നല്ല കർഷകൻ /കർഷകയാണോ, പശുവൊരെണ്ണം വേണം - പ്രമോദ് മാധവൻ | Pramod Madhavan




കഠിനജീവിതത്തിന്റെ മുൾപ്പാതകളിലൂടെ സഞ്ചരിച്ച് , സോഷ്യൽ മീഡിയയിൽ ഇന്നൊരുപക്ഷെ ഏറ്റവും കൂടുതൽ പേർക്ക് പരിചയമുള്ള, ഒരു Influencer /Motivator ആയ കുമിളിയിലെ ബിൻസിയുടെ ഒരു ഫേസ്ബുക് കുറിപ്പ് പങ്ക് വയ്ക്കുകയാണ്.

ഒരു തുണ്ട് കൃഷിപോലും സ്വന്തമായില്ലാതെ, പാട്ടത്തിന് കൃഷി ചെയ്തും തൊഴിലുറപ്പ് പണി ചെയ്തും തുടങ്ങിയ ബിൻസിയും ഭർത്താവും മൂന്ന് മക്കളും അടങ്ങിയ കുടുംബം ഇന്ന് കൃഷിയിൽ നിന്നും ഒരു ഭേദപ്പെട്ട ജീവിതം സാധ്യമാണ് എന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ്. കൃഷിയെന്നാൽ ഏകവിളാധിഷ്ഠിതമല്ലെന്നും അത് വിജയിക്കാൻ മൃഗസംരക്ഷണവും കൂടി സംയോജിപ്പിക്കണം എന്നും ഉത്പന്നങ്ങൾ മധ്യവർത്തികളില്ലാതെ വിൽക്കണമെന്നും അധികം വരാൻ സാധ്യതയുള്ളവ മൂല്യവർധിത ഉത്പന്നങ്ങൾ ആക്കണമെന്നും കൃഷിയിടം തന്നെ വിപണിയാക്കണം എന്നുമൊക്കെയുള്ള പാഠങ്ങൾ കൃഷിയിലേക്ക് വരുന്ന തുടക്കക്കാർക്ക് ബിൻസിയിൽ നിന്നും പഠിക്കാം.

സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ഗുണഭോക്തൃ തെരഞ്ഞെടുപ്പിൽ ഉണ്ടാകുന്ന പാളിച്ചകളും ഈ എഴുത്തിൽ വായിക്കാം.

'എല്ലാം നല്ലതിനാണ്' ''വച്ച കാൽ പിന്നോട്ടില്ല" എന്നതാണ് ബിൻസിയുടെ നയം.
സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന കുടുംബങ്ങൾക്ക് വെറും 15000 രൂപ പോലും എത്ര വലിയ തുകയാണ് എന്നും ഈ എഴുത്ത് നമ്മെ ഒരു വേള ചിന്തിപ്പിക്കും.

ബിൻസിയുടെ കുറിപ്പ് വായിക്കുക.ബിൻസിയെക്കാൾ സാമ്പത്തിക സ്രോതസ്സ് ഉണ്ടായിട്ടും ആയിരക്കണക്കിന് കർഷകർക്ക് കൃഷിയിൽ വിജയിക്കാൻ കഴിയാതെ പോകുന്നത് എന്ത് കൊണ്ടാണ് എന്നും വിലയിരുത്തുക. 

ദീർഘ വീക്ഷണം 
ആസൂത്രണം 
കുടുംബാധ്വാനം 
അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഉള്ള കഴിവും മനോഭാവവും ഒക്കെയാണ് ഒരാളെ കൃഷിയിൽ വിജയിയാക്കുന്നത്.

മറ്റുള്ളവർക്ക് സുരക്ഷിതഭക്ഷണം നൽകാൻ കഴിയുന്നത് ഒരു ചെറിയ കാര്യമല്ല.

ബിൻസിയ്ക്കും കുടുംബത്തിനും ഭാവുകങ്ങൾ നേരുന്നു.

ബിൻസി എഴുതുന്നു.......

സന്തോഷം ഉണ്ടാകുമ്പോൾ അതു വന്നവഴിയെക്കുറിച്ച് ഞാൻ പുറകോട്ട് ചിന്തിക്കും.

ജീവിതത്തിലുണ്ടായിട്ടുള്ള നല്ലതും ചീത്തയും ഒന്നും മറന്നിട്ടില്ല മറക്കാൻ പറ്റുന്നതൊന്നുമല്ല കഴിഞ്ഞ മൂന്നര വർഷമായി ജീവിതത്തിൽ നടന്നിട്ടുള്ളതും.......

പശുവളർത്തൽ.... ഇല്ല എന്റെ ചിന്തയിൽ അങ്ങനൊരു കാര്യമേയില്ല പുല്ലുചെത്തണം ചാണകം വാരണം പ്രസവം നോക്കണം കറക്കണം എന്റമ്മോ ആർക്കു പറ്റും.....

