കാർഷികകേരളത്തിന്റെ ജീവനാഡികളാണ് കാലവർഷവും(South West Monsoon ) തുലാവർഷവും.(North East Monsoon ).
"വർഷം പോലെ കൃഷി" എന്നാണ് ചൊല്ല്. അതായത് 'മഴ' നോക്കിയാണ് കൃഷിയെന്ന്. 'വർഷം നന്നായാൽ വിളയും നന്നാവും'.
ഇന്ത്യയിൽ മൺസൂൺ നന്നായാൽ സെൻസെക്സ് ഉയരും. ഭക്ഷ്യധാന്യ ഉത്പാദനം കൂടും. കർഷകന്റെ കൈകളിൽ പണലഭ്യത കൂടും. അവൻ അത് വിപണിയിൽ ചെലവഴിക്കും.GDP വർധിക്കും.GST കൂടും. Total Happiness. മൺസൂൺ മോശമായാൽ കാര്യങ്ങൾ സ്വാഹാ...
"ചിലപ്പോൾ അതിവൃഷ്ടി, മറ്റ് ചിലപ്പോൾ അനാവൃഷ്ടി. ഈ മൺസൂൺ ഇതെന്ത് ഭാവിച്ചാണ്", എന്ന് തോന്നിപ്പോകും, പലപ്പോഴും.
"കാലവർഷം കണ്ട് നിന്നവനും ഇല്ല, തുലാവർഷം കണ്ട് പോയവനുമില്ല "എന്നാണല്ലോ. കാലവർഷം
(ഇടവപ്പാതി ) തുടങ്ങിയാൽ പിന്നെ വേഗം പൊരേലെത്തിക്കോണം. എപ്പോൾ മഴ 'ത്വാരും' എന്ന് പറയാൻ കഴിയില്ല.
എന്നാൽ തുലാവർഷം, തുടങ്ങിയാൽ ഒരു കട്ടനോ, ബോഞ്ചികളോ (🤭)കുടിച്ച്, കുറച്ച് നേരം കടത്തിണ്ണയിൽ കയറി നിന്നാൽ മതി, മഴ തോർന്നുകിട്ടും എന്നാണ് കണക്ക്.
കാലവർഷം അടിമണ്ണിനും തുലാവർഷം മേൽമണ്ണിനുമാണ് ഗുണം ചെയ്യുക., നിരന്തരം പെയ്ത് കൊണ്ടിരിക്കുന്ന കാലവർഷത്തെ മണ്ണിനടിയിലുള്ള Aquifer കളിലേക്ക് പറഞ്ഞയക്കണം.അതാണ് വറുതിക്കാലത്ത് നമുക്ക് തുണയായി ഭവിക്കുന്നത്. അതേ സമയം തുലാവർഷം ഭൂഗർഭത്തിലേക്ക് പോകാതെ മേൽമണ്ണിൽ പിടിച്ചു നിർത്തുകയും വേണം.
കാലവർഷം കൊണ്ട് കുഴപ്പങ്ങളുമുണ്ട്. മണ്ണിനെ ഇടയ്ക്കിടെ Anaerobic (ഓക്സിജൻ ഇല്ലാത്ത അവസ്ഥ )ആക്കും. അപ്പോൾ pathogenic (രോഗം വരുത്തുന്ന )സൂക്ഷ്മാണുക്കളുടെ താവളമാക്കും. ഭൂഗർഭത്തിലേക്കു പോകുന്ന വെള്ളത്തിനൊപ്പം മണ്ണിലെ 'Smart nutrients 'ആയ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവ പുറപ്പെട്ടുപോകും. മണ്ണ് nutrient deficient ആകും. "ഗുണികളൂഴിയിൽ നീണ്ട് വാഴാ " എന്നാണല്ലോ മഹാകവി കുമാരനാശാൻ പാടിയത്. നല്ല നീർവാർച്ച, കുമ്മായ വസ്തുക്കളുടെ പ്രയോഗം, മിതവും എന്നാൽ പ്രസക്തവുമായ വളപ്രയോഗം എന്നിവ അനുവർത്തിക്കണം. പച്ചക്കറികർഷകർ open precision farming ചെയ്യുന്നത് വിളവ് കൂട്ടും. എന്ത് കൊണ്ടാണെന്ന് മനസ്സിലായിക്കാണുമല്ലോ?. Mulching ചെയ്താൽ പോഷകശോഷണം വരില്ല.
