുന്നത് പ്രയാസമേറിയ കാര്യമായതിനാൽ ചെറിയ മുതൽ മുടക്കിൽ ഒരു ഓട്ടോയും കരസ്ഥമാക്കി.കൃഷി സമയം കഴിഞ്ഞാൽ നേരെ പുത്തൻ അമ്പലത്തിലെ ഓട്ടോക്കാരുടെ താവളത്തിലേക്ക്.


കഞ്ഞിക്കുഴിയിൽ #സാനു നിറഞ്ഞുനിന്ന സമയത്താണ് എൻറെയും കൃഷിയിലേക്കുള്ള രണ്ടാം വരവ്.സാനുവിനെ ഉപദേശങ്ങൾ മുതൽ കൂട്ടായിരുന്നു.അങ്ങനെ കൃഷിഭവനിൽ പോവുകയും കൃഷി ഉദ്യോഗസ്ഥരുമായി അടുപ്പം സ്ഥാപിക്കുകയും കൃഷിയിലേക്ക് കൂടുതൽ അടുക്കുകയും ചെയ്തു.അന്ന് കഞ്ഞിക്കുഴി കൃഷി ഓഫീസർ ആയിരുന്നത് #റെജി സാറാണ്.അങ്ങനെ ഞങ്ങളുടെ വാർഡിലേക്ക് ഒരു എ ഗ്രേഡ് ക്ലസ്റ്റർ സംവിധാനം വരുകയും 50 കർഷകർ അടങ്ങുന്ന ഒരു കൂട്ടായ്മ ഉണ്ടാവുകയും ചെയ്തു.ഈ കൂട്ടായ്മയുടെ സഹായം ഉപയോഗിച്ച് മാളയിൽ ഉള്ള #ജോസഫ് സാറിനെയും #രഞ്ജിത്ത് ചേട്ടൻറെ യുമൊക്കെ കൃഷിയിടങ്ങൾ സന്ദർശിച്ചത് കൂടുതൽ അറിവുകൾ സമ്മാനിച്ചു.


ട്രിപ്പ് കഴിഞ്ഞ് വരുന്ന സമയത്ത് റെജി സാർ ചോദിച്ചു ആർക്കെങ്കിലും ഹൈടെക് ചെയ്യാൻ താല്പര്യം ഉണ്ടോ എന്ന്.അന്നും റിസ്ക് എടുക്കാൻ എനിക്ക് വളരെ ഇഷ്ടമായിരുന്നു . അങ്ങനെ ഞാൻ കൃഷിചെയ്യാമെന്ന് ഏറ്റു .സ്വന്തം സ്ഥലത്ത് തന്നെ ആലപ്പുഴ ജില്ലയിൽ ആദ്യമായി ഓപ്പൺ പ്രിസിഷൻ ഫാമിംഗ് ഉള്ള കൃഷി രീതി നിലവിൽ വന്നു.ഒട്ടേറെ സാമ്പത്തികമായും മാനസികമായ മുള്ള് പ്രതിസന്ധികൾ അതിജീവിച്ച കൃഷിയിൽ വിജയം.


ഇതൊക്കെ നടക്കുന്നത് ഏകദേശം 2012.. 13 .ആ വർഷം തന്നെ കഞ്ഞിക്കുഴി പഞ്ചായത്തിലെ മികച്ച യുവകർഷകൻ ആയി തിരഞ്ഞെടുക്കപ്പെട്ടു.തൊട്ടടുത്ത വർഷങ്ങളിൽ തന്നെ മറ്റൊരു ചരിത്രവും ഞാൻ മാറ്റിമറിച്ചു.കർഷകനായ എനിക്ക് കല്യാണം..ഭാര്യ അഞ്ചു...ആദ്യ കൃഷിയിൽ കിട്ടിയ ചെറിയ മധുരവും എനിക്ക് കല്യാണത്തിന് കിട്ടിയ എൻറെ മാലയും ഒക്കെ പണയപ്പെടുത്തി കൃഷിയിടങ്ങൾ തേടിയുള്ള യാത്രയായിരുന്നു പിന്നീട്.അങ്ങനെ ചെന്ന് പെട്ടത് സെൻ മൈക്കിൾസ് കോളേജിലെ സോളമൻ ഫാദർ ൻറെ അരികിൽ. ദക്ഷിണ വെക്കാൻ പറഞ്ഞു.ഞാൻ എൻറെ അവസ്ഥയും പറഞ്ഞു.കോളേജ് മാനേജർ ഫ്ലാറ്റ്.കൃഷിയിടം റെഡി.