അങ്ങനെയിരിക്കുന്ന സമയത്താണ് ഒരു ഓഡിറ്റിന്റെ ഭാഗമായി പീരുമേട് കൃഷി വകുപ്പ് ADA യെ (പഴയത്)കാണാനും സംസാരിക്കാനും ഇടയായത് മേഡം എന്നോടു പറഞ്ഞു "ബിൻസീ ബിൻസിക്ക് പശു ഒഴികെ മറ്റെല്ലാമുണ്ട് ഒരു പശുവിനെ കൂടെ വാങ്ങുകയാണെങ്കിൽ ആത്മയുടെ സമ്മിശ്ര കൃഷിക്കുള്ള ഒരു സ്ക്കീം ഉണ്ട് 50000 രൂപ അത് തരാം ബിൻസിക്കത് പ്രയോജനപ്പെടും". (അന്നെന്റെ മനസിൽ പശുവളർത്തൽ എന്നൊരു ചിന്തയേയില്ല മാത്രമല്ല ജീവിതത്തിൽ അതു ചെയ്യുകയില്ലെന്ന ശപഥവും).
എന്തായാലും 50000 രൂപ കിട്ടുന്ന കാര്യമല്ലേ, ഒരു പശുവിനെ എങ്ങനേയും വാങ്ങണം ഒരു രൂപ കയ്യിലില്ല കൃഷിയിലേക്കിറങ്ങി തെണ്ടി കുത്തുപാളയെടുത്തിരിക്കുന്ന സമയം എങ്കിലും പ്രതീക്ഷ വിട്ടില്ല അന്വേഷിച്ചു കൊണ്ടേയിരുന്നു.....
ആ സമയത്ത് പെരിയാർ വള്ളക്കടവിൽ ലിസിച്ചേച്ചിക്ക് രണ്ട് കിടാക്കളെ കൊടുക്കാനുണ്ടെന്ന് അറിഞ്ഞു മൂത്തയാൾ, 2 മാസം ചെന ഇളയവൾ (പൊന്നി) ചെറിയ കിടാവാണ് 2 പേർക്കുടെ 40000 രൂപ ഓരോരുത്തർക്കാണേൽ മൂത്തവൾക്ക് 25000 ഇളയവൾക്ക് 15000 കിണഞ്ഞുപരിശ്രമിച്ചു.

 എങ്ങനെയെക്കെയോ 15000 ഉണ്ടാക്കി നമ്മുടെ പൊന്നിയെ ഇങ്ങ് കൊണ്ടു പോന്നു (ഇന്നോർക്കുമ്പോൾ നഷ്ടബോധം തോന്നുന്നു 2 പേരേയും വാങ്ങാൻ പറ്റിയിരുന്നെങ്കിൽ)
എന്തായാലും പൊന്നിയെ വാങ്ങി വന്നപ്പോഴേക്കും ADA മേഡം സ്ഥലം മാറിപ്പോയിരുന്നു. പിന്നത് ഞങ്ങളുടേത് പാട്ടസ്ഥലം എന്ന പേരിൽ കിട്ടാതെ പോയി ആ അതെന്തേലുമാട്ട്,അതല്ലല്ലോ നമ്മുടെ വിഷയം പക്ഷേ അതാണ് ഇത്രയും മക്കളുടെ അമ്മയാവാൻ എനിക്കുണ്ടായ ഭാഗ്യവും.....

അങ്ങനെ എന്റെ പൊന്നിയെ തലയിൽ വെച്ചാൽ പേനരിക്കുമോ തറയിൽ വച്ചാൽ ഉറുമ്പരിക്കുമോ എന്നു കരുതി ആ ചെളിയിലിട്ട് വളർത്തി (കൂടുണ്ടാക്കാൻ കാശില്ലല്ലോ എന്റെ കൊച്ച് ഒരു പാട് കഷ്ടപ്പെട്ടു കണ്ണുനിറയുന്നു)
എന്തായാലും എന്റെ കൊച്ച് വളർന്നു വലുതായി കുത്തിവയ്പ്പിച്ചു കൃത്യം 9-ാം മാസം ഞങ്ങൾക്കൊരു മണിക്കുട്ടിയെത്തന്നു ആ സന്തേഷത്തിനതിരില്ലായിരുന്നു......
എന്റെ പൊന്നിയോടും മണിക്കുട്ടിയോടും ഉള്ള സ്നേഹം അത് വാക്കുകൾക്കപ്പുറമാണ്.....