എപ്പോഴും ഗർഭവതിയായി, ഓരോ മാസവും ഓരോ ഓലയും അതിന്റെ കക്ഷത്ത് ഓരോ പൂങ്കുലയുടെ ഈറ്റുനോവുമായി നിൽപ്പാണ് തെങ്ങ്. മുപ്പത്തിനാല് മാസങ്ങൾക്ക് മുൻപ് മണ്ണിലും അന്തരീക്ഷത്തിലും ഉണ്ടായിരുന്ന അവസ്ഥയാണ് ഈ മാസം വിടർന്ന് വരുന്ന പൂങ്കുലയിൽ കാണുക. ആ സമയത്ത്,മണ്ണിൽ വേണ്ടത്ര വെള്ളവും വളവും ഉണ്ടായിരുന്നു എങ്കിൽ, ഇപ്പോൾ വിരിഞ്ഞ പൂങ്കുലയിൽ ആവശ്യത്തിന്, ആരോഗ്യമുള്ള പെൺപൂക്കൾ (മച്ചിങ്ങകൾ )ഉണ്ടാകും. അതിനെ പരാഗണിയ്ക്കാൻ വേണ്ടത്ര തേനീച്ചകൾ ഉണ്ടെങ്കിൽ മാന്യമായ എണ്ണം തേങ്ങാ ആ കുലയിൽ ഉറപ്പിക്കാം.
ഒരു നീണ്ടവറുതിക്കാലത്തിന് ശേഷം പെയ്യുന്ന മഴയാണ് കാലവർഷം.അതിനെ ഒരു തുള്ളി പോലും കളയാതെ, ഒഴുകിപോകാൻ അനുവദിയ്ക്കാതെ ഭൂഗർഭത്തിലേക്കിറക്കണം. (ഉരുൾ പൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ഇത് ചെയ്യുന്നത് അപകടവുമാണ് ).
തെങ്ങിന്റെ കാര്യത്തിൽ കാരണവന്മാർ പറഞ്ഞിരുന്നത്, 'കാലവർഷം അകത്തും തുലാവർഷം പുറത്തും' എന്നാണ്. തെങ്ങിന്റെ ഓലയുടെ തുഞ്ചാണിയോളം വ്യാസത്തിൽ ഒരടി ആഴത്തിൽ എടുത്ത തെങ്ങിൻ കുഴികളുടെ 'അകത്ത് 'വീണ് വെള്ളം പതിയെ ഭൂഗർഭത്തിലേക്ക് കിനിഞ്ഞിറങ്ങണം. അങ്ങനെ ഒരു പ്രദേശത്തുള്ള എല്ലാവരും ഒരേ സമയത്ത് ഇങ്ങനെ ചെയ്യുന്നത് ആ പ്രദേശത്തെ ഭൂഗർഭ ജലനിരപ്പ് (water table )ഉയരാൻ ഇടയാക്കും. മറ്റേ "സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ..."concept തന്നെ.
ഇന്ന്, വെള്ളം ഒഴുകിപ്പോകേണ്ട നീർച്ചാലുകൾ കയ്യേറിയും നികത്തിയും, വെള്ളത്തിന് അടിയിലോട്ടും വശങ്ങളിലോട്ടും ഒഴുകിപ്പോകാൻ കഴിയാതെ വീർപ്പുമുട്ടുകയാണ് തലസ്ഥാന നഗരിയും കൊച്ചിയുമൊക്കെ.വീട്ടിൽ ഷുഗറും പ്രഷറും കൊളസ്ട്രോളും പിടിച്ച് ദുർമ്മേദസ്സുമായി ഇരുന്നാലും തൂമ്പാ എടുത്ത് ഒരു തെങ്ങിൻതടം എടുക്കാൻ മല്ലുവിന് മടി.