അന്ന് കൃഷിസ്ഥലം തരപ്പെടുത്തി തരുന്നതിന് ഭാഗ്യരാജും കൃഷി അസിസ്റ്റൻറ് സുനിൽ സാർ വഹിച്ച പങ്ക് വളരെ വലുതാണ്.ചെറുതായി മൈക്കിൾസ് കോളേജിൽ തുടങ്ങിയ കൃഷി കോളേജ് മുഴുവനും വ്യാപിപ്പിച്ചു.അങ്ങനെ ജീവിതത്തിൽ ആദ്യമായി ഒരു ടേണിങ് പോയിൻറ് ലേക്ക്....  2014 ...നമ്മുടെ സംസ്ഥാനത്തെ മികച്ച യുവ കർഷകൻ ആയി എന്നെ തെരഞ്ഞെടുത്തു.ഒരു ലക്ഷം രൂപയും ഗോൾഡ് മെഡലും ഫലകവും അടങ്ങുന്ന ആയിരുന്നു.അന്ന് ചേർത്തല സൗത്ത് പഞ്ചായത്തിൽ ആയിരുന്നു കൂടുതലും കൃഷി.അങ്ങനെ ചേർത്തല പഞ്ചായത്തിൻറെ പ്രശസ്തി കേരളം മുഴുവൻ എത്തിക്കാൻ കഴിഞ്ഞു.


കൃഷി കൂടിയ തോടുകൂടി വിപണനം ഒരു പ്രശ്നമായി തുടങ്ങി.ചേർത്തല തെക്ക് പഞ്ചായത്തിലെ എ ഗ്രേഡ് ക്ലസ്റ്റർ വിപണന ചുമതലകൂടി എനിക്ക് നൽകി.അങ്ങനെ എൻറെ ഉൽപ്പന്നവും മറ്റു കർഷകരുടെ ഉൽപ്പന്നവും വളരെ എളുപ്പത്തിൽ വിറ്റഴിക്കാൻ കഴിഞ്ഞു.അന്നു പഠിച്ച മാർക്കറ്റിംഗ് രീതി ഇന്നും തുടർന്നുപോരുന്നു.ഇതിനിടയിൽ തന്നെ വലിയ ഒരു സാധ്യതയുള്ള മേഖല കൃഷിയാണ് എന്ന് ഞാൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.ജീവിത സാഹചര്യങ്ങൾ മെച്ചപ്പെട്ട ഉറങ്ങിയപ്പോൾ അമ്മ ചെയ്തുപോന്ന കയർ തൊഴിൽ പൂർണമായും ഒഴിവാക്കാൻ ധൈര്യത്തോടുകൂടി പറഞ്ഞു.അങ്ങനെ കിട്ടുന്ന സമയം ചേട്ടൻ അജിത്തും അമ്മ ലീലാമണിയും ഭാര്യ #അഞ്ചും ഒപ്പം കൂടി.ജീവിതം നന്നായിട്ട് ജീവിക്കണമെന്ന് വാശി ഉള്ളതിനാൽ കാർ കൂടി വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.


നഷ്ടങ്ങളുടെ കണക്ക് മാത്രം പറയുന്ന  കാർഷികമേഖലയിൽ നിന്ന് ഒരു കാർ വാങ്ങി എന്നു പറയാൻ പോലും എനിക്ക് പേടിയായിരുന്നു.കാറിൻറെ അടവ് മാസം 9000 രൂപ ഉള്ളതിനാൽ കാർ സ്വന്തമാക്കും എന്ന് എനിക്ക് ഒരു ഉറപ്പുമില്ല ആയിരുന്നു.ആയതിനാൽ മാധ്യമങ്ങൾ വഴി പങ്കു വെച്ചിരുന്നില്ല.കാർ ഉണ്ടായിട്ടും എൻറെ യാത്രകൾ കൂടുതലും  ഓട്ടയിലൂടെ മാത്രമായിരുന്നു.വണ്ടിയെടുത്തു അതിനുശേഷവും കർഷകൻ ബെൻസ് വാങ്ങി എന്ന് ചിലർ കമൻറ് അടിക്കുകയും ചെയ്തിരുന്നു.ഫോക്സ് വാഗൺ എന്ന കാർ എന്നെ സംബന്ധിച്ചിടത്തോളം ബെൻസ് തന്നെയാണ്.


Read Also :

ജൈവ കീടനാശിനി; ഹരിത കഷായം


ജീവിതം  വഴിമുട്ടി നിൽക്കുന്നവർക്ക് എൻറെ ജീവിതം പ്രചോദനം ആകട്ടെ എന്ന് കരുതിയാണ് ഈ പോസ്റ്റ്  തയ്യാറാക്കുന്നത്.ഒരുപാട് പേരെ പരാമർശിക്കേണ്ട പോസ്റ്റ് ആയിരുന്നു ക്ഷമിക്കണം...

എൻറെ മകൾ #കാർത്തിക വലിയ കൃഷിക്കാരി ആകണം.

കാർഷികമേഖലയിൽ നിന്ന് ഒരു കാർ മാത്രമല്ല മെച്ചപ്പെട്ട രീതിയിലുള്ള വരുമാനം നേടിയെടുക്കാൻ കഴിഞ്ഞതിൽ ഈ രംഗത്തുള്ള എല്ലാവരോടും കടപ്പെട്ടിരിക്കുന്നു...  കാറിൻറെ   അടവും തീർന്നിട്ട് ആറുമാസം പിന്നിട്ടിരിക്കുന്നു.... വണ്ടി എൻറെ സ്വന്തം.


കർഷകൻ ആയതിൽ.......അഭിമാനം.☺️


✍🏻 സുജിത് സ്വാമിനികർത്തിൽ





Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section