മണിക്കുട്ടിയെ കൂടെ കണ്ടു കഴിഞ്ഞപ്പോൾ ഒരു പശുവിനെ കൂടി വാങ്ങിയാൽ കൊള്ളാം എന്നായി പച്ചക്കാട്ടിലുള്ള എന്റെ ചേച്ചിയോട് പറഞ്ഞു ചേച്ചീ എനിക്കൊരു പശുവിനേ കൂടി വേണം ഇപ്പോ കാശൊന്നുമില്ല പക്ഷേ നോക്കാം......
ഒരു ദിവസം ചേച്ചി വിളിക്കുന്നു എടീ എന്റെ കൂട്ടുകാരി ചേച്ചിക്ക് ഒരു ജേഴ്സിപ്പശുവിനെ കൊടുക്കാനുണ്ട് 3-ാമത്തെ പ്രസവം 12 ലിറ്റർ പാലുണ്ട് 45000 രൂപ കൊടുത്താൽ കിട്ടും വാങ്ങാൻ പറ്റിയാൽ നല്ലതാടീ.....

പിന്നീട് ഈ പശുവിനെ 
വാങ്ങണം വാങ്ങണം വാങ്ങണം എന്ന ചിന്ത മാത്രം ഞങ്ങളുടെ ചർച്ചകൾ മുഴുവൻ ഈ പശുവിനെക്കുറിച്ചായി (ഞങ്ങൾ 5 പേരും ചർച്ച ചെയ്താണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുക ഏറ്റവും അടുപ്പമുള്ള 2-3 പേരോട് അഭിപ്രായവും ചോദിക്കും)
അപ്പോഴാണ് തൊഴിലുറപ്പ് പണി ചെയ്ത കാശ് വന്നിട്ടുണ്ടെന്നറിഞ്ഞത് അത് തികയില്ല ബാക്കി തുക 2 പേരോടായി വായ്പ വാങ്ങി അവളെയങ്ങ് വാങ്ങി 6 മാസം ചെനയുണ്ട് വാങ്ങിയപ്പോൾ.....
മേഴ്സിച്ചേച്ചിയും ചേട്ടനും ചങ്കു പറിയുന്ന വേദനയോടെയാണ് ഞങ്ങൾക്ക് മാളുവിനെ തന്നത് ചേട്ടൻ ഒരാഴ്ച്ചത്തേക്ക് ഉറങ്ങിയില്ലെന്ന് ഞങ്ങൾക്ക് മനസിലാവും ആ വിഷമം....

തന്നപ്പോ ഒരു കാര്യം കൂടി പറഞ്ഞു ആദ്യത്തെ രണ്ടു കുട്ടികളും മൂരിക്കുട്ടൻമാർ ആയിരുന്നു കെട്ടോ.....
മാളു വന്നു (അപ്പഴേക്കും ഒരു കൂടെക്കെ തട്ടിക്കൂട്ടിയിരുന്നു) പിന്നെ മാസങ്ങളെണ്ണി ദിവസങ്ങളെണ്ണി ഇന്നലെ രാത്രി മാളു പ്രസവത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി ഞങ്ങൾ പ്രാർത്ഥനയോടെ നോക്കി നിന്നു (മൂരിക്കുട്ടൻ ആകരുതേ)
എന്തായാലും മാളു പ്രസവിച്ചു. പെണ്ണ് പെണ്ണ് പെണ്ണ് ഞാൻ ജിനുവിനെ കെട്ടിപ്പിടിച്ചു പെണ്ണാടീ പെണ്ണാടീ മനസിൽ ഒരു വല്ലാത്ത തരം സന്തോഷം (കുറേ കാലങ്ങളായി മനസിന് ഫീലിങ്ങ്സ് ഒന്നും ഉണ്ടാവുന്നില്ലായിരുന്നു ടെൻഷൻ ഒഴികെ) വെളുപ്പിന് 3 മണി വരെ ജിനുവും ജെഫിനും മകൾക്ക് കാവൽ. 3 മണി മുതൽ ഞാനും full സമയം ചേട്ടായിയും.....
3 മണി മുതൽ മക്കൾടടുത്ത് ഇങ്ങനെ ഇരുന്നപ്പോഴാണ് ഇക്കാര്യങ്ങളെല്ലാം മനസിലേക്കോടിയെത്തിയത്.....


NB: ഞാൻ എന്ന് പറഞ്ഞിരിക്കുന്നിടത്തെല്ലാം ചേട്ടായിയുടെ മുഖം ഓർക്കുക ബിൻസി ചേട്ടായിയുടെ നിഴൽ ആണ്.....
പൊന്നിയെ മേടിക്കാൻ പ്രചോദനമായ മേഡം ഇതൊന്നും അറിയുന്നുണ്ടാവില്ല. റിട്ടയർ ആയെന്നാണ് കരുതുന്നത്. എങ്കിലും ഈ സമയം 100 ആയിരം നന്ദിയോടെ സ്മരിക്കുന്നു സബ്‌സീഡി വാങ്ങാനായി ആണെങ്കിലും (കിട്ടിയില്ല) എന്നെ ഈയൊരു മേഖലയിലേക്ക് കടത്തിയതിന്.....





Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section