"കൊടുത്താൽ കൊല്ലത്തും കിട്ടും 'എന്നാണ് തെങ്ങിന്റെ കാര്യത്തിൽ. വർഷത്തിൽ കുറഞ്ഞത് രണ്ട് തവണ എങ്കിലും സന്തുലിതമായി വളങ്ങൾ നൽകണം തെങ്ങിന്. മൊത്തം അളവിൽ മാറ്റമില്ലാതെ തന്നെ, തവണകളായി മൂന്ന് മാസത്തിൽ ഒരിക്കൽ എന്ന കണക്കിന് വർഷത്തിൽ നാല് തവണയോ, അല്ലെങ്കിൽ പന്ത്രണ്ടായി പകുത്ത് എല്ലാ മാസവുമോ കൊടുക്കുന്നതിനെക്കുറിച്ച് ഗൗനമായി ചിന്തിച്ചാൽ കൊള്ളാം.
ഡ്രിപ് ഇറിഗേഷനൊപ്പം വളവും കൊടുക്കുന്ന രീതിയിൽ(Fertigation, Nutrigation ) തെങ്ങൊന്നിന് ഇരുന്നൂറ് തേങ്ങയിൽ അധികം കിട്ടുന്നുണ്ട്, കേന്ദ്ര തോട്ടവിള കേന്ദ്രത്തിലെ പരീക്ഷണതോട്ടത്തിൽ.
ഓരോ മാസവും ഓരോ പൂങ്കുല വരുന്ന വിളയാതിനാൽ തെങ്ങിന് എല്ലാ മാസവും നിർണായകമാണ്. 2:1:4 എന്ന അനുപാതത്തിൽ NPK യോട് പ്രതികരിക്കുന്ന വിളയാണ് തെങ്ങ്. നൈട്രജന്റെ പകുതി ഫോസ്ഫറസ്, നൈട്രജന്റെ ഇരട്ടി പൊട്ടാസ്യം. ഇതാണ് തെങ്ങിന്റെ കണക്ക്.(ഇത് പല വിളകൾക്ക് പല രീതിയിൽ ആണ് എന്നോർക്കുക). തെങ്ങിനും കവുങ്ങിനും തളപ്പ് ഒന്നല്ല രമണാ....
കുമ്മായം, ജൈവവളങ്ങൾ, ആകെ വേണ്ട NPK വളങ്ങളുടെ മൂന്നിലൊന്ന് എന്നിവ കാലവർഷം തുടങ്ങുന്നതിനു മുൻപും, ബാക്കിയുള്ള മൂന്നിൽ രണ്ട് NPK വളങ്ങളും അരകിലോ മഗ്നീഷ്യം സൾഫേറ്റ്, ആവശ്യമെങ്കിൽ Borax എന്നിവയും കാലവർഷം തീരാറാകുമ്പോഴും (അല്ലെങ്കിൽ തുലാവർഷ മഴയുടെ തുടക്കത്തിൽ) എന്നാണ് കണക്ക്.അതായത് ഏപ്രിൽ -മെയ് മാസങ്ങളിൽ ഒന്നാം വളവും സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളിൽ രണ്ടാം വളവും. മഴയെ മാത്രം ആശ്രയിച്ച് തെങ്ങ് പരിപാലിക്കുന്നവർക്ക് ഈ രീതി പിന്തുടരാം. തോട്ടം നനച്ച് പരിപാലിക്കുന്നവർക്ക് മൊത്തം വളം നാല് ഭാഗങ്ങളാക്കി, ഓരോ മൂന്ന് മാസം കൂടുമ്പോഴും ഒരു ഡോസ് വീതം കൊടുക്കാം.
വർഷത്തിൽ,ഏപ്രിൽ -മെയ് മാസങ്ങളിൽ ഒരു 'തടം തുറപ്പും' ഒക്ടോബർ -നവംബർ മാസത്തിൽ 'തടം അടപ്പും ' എന്നാണ്, കൂലിചെലവ് കുറവായിരുന്ന പണ്ടത്തെ കണക്ക്. രണ്ടാം വളം കൊടുത്ത്, തെങ്ങിന്റെ ഓലയും തൊണ്ടും ചൂട്ടും കൊതുമ്പും ചപ്പ് ചവറുകളും തടത്തിൽ പുതയിട്ട്, തടം കിളച്ച് (വട്ടക്കിളയൽ) ഇടുമ്പോൾ തുലാവർഷമഴ, സ്പോഞ്ച് പോലെയുള്ള മണ്ണിന്റെ 'പുറത്തേ'ക്കാണ് വീഴുക. അത് കൊണ്ടാണ് തുലാവർഷം 'പുറത്ത് 'എന്ന് പറയുന്നത്.
മണ്ണിൽ വെള്ളത്തിന്റെയും വളങ്ങളുടെയും അളവ് കുറയുമ്പോൾ ചെടികളുടെ ആഹാര നിർമ്മാണശേഷി കുറയുകയും, കിട്ടുന്ന ആഹാരം അവരുടെ ശരീരസംരക്ഷണത്തിന് (ഇലകൾ, തണ്ടുകൾ, തടി, വേര് എന്നിവയുടെ maintenance ന്) വേണ്ടി കൂടുതലായി ഉപയോഗിക്കുകയും ചെയ്യും. അത് കഴിഞ്ഞ്, ശേഷിക്കുന്ന ഭക്ഷണം മാത്രമേ പ്രത്യുത്പാദനത്തിന് (പൂക്കളുടെയും കായ്കളുടെയും രൂപീകരണത്തിന്) ഉപയോഗിക്കൂ. കാലാവസ്ഥയിൽ വരുന്ന വ്യതിയാനത്തിനുസരിച്ച് നനയും വളവും നൽകേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തി എന്ന് മാത്രം.
Better yields are not by luck or default, but through meticulous planning & design. Not by nature alone, but through nurture,as well.
അപ്പോൾ, വീട്ടുപുരയിടത്തിൽ നിന്നും വെള്ളം ഒരു തുള്ളിപോലും പുറത്ത്പോകാതെ പരമാവധി മണ്ണിനടിയിലേക്ക് പറഞ്ഞയക്കുക. നമുക്ക് തന്നെ അത് ഗുണപ്പെട്ടില്ലെങ്കിൽ പോലും എവിടെയോ ആർക്കോ പ്രയോജനപ്പെടും.
ഒരു സെന്റ് സ്ഥലത്ത് ഒരു ലക്ഷത്തി ഇരുപതിനായിരം ലിറ്റർ വെള്ളമാണ് ഒരു വർഷം പല സമയങ്ങളിലായി വീഴുന്നത്. ഒരു അഞ്ഞൂറ് ലിറ്റർ ടാങ്ക് 240 തവണ നിറയ്ക്കാൻ പര്യാപ്തമായ അളവിലുള്ള വെള്ളം. എന്നിട്ടും നമുക്ക് ജലസമൃദ്ധി ഉറപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ?...
ചിന്തിച്ചാൽ അന്തമില്ല
ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല...
ആദ്യ ചിത്രം ബംഗളുരു ലാൽ ബാഗ് ഉദ്യാനത്തിൽ മഴവെള്ളം സംഭരിച്ചു ഭൂഗർഭത്തിലേക്ക് അയക്കുന്ന percoalation pit ന്റെ ചിത്രമാണ്.
✍🏻 പ്രമോദ് മാധവൻ